Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചടി നൽകിയത് മുന്നണി വിടാൻ മാണി തീരുമാനം എടുത്ത ഉടൻ; ജോർജ്ജിന്റെ കൈയിലെ വാട്‌സ് ആപ്പ് ദൃശ്യങ്ങളും കാരണമായി; അയഞ്ഞുനിന്ന പി ജെ ജോസഫും മുറുകി; തള്ളിപ്പറയാതെ പിണറായിയും: യുഡിഎഫ് ഭരണത്തിന് ആയുസ് കുറഞ്ഞു

തിരിച്ചടി നൽകിയത് മുന്നണി വിടാൻ മാണി തീരുമാനം എടുത്ത ഉടൻ; ജോർജ്ജിന്റെ കൈയിലെ വാട്‌സ് ആപ്പ് ദൃശ്യങ്ങളും കാരണമായി; അയഞ്ഞുനിന്ന പി ജെ ജോസഫും മുറുകി; തള്ളിപ്പറയാതെ പിണറായിയും: യുഡിഎഫ് ഭരണത്തിന് ആയുസ് കുറഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് ഏറെക്കാലമായി തലവേദന സൃഷ്ടിച്ച ബാർ ലൈസൻസ് വിവാദം ഒടുവിൽ യുഡിഎഫ് സർക്കാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന വിധത്തിലേക്ക് മാറിയിരിക്കയാണ്. ഏറെക്കാലമായി സംസ്ഥാനത്ത് ഉരുണ്ടുകൂടിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പരിണാമം എന്നനിലയിൽ യുഡിഎഫ് രാഷ്ട്രീയം സങ്കീർണ്ണാവസ്ഥയിലെത്തിയത്. മുന്നണിയിലെ ഏറ്റവും മുതിർന്ന നേതാവായ കെ എം മാണിയെ മറുകണ്ടം ചാടിക്കാൻ സോളാർ വിവാദം ഉയർന്ന വേളയിൽ സിപിഐ(എം) തീരുമാനം കൈക്കൊണ്ടിരുന്നു. അന്ന് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഈ വിഷയത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. എന്നാൽ കത്തോലിക്കാ സഭയിലെ മുതിർന്ന പിതാക്കന്മാരെ ഉപയോഗിച്ചാണ് അന്ന് മാണിയുടെ നീക്കത്തിന് യുഡിഎഫ് തടയിട്ടത്. ഇപ്പോൾ ബാർ വിഷയത്തിൽ കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണം ഉയരാൻ ഇടയാക്കിയതിന് പിന്നിലും സോളാർ വിവാദത്തിന്റെ തുടർച്ചയായി തന്നെയാണ്.

രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് കനത്ത തിരിച്ചടി നൽകുന്നതാണെന്ന വിലയിരുത്തലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ക്യാമ്പ് വിട്ട് എൽഡിഎഫിൽ ചേരാൻ മാണിയുടെ നേതൃത്വത്തിൽ നീക്കം സജീവമായ ഘട്ടത്തിലാണ് മദ്യവ്യവസായിയായ ബിജു രമേശ് കോഴ ആരോപണവും ഉന്നയിച്ച് രംഗത്തെത്തിയത്. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണം കോൺഗ്രസ് എ ഗ്രൂപ്പിന്റെ അറിവോടെയാണെന്നാണ് സൂചന. എക്‌സൈസ് മന്ത്രി കെ ബാബുവുമായി വളരെ അടുത്തബന്ധം പുലർത്തുന്ന ബിജു രമേശിനെ കരുവാക്കി ഉമ്മൻ ചാണ്ടി തന്നെ നടത്തിയ ഓപ്പറേഷന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രതിസന്ധി എന്നാണ് തലസ്ഥാനത്തെ അധികാരകേന്ദ്രങ്ങൾ നൽകുന്ന സൂചന. പുതിയ മദ്യനയം വഴി ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച നേതാവ് കൂടിയാണ് കെ ബാബു. തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്നും ബാറുകൾ മോടി പിടിപ്പിക്കാനും ബാറുടമകൾക്ക് വാക്ക് കൊടുത്തിരുന്നത് കെ ബാബു ആയിരുന്നു എന്നാണ് റിപ്പോർട്ട്.

ഒട്ടേറെതവണ യുഡിഎഫ് മന്ത്രിസഭയിൽ നിന്നും വിടാൻ കേരളാ കോൺഗ്രസ് ആലോചിച്ചിരുന്നെങ്കിലും പല കാരണങ്ങളാലും അവസാന നിമിഷം സമ്മർദ്ദത്തിന് വഴങ്ങി മുടങ്ങുകയായിരുന്നു. എന്നാൽ ഇടുക്കിയിലെ പട്ടയപ്രശ്‌നം ഉയർത്തി മുന്നണി വിടാൻ അന്തിമ തീരുമാനം എടുത്തതിന്റെ തൊട്ടുപിന്നിലായാണ് അഴിമതി ആരോപണവും ഉയർന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിന് മുമ്പ് പട്ടയം നൽകമെന്നായിരുന്നു മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മറുപടി അറിയിച്ചിരുന്നത്. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു നടപടിയും ഇനിയുമായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ന് കോട്ടയത്ത് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകാൻ പി സി ജോർജ്ജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് നടക്കുന്നതിന് തൊട്ടു മുമ്പാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ എത്തിയത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭ വിടാനും ഇടതുമുന്നണിക്കൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുമായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾ സിപിഎമ്മുമായി പൂർത്തിയാക്കിയ ശേഷമായിരുന്നു പി സി ജോർജ്ജിനെ പത്രസമ്മേളനത്തിന് ചുമതലപ്പെടുത്തിയത്. പട്ടയംപോലെ മലയോര കർഷകർക്ക് വേണ്ടപ്പെട്ട ഒരു വിഷയം ഉയർത്തി മുന്നണി വിട്ടാൽ കേരളാ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച്ചവെക്കാൻ കഴിയുമെന്ന വിലയിരുത്തിയാണ് ഈ നീക്കം നടത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ കെ എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാം എന്ന് ഇടതുമുന്നണിയുടെ വാഗ്ദാനമാണ് നീക്കങ്ങൾ തകൃതിയിലാക്കിയത്. പട്ടയപ്രശ്‌നം ഉർത്തി മുന്നണിയിൽ കലാപം ഉയർത്തിയ ശേഷം ഏതാനും ആഴ്‌ച്ചകൾകൊണ്ട് സിപിഐയെയും വിഎസിനെയും സമാശ്വസിപ്പിച്ച് ഔദ്യോഗികമായി ഇടതുമുന്നണിയിൽ ചേരാനുമായിരുന്നു തീരുമാനം. ഈ നീക്കം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ബിജു രമേശിനെ ചാവേറായി ഇറക്കിയതെന്ന വ്യക്തമായ സൂചന ഉണ്ട്.

പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ചാനൽ ചർച്ചയിലൂടെ സ്വാഭാവിക പ്രതികരണമായി വിവാദം സൃഷ്ടിക്കാൻ അവസാന നിമിഷം കോൺഗ്രസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ ഉപദേശിക്കുകയായിരുന്നു. ഈ വിവരം ചാനൽ നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് വ്യക്തമല്ല. ഈ വിവാദത്തോടെ ഇടതുമുന്നണി പ്രവേശനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാൻ സാധിക്കുമെന്നാണ് മുഖ്യമന്ത്രിയുെട കണക്കുകൂട്ടൽ. കേരള കോൺഗ്രസ് മുന്നണി വിട്ടാൽ മന്ത്രിസഭയ രാജി വെയ്‌ക്കേണ്ടി വരുമെന്നതാണ് ഇത്തരം നീക്കങ്ങൾക്ക് കാരണമായി മാറിയത്. പ്രതീക്ഷിച്ചതുപോലെ സിപിഐയും വി എസ് അച്യുതാനന്ദനും ഉടക്കുമായി രംഗത്തുവന്നത് മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിന് തടസമായേക്കും. എന്നാൽ വളരെ സൂക്ഷ്മതയോടെയും കരുതലോടെയും കൂടിയായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല ആരോപണങ്ങൾ ആർക്കും ഉയർത്താം എന്ന വാദവും പിണറായി ഉയർത്തുന്നുണ്ട്.

മുഖ്യമന്ത്രി ഉൾപ്പെട്ട എ ഗ്രൂപ്പിന്റെ ഗൂഢാലോചനയാണിതെന്ന് മാണി ഗ്രൂപ്പ് നേതാക്കൾ പറയാതെ പറഞ്ഞ് ആരോപണം ഉന്നയിക്കുമ്പോൾ കോൺഗ്രസിലെ ഐ വിഭാഗം അടക്കം പ്രധാന നേതാക്കളെല്ലാം മൗനത്തിലാണ്. ഈ വിവാദ വിഷയങ്ങൾ പുറത്തുവരുമെന്ന് കണ്ടാണ് രമേശ് ചെന്നിത്തല അമേരിക്കയ്ക്ക് പോയതെന്നും അറിയുന്നു. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് മാണിക്കെതിരായി നീക്കമുണ്ടായ സാഹചര്യത്തിൽ ഇനി യുഡിഎഫിൽ തുടരരുതെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ സർക്കാരിന്റെ നില പരുങ്ങലിലാകും. ഒൻപത് എംഎ‍ൽഎമാരാണ് മാണി ഗ്രൂപ്പിനുള്ളത്.

അതേസമയം, കെ. കരുണാകരന്റെയും മാന്യനായ ഒരു ശാസ്ത്രജ്ഞന്റെയും ജീവിതം തകർത്ത കോൺഗ്രസിലെ ബുദ്ധികേന്ദ്രമാണ് കെ.എം. മാണിയെ തകർക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോർജ് ആരോപിച്ചത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാണി ഉയരുന്നതിന്റെ കുശുമ്പും കുന്നായ്മയുമാണ് ഇതിന് പിന്നിലെന്നും ജോർജ്ജ് വ്യക്തമാക്കുന്നു.

ഇടതു മുന്നണി പ്രവേശനത്തിന് ഇതുവരെ പ്രധാന തടസ്സമായിരുന്ന മന്ത്രി പി ജെ ജോസഫും ഈ വിവാദത്തോടെ മനസ്സ് മാറ്റിയെന്നാണ് സൂചന. വിവാദം പുറത്തുവന്ന ഉടൻ ജോസഫും മാണിയും തമ്മിൽ ദ്വീർഘനേരം സംസാരിച്ചിരുന്നു. മുന്നണി വിടേണ്ട സാഹചര്യം ഉണ്ടെങ്കിൽ അഥിന് വിരോധമില്ല എന്നാണ് ജോസഫ് അറിയിച്ചതായി മാണി തന്റെ വിശ്വസ്തരോട് സൂചിപ്പിച്ചത്. ഇന്ന് വൈകുന്നേരം കൂടുന്ന കേരളാ കോൺഗ്രസ് നേതൃയോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ദേശീയ തലത്തിൽ ഇടത് രാഷ്ട്രീയമായി നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമായി എന്ത് വിട്ടുവീഴ്‌ച്ച ചെയ്തും മാണിയെ കൂടെ ചേർക്കാൻ സിപിഐ(എം) തയ്യാറാകുമെന്നാണ് കേരളാ കോൺഗ്രസിന്റെ വിശ്വാസം. ഇടുക്കി പാർലമെന്റിൽ ഇടതുമുന്നണിയുമായി സഹകരിച്ച് നടത്തിയ മത്സരം സഭയ്ക്ക് സിപിഎമ്മിനോടുള്ള വിരോധം കുറച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യത്തിൽ കേരളാ കോൺഗ്രസ് മുന്നണി വിടുന്നതും മന്ത്രിസഭ താഴെ വീഴുന്നതുമൊക്കെ ഏറെ വൈകാതെ യാഥാർത്ഥ്യം ആയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു.

അതേസമയം സരിത എസ് നായരുടെ വാട്‌സ് ആപ്പ് ദൃശ്യങ്ങളും ഈ പ്രതിസന്ധിക്ക് ഒരു കാരണമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ആളെ തനിക്കറിയാമെന്ന പി സി ജോർജ്ജിന്റെ പ്രസ്താവന എ ഗ്രൂപ്പിലെ പ്രമുഖനെ ലക്ഷ്യം വച്ചാണെന്നായിരുന്നു വിലയിരുത്തൽ. ഈ മാസം 23 ഇവരുടെ പേര് വെളിപ്പെടുത്തുമെന്ന് പി സി ജോർജ്ജ് പറഞ്ഞെങ്കിലും അതുണ്ടായില്ല. അതിന് മുമ്പ് തന്നെ കേരളാ കോൺഗ്രസ് വൃത്തങ്ങളുടെ ചില അഴിമതികൾ കണ്ടെത്തി മുഖ്യമന്ത്രിയെ അറിയിച്ചെന്നും അതാണ് ജോർജ്ജിന്റെ നിശബ്ദതയ്ക്ക് കാരണവും എന്നാണ് ഈ വാദം ഉയർത്തുന്നവർ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച നീക്കം എപ്പോൾ വേണമെങ്കിലും കേരളാ കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന സംശയത്തിലാണ് കെ എ മാണിക്കെതിരെ ബിജു രമേശിനെ കൊണ്ട് എ ഗ്രൂപ്പ് നേതാക്കൾ പടയൊരുക്കത്തിന് ഇറങ്ങിയതെന്നാണ് അണിയറ സംസാരം. എന്തായാലും യുഡിഎഫ് മന്ത്രിസഭ താഴെ വീഴുന്ന ഘട്ടം ഉണ്ടാകരുതെന്ന നിലപാടുമായി മുസ്ലിംലീഗ് രംഗത്തുണ്ട്. മാണിയെ അനുനയിപ്പിക്കാൻ ലീഗ് നേതാക്കൾ തന്നെ രംഗത്തെത്തിയേക്കുമെന്നും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP