Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒളിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കാൻ സർക്കാരിനു വേണ്ടി പണം മുടക്കിയിട്ടും അന്നു ലഭിച്ചത് അപമാനം മാത്രം; തട്ടിപ്പുകേസിലെ പ്രതിയെന്നു പറഞ്ഞു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ ഇന്നു മാളത്തിലൊളിച്ചു; പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായിയെ ആദരിച്ചും ആദരവ് ഏറ്റുവാങ്ങിയും വ്യവസായി സെബാസ്റ്റ്യൻ മുക്കാടൻ താരമായി

ഒളിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കാൻ സർക്കാരിനു വേണ്ടി പണം മുടക്കിയിട്ടും അന്നു ലഭിച്ചത് അപമാനം മാത്രം; തട്ടിപ്പുകേസിലെ പ്രതിയെന്നു പറഞ്ഞു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ ഇന്നു മാളത്തിലൊളിച്ചു; പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായിയെ ആദരിച്ചും ആദരവ് ഏറ്റുവാങ്ങിയും വ്യവസായി സെബാസ്റ്റ്യൻ മുക്കാടൻ താരമായി

അരുൺ ജയകുമാർ

തിരുവനന്തപുരം: മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ പൊതു സ്വഭാവം അങ്ങനെയാണ് തെറ്റുപറ്റിയാൽ അത് സമ്മതിക്കാൻ മെനക്കിടാറില്ല. തിരുത്താൻ മെനക്കെടിതെ തെറ്റിനെ ന്യായീകരിക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടത്തുകയും ചെയ്യും. സംസ്ഥാന സർക്കാറിന്റെ മാനം രക്ഷിക്കാൻ വേണ്ടി പണം മുടക്കിയിട്ടും സെബാസ്റ്റ്യൻ മുക്കാടൻ എന്ന വ്യവസായിക്ക് പകരം ലഭിച്ചത് അപമാനം മാത്രമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സിൽ മെഡൽ നേടിയവരെ ആദരിക്കാൻ സ്‌പോട്‌സ് കൗൺസിലിന് വേണ്ടി പണം മുടക്കിയപ്പോൾ ഭൂമി തട്ടിപ്പുകേസിലെ പ്രതിയാണെന്നും മറ്റും പറഞ്ഞാണ് അദ്ദേഹത്തെ ആദരിക്കൽ വേദിയിൽ നിന്നും ചില സ്ഥാപിത താൽപ്പര്യക്കാർ മാറ്റി നിർത്തിയത്.

കൂടാതെ ചാനലുകൾ മുക്കാടനെ കുറിച്ച് തെറ്റായ വാർത്തകൾ നൽകിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ നിന്നും വിട്ടു നിന്നു. അന്ന് സർക്കാർ വേദിയിൽ പഠിക്ക് പുറത്തായ സെബാസ്റ്റ്യൻ മുക്കാടൻ ഇന്ന് ശരിക്കും താരമാണ്. കാരണം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ ഇന്ന് മാളത്തിൽ ഒളിച്ചപ്പോൾ പാരാലിമ്പിക്‌സിൽ മെഡൽ നേടിയവരെ ആദരിക്കാൻ സ്‌പോർസ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു ഈ ചങ്ങനാശ്ശേരിക്കാരൻ.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ പി വി സിന്ധുവിനും സാക്ഷി മാലിക്കിനുമായിരുന്നു നേരത്തെ മുക്കാടൻ കാശു മുടക്കിയതു കൊണ്ട് സ്‌പോടസ് കൗൺസിൽ ആദരിക്കാൻ ചടങ്ങു സംഘടിപ്പിച്ചത്. ഈ ചടങ്ങിിലാണ് അദ്ദേഹത്തിന് പുറത്തിറിക്കേണ്ടി വന്നതും മുഖ്യമന്ത്രി ചടങ്ങു ബഹിഷ്‌ക്കരിച്ചതും. എന്നാൽ, ഇന്ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിൽ വച്ച് പാരാലിംമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയവരെ ആദരിക്കുന്ന ചടങ്ങിന്റെയും സ്‌പോൺസർ സെബാസ്റ്റ്യൻ മുക്കാടനായിരുന്നു. വേണ്ടത്ര മാദ്ധ്യമശ്രദ്ധപോലും പാരാലിംമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് ലഭിക്കാത്തപ്പോഴാണ് മുക്കാടൻ ഇവർക്ക് വേണ്ടി പണം മുടക്കിയത്. ഇത്തവണ മുമ്പത്തെ പോലെ ക്രുപ്രചാരകരുടെ കെണിയിൽ വീഴാതെ കാര്യങ്ങൾ മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായിക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് സെബാസ്റ്റ്യൻ മുക്കാടൻ ഇത്തവണ ശ്രദ്ധേയനായിത്. സ്‌പോർട് കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രിക്ക് ഉപഹാരം സമർപ്പിക്കാനും സെബാസ്റ്റ്യൻ മറന്നില്ല. പിണറായിയുടെ കൈയിൽ നിന്നും സെബാസ്റ്റ്യനും ഉപഹാരം ഏറ്റ് വാങ്ങി. കോട്ടൺ ഹിൽ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ അവഗണിക്കപ്പെട്ടതിന്റെ നിരാശയുണ്ടെങ്കിലും ഇത്തവണ വളരെ അധികം സന്തോഷത്തിലായിരുന്നു സെബാസ്റ്റ്യനെ കാണപ്പെട്ടത്.

മുക്കാടൻ ഗ്രൂപ്പ് ഓഫ് കമ്പനീസാണ് മെഡൽ ജേതാക്കൾക്ക് പാരിതോഷികമായി സമ്മാനതുകയും ഫലകവും നൽകിയത്. മുഖ്യമന്ത്രി ഇത് കൈമാറി. പാരലിമ്പിിക്‌സിൽ സ്വർണ്ണ മെഡൽ നേടിയവർക്ക് 5 ലക്ഷവും വെള്ളിമെഡൽ നേടിയവർക്ക് 3 ലകഷവും വെങ്കലമെഡൽ നേടിയവർക്ക് 2 ലക്ഷം രൂപയുമാണ് സമ്മാനിച്ചത്. ഹൈജമ്പിൽ സ്വർണ്ണമെഡൽ നേടിയ തമിഴ്‌നാട് സ്വദേശി മാരിയപ്പൻ തങ്കവേലു, ഇതേ ഇനത്തിൽ വെങ്കലം നേടിയ ഉത്തർപ്രദേശ് സ്വദേശി വരുൺ സിങ്ങ് ഭട്ടി, ജാവലിൻ ത്രോയിൽ റെക്കോർഡോടെ സ്വർണം നേടിയ ദേവേന്ദ്ര ജചാരിയ എന്നിവർക്കാണ് സമ്മാനതുക കൈമാറിയത് ഷോട്ട്പുട്ടിൽ വെള്ളിമെഡൽ നേടിയ ദീപിക മാലിക്ക് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നില്ല. ഇവരുടെ ഉപഹാരം സ്പോർട്സ് കൗൺസിൽ പ്രതിനിധി ഏറ്റുവാങ്ങി.

സെബാസ്റ്റ്യൻ മുക്കാടനെ സംബന്ധിച്ചിടത്തോളം മധുരമായ ഒരു പ്രതികാരം കൂടിയായിരുന്നു ഇന്നത്തെ ചടങ്ങ്. മുമ്പ് കോട്ടൽഹിൽ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പരിപാടിയുടെ നടത്തിപ്പിനോ മെഡൽ ജേതാക്കൾക്ക് സമ്മാനം നൽകുന്നതിനോ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവായിട്ടില്ല. സാക്ഷിക്കും സിന്ധുവിനും പരിശീലകരായ പുല്ലേല ഗോപീചന്ദിനും മൻദീപിനും ചേർത്ത് 90 ലക്ഷം രൂപയാണ് സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി ചെലവാക്കിയത്. ഇതിന് പുറമേയാണ് മറ്റ് ചെലവിനുള്ള പണവും ചെലവാക്കിയത്. എന്നാൽ, ചടങ്ങിന് രണ്ട് ദിവസം മുമ്പാണ് ചാനലുകളിൽ അടക്കം മുക്കാടന് എതിരായി വാർത്തകൾ വന്നത്. ഒരു പെറ്റിക്കേസ് പോലും ഇല്ലാതിരുന്നിട്ടും ഭൂമിതട്ടിപ്പിന് കേസുണ്ടെന്ന പ്രചരണമാണ് ഉണ്ടായത്. ഈ പ്രചരണങ്ങൾക്ക് പിന്നിൽ ചങ്ങനാശ്ശേരിയിലെ ഒരു ഉന്നതനാണെന്ന് അദ്ദേഹം അന്ന് പറയുകയുമുണ്ടായി.

അന്ന് വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു സെബാസ്റ്റ്യൻ മുക്കാടൻ. ഇങ്ങനെ കേസ് കൊടുത്തു കിട്ടുന്ന തുകയിൽ 25% വീതം ചടങ്ങിനു വേദിയായ കോട്ടൺഹിൽ സ്‌കൂളിനും ജി.വി.രാജ സ്പോർട്സ് സ്‌കൂളിനും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഒരു കോടിയോളം രൂപയുടെ സമ്മാനത്തുകയായിരുന്നു മുക്കാടൻ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവ് പി.വി സിന്ധുവും വെങ്കല ജേതാവ് സാക്ഷി മാലിക്കിനും അവരുടെ പരിശീലകർക്കുമായി നൽകിയത്.

സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകർക്കു യഥാക്രമം പത്തും അഞ്ചും ലക്ഷവും ആയിരുന്നു സമ്മാനം. സ്പോർട്സ് ഡയറക്ടറേറ്റും കൗൺസിലും സംയുക്തമായി സർക്കാർ സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറി. മന്ത്രിമാരും എത്തിയില്ല. ഇതോടെ ചടങ്ങിന്റെ ഗ്ലാമർ കുറഞ്ഞു. മുഖ്യമന്ത്രിയുടെ സൗകര്യാർഥമാണു വേദി ഏഷ്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന തലസ്ഥാനത്തെ സ്‌കൂളിലേക്കു മാറ്റിയത്. അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറിയപ്പോൾ പകരം സ്പോർട്സ് കൗൺസിൽ പ്രസിഡന്റാണു സമ്മാനം നൽകിയത്.

എന്നാൽ, മുക്കാടന്റെ പേരിൽ ഒരു പെറ്റിക്കേസ് പോലും ഇല്ലെന്നറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാരാലിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് പുരസ്‌ക്കാരം നൽകുന്ന ചടങ്ങിൽ എത്തിയതും മുക്കാടനൊപ്പം വേദി പങ്കിട്ടതും. അതേസമയം അന്ന് കുപ്രചരണങ്ങളുമായി രംഗത്തെത്തിയ മാദ്ധ്യമങ്ങൾ തന്ത്രപൂർവ്വം വാർത്തയ്ക്ക് പ്രാധാന്യം നൽകാതെ മുങ്ങുകയും ചെയ്തു. എന്തായാലും ഇന്ന് മുക്കാടന്റെ മധുരപ്രതികാരത്തിന്റെ ദിനം കൂടിയായിരുന്നു വ്യാജപ്രചാരകർക്ക് മേൽ നേടിയ വിജയവും.

1973ൽ തൊഴിൽതേടി ദുബായിലെത്തിയ സെബാസ്റ്റ്യൻ ഇന്ന് ഇവിടെയുള്ള പ്രമുഖബിസിനസ്സുകാരിൽ ഒരാളാണ്. സ്‌പോർട്‌സിനോട് അതിരുകടന്ന ആവേശമോ ലഹരിയോ ഇല്ല. അതേസമയം ഇന്ത്യൻതാരങ്ങൾ ഒളിമ്പിക്‌സിൽ പരാജയപ്പെടുന്നതിൽ വലിയ നിരാശയുംസങ്കടവും ഉണ്ടായിരുന്നുതാനും. അതിനൊരു അറുതിവരുത്തിയത് സാക്ഷിയും സിന്ധുവുമാണ്. ഈ സമ്മാനം താരങ്ങൾക്ക് പ്രചോദനമാവട്ടെ എന്ന പ്രതീക്ഷയിലാണ് അദ്ദേഹം സമ്മാനം പ്രഖ്യാപിച്ചിരുന്നത്. ഓട്ടോബാൻ കാർ റെന്റൽ കമ്പനി ഉൾപ്പെടെ യു.എ.ഇ. യിൽ നിരവധി ബിസിനസ്സുകളുള്ള സെബാസ്റ്റ്യൻ കേരളത്തിൽ മുക്കാടൻ പ്ലാന്റേഷൻസിന്റെ ഉടമ കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP