Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൂവി തോൽപ്പിക്കുമെന്ന് കരുതിയവൻ രക്ഷകനായി! മുന്തിരിവള്ളികൾ തളിർക്കുമെന്ന് ഉറപ്പിച്ച് വീണ്ടും ജനപ്രിയനായി; ലിബർട്ടി ബഷീറിനെ പൊളിച്ചത് ഡി സിനിമാസിന്റെ നീക്കം തന്നെ; ഇനി ലാലും ദിലീപും ഭായി-ഭായി; കാവ്യയുമായുള്ള വിവാഹത്തിലെ പേരുദോഷത്തെ ദിലീപ് അതിജീവിച്ചത് ഇങ്ങനെ

കൂവി തോൽപ്പിക്കുമെന്ന് കരുതിയവൻ രക്ഷകനായി! മുന്തിരിവള്ളികൾ തളിർക്കുമെന്ന് ഉറപ്പിച്ച് വീണ്ടും ജനപ്രിയനായി; ലിബർട്ടി ബഷീറിനെ പൊളിച്ചത് ഡി സിനിമാസിന്റെ നീക്കം തന്നെ; ഇനി ലാലും ദിലീപും ഭായി-ഭായി; കാവ്യയുമായുള്ള വിവാഹത്തിലെ പേരുദോഷത്തെ ദിലീപ് അതിജീവിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കാവ്യാമാധവനെ ജീവിത പങ്കാളിയാക്കിയതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ചില ലോബികൾ ദിലീപുമായി പിണക്കത്തിലായിരുന്നു. മഞ്ജു വാര്യരുമായി അടുപ്പമുള്ളവരിൽ പലരും ദിലീപ്-കാവ്യാ വിവാഹത്തിന് എത്തിയില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുമുണ്ടായി. ദിലീപിനെതിരെ മോഹൻലാൽ ചരടുവലികൾ നടത്തിയെന്ന് പോലും ആക്ഷേപമെത്തി. സോഷ്യൽ മീഡിയയിലെ ചർച്ചകളും ദിലീപ്-കാവ്യാ വിവാഹത്തിന് എതിരെയാണ് പ്രതികരിച്ചത്. മകൾ മീനാക്ഷിയെ തെറ്റിധരിപ്പിച്ച് നടത്തിയ വിവാഹമെന്ന പേരു ദോഷം പോലും ദിലീപിന് ചാർത്തി നൽകി. അങ്ങനെ ചർച്ചകളിലെല്ലാം വില്ലൻ പരിവേഷമായി ജനപ്രിയ നായകന്. ഇതിന് പരിഹാരമുണ്ടാക്കാൻ ദിലീപ് സമർത്ഥമായി കളിച്ചു. ഇതിൽ അടിതെറ്റിയത് ലിബർട്ടി ബഷീറെന്ന തിയേറ്റർ ഉടമകളുടെ നേതാവിനാണ്.

ദിലീപിന്റേയും കാവ്യയുടേയും വിവാഹത്തിന്റെ നിറം കെടുത്തിയ മോഹൻലാലിന് പണികൊടുക്കാൻ ദിലീപ് ഫാൻസ് ഒരുങ്ങുന്നതായി മംഗളം സിനിമയിലെ കോളത്തിൽ പല്ലിശേരി എഴുതിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഗണേശ് കുമാറും സുരേഷ് ഗോപിയും കല്ല്യാണത്തിന് എത്താത്ത് മോഹൻലാലിന്റെ വാക്ക് കേട്ടാണെന്ന് ദിലീപ് വിശ്വസിക്കുന്നതായി സിനിമാ മംഗളത്തിലെ കോളത്തിൽ പല്ലിശേരി പറയുന്നു. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ സിനിമയെ കൂവി തോൽപ്പിക്കാൻ ദിലീപിന്റെ ആരാധകർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെ നേരിടാൻ ലാൽ ഫാൻസും തയ്യാറെടുക്കുകയാണെന്നായിരുന്നു വിലയിരുത്തൽ.ഇന്നലെന്റ്, ഗണേശ് കുമാർ, സുരേഷ് ഗോപിയടക്കമുള്ളവർ വരാത്തതാണ് ദിലീപിന്റെ ഏറ്റവും വലിയ സങ്കടം. അത്തരത്തിലുള്ള ബന്ധമാണ് ഗണേശ്കുമാറും ഇന്നസെന്റും സുരേഷ് ഗോപിയുമായി ദിലീപിന് ഉണ്ടായിരുന്നത്.

കല്ല്യാണത്തിന് പോകരുതെന്ന് അമ്മയിൽ നിന്നും ഒരു രഹസ്യ സർക്കുലർ ഇറങ്ങിയിരുന്നുവെന്നും പറയുന്നു. അമ്മയുടെ ഭാരവാഹികളിലും 90 ശതമാനവും കല്ല്യാണത്തിന് പോകാത്തത് അതുകൊണ്ടാണെന്ന സൂചനയാണ് കോളത്തിലുള്ളത്. അതായത് കാവ്യയുമായുള്ള ദിലീപിന്റെ വിവാഹം സിനിമാ മേഖലയിലുള്ളവർ നടന് നൽകിയത് വില്ലൻ പരിവേഷമായിരുന്നു. ഇതിനിടെയാണ് പുലി മുരുൻ തിയേറ്ററിൽ നിന്ന് 15 കോടി വാരുന്നത്. ഇതോടെ തിയേറ്ററുടമകളുടെ സംഘടനാ തലവൻ ചിലതെല്ലാം തീരുമാനിച്ചു. 150 കോടിയിൽ 75 കോടി തിയേറ്ററുടമയ്ക്ക് പോരട്ടെ എന്നതായിരുന്നു ഇത്. കോടികൾ മുടക്കി സിനിമയെടുക്കുന്ന നിർമ്മാതാക്കൾക്ക് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെ ലാലിന്റെ മുന്തിരി വള്ളി തളിർക്കുമ്പോൾ അടക്കമുള്ള ക്രിസ്മസ് ചിത്രങ്ങൾ പെട്ടിയിലിരുന്നു. അവസരം മുതലെടുത്ത് അവതാരമായി ദിലീപ് അവതരിച്ചു. അങ്ങനെ ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർപ്പിലേക്ക് നീങ്ങുന്നു.

ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം തള്ളി കൂടുതൽ തിയറ്റർ ഉടമകൾ പുതിയ സിനിമകളുടെ റിലീസിന് സമ്മതിച്ചതോടെയാണു സംഘടന പിളർപ്പിലേക്കു നീങ്ങുന്നത്. വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം ഫെഡറേഷനു കീഴിലുള്ള 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്ന് 21 തിയറ്ററുകൾ കൂടി ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി. ഫെഡറേഷനു ബദലായി തിയറ്റർ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങൾ ഇതോടെ കൂടുതൽ ഊർജിതമായി. ഇതിനെല്ലാം പിന്നിൽ ദിലീപാണ്. മലയാള സിനിമയെ വലിയൊരു പ്രതിസന്ധയിൽ നിന്ന് രക്ഷപ്പെടുത്തിയ നായകനായി ദിലീപ് മാറുകയാണ്. എല്ലാ സിനമാക്കാർക്കും പ്രിയപ്പെട്ടവൻ. മോഹൻലാലിന്റെ സിനിമ കൂകി തോൽപ്പിക്കുമെന്ന് ഏവരും പറഞ്ഞ ദിലീപ് മുന്തിരി വള്ളി തളിർക്കുമ്പോൾ എന്ന സിനിമ അധികം വൈകാതെ തിയേറ്ററിലെത്തുമെന്ന് ഉറപ്പിക്കുന്ന കരുനീക്കങ്ങളുടെ അമരക്കാരനായി.

ദിലീപിന്റെ സാന്നിധ്യത്തിൽ ഇന്നോ നാളെയോ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന. ഫെഡറേഷനു പുറത്തുള്ള തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ, നിർമ്മാതാക്കൾ, വിതരണക്കാർ, മൾട്ടിപ്ലെക്‌സ് ഉടമകൾ, തിയറ്റർ ബിസിനസുള്ള ചില താരങ്ങൾ, ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലാണു പുതിയ സംഘടന രൂപീകരിക്കുന്നത്. അതായത് മലയാള സിനിമയിലെ പ്രമുഖരെല്ലാം ദിലീപിന് പിന്നിൽ അണിനിരന്നു. ഇതിന്റെ ഗുണം ഉടൻ കിട്ടുന്നവരിൽ നടൻ മോഹൻലാലും ഉണ്ടാകും. ലാലിന്റെ ക്രിസ്മസ് ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ അടുത്തയാഴ്ച റിലീസ് ചെയ്യാനാണ് നീക്കം. സിനിമാ സമരത്തിന് ദിലീപ് ഒത്തുതീർപ്പുണ്ടാക്കുമെന്ന പ്രതീക്ഷയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നത്.

നടൻ ദിലീപാണു പുതിയ സംഘടനയ്ക്കു പിന്നിലെന്നു കഴിഞ്ഞ ദിവസം ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് ദിലീപിന്റെ പേര് പുറം ലോകത്ത് എത്തുന്നത്. നിർമ്മാതാക്കളുടെ സംഘടനയിലെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള കാർണിവൽ ഗ്രൂപ്പ്, ആശിർവാദ് സിനിമാസ്, ഷേണോയ് സിനിമാസ്, ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ്, സെൻട്രൽ പിക്ചേഴ്സിന് കീഴിലുള്ള തിയേറ്ററുകൾ എന്നിവരാണ് ലിബർട്ടി ബഷീറിനെതിരായ നീക്കത്തിന് ഒരുമിച്ചത്. ഇതിൽ ആശിർവാദ് സിനിമാസ് മോഹൻലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിന്റേതാണ്. ദിലീപ് നടത്തുന്ന പുതിയ നീക്കത്തിന് എല്ലാ പിന്തുണയും ലാലും ആന്റണി പെരുമ്പാവൂരും നൽകുന്നുമുണ്ട്. അതായത് കാവ്യാമാധവനുമായുള്ള വിവാഹ സമയത്ത് ലാലും ദിലീപിനും ഇടയിലുണ്ടായ ഭിന്നതയ്ക്ക് സിനിമാ പ്രതിസന്ധിയിലൂടെ മഞ്ഞുരുകുന്നു.

ലിബർട്ടി ബഷീറിന്റെ ഫെഡറേഷൻ നേതൃത്വത്തിന്റെ നടപടികളാണു ചലച്ചിത്രമേഖലയിൽ പല ഭിന്നതകൾക്കും വിത്തിടുന്നതെന്ന ആക്ഷേപമാണു പുതിയ സംഘടനാ രൂപീകരണ നീക്കത്തിനു പിന്നിൽ. രണ്ടു വർഷത്തിനിടെ പലവട്ടം തിയറ്റർ സമരമുണ്ടായെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഓരോ തർക്കം മൂലവും ചലച്ചിത്ര വ്യവസായത്തിനു വലിയ പ്രതിസന്ധികളും സാമ്പത്തിക, തൊഴിൽ നഷ്ടവുമാണു നേരിടേണ്ടിവരുന്നത്. വെല്ലുവിളികളും വിലപേശലും പതിവാകുന്ന സാഹചര്യം ഒഴിവാക്കാനാണു ദിലീപും കൂട്ടരും ശ്രമിക്കുന്നത്. എ ക്ലാസ് തിയേറ്റർ ഉടമകളുമായി ആശയവിനിമയം നടത്തിയും തന്ത്രങ്ങൾ ഒരുക്കിയതും ദിലീപായിരുന്നു. ഇത് തന്നെ തകർത്തതായി ലിബർട്ടി ബഷീറും മനസ്സിലാക്കുന്നു. പല പ്രമുഖരും തിയേറ്റർ സംഘടനയിലെ ലിബർട്ടി ബഷീറിന്റെ അപ്രമാദിത്തം തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒന്നും വിജയിച്ചില്ല.

ഈ ആത്മവിശ്വാസത്തിലാണ് പലപ്പോഴും മൊത്തം സിനിമാ മേഖലയെ തന്നെ ലിബർട്ടി ബഷീർ ഒറ്റയ്ക്ക് മുൾമുനയിൽ നിർത്തിയത്. ഇതാണ് ദിലീപ് തകർത്തെറിയുന്നത്. നടനെന്നതിൽ അപ്പുറം നിർമ്മാതവും സിനിമാ തിയേറ്റർ ഉടമയുമെല്ലാമായ ദിലീപ് എക്‌സിബിറ്റേവ്‌സിന്റെ പുതിയ സംഘടനയുടെ തലപ്പത്ത് എത്തുമെന്നും സൂചനയുണ്ട്. സിനിമാക്കാരെ മൊത്തം തനിക്ക് പിന്നിൽ അണിനിരത്താൻ ഇതിലൂടെ കഴിയുമെന്നാണ് ദിലീപിന്റെ വിലയിരുത്തൽ. മലയാള സിനിമയെ നിയന്ത്രിക്കുന്നവരിൽ പ്രധാനിയെന്ന പദവിയാണ് ഇതിലൂടെ നടൻ ലക്ഷ്യമിടുന്നത്. ഏതായാലും ലിബർട്ടി ബഷീറിനെ പാഠം പഠിപ്പിക്കാൻ ദിലീപിന് പിന്നിൽ അണിനിരക്കാനാണ് എല്ലാ സിനമാക്കാരുടേയും തീരുമാനം.

തിയറ്ററുകളിൽ നിന്നുള്ള വരുമാന വിഹിതത്തിൽ സ്വന്തം പങ്ക് നാൽപതിൽ നിന്ന് 50 ശതമാനമായി വർധിപ്പിക്കണമെന്നു ഫെഡറേഷൻ ആവശ്യപ്പെട്ടതോടെയാണ് ഇത്തവണ സിനിമാ പ്രതിസന്ധി തുടങ്ങിയത്. ആവശ്യം നിരാകരിച്ച നിർമ്മാതാക്കളും വിതരണക്കാരും ക്രിസ്മസ് റിലീസുകൾ വേണ്ടെന്നുവച്ചു. പ്രദർശിപ്പിച്ചുകൊണ്ടിരുന്ന ചിത്രങ്ങളും പിൻവലിച്ചു. സർക്കാർ ഇടപെട്ടിട്ടും മഞ്ഞുരുകിയില്ല. അതിനിടെയാണു പുതിയ സംഘടനയ്ക്കു നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP