Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിവറേജസ് മദ്യശാലയെ എതിർത്തും സ്വാഗതം ചെയ്തും ഇടുക്കി രൂപതാ ആസ്ഥാനത്ത് പ്രകടനങ്ങൾ; ഉപ്പുതറയിലും കട്ടപ്പനയിലും മദ്യശാല നിലനിർത്താൻ ഒരു വിഭാഗം വ്യാപാരികളുടെയും ഓട്ടോഡ്രൈവർമാരുടെയും നീക്കം; തൊടുപുഴയിലും പീരുമേട്ടിലും തദ്ദേശസ്ഥാപനാധികാരികൾ മദ്യശാലക്കെതിരെ വാളോങ്ങുന്നു

ബിവറേജസ് മദ്യശാലയെ എതിർത്തും സ്വാഗതം ചെയ്തും ഇടുക്കി രൂപതാ ആസ്ഥാനത്ത് പ്രകടനങ്ങൾ; ഉപ്പുതറയിലും കട്ടപ്പനയിലും മദ്യശാല നിലനിർത്താൻ ഒരു വിഭാഗം വ്യാപാരികളുടെയും ഓട്ടോഡ്രൈവർമാരുടെയും നീക്കം; തൊടുപുഴയിലും പീരുമേട്ടിലും തദ്ദേശസ്ഥാപനാധികാരികൾ മദ്യശാലക്കെതിരെ വാളോങ്ങുന്നു

ഇടുക്കി: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിദേശമദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരെ സമരങ്ങളും പരാതികളും ഉയരുകയാണ്. നിത്യവും മദ്യം വേണമെന്നു നിർബന്ധമുള്ളവർപോലും അപമാനം ഭയന്നും സംഘടിതമായ ശക്തിയില്ലാത്തതിനാലും മദ്യശാല വേണമെന്ന ആവശ്യവുമായി രംഗത്തിറങ്ങുന്നില്ല.

എന്നാൽ മദ്യശാല തങ്ങളുടെ നാട്ടിൽനിന്നും പടിയിറക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് ഇടുക്കിയിലെ ചില കേന്ദ്രങ്ങളിൽ ഏതാനും ദിവസങ്ങളായി ദൃശ്യമാകുന്നത്. മദ്യശാലകൾ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽനിന്ന് മാറ്റണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് മദ്യനിരോധന-മദ്യവർജന സമിതിയുടെയും വീട്ടമ്മമാരുടെയും മറ്റും നേതൃത്വത്തിൽ സമരമുറകൾ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം പേർ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സംരക്ഷണത്തിനായി ഇറങ്ങിയിരിക്കുന്നത്. ആദ്യപടിയായി സോഷ്യൽ മീഡിയായെ കൂട്ടുപിടിച്ചാണ് മദ്യശാലകളെ സുരക്ഷിതസ്ഥലത്ത് നിലനിർത്താനുള്ള നീക്കത്തിന് ഇക്കൂട്ടർ തുടക്കം കുറിച്ചിരിക്കുന്നത്. കാര്യമായ പ്രത്യക്ഷ സംരക്ഷണ പരിപാടികൾ ഒരിടത്തും ആരംഭിച്ചിട്ടില്ലെങ്കിലും ഇടുക്കി രൂപതാ ആസ്ഥാനമായ കരിമ്പനിൽ മദ്യശാല വരുന്നതിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രകടനം നടത്തിയത് സംഘർഷ സാധ്യത വർധിപ്പിക്കുന്നു.

ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റഗ്രാമമായ ഉപ്പുതറയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് അവിടുത്തെ ഭൂരിപക്ഷം വ്യാപാരികളും ചില സംഘടനകളുമാണ്. ഒരു കാലത്ത് പ്രൗഢിയോടെ വളർന്നു വരികയും പിന്നീട് പ്രധാന റോഡ് ഒരു കിലോമീറ്ററോളം അകലേക്ക് മാറുകയും ചെയ്തതോടെ വളർച്ച മുരടിച്ച പ്രദേശമാണ് ഉപ്പുതറ. കോട്ടയം-കട്ടപ്പന റൂട്ട് ഉപ്പുതറയെ തൊടാതെ കടന്നുപോയിത്തുടങ്ങിയതോടെയാണ് കുടിയേറ്റ ഗ്രാമത്തിന്റെ വികസനം പതിറ്റാണ്ടുകൾക്ക് മുമ്പ് മുരടിച്ചത്. എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റ് വന്നതോടെ ടൗൺ പച്ചപിടിച്ചു തുടങ്ങിയെന്നും വ്യാപാരമേഖലക്ക് പുതിയ ഉണർവ് ലഭിച്ചെന്നുമാണ് വിലയിരുത്തൽ. ടൗൺ മധ്യത്തിൽ പ്രവർത്തിക്കുന്ന ബെവ്‌കോ ചില്ലറ മദ്യവിൽപന ശാല ഗതാഗതക്കുരുക്കിനും ബഹളത്തിനുമൊക്കെ കാരണമാകുന്നുവെങ്കിലും ഇവിടെനിന്നും വളരെ ദൂരേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടാണ് വലിയ വിഭാഗം വ്യാപാരികൾ സ്വീകരിച്ചിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് ഇവിടുത്തെ മദ്യശാല മാറ്റാനാണ് ശ്രമം നടക്കുന്നത്. വാഗമണ്ണിലെ റിസോർട്ട് ഉടമകളുടെ താൽപര്യം സംരക്ഷിക്കാനാണ് 20 കിലോമീറ്ററോളം അകലേയ്ക്ക് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാനുള്ള ശ്രമമെന്ന ആരോപണമാണ് ഉപ്പുതറയിലെ വ്യാപാരികളിൽ ഒരു വിഭാഗം ഉയർത്തുന്നത്. മദ്യശാല മാറ്റുന്നത് ഉപ്പുതറയിലെ വ്യാപാര രംഗത്തെ തളർത്തുമെന്നാണ് ഇക്കൂട്ടരുടെ പക്ഷം. മദ്യശാല ഉപ്പുതറയിൽ ആരംഭിച്ചശേഷം ഓട്ടോറിക്ഷകളുടെ എണ്ണം വൻതോതിൽ വർധിച്ചു. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മദ്യം വാങ്ങാൻ ബസിലെത്തുന്നത് ബസ് ഉടമകളുടെ വരുമാനവും കാര്യമായി ഉയർത്തി. ഇതിനേക്കാൾ പ്രധാനം വ്യാപാരമേഖലയുടെ കുതിപ്പാണ്. മദ്യം വാങ്ങാനെത്തുന്നവരിൽ ഭൂരിഭാഗവും തങ്ങൾക്കാവശ്യമുള്ള വീട്ടുസാധനങ്ങളും വാങ്ങിയാണ് മടങ്ങുന്നത്. ഈ അനുകൂല സാഹചര്യങ്ങളൊക്കെ നാടിനെ വികസനത്തിലേക്ക് നയിക്കുമ്പോൾ അതിനെതിരായി ഔട്ട്‌ലെറ്റിനെ അധിക ദൂരത്തേക്ക് മാറ്റരുതെന്ന ആവശ്യമാണ് ഉപ്പുതറയിലെ വ്യാപാരികളിൽ മിക്കവരും ഉന്നയിക്കുന്നത്. ഇതിനായി അധികാരികൾക്ക് നിവേദനം നൽകി അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണിവർ. ടൗൺ പരിധിക്ക് പുറത്തേക്ക് ഔട്ട്‌ലെറ്റ് മാറ്റാൻ ശ്രമിച്ചാൽ പ്രത്യക്ഷസമരം തന്നെ സംഘടിപ്പിക്കുമെന്നാണ് വ്യാപാരികളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും നിലപാട്.

ബാർ നിരോധനത്തോടെ വലിയ വരുമാനക്കുറവുണ്ടായ തങ്ങൾക്ക് നോട്ട് നിരോധനവും തിരിച്ചടിയായെന്നും പിടിച്ചുനിൽക്കുന്നത് ബിവറേജസ് ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ടുള്ള ഓട്ടം കൊണ്ടാണെന്നും വിവിധ സ്ഥലങ്ങളിലെ ഓട്ടോക്കാർ പറയുന്നു. തടിയമ്പാട് പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റ് മാറ്റുന്നതു സംബന്ധിച്ച തർക്കം സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. കൊച്ചുകരിമ്പനിലെ ഒരു കെട്ടിടത്തിലേക്കാണ് മദ്യശാല മാറ്റാൻ നീക്കം നടക്കുന്നത്. കൊച്ചുകരിമ്പൻ പാലത്തിനു സമീപം ഏറെക്കുറെ വിജനമായ സ്ഥലമാണിത്. മുമ്പ് പെന്തക്കോസ്ത വിഭാഗം ഈ കെട്ടിടം അവരുടെ പ്രാർത്ഥനാലയമായി ഉപയോഗിച്ചിരുന്നു. കെട്ടിടം മദ്യശാലയ്ക്ക് വിട്ടുകൊടുക്കാൻ ഉടമ തയാറായതോടെ മദ്യനിരോധന സമിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തുകയും നിർദിഷ്ട കെട്ടിടത്തിനു കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ആരോ ആരാധനാലയത്തിന്റെ ബോർഡും ഇവിടെ സ്ഥാപിച്ചു. മദ്യവിരുദ്ധ പ്രവർത്തകരും മദ്യശാലയെ അനുകൂലിക്കുന്നവരും തമ്മിലുള്ള തർക്കം ഇവിടെ രൂക്ഷമായ സാഹചര്യം സംഘർഷത്തിനു വഴിവച്ചിരിക്കുകയാണ്.

കട്ടപ്പനയിലെ മദ്യശാല മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പലയിടത്തും പ്രതിഷേധവും പ്രകടനവും വഴി തടയലുമൊക്കെ സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. ടൗണിൽ തിരക്കേറെയുള്ള ഇടുക്കിക്കവല ബൈപാസ് റോഡിലാണ് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത്. ഇത് രണ്ട് കിലോമീറ്റർ അകലെയുള്ള വെട്ടിക്കുഴക്കവലയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നറിഞ്ഞ് മദ്യവരുദ്ധ സമിതി ഉപവാസവും പ്രകടനവും നടത്തി കെട്ടിടത്തിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളി- കക്കാട്ടുകട മേഖലയിലേക്ക് പറിച്ചു നടുമെന്ന സൂചനയെ തുടർന്ന് അവിടയും പന്തംകൊളുത്തി പ്രകടനം നടന്നു.

ഇതിനിടെ ടൗണിലെ സ്റ്റുഡിയോ ഉടമ റെജിയുടെ വീട് ഔട്ട്‌ലെറ്റ് സ്ഥാപിക്കാൻ വിട്ടുകൊടുക്കുന്നവെന്നാരോപിച്ച് ഒരുപറ്റം ആളുകൾ റെജിയുടെ വീട്ടിലേക്ക് മാർഗതടസം സൃഷ്ടിച്ചുവെന്നാരോപിച്ച് റെജിയുടെ ഭാര്യ സിന്ധു വനിതാ കമ്മിഷന് പരാതി നൽകി. പൊലിസിന്റെ സഹായത്തോടെയാണ് വീട്ടിൽ പ്രവേശിക്കുന്നതെന്നു റെജി പറഞ്ഞു. വീട്ടിൽ വന്ന മൂന്നു പേർ ബിവറേജസ് മദ്യശാല സ്ഥാപിക്കാൻ വന്നതാണെന്നു തെറ്റിദ്ധരിച്ചാണ് ചിലർ തങ്ങളുടെ സ്വൈരജീവിതം തകർക്കുന്നതെന്നും ഇവർ പരാതിപ്പെട്ടു. മദ്യശാല ടൗണിൽനിന്നും അധികം ദൂരേക്ക് പോകാതിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കട്ടപ്പനയിലെ ഒരു വിഭാഗം വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും.

കാർഷിക മേഖലയുടെ തകർച്ചയും നോട്ട് പിൻവലിക്കൽ നടപടിയും വ്യാപാര മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിൽ മദ്യശാലകൾ വിജനസ്ഥലത്തേക്കും കൂടുതൽ ഉൾപ്രദേശങ്ങളിലേക്കും മാറ്റുന്നത് വ്യാപാരമാന്ദ്യത്തിന് ആക്കം കൂട്ടുമെന്നു വ്യാപാരികൾ പറയുന്നു. മദ്യശാലക്കടുത്ത് കുപ്പിവെള്ളവും ലഘുഭക്ഷണങ്ങളും മുതൽ ഹോട്ടലുകൾ വരെ പ്രവർത്തിക്കുന്ന നിരവധി വ്യാപാരികളുണ്ട്. വൻതുക സെക്യൂരിറ്റിയും വാടകയും നൽകിയാണ് ഇവർ കച്ചവടം നടത്തുന്നത്. ഇതിനു പുറമെയാണ് നൂറുകണക്കിന് ഓട്ടോറിക്ഷ ഡ്രൈവർമാർ മദ്യശാലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ഇവരെയൊക്കെ കടക്കെണിയിലാക്കുന്ന നടപടിയാണ് മദ്യശാലകൾ മാറ്റുന്നതെന്നു പരാതി ഉയരുന്നുണ്ട്. നെടുങ്കണ്ടത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് മാറ്റിയതിനെ തുടർന്ന് അവിടെയുണ്ടായ വ്യാപാരമാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മദ്യശാല തൂക്കുപാലത്തേക്ക് മാറ്റിയതോടെ നെടുങ്കണ്ടം ടൗണിലെ വ്യാപാരം പകുതിയിലേറെ കുറഞ്ഞതായാണ് വ്യാപാരികൾ പറയുന്നത്.

ഇതിനിടെ തൊടുപുഴയിൽ മാറ്റിസ്ഥാപിച്ച ഔട്ട്‌ലെറ്റ് പഴയ കെട്ടിടത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടി വന്നു. കാഞ്ഞിരമറ്റത്തുനിന്നും വെങ്ങല്ലൂർ - മങ്ങാട്ടുകവല പാതയോരത്തേക്കാണ് ഒൗട്ട്‌ലെറ്റ് മാറ്റിയത്. എന്നാൽ സ്ഥാപനത്തിന് ലൈസൻസ് എടുത്തില്ലെന്നാരോപിച്ച് നഗരസഭാ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ സമരം ചെയ്തു ഔട്ടലെറ്റ് പൂട്ടിച്ചു. ഇതിനു പിന്നാലെയാണ് പഴയ കെട്ടിടത്തിലേക്കുതന്നെ മാറ്റിയത്. പീരുമേട്ടിലെ ഔട്ട്‌ലെറ്റ് വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറ മേഖലയിലെ കല്ലാറിലേക്ക് മാറ്റുന്നതിനെതിരെ പീരുമേട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഇവിടെയും മദ്യശാലക്കനുകൂലമായി ഒരു സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. മദ്യശാലകളെ അനുകൂലിച്ചും എതിർക്കുന്നവരെ പരിഹസിച്ചും സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചാരണവും നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP