Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടൻ പാർലമെന്റിൽ നിന്നും അവാർഡ് വേണോ? തരാൻ കടലാസു സംഘടനകൾ ഏറെ; എംപിമാർക്ക് പുരസ്‌ക്കാരം ഒരുക്കുന്ന സംഘടനകളിൽ പലരും ടാക്‌സി ഡ്രൈവർമാർ; മുതലാളിമാരും കടലാസ് സംഘടനാ നേതാക്കളും വാങ്ങിപ്പോയ പുരസ്‌ക്കാരത്തിലെ അടത്ത ഇര ഉമ്മൻ ചാണ്ടി; യുകെയിൽ എത്തുമ്പോൾ പാർലമെന്റിൽ പുരസ്‌ക്കാരം നൽകാൻ ആലോചിച്ച് സംഘടനകൾ മത്സരത്തിൽ

ലണ്ടൻ പാർലമെന്റിൽ നിന്നും അവാർഡ് വേണോ? തരാൻ കടലാസു സംഘടനകൾ ഏറെ; എംപിമാർക്ക് പുരസ്‌ക്കാരം ഒരുക്കുന്ന സംഘടനകളിൽ പലരും ടാക്‌സി ഡ്രൈവർമാർ; മുതലാളിമാരും കടലാസ് സംഘടനാ നേതാക്കളും വാങ്ങിപ്പോയ പുരസ്‌ക്കാരത്തിലെ അടത്ത ഇര ഉമ്മൻ ചാണ്ടി; യുകെയിൽ എത്തുമ്പോൾ പാർലമെന്റിൽ പുരസ്‌ക്കാരം നൽകാൻ ആലോചിച്ച് സംഘടനകൾ മത്സരത്തിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളത്തിൽ നിന്നും ഒരു സ്യൂട്‌കേസ് നിറയെ കണ്ണാടി മൊമന്റോകളും കസവു ചേർത്ത് തുന്നിയ പൊന്നാടകളും തമിഴ്‌നാട്ടിൽ നെയ്‌തെടുക്കുന്ന ചിത്രപ്പണികൾ നിറഞ്ഞ സിൽക്ക് ഷാളുകളും ആയി ലണ്ടൻ ഹീത്രൂവിൽ വിമാനമിറങ്ങുക. നേരെ ഇന്ത്യൻ എംബസിയിൽ എത്തി ഒരു ഹസ്തദാനം, കൂടെ സെൽഫിയും ഗ്രൂപ് ഫോട്ടോകളും. അവിടെ നിന്നും ഇറങ്ങി വിളിപ്പാടകലെയുള്ള ബ്രിട്ടീഷ് പാർലമെന്റിൽ ദിവസ വാടകയ്ക്ക് ലഭിക്കുന്ന ഹാളിൽ സ്വയം സന്നിഹിതനായി ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ, എംബസി ജീവനക്കാർ, മലയാളികളായ കൗൺസിൽ അംഗങ്ങൾ, പത്രാസ് കാട്ടി ജീവിക്കുന്ന ഏതാനും മലയാളികൾ എന്നിവരുടെ സാന്നിധ്യത്തിൽ ലഭിക്കുന്ന അവാർഡ്, പൊന്നാട അണിയിക്കൽ, കെട്ടിപ്പിടുത്തം, കാപ്പി കുടി. ബലേ ഭേഷ്.

ഒരു ആക്ഷേപ ഹാസ്യ ചെറു ഫിലിം തിരക്കഥയുടെ സാരാംശം ആണെന്ന് തെറ്റിദ്ധരിക്കണ്ട. അവാർഡുകൾ മുഖേനെ ജനശ്രദ്ധയിൽ എത്താൻ താൽപ്പര്യമുളവരെ കണ്ടെത്തി രൂപം കൊണ്ടിരിക്കുന്ന ഒരുഗ്രൻ ബിസിനസ്സ് ഫോർമുല ആണിത്. പൊതു ജനങ്ങൾക്ക് വലിയ നഷ്ടം ഒന്നും ഇല്ലെങ്കിലും ഭാവിയിൽ ഈ പൊറാട്ടു നാടകം കാട്ടി പൊതുജനങ്ങളെ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് ഈ റിപ്പോർട്ട് ബ്രിട്ടീഷ് മലയാളി പുറത്തു വിടാൻ തയ്യാറായത്.

കൈ നനയാതെ മീൻ പിടിക്കാമെന്ന് ആഗ്രഹിക്കുന്ന ഒരു സംഘം മലയാളികളുടെ മനസ്സിൽ ഉദിച്ച ആശയമാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്ക് ലഭിക്കുന്ന ഒരു സൗകര്യം ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം ഇവിടെ നടന്ന അവാർഡ് ദാന ചടങ്ങ്. ഒരു കടലാസ്സ് സംഘടനയുടെ പോലും മഹത്വം പറയാൻ ഇല്ലാതെ ഏതാനും പേര് ചേർന്ന് തയ്യാറാക്കുന്ന തട്ടിക്കൂട്ട് പരിപാടിക്ക് പോപ്പുലാരിറ്റി ഉള്ളവരെ കിട്ടാതായപ്പോൾ കിട്ടിയവരെ പിടിച്ചു കൊണ്ട് വന്നു ആദരിക്കൽ ചടങ്ങു നടത്തുകയാണ് എന്ന ആരോപണം തെളിയിക്കുകയാണ് ഇക്കഴിഞ്ഞ ഡിസംബറിലും കഴിഞ്ഞ ദിവസവും നടന്ന ആദരിക്കൽ ചടങ്ങ്. സാധാരണ ഇത്തരം കബളിപ്പിക്കൽ അവാർഡുകൾ വർഷത്തിൽ ഒരിക്കൽ നടത്തുമ്പോൾ ലണ്ടൻ അവാർഡ് ദാനം എല്ലാ മാസവും എന്ന മട്ടിൽ സംഘടിപ്പിക്കപ്പെട്ടതോടെ അവാർഡ് വാങ്ങാൻ വരുന്നവർ തന്നെ പണം നൽകി സംഘടിപ്പിക്കുന്ന ആദരിക്കലാണ് ഇതെന്ന് വ്യക്തമാകുന്നത്.

ഈ തട്ടിപ്പിൽ അറിഞ്ഞോ അറിയാതെയോ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും മലയാളികളായ കൗൺസിൽ അംഗങ്ങളും ഉൾപ്പെടുന്നു എന്നതാണ് കൗതുകം പകരുന്നത്. ഇവർ നടത്തിയ സമർത്ഥമായ നീക്കത്തിൽ ആദ്യം തെറ്റിദ്ധരിക്കപ്പെടുകയും ഒടുവിൽ വൻ വാർത്ത കോലാഹലം ഉണ്ടായതോടെ നിവൃത്തിയില്ലാതെ യുകെയിൽ എത്തി അവാർഡ് വാങ്ങാൻ വിധിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് മുൻ കേരള ധനമന്ത്രി കെഎം മാണിക്ക് പറയാനുള്ളത്. ഇക്കാര്യം പൊളിച്ചടുക്കാനായി കഴിഞ്ഞ വർഷം യുകെ സന്ദർശനം നടത്തിയപ്പോൾ മാണിയോട് തെറ്റിപ്പിരിഞ്ഞ പൂഞ്ഞാർ എംഎൽഎ മനഃപൂർവം ബ്രിട്ടീഷ് പാർലമെന്റ് ഹാൾ സന്ദർശിക്കുകയും ഹ്രസ്വമായ ചടങ്ങിൽ സംസാരിക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് അടിക്കടി അവാർഡ് നൽകാൻ ഒരു പ്രധാന തട്ടിപ്പിനുള്ള രംഗമായി ബ്രിട്ടീഷ് പാർലമെന്റ് ഹാൾ മാറുകയാണ് എന്ന സംശയം ബലപ്പെടുന്നു. ഡിസംബറിൽ ലണ്ടനിൽ എത്തി അവാർഡ് വാങ്ങിയവരുടെ സംഘത്തിൽ തിരുവനന്തപുരം കേന്ദ്രമായ ഒരു പ്രശസ്ത സന്യാസ ഗുരുകുല കേന്ദ്രവും പാലയ്ക്കടുത്തു രാമപുരം ആസ്ഥാനമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനവും ഉൾപ്പെട്ടിരുന്നു. ഈ കോളേജിനെ നിയന്ത്രിക്കുന്ന വൈദികൻ നാട്ടിൽ മടങ്ങി എത്തിയ ഉടനെ പത്ര സമ്മേളനം വിളിച്ചു തന്റെ സ്ഥാപനത്തിന് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം ലഭിച്ചു എന്ന് വീമ്പിളക്കുക ആയിരുന്നു.

സന്യാസ സ്ഥാപനം ആകട്ടെ നന്ദി കാട്ടിയത്, അവാർഡ് നൽകാൻ എത്തിയ പാർലമെന്റ് അംഗത്തിന് കേരളത്തിലെ അവധിക്കാലത്തുള്ള രാജകീയ വരവേൽപ്പും. ഇത്തരക്കാരെ വലവീശി പിടിക്കാൻ സംഘടനാ നേതാക്കൾ ശ്രമം നടത്തുമ്പോൾ ബ്രിട്ടീഷ് വിസ സംഘടിപ്പിക്കാൻ എംബസി ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗം, കൗൺസിൽ അംഗങ്ങൾ എന്നിവർ കൂട്ട് നിൽക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. പ്രമുഖ എംപിയായ കീത് വ്യാസ് മുൻപ് ബ്രിട്ടീഷ് വിസയ്ക്കായി തന്റെ പദവി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് കടക്കാൻ ഉള്ള ശ്രമത്തിൽ ഐപിഎൽ അഴിമതി നടത്തിയ ലളിത് മോദിയെയാണ് കീത് വ്യാസ് തുണച്ചതായി ആരോപണം ഉയർന്നത്.

കോളേജ് നടത്തിപ്പുകാരും ആശ്രമക്കാരും സ്ഥലം വിട്ട ഉടനെയാണ് വിവാദ ബിസിനസ്സ് നിയന്ത്രിക്കുന്ന രാജീവ് ഔസേഫ് കഴിഞ്ഞ ദിവസം അവാർഡ് വാങ്ങാൻ എത്തിയതും അത് താൻ കൂടി പങ്കാളിയായ ബിസിനസ്സ് സ്ഥാപനത്തിന്റെ പ്രോജക്ട് ആയ എരുമേലി വിമാനത്താവളത്തിന്റെ പേരിൽ വ്യാപകമായി ദുരുപയോഗം ചെയ്യാൻ ആരംഭിച്ചതും. തന്റെ കമ്പനിക്കു ബ്രിട്ടീഷ് പാർലമെന്റിന്റെ വരെ ആദരവ് ഉണ്ടെന്നു കാട്ടിയുള്ള പരസ്യമാണ് ഇയാളുടെ അടുത്ത നീക്കം. ഇയാളോടൊപ്പം അവാർഡ് വാങ്ങാൻ വെല്ലൂരിൽ നിന്ന് ഒരു വൈദികനും എത്തിയിരുന്നു. ഇദ്ദേഹവും നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം കച്ചവട താൽപ്പര്യം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണ്.

മാത്രമല്ല, അവാർഡ് ദാന ശേഷം ഇദ്ദേഹം പങ്കെടുത്ത സ്വകാര്യ ചടങ്ങുകളിൽ കാണുന്നവർക്കൊക്കെ പാർലമെന്റ് ഹാളിൽ നൽകിയ അതെ പൊന്നാട അണിയിച്ചതോടെയാണ് മൊമെന്റോയും പൊന്നാടയും ഒക്കെ അവാർഡ് വാങ്ങാൻ വരുന്നവർ തന്നെ സംഘടിപ്പിച്ചു കൊണ്ട് വരുന്നതാണെന്ന സത്യവും വെളിച്ചത്തായത്. ഇതേ വേദിയിൽ വച്ച് തന്നെയാണ് കോട്ടയം ജില്ലയിലെ ഒരു പ്രമുഖ മന്ത്രവാദ മനയുടെ താന്ത്രികനും അവാർഡ് വാങ്ങി ശ്രദ്ധ നേടിയിട്ടുണ്ട്. എന്തിനായിരുന്നു താൻ കഷ്ടപ്പെട്ടു അവാർഡ് സംഘടിപ്പിച്ചത് എന്ന് കഴിഞ്ഞ ദിവസം രാജീവ് ജോസഫ് തന്നെ ഫേസ്‌ബുക്കിലൂടെ നാട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ വാടകക്ക് ലഭിക്കുന്ന ഹാൾ എന്നത് മറച്ചു വച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് കിട്ടിയ അവാർഡ് എന്ന് തന്നെയാണ് രാജീവ് വിശദമാക്കുന്നത്.

അവാർഡുകൾ തനിക്കൊരു ഹോബിയാണെന്നു വ്യക്തമാക്കുന്നതും രാജീവ് തന്നെയാണ്. ബ്രിട്ടനിലേക്ക് വിമാനം കയറുന്നതിനു തൊട്ടു മുൻപും ഇദ്ദേഹം വൈഎംസിഎ അവാർഡ്, സ്വാതി തിരുനാൾ അവാർഡ് എന്നിവ ഒക്കെ വാങ്ങിയ കാര്യവും ഫേസ്‌ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്രയും കടുംകൈ അദ്ദേഹം ചെയ്യുമെന്ന് അവാർഡ് നൽകിയവർ കരുതിയതും ഉണ്ടാകില്ല. തന്റെ വിമാനത്താവള കടലാസ്സ് കമ്പനിക്ക് പുല്ലുവില എന്ന് പറയുന്നവർക്ക് മുന്നിലേക്ക് എറിഞ്ഞിട്ടു കൊടുക്കാൻ രാജീവിന് കിട്ടിയ ഏറ്റവും വലിയ എല്ലിൻകഷണമാണ് ഈ അവാർഡ് എന്ന് വരും നാളുകളിൽ വ്യക്തമാകും. നാട്ടിൽ എത്തി ഇക്കാര്യം പത്ര സമ്മേളനം വിളിച്ചു വീമ്പിളക്കാനും അദ്ദേഹം മടിക്കില്ല. സ്വാശ്രയ കോളേജ് മാനേജർ കൂടിയായ വൈദികന് ആകാമെങ്കിൽ പിന്നെ തനിക്കു എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും രാജീവിന്റെ ചിന്ത.

അദ്ദേഹം ഷെയർ ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റ്:

അതിനിടെ, ഇനി ബിസിനസ് ഫോറം ലക്ഷ്യമിടുന്നത് ഏപ്രിലിൽ യുകെ സന്ദർശനം നടത്തുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആണെന്ന വിവരം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ കെഎം മാണിക്ക് പറ്റിയ അബദ്ധം കേട്ടറിവുള്ളതിനാൽ ഈ അവാർഡ് ദാന പരിപാടിക്ക് ഉമ്മൻ ചാണ്ടി നിന്നു കൊടുക്കാൻ സാധ്യത ഇല്ലെന്നാണ് ഒഐസിസി യുകെ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലണ്ടനിൽ ഉള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി പാർലമെന്റ് മന്ദിരം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അതിനുള്ള സഹായം ചെയ്തുകൊടുക്കുമെന്നും ഒഐസിസി വക്താക്കൾ സൂചിപ്പിച്ചു. സരിത നായർ വിവാദം ഉയർത്തിയ സോളാർ പദ്ധതി സമയത്തു തന്നെ സമാന സ്വഭാവമുള്ള കരട് രൂപ രേഖ യുകെ മലയാളികളിൽ ചിലരും സർക്കാരിന്റെ മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ വിവാദം രൂക്ഷമായതോടെ ലണ്ടൻ നിക്ഷേപ പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP