Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫ് സർക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ പിണറായി സർക്കാരിന് ആവേശം നഷ്ടമായത് എന്തുകൊണ്ട്? അധികാരം ഏറ്റയുടൻ രൂപം നൽകിയ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യാൻ പോലും ഇതുവരെ നേരം കിട്ടിയില്ല; അന്നുയർത്തിയ അഴിമതി ആരോപണങ്ങളെ കുറിച്ചെല്ലാം മൗനം: കേരളത്തിലേതു കൂട്ടുകച്ചവടം ആണെന്നതിനു മറ്റു തെളിവ് എന്തുവേണം?

യുഡിഎഫ് സർക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ പിണറായി സർക്കാരിന് ആവേശം നഷ്ടമായത് എന്തുകൊണ്ട്? അധികാരം ഏറ്റയുടൻ രൂപം നൽകിയ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യാൻ പോലും ഇതുവരെ നേരം കിട്ടിയില്ല; അന്നുയർത്തിയ അഴിമതി ആരോപണങ്ങളെ കുറിച്ചെല്ലാം മൗനം: കേരളത്തിലേതു കൂട്ടുകച്ചവടം ആണെന്നതിനു മറ്റു തെളിവ് എന്തുവേണം?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിനെതിരായി ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം അഴിമതിയാണ്. വിവിധ കേസുകളിൽ അഴിമതി ആരോപണം ഉയർന്നു വന്നതിനെ തുടർന്നു കഴിഞ്ഞ നിയമസഭയിലെ പല ജനപ്രതിനിധികൾക്കും ഇത്തവണ അടിതെറ്റിയിരുന്നു. എന്നാൽ, ഈ അഴിമതികളെക്കുറിച്ചെല്ലാം അന്വേഷിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ അതെല്ലാം മറന്നോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

യുഡിഎഫ് സർക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ പിണറായി സർക്കാരിന് ആവേശം നഷ്ടമായെന്നാണ് എതിരാളികൾ പറയുന്നത്. അധികാരം ഏറ്റയുടൻ രൂപം നൽകിയ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ചെയ്യാൻ പോലും ഇതുവരെ നേരം കിട്ടിയിട്ടില്ല. അന്നുയർത്തിയ അഴിമതി ആരോപണങ്ങളെ കുറിച്ചെല്ലാം മൗനം പാലിക്കുകയാണ് സർക്കാർ. കേരളത്തിലേത് ഇരു മുന്നണികൾ ചേർന്നു നടത്തുന്ന കൂട്ടുകച്ചവടം ആണിതെന്നാണ് ആരോപണം.

എ.കെ.ബാലൻ കൺവീനറായുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നീളുന്നതാണു വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. എന്നാൽ, ഇതുവരെ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. തീരുമാനം നീളുന്നതിനു പിന്നിൽ ഇതാണു കാരണം.

മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് നൽകിയിട്ടു രണ്ടാഴ്ചയോളമായി. ഉപസമിതിയുടെ പരിശോധനയിൽ റവന്യൂവകുപ്പിലാണ് ഏറ്റവുമധികം ക്രമവിരുദ്ധ ഉത്തരവുകൾ കണ്ടെത്തിയത്. 127 ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമായിരുന്നുവെന്നാണു കണ്ടെത്തൽ. ഇതുൾപ്പെടെ വിവിധ വകുപ്പുകളിലായി ഇറക്കിയ 920 ഉത്തരവുകളുടെ പരിശോധനയാണ് ഉപസമിതി പൂർത്തിയാക്കിയത്. കഴിഞ്ഞ സർക്കാർ തന്നെ റവന്യൂവകുപ്പിലെ വിവാദ ഉത്തരവുകളിൽ ചിലതു റദ്ദാക്കിയിരുന്നു. മെത്രാൻ കായൽ, കടമക്കുടി കായൽ നികത്തൽ ഉത്തരവ് തുടങ്ങിയവ ഇതിൽ പെടും. എന്നാൽ, ചെമ്പ് കായൽ നികത്തൽ റദ്ദാക്കിയിരുന്നില്ല. ഉത്തരവ് റദ്ദാക്കിയാലും അതിലേക്കു നയിച്ച നടപടിക്രമങ്ങളിൽ പിഴവുണ്ടായിട്ടുണ്ടെന്നും അതിനെതിരെ നടപടി വേണമെന്നും ഉപസമിതി ശുപാർശ ചെയ്തിരുന്നു. മുൻ റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്തയുടെ വിശദീകരണവും ഉപസമിതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സോളാർ തട്ടിപ്പുകേസിലെ പ്രതിയുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്‌പെൻഷനിലായ മുൻ പിആർഡി ഡയറക്ടർ ഫിറോസിന്റെ സസ്‌പെൻഷൻ കാലാവധി അവസാനിപ്പിച്ചു പുനർനിയമനം നടത്തിയത് അടക്കമുള്ള ചില നിയമനങ്ങൾ ക്രമവിരുദ്ധമായിരുന്നെന്ന് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. ഹോപ്പ് പ്ലാന്റേഷനു ഭൂമി പതിച്ചു നൽകിയതിലും കരുണ എസ്റ്റേറ്റിന് എൻഒസി നൽകിയതിലും ക്രമക്കേടുണ്ടെന്നാണു കണ്ടെത്തൽ.

ക്രമക്കേടുകളെ മൂന്നായി തിരിച്ചാണു റിപ്പോർട്ടിൽ പറയുന്നത്. ഇനി തിരുത്താനോ പിൻവലിക്കാനോ സാധിക്കാത്തവയാണ് ഒന്നാമത്തേത്. ഇവ തുടരുകയേ നിർവാഹമുള്ളൂവെങ്കിലും ഇവയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടും. പൂർണമായും തിരുത്താവുന്നവയാണ് രണ്ടാമത്തേത്. അവ തിരുത്താൻ നടപടിയെടുക്കണം. ചില നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രം പിഴവു തിരുത്താവുന്ന തീരുമാനങ്ങളാണു മൂന്നാമത്തെ വിഭാഗത്തിൽ. റിപ്പോർട്ട് പരിശോധിച്ചശേഷം ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്തണോ എന്നടക്കമുള്ള കാര്യങ്ങളിൽ മന്ത്രിസഭയാണു തീരുമാനമെടുക്കേണ്ടത്. എന്നാൽ, ഇതുവരെ മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണനയ്ക്കു വന്നിട്ടില്ല.

വിവാദമായപ്പോൾ പിൻവലിച്ച മെത്രാൻ കായൽ നികത്തൽ ഉത്തരവ്

മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയ യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് സർക്കാർ ഇറങ്ങും മുമ്പുതന്നെ പിൻവലിച്ചിരുന്നു. കടമക്കുടിയിൽ വയൽ നികത്താനുള്ള അനുമതിയും പിൻവലിച്ചു. സർക്കാർ ഉത്തരവിനെതിരെ ഉയർന്ന കടുത്ത പ്രതിഷേധത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മെത്രാൻ കായലിൽ 425 ഏക്കർ നികത്താനുള്ള ഉത്തരവാണ് പിൻവലിച്ചത്. മെത്രാൻ കായൽ നികത്താൻ അനുവദിച്ച സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. കുമരകം മെത്രാൻ കായലിൽ ടൂറിസം പദ്ധതിക്കായി 378 ഏക്കറും എറണാകുളം കണയന്നൂർ താലൂക്കിലെ കടമക്കുടി പഞ്ചായത്തിൽ മെഡിക്കൽ ടൂറിസത്തിനായി 47 ഏക്കർ നെൽവയലും മണ്ണിട്ടു നികത്താനാണു യുഡിഎഫ് സർക്കാർ അനുമതി നൽകിയത്. പദ്ധതി വിവാദമായതോടെ പിൻവലിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ഹോപ്പ് പ്ലാന്റേഷനു പതിച്ചു നൽകിയത് 573 ഏക്കർ

ടുക്കി ജില്ലയിൽ ഹോപ്പ് പ്ലാന്റേഷന് 573 ഏക്കർ മിച്ചഭൂമി പതിച്ചുനൽകിയ യുഡിഎഫ് സർക്കാർ ഉത്തരവും വൻ വിവാദമായിരുന്നു. താലൂക്ക് ലാന്റ് ബോർഡും ഹൈക്കോടതിയും മിച്ചഭൂമിയാണെന്ന് കണ്ടെത്തിയ ഭൂമിയാണ് ചട്ടവിരുദ്ധമായി ഹോപ്പ് പ്ലാന്റേഷന് പതിച്ചുനൽകാൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടത്. തമിഴ്‌നാട് നീലഗിരി ആസ്ഥാനമായ ഹോപ്പ് പ്ലാന്റേഷന്റെ കൈവശം 4219.26 ഏക്കർ ഭൂമിയാണുള്ളത്. ഇതിൽ പീരുമേട്,ഏലപ്പാറ വില്ലേജുകളിൽപ്പെടുന്ന 724.01 ഏക്കർ ഭൂമി താലൂക്ക് ലാന്റ് ബോർഡ് മിച്ചഭൂമിയാണെന്നു കണ്ടെത്തിയിരുന്നു.

വിവാദം തുടർന്നു പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന് മിച്ചഭൂമി പതിച്ച് നൽകാനുള്ള തീരുമാനം സർക്കാർ റദ്ദാക്കുകയും ചെയ്തു. ഹോപ്പ് പ്ലാന്റേഷന് ഭൂമി നൽകിയാൽ മറ്റ് പ്ലാന്റേഷനുകൾക്കും സമാനമായി ഭൂമി പതിച്ചു നൽകേണ്ടി വരുമെന്ന സാഹചര്യമുണ്ടാകുമെന്നു തിരിച്ചറിഞ്ഞാണു തീരുമാനമെടുത്തത്. ഭൂമി കേരളം പദ്ധതിയിൽ പീരുമേട്ടിൽ മാത്രം നിരവധി പേർ ഭൂമിക്കായി അപേക്ഷ നൽകിയിരിക്കെ ഹോപ്പ് പ്ലാന്റേഷൻ കമ്പനിക്ക് ഭൂമി പതിച്ച നൽകിയത് ഏറെ വിവാദമായിരുന്നു.

കരുണ എസ്റ്റേറ്റ് എൻഒസിയും വിവാദത്തിൽ

രുണ എസ്റ്റേറ്റ് എൻഒസിയും വിവാദത്തിലായതോടെ പിൻവലിക്കുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാർ. കരുണ എസ്റ്റേറ്റിന് എൻഒസി നൽകി കരമടയ്ക്കാൻ അനുമതി നൽകിയ സംഭവം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ നിരയിലെ എ കെ ബാലനായിരുന്നു സഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. ക്രമവിരുദ്ധമായാണ് എൻഒസി നൽകിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

അന്നു പ്രതിഷേധിച്ച ഇടതുപക്ഷം ഇപ്പോൾ നിശബ്ദം

വിവിധ വിഷയങ്ങളിൽ കടുത്ത പ്രതിഷേധമാണു കഴിഞ്ഞ മന്ത്രിസഭയ്‌ക്കെതിരെ ഇടതുപക്ഷം ഉയർത്തിയിരുന്നത്. മെത്രാൻ കായൽ പാടശേഖരവും കടമക്കുടിയിലെ പാടവും വൈക്കത്ത് ചെമ്പ് പഞ്ചായത്തിലെ അറാതുകരി പാടവും നികത്താനും കൊന്നിയിലുള്ള സർക്കാർ ഭൂമി കൈമാറാനും എടുത്ത തീരുമാനങ്ങൾക്ക് പിറകിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അഞ്ച് വർഷക്കാലമായി മന്ത്രിസഭയുടെ മുന്നിൽ വന്ന പ്രശ്‌നങ്ങളിൽ സ്ഥാനമൊഴിയാൻ പോകും മുൻപ് അടിയന്തര തീരുമാനം കൈക്കൊണ്ടത് മാഫിയകളുമായുള്ള കരാർ തീരുമാനം നടപ്പാക്കാൻ വേണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ സർക്കാരിന് ഒരുമാസം കൂടി തീരുമാനമെടുക്കാൻ സാധിചിരുന്നുവെങ്കിൽ ഇപ്പോൾ അവശേഷിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി മുഴുവനും സ്വകാര്യ മേഖലയ്ക്ക് കൈമാറുമായിരുന്നു. ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളാണ് യുഡി എഫ് ഭരണകാലത്ത് നികത്തി കരഭൂമിയാക്കി മാറ്റിയതെന്നും കോടിയേരി ആരോപിച്ചിരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നാൽ ഈ തീരുമാനങ്ങളെല്ലാം പുനപരിശോധിക്കുമെന്നായിരുന്നു അന്നു കോടിയേരിയുടെ നിലപാട്. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ ഏറിയിട്ടും മന്ത്രിസഭ ഉപസമിതി റിപ്പോർട്ടു സമർപ്പിച്ചിട്ടും നടപടി സ്വീകരിക്കാൻ മടിച്ചു നിൽക്കുകയാണ് എൽഡിഎഫ് സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP