Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫുക്രിയല്ല ഇത് വെറും മാക്രി! ഇത്രക്ക് യുക്തിരഹിതവും അരോചകവുമായ പടം ഹിറ്റ്‌മേക്കർ സിദ്ദിഖിൽനിന്ന് പ്രതീക്ഷിച്ചില്ല; ഹാ കഷ്ടം, എന്തൊരു പ്രതിഭാദാരിദ്രം!

ഫുക്രിയല്ല ഇത് വെറും മാക്രി! ഇത്രക്ക് യുക്തിരഹിതവും അരോചകവുമായ പടം ഹിറ്റ്‌മേക്കർ സിദ്ദിഖിൽനിന്ന് പ്രതീക്ഷിച്ചില്ല; ഹാ കഷ്ടം, എന്തൊരു പ്രതിഭാദാരിദ്രം!

എം മാധവദാസ്

കോടാനുകോടി വർഷങ്ങൾ കത്തിജ്വലിച്ച് നിൽക്കുന്ന നക്ഷത്രങ്ങൾ തന്നെയാണെല്ലൊ, കാലാന്തരത്തിൽ അവയിലെ ഊർജം എരിഞ്ഞ് തീർന്ന് തമോഗർത്തങ്ങളായി മാറുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ നക്ഷ്രത്രങ്ങളായിരുന്ന പല സംവിധായകരും ഇങ്ങനെ പ്രതിഭ കത്തിയെരിഞ്ഞ് തീർന്ന് അരികിലാക്കപ്പെട്ട കാലമാണിത്.ആ ലിസ്റ്റിലേക്ക്, ഹിറ്റുകളുടെ പരമ്പര മലയാളത്തിന് സമ്മാനിച്ച സിദ്ധീഖിന്റെ പേരും ഉൾപ്പെടുത്തേണ്ടിവരുമെന്ന് കരുതിയില്ല.

പക്ഷേ സംശയമുള്ളവർ അദ്ദേഹം പതിവുപോലെ കഥയും,തിരക്കഥയും, സംവിധാനവും ഒന്നിച്ച് ചെയ്ത് നമ്മുടെ ജയസൂര്യയെ നായകനാക്കി ഇറക്കിയ പുതിയ പടമായ 'ഫുക്രി' ഒന്ന് കണ്ടുനോക്കുക.എ.ടി.എമ്മിൽ വരിനിന്ന് കിട്ടിയ നോട്ട് ഈ പടത്തിന് ചെലവാക്കുന്നതിലും നല്ലത് തീപ്പെട്ടിയുരച്ച് കത്തിച്ചുകളയുകയായിരുന്നു. എന്നാൽ സമയമെങ്കിലും ലാഭിക്കാം. അത്രക്ക് അരോചക അനുഭവവും, ബോറടിയുമാണ് ഫുക്രി സമ്മാനിച്ചത്.ഈ ചിത്രത്തിന്റെ പ്രമോഷൻ വർത്തമാനങ്ങളും, സംവിധായകന്റെ അത്മവിശ്വാസവുമൊക്കെ കണ്ടപ്പോൾ ഫുക്രി പുലിയാണെന്നാണ് കരുതിയത്.പക്ഷേ മലപോലെ വന്ന ഫുക്രി, മാക്രിയാവുന്ന കാഴ്ചയാണ് തീയേറ്ററിൽ കണ്ടത്.

പ്രിയദർശൻ തൊട്ട് ഉദയകൃഷ്ണ-സിബി തോമസ് ടീമുവരെ, എത്രയോ തവണ എടുത്ത് അലമ്പിയ ആൾമാറാട്ട കുടുംബകഥ പൊടിതട്ടിയെടുത്ത്, കുറെ ജനപ്രിയ മിമിക്രി-സ്‌കിറ്റ് ആർട്ടിസ്റ്റുകളെ നിരത്തിനിർത്തി തമാശയെന്നപേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിവച്ചാൽ അതിനെ സിനിമയെന്ന് വിളിക്കാൻ കഴിയുമോ?

വിഷമംകൊണ്ടാണ് സാർ, ഇത്രയും കടുപ്പിച്ച് എഴുതുന്നത്. ഒരുകാലത്ത് മലയാളത്തിന്റെ ഭാഗ്യമായ സംവിധായക ഇരട്ടകളായിരുന്ന സിദ്ധീഖ്-ലാൽ. താരത്തിന്റെ പേരിൽ അറിയപ്പെടുന്ന നമ്മുടെ ചലച്ചിത്രലോകത്ത് സംവിധായകന്റെ പേരിൽ ആളുകൂടുന്നത് അപൂർവമാണെല്ലോ. എടുത്ത മുഴുവൻ ചിത്രങ്ങളും ഹിറ്റാക്കിയവരെന്ന വിശേഷണവും ലോകചരിത്രത്തിൽ ഒരു പക്ഷേ ഇവർക്ക് മാത്രമായിരിക്കും.പക്ഷേ ഇവർ പിരഞ്ഞതിനുശേഷം ഒറ്റക്കൊറ്റക്ക് ആ ശോഭ വർധിച്ചില്ല. 'ഹിറ്റ്‌ലറി'ലൂടെയും, 'ക്രോണിക്ക് ബാച്ചിലറി'ലുടെയും സിദ്ധീഖ് ഹിറ്റുകൾ ആവർത്തിച്ചു. മലയാളം 'ബോഡിഗാർഡ്'അത്രക്ക് ഏശിയില്ലെങ്കിലും തമിഴിലും ഹിന്ദിയിലും വൻ ഹിറ്റാക്കി നൂറുകോടി ക്‌ളബിൽ കയറാൻ സിദ്ധീഖിനായി.കലാപരമായി അമ്പേ പരാജയമായിരുന്നെിലും, അവസാനം അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങിയ മമ്മൂട്ടിയുടെ 'ഭാസ്‌ക്കർ ദ റാസ്‌ക്കലും' സാമ്പത്തികമായി വിജയമായി.ഇടക്ക് ഇറങ്ങിയ 'ലേഡീസ് ആൻഡ് ജന്റിൽമാൻ' എന്ന മോഹൻലാലിന്റെ അറുമുഷിപ്പൻ ചിത്രമാണ് സിദ്ധീഖിന്റെ പേര് കളഞ്ഞത്.പക്ഷേ ഇപ്പോഴത്തേ 'പുക്രി' നോക്കൂ.ഞെട്ടിപ്പിക്കുന്നതാണ് സംവിധായകൻ എന്ന നിലയിൽ സിദ്ധീഖിന്റെ പതനം.( ലാലിനും സമാനമായ അവസ്ഥയാണ്.അദ്ദേഹമെടുത്ത ടൂർണമെന്റ്, കോബ്ര, കിങ് ലയർ തുടങ്ങിയ പടപ്പുകൾ കണ്ടുനോക്കൂ. ഇതിൽ കിങ് ലയർ എങ്ങനെയോ സാമ്പത്തികമായി വിജയിച്ചുവെന്ന് മാത്രം)

അതായത് കാലംമാറുന്നതൊന്നും ശ്രദ്ധിക്കാതെ, തിരക്കഥയിൽ യാതൊരു ഗൃഹപാഠവും ചെയ്യാതെ, പഴയപേരുള്ളതുകൊണ്ട് താൻ എന്ത് തട്ടിക്കൂട്ടിയുണ്ടാക്കിയാലും കറക്കിക്കുത്തിയാലും പ്രേക്ഷകൻ സ്വീകരിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് ഇവരെക്കെയെന്ന് തോനുന്നു. ഈ സർഗാത്മക ധാർഷ്ട്യത്തിനുള്ള അർഹിക്കുന്ന മറുപടി തീയേറ്റിൽ കിട്ടുമെന്നും ഉറപ്പാണ്.

അവിയൽ കഥ; ഏച്ചുകെട്ടിയ കഥാപാത്രങ്ങൾ

'ഐസിൻ കട്ടക്ക് പെയിന്റടിക്കുക' എന്നൊരു ചൊല്ലുണ്ട് മലബാറിൽ.ഒരു പ്രയോജനവുമില്ലാത്ത പ്രവർത്തിയെന്ന് ചുരുക്കം.ഈ കഥവച്ച് പടം എടുക്കുന്നത് സത്യത്തിൽ ഐസിൻ കട്ടക്ക് പെയിന്റ് അടിക്കുന്നപോലുള്ള അനുഭവമാണ്.സിദ്ധീഖിന്റെതന്നെ മുൻകാല ചിത്രങ്ങളും പല മലയാള ഹിറ്റുകളും ചേർന്ന് എടുത്ത അവിയലാണ് ഈ പടം.ഇതിൽ നമുക്ക് 'ഗോഡ്ഫാദർ' കാണാം, 'കാര്യസ്ഥൻ' ഉണ്ട്, 'ശൃംഗാരവേല'നുണ്ട്, 'കാക്കക്കുയിലുണ്ട്','അറബീം ഒട്ടകമുണ്ട്' എന്തിനധികം 'മൈലാഞ്ചിമൊഞ്ചുള്ള വീടു'വരെയുണ്ട്'. അതല്ലെങ്കിൽ ഏത് പടത്തോടും സാമ്യം തോനുന്ന രീതയിൽ ദുർബലമാണ് ഈ പടത്തിന്റെ കഥ.

ഇതൊരു കേട്ടുമടുത്ത ആൾമാറാട്ട കഥയാണ്.അനാഥനും, മെക്കാനിക്കൽ എൻഞ്ചിനീയറിങ്ങ് ഡ്രോപ്പൗട്ടുമായ, ലക്കി എന്ന ചെറിയ ക്വട്ടേഷനും മറ്റുമായി അൽപ്പം തരികിടയായി നടക്കുന്ന ചെറുപ്പക്കാരൻ, ഫുക്രിയെന്ന കോടീശ്വര കുടുംബത്തിലെ അംഗമായി ആൾമാറുന്ന കഥ.തുടക്കത്തിൽ ചിത്രം മോശമില്ലാതെയാണ് മുന്നേറുന്നത്.ഒരു അമ്പലവും പള്ളിയും പുതുക്കിപ്പണിയാമെന്ന് പറഞ്ഞ് പൊളിച്ചുമാറ്റി (അതെന്തിനാണെന്ന് അറിയേണ്ടവർ ചിത്രം കാണട്ടെ) നിൽക്കള്ളിയില്ലാതെ മുങ്ങുന്ന ലക്കിയുടെയും സുഹൃത്തിന്റെയും കഥയുടെ തുടക്കത്തിൽ,തന്റെ പഴയ പ്രതിഭയുടെ മിന്നലാട്ടം സിദ്ധീഖ് പ്രകടിപ്പിക്കുന്നുണ്ട്.പക്ഷേ പിന്നീടങ്ങോട്ട് ആ കൈയടക്കം കാണുന്നില്ല.

ലക്കി ഫുക്രിയായി വേഷംമാറി, കൊട്ടാര സദൃശ്യമായ വീട്ടിൽ പാർക്കാനത്തെുന്നതോടെ പടം അക്ഷരാർഥത്തിൽ പുളിച്ചുതുടങ്ങുകയായി.ഇതിനിടയിൽ ബോയിങ് ബോയിംഗിൽ ജഗതിയുടെ പൈങ്കിളി നോവലിസ്റ്റ് പറയുന്നപോലെ, 'ഒരു സൈഡ് ട്രാക്കായി' പ്രണയവും സെന്റിമെൻസും കടത്തിവിടുന്നുണ്ട് സംവിധായകൻ.പുട്ടിൽ പീരയെന്നപോലെ ഗസലും പാട്ടുകളും,ഒരടിപിടി,ഒരു ഇമോഷണൽ ബ്‌ളാക്ക് മെയിലിങ്ങ്... അവസാനം എന്തുസംഭവിക്കുമെന്ന് ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാൻ കഴിയും.

ഇനി പഴഞ്ചൻ കഥയാണെങ്കിലും അവതരണത്തിന്റെ പുതുമകൊണ്ട് സംവിധായകന് വേണമെങ്കിൽ അൽപ്പം വ്യത്യസ്തകൾ കൊണ്ടുവരാമായിരന്നു.പക്ഷേ അതിനുള്ള യാതൊരു ശ്രമവും, ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൂടിയായ സംവിധായകൻ സിദ്ധീഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.ഓർമ്മയിൽ തങ്ങുന്ന ഒറ്റഷോട്ടുപോലും ഈ പടത്തിൽ ഇല്ലെന്നതാണ് ഏറ്റവും ദയനീയം.

ടൈപ്പ് രാജപ്പാർട്ട് വേഷങ്ങൾ;അൽപ്പം ആശ്വാസം നിർമ്മൽ പാലാഴി

യക്ഷഗാനത്തിനോ ചവിട്ടുനാടകത്തിനോ വേഷമിട്ടതുപോലുള്ള പളപ്പാർന്ന സിൽക്കുവസ്ത്രങ്ങളൊക്കെ അണിഞ്ഞ് സ്ഥിരം രാജപ്പാർട്ട് ലുക്കിലാണ് ഈ പടത്തിലെ മുസ്ലിം കാരണവരായ സുലൈമാൻ ഫ്രുക്രിയെ ( സിദ്ധീഖ്) അവതരിപ്പിക്കുന്നത്.ഈ നടൻ മാത്രമല്ല, ഭൂരിഭാഗം മുസ്ലിം കഥാപാത്രങ്ങളും ഇങ്ങനെ ടൈപ്പ് വേഷത്തിലാണ്.സദാസമയവും ഒപ്പനക്ക് മേക്കപ്പിട്ടതുപോലെ, 'ചന്ദനമഴയിലെ' മഹിളാമണികളെ തോൽപ്പിക്കുന്ന രീതിയിൽ ആഭരണമൊക്കെയിട്ട് ലങ്കിമറിഞ്ഞുനടക്കുന്ന സുന്ദരികളുള്ളതാണ് ഫുക്രിയുടെ വീട്. സുലൈമാൻ ഫ്രുക്രിയുടെ മകനായി വേഷമിടുന്ന, ബ്രാഹ്മണ സ്ത്രീയെ പ്രണയിച്ച് വിവാഹം കഴിച്ച കുറ്റത്തിന് പിതാവ് പുറത്താക്കുകയും അതുവഴി റെബലായിപോവുകയും ചെയ്ത ലാലിന്റെ അലിഫുക്രിയാണ് ( എത്രകേട്ടതാണ് ഈ മതമില്ലാത്ത പ്രണയമൊക്കെ) മറ്റൊരു ടൈപ്പ്.

ഇങ്ങനെ ഒരേ അച്ചിൽവാർത്ത വേഷങ്ങൾ കണ്ടുകണ്ട് പ്രേക്ഷകർക്ക് മടുത്തിട്ടും, അഭിനയിക്കുന്നവർക്ക് യാതൊരു കുലുക്കവുമില്ല.ഇനി ഇങ്ങനെ ചർവിതചർവണ വേഷമാണെങ്കിൽ തന്നെ തിലകനും, നരേന്ദ്രപ്രസാദും, ജഗതിശ്രീകുമാറുമൊക്കെ ചെയ്യുന്നപോലെ മനോധർമ്മമനുസരിച്ച് ( കൈയിൽനിന്ന് എടുത്തിട്ട് എന്ന് പച്ചമലയാളം) കഥാപാത്രങ്ങളെ വ്യത്യസ്തമാക്കാനുള്ള പ്രതിഭയൊന്നും ഈ നടന്മാർക്കോ സംവിധായകനോ ഇല്ലാതെപോയി.അതുപോലെതന്നെയാണ് കെ.പി.എ.സി ലളിതയുടെയും ജനാർദ്ദനന്റെയും വേഷങ്ങളും.അവിടെ റോയൽ മുസ്ലീമാണെങ്കിൽ ഇവിടെ റോയൽ ബ്രാമിൺസാണെന്ന് മാത്രം!

ജയസൂര്യയുടെ നായകവേഷവും നൂറ്റൊന്ന് ആവർത്തിക്കപ്പെട്ട ക്ഷീരബലയാണ്.ജീവിക്കാനായി തക്കിട തരികിടകളുമായി നടക്കുന്ന നല്ലവനായ അനാഥൻ.പലതവണ കണ്ട ഈ ടൈപ്പുകൾക്ക് 'അതുക്കുംമേലെ' യാതൊന്നും ചെയ്യാനില്ലാത്തതാണ് ജയന്റെ പരമിതി. പക്ഷേ ഉള്ളത് അദ്ദേഹം മോശമാക്കിയിട്ടില്ലെന്ന് എടുത്തുപറയട്ടെ.

മിമിക്രി സിക്റ്റുകളിലൂടെ പ്രശസ്തരായ ഒരു പറ്റം കലാകാരന്മാർ ഈ പടത്തിൽ കടന്നുവരുന്നുണ്ടെങ്കിലും എടുത്ത് പറയേണ്ടത്, നിർമൽ പാലാഴിയേയാണ്. നിർമ്മലിന്റെ കോഴിക്കോടൻ സ്‌ളാങ്ങിലുള്ള കൗണ്ടറുകളാണ് പലപ്പോഴും, തീയേറ്ററിൽ വാട്‌സാപ്പ് നോക്കി സമയം കളയുന്നതിൽനിന്ന് പ്രേക്ഷകനെ വിലക്കുന്നത്.കലാഭവൻ നിയാസും,ഭഗത് മാനുവലും അടങ്ങുന്ന നായകന്റെ ചങ്ങാതിക്കൂട്ടത്തിന്റെ ഊർജമായിരുന്നു ആദ്യപകുതിയിൽ പടത്തെ പിടിച്ചു നിർത്തിയതും.(പക്ഷേ ന്യുജൻ സിനിമകളിലുള്ളതുപോലെ കൊണ്ടും കൊടുത്തുമുള്ള സുഹൃത്തുക്കളായിട്ടല്ല, നായക കഥാപാത്രത്തെ പൊലിപ്പിക്കാനുള്ള ഓൾഡ് ജനറേഷൻ ഫ്രണ്ട്‌സ് ആണ് ഇവർ) ഒരു പ്രധാനവേഷത്തിൽ എത്തുന്ന ജോജു ജോർജും നന്നായിട്ടുണ്ട്.

പക്ഷേ ചിലയിടത്തൊക്കെ ഈ സ്‌കിറ്റ് കോമഡി അങ്ങേയറ്റം അരോചകമായിട്ടുണ്ട്.സ്റ്റേജും സിനിമയുമൊക്കെയായി ഇത്രയധികം അനുഭവ സമ്പത്തുള്ള സിദ്ധീഖിന്റെ പടത്തിലും, കോമഡിയെന്നാൽ കുറേ മിമിക്രി കലാകാരന്മാർ നിരന്ന്‌നിന്ന് അങ്ങോട്ടുമിങ്ങോട്ടും വിഡ്ഡിത്തംപറഞ്ഞ് കളിക്കലാണെന്ന് വരികയാണെങ്കിൽ... ഹാ കഷ്ടം, എന്തൊരു പ്രതിഭാദാരിദ്രം എന്നല്ലാതെ എന്തുപറയാൻ.

ഇനി വനിതാ കഥാപാത്രങ്ങൾക്കും ഈ പടത്തിൽ ഒന്നും ചെയ്യാനില്ല.നായികയായ പ്രയാഗാ മാർട്ടിൻ ഒരു പ്രത്യേക ചിരി മുഖത്ത് ഒട്ടിച്ച്, ചാവികൊടുത്താൽ ചലിക്കുന്ന ബൊമ്മയുടെ ചേലിൽ അങ്ങുമിങ്ങും നീങ്ങുന്നുണ്ട്.മറ്റൊരു പ്രധാന കഥാപാത്രമായ അനുസിത്താരയും സമാനമായ അവസ്ഥയിലാണ്. ഈ നടിയുടെ കഥാപാത്രം ഒരേസമയം നമ്പൂതിരി ഇല്ലത്തും, ഫുക്രിഭവനത്തിലും ജോലിചെയ്യുന്നുണ്ട്.അതാണ് ട്വിസ്റ്റ്!സാധാരണ ഗാനങ്ങളാൽ സമ്പന്നമാവാറുണ്ട് സിദ്ധീഖ് ചിത്രങ്ങൾ.പക്ഷേ ഇത്തവണ അവയെല്ലാം ശരാശരിയിൽ ഒതുങ്ങി. ഗാന ചിത്രീകരണവും നന്നായിട്ടില്ല.വിജയ് ഉലഗനാഥന്റെ കാമറക്ക് ഈ പടത്തിൽ പിടിപ്പത് കാര്യമൊന്നുമില്ല.

സംവിധായകൻ ഇപ്പോഴും അഞ്ചൂറാന്റെ കാലത്ത്

പക്ഷേ ഒരു കാര്യത്തിന് സംവിധായകനെ അംഗീകരിച്ചുകൊടുക്കണം. സാധാരണ മുസ്ലിം കഥാപാത്രങ്ങളെ കാണിക്കുമ്പോഴുള്ള ബാങ്കുവിളിമോഡൽ പശ്ചാത്തല സംഗീതം കൊടുക്കാത്തതിനാണത്.ബാക്കിയെല്ലാം കൊണ്ടും അടുത്തകാലത്തുവന്ന വിലക്ഷണ കഥാപാത്രങ്ങളുടെ എല്ലാ മട്ടുംഭാവവും ഇവർക്കുണ്ട്.പച്ചബെൽട്ടും അരയിൽ കത്തിയും മൊട്ടത്തലയുമുള്ള മുസ്ലിം കഥാപാത്രങ്ങളിൽനിന്ന് മോചനം നേടാൻ മലയാള സിനമക്ക് 90കൾവരെ കാത്തിരിക്കേണ്ടി വന്നിരുന്നു. പക്ഷേ ഇപ്പോഴത്തെ ട്രൻഡ് അതല്ല.കൂട്ടുകുടുംബമായി ജീവിക്കുന്ന അത്യാവശ്യം കള്ളക്കടത്തും ഗുണ്ടായിസവുമൊക്കെയുള്ള കോടീശ്വരനമ്മാരായ രാജപ്പാർട്ട് വേഷങ്ങൾ.ആ മുസ്ലിം സ്റ്റീരിയോടൈപ്പിനെ ഒന്നുകൂടി വികലമാക്കി അവതരിപ്പിക്കുന്നുണ്ട് ഈ പടം.

മാത്രമല്ല, എല്ലാ സുഖസൗകര്യങ്ങളുമുള്ള ജയിലിനെ ഓർമ്മിപ്പിക്കുന്ന കൊട്ടാരത്തിൽ, അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ ഒരു കിഴവൻ കാരണവർ പറയുന്നതുകേട്ട് ജീവിതം തള്ളിനീക്കുന്ന പെൺകുട്ടികളെയൊക്കെ ഈ കാലത്തും ചിത്രീകരിക്കുന്നത് വലിയ കഷ്ടമാണ്.( കൂട്ടുകുടുംബങ്ങൾ എന്നതുപോലും ഇന്ന് സിനിമയിലും സീരിയലിലും മാത്രമേ കേരളത്തിൽ ഉള്ളുവെന്നതാണ് സത്യം) സാധാരണ ദിലീപിന്റെ സിനിമകളിലൊക്കെ കാണാറുള്ളതുപോലെ സ്ത്രീ വിരുദ്ധമായ പല പ്രയോഗങ്ങളും ഈ പടത്തിലുമുണ്ട്.അങ്ങനെ ലിംഗ-സ്വത്വ രാഷ്ട്രീയത്തിന്റെ പുതിയ വായനകൾവച്ച് വിലയിരത്തുമ്പോൾ അങ്ങേയറ്റം പ്രതിലോമകരമായ ചിത്രംകൂടിയാണിത്.

ബീജഗുണം, തറവാടിത്തം തുടങ്ങിയവക്കൊക്കെ ചിത്രം നൽകുന്ന പ്രാധാന്യവും അമ്പരിപ്പിക്കുന്നതാണ്. ചിത്രത്തിലെ മുസ്ലിം സ്വത്വത്തിന്റെ അതേ അവസ്ഥയിലാണ് കെ.പി.എ.സി ലളിതയുടെ ബ്രാഹ്മണകുടുംബത്തെയും ചിത്രീകരിച്ചിരിക്കുന്നത്. കോലംവരക്കലും,ഓട്ടുകിണ്ടിയും, വാൽക്കണ്ണാടിയും, കഥകളിത്തലയും, കർണ്ണാടക സംഗീതവുമായി എല്ലാം പതിവ് ചേരുമ്പടി.കാലംമാറുന്നതും വ്യക്തിബന്ധങ്ങളിലും സാമൂഹിക ഘടനയിലുമൊക്കെയുണ്ടാകുന്ന മാറ്റവുമാന്നും സിദ്ധീഖിന്റെ നിരശാജനകമായ രചനയിൽ പ്രതിഫലിക്കുന്നില്ല.അദ്ദേഹം ഇപ്പോഴും 'ഗോഡ്ഫാദറിലെ' അഞ്ഞൂറാന്റെ കാലത്ത് കറങ്ങിത്തിരിഞ്ഞ് നടക്കുകയാണ്.

വാൽക്കഷ്ണം: ഈ വർഷത്തെ എഡിറ്റിങ്ങിനുള്ള അവാർഡൊക്കെ ഈ പടത്തിന് കൊടുക്കാവുന്നതാണ്. ഒന്നാംപകുതിയുടെ ദൈർഘ്യംകണ്ട് കാണികൾ തന്നെ 'ഒന്ന് എഡിറ്റ് ചെയ്യടോ'യെന്ന് വിളിച്ചുകൂവുകയാണ്.ചില പാട്ടുകളും, നടൻ ചത്തസംഭാഷങ്ങളിലും ,അൽപ്പം തറക്കോമഡികളിലും ഒന്ന് കത്രിക വീണിരുന്നെങ്കിൽ അത്രയും വൃത്തികേട് കുറഞ്ഞുകിട്ടുമായിരുന്നു.

ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്, മറുനാടൻ മലയാളിയുടേത് അല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP