Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

12 കോടിയുടെ ഓഹരികൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡിക്ക് തിരിച്ചടി; നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി തള്ളി; ഓഹരി അടിച്ചുമാറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയത് ആസ്തികൾ ഈട് വച്ച് കോടികൾ ലോണെടുത്തു നൽകിയ ലാലിയ ജോസഫ്

12 കോടിയുടെ ഓഹരികൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡിക്ക് തിരിച്ചടി; നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി തള്ളി; ഓഹരി അടിച്ചുമാറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയത് ആസ്തികൾ ഈട് വച്ച് കോടികൾ ലോണെടുത്തു നൽകിയ ലാലിയ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരിൽ ഒരാളും റിപ്പോർട്ടർ ചാനൽ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാർത്താ അവതാരികയുമായ റാണി നികേഷ് കുമാറിനും തിരിച്ചടിയായി കോടതി വിധി. റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പു കേസിൽ നികേഷ് കുമാറിന്റെയും ഭാര്യ റാണി നികേഷ് കുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി തള്ളി. ജഡ്ജി വി ജി അനിൽകുമാറാണ് രണ്ട് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

റിപ്പോർട്ടർ ടിവിയുടെ ഓഹരി ഉടമയയും മുൻ വൈസ് ചെയർമാനുമായിരുന്ന ലാലിയ ജോസഫ് തന്റെ ഓഹരി നികേഷ് കുമാറും ഭാര്യ റാണിയും വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്നാരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നികേഷിനും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കമ്പനി രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച് സാക്ഷികളിൽ നിന്നും മൊഴിയെടുത്ത് പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കണ്ടെത്തി.

ഇതേ തുടർന്ന് തൊടുപുഴ പൊലീസ് നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരെ പണം തട്ടിയെടുക്കൽ, വഞ്ചന, ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നികേഷും ഭാര്യ റാണിയും തൊടുപുഴ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തു.കേസിൽ ലാലിയ ജോസഫിന് വേണ്ടി അഡ്വ.പിഎസ് ഈശ്വരൻ ഹാജരായി. ഇരുഭാഗത്തിന്റെയും വാദം കേട്ട് മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് പറയാനിരുന്ന 2016 മാർച്ച് 28ന് നികേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദ് ചെയ്യാനുള്ള ഹർജി നൽകി താൽക്കാലിക സ്റ്റേ വാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ നികേഷ് കുമാർ മത്സരിക്കാനൊരുങ്ങുന്ന സമയത്തായിരുന്നു ഇത്. നികേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേട്ടു. 2016 ഡിസംബർ 21ന് നികേഷിന്റെ ഹർജി തള്ളി ഉത്തരവായി. ലാലിയ ജോസഫിന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരിയുടെ ആരോപണം കഴമ്പില്ലാത്തതാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഒട്ടേറെ തർക്കവിഷയങ്ങളുള്ള കേസ് തെളിവുകളുടെ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നര കോടിയോളം രൂപ പണമായും 10 കോടി ആസ്തിയുള്ള ഭൂമികൾ ഈടായും നൽകി ലോണെടുത്തു നൽകുകയുമാണ് ലാലിയ ചെയ്തത്. എന്നാൽ ഇതിന് ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നൽകിയിരിക്കുകയും ചെയ്ത സംഭവമാണ് കോടതിയിൽ എത്തിയത്.

ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇപ്രകാരം ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകി. ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടർമാർ എന്നാണ് തുടക്കത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേർന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അർഹതപ്പെട്ട ഓഹരി നൽകാതിരിക്കുകയും പിന്നീട്, നൽകിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി.

നടത്തിപ്പുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥതയും മറ്റുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളതെന്നും കമ്പനി നിയമപ്രകാരമുള്ള പരിഹാരനടപടികൾ നേടാൻ മാത്രമാണ് പരാതിക്കാരിക്ക് അവകാശമുള്ളൂവെന്ന കമ്പനിയുടെ വാദം ഹൈക്കോടതി തള്ളിയിരുന്നു. കമ്പനി രേഖകൾ പരിശോധിക്കാനുള്ള അവകാശം പരാതിക്കാരിക്ക് ഉണ്ടായിരുന്നു എന്നും വിവരങ്ങൾ യഥാസമയം അറിഞ്ഞിരുന്നില്ലെന്ന പരാതിക്കാരിയുടെ വാദം നിലനിൽക്കില്ലെന്നുമുള്ള കമ്പനിയുടെ വാദവും കോടതി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് തൊടുപുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുൻകൂർ ജാമ്യ ഹർജി തള്ളിയത്.

നികേഷ് കുമാറിനെയും ഭാര്യ റാണി വർഗീസിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത്, റിപ്പോർട്ടർ ടിവിയിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് നിയമാനുസൃതം അന്വേഷണം നടത്തണമെന്നായിരുന്നു ലാലിയയുടെ കേസിനാസ്പദമായ ഹർജി. ചിക്കിങ് ഫാസ്റ്റ് ഫുഡ് ഉടമ എ.കെ.മൻസൂർ റിപ്പോർട്ടർ ടിവിയിൽ തനിക്ക് അർഹതപ്പെട്ട ഓഹരികൾ നികേഷ് കുമാർ നൽകിയില്ലെന്ന് കാണിച്ചും അധികാര ദുർവിനിയോഗം ചെയ്തു എന്ന് കാണിച്ചും ചെന്നൈ കമ്പനി ട്രിബ്യൂണലിൽ നൽകിയ ഹർജി നിലവിലുണ്ട്. 8 കോടി രൂപയാണ് എകെ മൻസൂർ റിപ്പോർട്ടർ ടിവി ആരംഭിക്കുന്നതിന് നിക്ഷേപിച്ചത്. മൻസൂറിന് 750 രൂപ നിരക്കിൽ ഓഹരി നൽകുകയും അതിന് കുറച്ചുദിവസം മുമ്പ് 100 രൂപ നിരക്കിൽ നികേഷ് ഓഹരി സ്വന്തമാക്കുകയും ചെയ്തുവെന്നാണ് മൻസൂറിന്റെ പരാതിയിലെ പ്രധാനപ്പെട്ട വിഷയം. മൻസൂറിന്റെ ഹർജിയിൽ ചെന്നൈ കമ്പനി ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചിരുന്നു. റിപ്പോർട്ടർ ടിവിയുടെ ഓഹരികൾ നികേഷ് കുമാർ കൈമാറുന്നതും ഓഹരിഘടനയിൽ മാറ്റം വരുത്തുന്നതും ചെന്നൈ കമ്പനി ലോ ബോർഡ് തടഞ്ഞു.

റിപ്പോർട്ടർ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതൽ ഇവിടെ നിക്ഷേപിച്ചവർ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ചിക്കിങ് മുതലാളി മൻസൂർ ചെന്നൈ ട്രിബ്യൂണലിൽ നൽകിയ ഹർജി അന്തിമവിധി ഉണ്ടാകുകയും ഭൂരിപക്ഷം ഓഹരികൾ മൻസൂറിന് ലഭിക്കുന്ന മുറയ്ക്ക് റിപ്പോർട്ടർ ചാനലിന്റെ നിയന്ത്രണം മൻസൂറിന് ലഭിക്കുമെന്ന സൂചനയുമുണ്ട്. ഇതിനിടെയാണ് നികേഷ് കുമാർ നടത്തിയ ഓഹരി തട്ടിപ്പിന്റെ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ നികേഷിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ അഴീക്കോട് മണ്ഡലത്തിൽ സിപിഐ(എം) സ്ഥാനാർത്ഥിയായ നികേഷിനെ ഇടതു സർക്കാർ കൈവിടുമോ എന്നതാണ് ഇനി അറിയേണ്ടത്. നേരത്തെ നികേഷ് കുമാറിന് ചട്ടങ്ങളെല്ലാം ലംഘിച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ ആറ് കോടിയോളം രൂപ വായ്‌പ്പ നൽകിയിരുന്നു. മറ്റു ബാങ്കുകളിൽ ഈടായി നല്കിയ ആസ്തികൾ തന്നെയാണ് നികേഷ് സർക്കാർ സ്ഥാപനമായ കെഎഫ്‌സിക്ക് നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP