Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബജറ്റ് അവതരണം മുടങ്ങാതിരിക്കാൻ ഇ. അഹമ്മദിന്റെ മരണം മൂടി വയ്ക്കാൻ അധികൃതർ നീക്കം നടത്തി; മുൻ കേന്ദ്രമന്ത്രിയെ കാണാൻ മക്കളെപോലും അനുവദിച്ചില്ല; ഐ.സി.യുവിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ക്ഷോഭിച്ച് സോണിയ ഗാന്ധി; വികാരാധീനനായി രാഹുൽ ഗാന്ധിയും: മലപ്പുറം എംപിയുടെ മരണം രാം മനോഹർ ലോഹ്യ ആശുപത്രി പ്രഖ്യാപിച്ചത് നാടകീയരംഗങ്ങൾക്ക് ഒടുവിൽ

ബജറ്റ് അവതരണം മുടങ്ങാതിരിക്കാൻ ഇ. അഹമ്മദിന്റെ മരണം മൂടി വയ്ക്കാൻ അധികൃതർ നീക്കം നടത്തി; മുൻ കേന്ദ്രമന്ത്രിയെ കാണാൻ മക്കളെപോലും അനുവദിച്ചില്ല; ഐ.സി.യുവിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ക്ഷോഭിച്ച് സോണിയ ഗാന്ധി; വികാരാധീനനായി രാഹുൽ ഗാന്ധിയും: മലപ്പുറം എംപിയുടെ മരണം രാം മനോഹർ ലോഹ്യ ആശുപത്രി പ്രഖ്യാപിച്ചത് നാടകീയരംഗങ്ങൾക്ക് ഒടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് അതീവ ഗുരതരാവസ്ഥയിൽ ഡൽഹി രാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണം മറച്ചുവയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് ആരോപണം. ബജറ്റ് പ്രസംഗം മുടങ്ങാതിരിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നാണ് വിലയിരുത്തൽ. ഇതോടെ നയതന്ത്ര വിദഗ്ധനായ അഹമ്മദിന്റെ മരണം വിവാദത്തിലാവുകയാണ്.

ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാത്രിയോടെ ആശുപത്രിയിലത്തെിയ മക്കളായ ഡോ. ഫൗസിയ ഷെർഷാദിനും നസീർ അഹമ്മദിനും മരുമകൻ ഡോ. ബാബു ഷെർഷാദിനും വെന്റിലേറ്ററിൽ കഴിയുന്ന അഹമ്മദിനെ കാണാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല. മാത്രമല്ല രോഗിയുടെ നിലവിലെ അവസ്ഥപോലും ആശുപത്രി അധികൃതർ പുറത്തുപറഞ്ഞില്ല. ഇതോടെ മക്കളുടെ പരാതിയെതുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കാൾ ആശുപത്രിയിലത്തെി. വിവരമറിഞ്ഞത്തെിയ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അധികൃതരോട് ക്ഷോഭിച്ചതോടെ പ്രശ്‌നം വല്ലാത്തൊരു തലത്തിലേക്കാണ് ഉയർന്നത്.

മക്കളെ മാത്രമല്ല, സുഹൃത്തുക്കളേയൊ പാർട്ടി നേതാക്കളെയോ ഒന്നും തന്നെ അഹമ്മദിനെ കാണിച്ചില്ല.രാത്രി 10.30വരെ മക്കളെ കാണാൻ അനുവദിക്കാത്തതറിഞ്ഞ് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് ആദ്യം ആശുപത്രിയിൽ എത്തിയത്. മക്കളെ രോഗിയെ കാണാൻ അനുവദിക്കാത്തത് പതിവില്ലാത്തതാണെന്നും ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും പട്ടേൽ ആവശ്യപ്പെട്ടു. തുടർന്നും ഡോക്ടർ തടസവാദം ഉന്നയിച്ചപ്പോൾ താൻ മാദ്ധ്യമങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് മക്കളെ വെന്റിലേറ്ററിന്റെ ഗ്‌ളാസിനുള്ളിലൂടെ കാണാൻ അധികൃതർ അനുവദിച്ചു. തുടർന്ന് സോണിയ ഗാന്ധിയുമായി മകൾ ഡോ. ഫൗസിയയും മകൻ നസീർ അഹമ്മദും സംസാരിച്ചു.

പിന്നാലെ സോണിയയും ആശുപത്രിയിലത്തെി. ആദ്യഘട്ടത്തിൽ സോണിയാ ഗാന്ധിയെയും ആശുപത്രി ജീവനക്കാൻ അകത്തേക്ക് കയറ്റിയില്ല. അതോടെ സോണിയാ ഗാന്ധിയെ തടഞ്ഞെന്ന രീതിയിലുള്ള ഫ്‌ളാഷ് ന്യൂസുകൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ നിലപാട് മാറ്റിയ അധികൃതർ സോണിയയയെ ഐ.സി.യുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഐ.സി.യുവിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന സോണിയ അധികൃതരുമായി കയർത്തു. ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനോട് കാണിക്കാൻ പാടില്ലാത്തതാണ് ആശുപത്രി അധികൃതരുടെ നടപടിയെന്ന് അവർ കുറ്റപ്പെടുത്തി. തന്റെ 47 വർഷത്തെ ഡൽഹി ജീവിതത്തിൽ ഇത് ആദ്യ അനുഭവമാണ്. സ്വന്തക്കാരുടെ അനുമതി ഇല്ലാതെ രോഗിയുടെ ശരീരത്തിൽ ഒരു സൂചിപോലും കുത്താൻ അനുവാദമില്ലന്നിരിക്കെ, ആരുടെ സമ്മതത്തോടെയാണ് ഈ ചികിത്സയെന്ന് അവർ ചോദിച്ചു.

സ്വന്തം മക്കൾക്ക് അസുഖത്തിന്റെ വിവരങ്ങൾ കൈമാറാൻ തയാറാകാത്തത് കേട്ടുകേൾവിയില്ലാത്തതാണെന്നും അവർ പറഞ്ഞു. തുടർന്ന്, രാഹുൽ ഗാന്ധിയത്തെി ആശുപത്രി സുപ്രണ്ടിനെ വിളിപ്പിച്ചു. രാഹുൽഗാന്ധിയും വികാരദീനനായണ് സംസാരിച്ചത്. ഒരു മുൻകേന്ദ്രമന്ത്രിയോടെ ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്ന് രാഹുലും വിമർശിച്ചു. പിന്നീട് ഇരുവരും ഇ. അഹമ്മദിനെ സന്ദർശിച്ചു. അസുഖത്തിന്റെ വിശദാംശങ്ങൾ നൽകാൻ ഡോക്ടർമാർ തയാറായില്ല. പിതാവിനെ കാണാൻ അനുവാദിക്കാത്തതിൽ ആശുപത്രി അധികൃതർക്കെതിരെ ഡൽഹി പൊലീസിൽ അവർ പരാതി നൽകി. രാത്രി 12.30ഓടെ ആശുപത്രിയിലത്തെിയ പൊലീസ് പരാതി നേരിട്ട് സ്വീകരിച്ച് കേസെടുത്തു. അതിനിടെ ആശുപത്രി അധികൃതർ പെട്ടന്ന് ഓടിയത്തെി ബന്ധുക്കളോട് മാപ്പുപറയുകയും ചെയ്തു.

സുരക്ഷാകാരണങ്ങളാലും,രോഗിയുടെ ആരോഗ്യപരമായ അവസ്ഥ കണക്കിലെടുത്തുമാണ് ആരെയും കാണിക്കാതിരുന്നതെന്നാണ് വിശദീകരണം. അുതസമയം ഇതൊരു ആസൂത്രിതമായ നീക്കവും ഗൂഢാലോചനയും ആണെന്നാണ് അഹമ്മിന്റെ ബന്ധുക്കളും കോൺഗ്രസ് നേതാക്കളും രഹസ്യമായി പറയുന്നത്. നിലവിൽ മലപ്പുറത്തുനിന്നുള്ള എംപികൂടിയായ അഹമ്മദിന് എന്തെങ്കിലും സംഭവിച്ചാൽ ബജറ്റ് അവതരണം മുടങ്ങും. ഇതിനായാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടാത്തതെന്നാണ് ആരോപണം. അതിഗുരുതരാവസ്ഥയിലായി പേസ്‌മേക്കറിന്റെയും വെന്റിലേറ്ററിന്റെയും സഹായത്തിത്തോടെ ജീവൻ നിലനിർത്തുന്ന അഹമ്മദിന് മസ്തിഷ്‌ക്കമരണം നേരത്തെ തന്നെ സംഭവിച്ചിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിക്കാനോ, അഹമ്മദിന്റെ അവസ്ഥയെക്കുറിച്ച് ഒരു മെഡിക്കൽ ബുള്ളറ്റിൽ ഇറക്കാനോ ആശുപത്രി അധികൃതർ തയ്യാറായില്ല.

ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച രാവിലെ 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാർലമെന്റിലത്തെിയ ഇ.അഹമ്മദ് പിന്നീട് കുഴഞ്ഞുവീഴുകയാണ്. അദ്ദേഹം സെൻട്രൽ ഹാളിൽ പ്രവേശിക്കുമ്പോൾ രാഷ്ട്രപതി പ്രണബ് മുഖർജി പ്രസംഗം തുടങ്ങിയിരുന്നു.
തുടർന്ന് പിൻനിരയിലിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയിൽതന്നെ ലോക്‌സഭ സുരക്ഷാജീവനക്കാർ അബോധാവസ്ഥയിലായ അഹമ്മദിനെ സ്‌ട്രെച്ചറിൽ പാർലമെന്റ് മന്ദിരത്തിന് പുറത്തെ ആംബുലൻസിൽ രാം മനോഹർ ലോഹ്യ ആശുപത്രിയിലത്തെിക്കുകയായിരുന്നു.

വിദേശകാര്യ സഹമന്ത്രി എം.ജെ. അക്‌ബർ, മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എ.പി. അബ്ദുൽ വഹാബ്, എം.കെ. രാഘവൻ, ആൻേറാ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. ബിജു എന്നിവരും ആശുപത്രിയിൽ കുതിച്ചത്തെി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആശുപത്രിയിലത്തെിയ ശേഷമാണ് ട്രോമാ ഐ.സി.യുവിലേക്ക് മാറ്റിയത്.

തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിലാണ് ഇ അഹമ്മദ് മരണത്തിനു കീഴടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെ മക്കൾക്ക് ആശുപത്രി അധികൃതർ സന്ദർശനത്തിന് അനുമതി നൽകി. ഇതിനു തൊട്ടു പിന്നാലെയാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ഇ. അഹമ്മദിന്റെ മരണം കേന്ദ്രം മറച്ചുവച്ചെന്ന് ഖാർഗെ

അഹമ്മദ് എംപിയുടെ മരണവിവരം കേന്ദ്രം മനഃപൂർവം മറച്ചുവെക്കുകയായിരുന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ മല്ലികാർജുൻ ഖാർഗെ. ഇ. അഹമ്മദ് മരിച്ച വിവരം സർക്കാരിന് അറിയാമായിരുന്നു. എന്നാൽ വിവരം പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നെന്നാണ് കരുതുന്നതെന്നും ഖാർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിറ്റിങ് എംപി മരിച്ച സാഹചര്യത്തിൽ ബജറ്റ് മാറ്റിവെക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജെഡിയുവും മുൻ പ്രധാനമന്ത്രി ദേവഗൗഡയും ഉൾപ്പെടെയുള്ളവർ ഇതേ അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് ഒരു ദിവസം മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും ഗാർഖെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP