Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നികേഷ് കുമാർ വിചാരണ നേരിടുന്നത് ചാനൽ തുടങ്ങാൻ ഒന്നര കോടി പണമായും സ്ഥലം ഈട് വച്ച് 10 കോടിയും നൽകിയ യുവതിയുടെ ഓഹരി തട്ടിയെടുത്ത് കേസിൽ; ഉന്നത സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ചാനൽ ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യും; കമ്പനി ട്രിബ്യൂണൽ കേസ് തിരിച്ചടിയാകും മുമ്പ് സർക്കാറിൽ നിന്നും ലോണുകൾ വാരിക്കൂട്ടി നികേഷ്

നികേഷ് കുമാർ വിചാരണ നേരിടുന്നത് ചാനൽ തുടങ്ങാൻ ഒന്നര കോടി പണമായും സ്ഥലം ഈട് വച്ച് 10 കോടിയും നൽകിയ യുവതിയുടെ ഓഹരി തട്ടിയെടുത്ത് കേസിൽ; ഉന്നത സമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ചാനൽ ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്യും; കമ്പനി ട്രിബ്യൂണൽ കേസ് തിരിച്ചടിയാകും മുമ്പ് സർക്കാറിൽ നിന്നും ലോണുകൾ വാരിക്കൂട്ടി നികേഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയക്കാരുടെ അഴിമതികൾ പുറത്തുകൊണ്ടുവരുന്ന കിടുവയാണ് എം വി നികേഷ് കുമാർ എന്ന മാദ്ധ്യമപ്രവർത്തകൻ. അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടതോടെ ചാനൽ ഫ്രെയിമിൽ നിന്നും മാറി നിന്നു നികേഷ് കുമാർ. അതിന് മുമ്പ് സോളാർ തട്ടിപ്പു കേസിന്റെ പേരിൽ ഉമ്മൻ ചാണ്ടിയെ അടക്കം പ്രതിക്കൂട്ടിൽ നിർത്തിയ ഘോരഘോരം ചാനൽ പ്രസംഗങ്ങൾ നടത്തി നികേഷ് കുമാർ. എന്നാൽ, ഇത്രയേറെ അഴിമതിക്കെതിരെ പൊരുതിയ നികേഷ് കുമാറിന്റെ അഴിമതിക്കഥ എല്ലാവരെയും ഞെട്ടിക്കുന്നതാണ്. 12 കോടിരൂപ തട്ടിയെടുത്തു എന്ന ആരോപണവമാണ് നികേഷിനെതിരെ ഉയർന്നിരിക്കുന്നത്. ഇത് കൂടാതെ റിപ്പോർട്ടർ ടിവിക്ക് വേണ്ടി പണം മുടക്കിയ മറ്റു പലരും നികേഷിനെതിരെ പരാതിയുമായി രംഗത്തെത്തി.

നയാപൈയ കൈയിൽ ഇല്ലാതെ ഇന്ത്യാവിഷൻ ചാനൽ വിട്ടിറങ്ങിയ ശേഷമാണ് നികേഷ് റിപ്പോർട്ടർ ടിവി തുടങ്ങാൻ പുറപ്പെട്ടത്. ഇതിനായി പലരിൽ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു നികേഷ്. ഇങ്ങനെ പലരോടും ഓഹരി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഓഹരി നൽകാതെയും ഓഹരി തട്ടിപ്പിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്തുവെന്നാണ് നികേഷിനെതിരായാ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുൻ വൈസ് ചെയർമാനായിരുന്ന ലാലിയ ജോസഫ് നൽകി പരാതിയിലാണ് നികേഷ് അറസ്റ്റിന്റെ വക്കിലെത്തിയത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നലെ തൊടുപുഴ കോടതി തള്ളിയിരുന്നു. ഇതോടെ നികേഷിനെയും ഭാര്യ റാണിയെയും ഏത് സമയം വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാം.

തൊടുപുഴ സ്വദേശിനി ലാലിയ ജോസഫിന്റെ പരാതിയാണ് കോടതിയിൽ എത്തിയത്. തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന എം വിനികേഷ് കുമാറിന്റെയും ഭാര്യ റാണി വർഗീസിന്റെയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് നികേഷ് തൊടുപുഴ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ തേടിയത്. റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്.

ലാലിയ ജോസഫ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായിരുന്നു. ഈ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് എം വിനികേഷ് കുമാറിനെയും ഭാര്യ റാണി വർഗീസിനെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പണം തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടർമാർ എന്നാണ് തുടക്കത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേർന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അർഹതപ്പെട്ട ഓഹരി നൽകാതിരിക്കുകയും പിന്നീട്, നൽകിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായ വേളയിലാണ് നികേഷ് അഴീക്കോട് മത്സരിക്കാൻ വേണ്ടി ഇറങ്ങിയത്. ഈ വേളയിൽ പൊലീസ് കാര്യമായ നടപടി എടുത്തില്ല. പിന്നീട് തോറ്റതോടെ നികേഷിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.

ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നികേഷിനെയും റാണിയെയും ഏത് നിമിഷവും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യാം. എന്നാൽ, ഭരണപകക്ഷിയിലെ ഉന്നതരുമായി അടുത്തു നിൽക്കുന്ന നികേഷിനെ പൊലീസ് തൊടുമോ എന്നതാണ് അറിയേണ്ടത്. സിപിഐ(എം) കളമശ്ശേരി ഏരിയാ സെക്രട്ടറിയെ അടക്കം സാമ്പത്തിക തട്ടിപ്പു കേസിൽ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സമാനമായ വിധത്തിൽ പൊലീസിന് ഉന്നത നിർദ്ദേശങ്ങളൊന്നും നൽകാതിരുന്നാൽ നികേഷ് കുമാർ അഴിക്കുള്ളിലേക്ക് പോയേക്കും.

സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നൽകിയ 1.5 കോടി രൂപയിൽ നിന്നാണ് ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടക്കത്തിലെ ചെലവുകൾക്ക് ഉള്ളതായിരുന്നു ഈ തുക. ലാലിയയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേൽ ആണ് പിന്നീട് 12 കോടി രൂപ കൂടി റിപ്പോർട്ടർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത്. അത് കൂടാതെ പലപ്പോഴായി കോടികൾ പിന്നെയും ലാലിയ നിക്ഷേപിച്ചിട്ടുണ്ട്.

55 ശതമാനം ഓഹരികൾ സി പി മാത്യുവിനും ലാലിയക്കും കൂടി നൽകാമെന്ന വ്യവസ്ഥയിലാണ് അവർ നിക്ഷേപത്തിന് തയ്യാറായത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അത് 27 ശതമാനമായി പിന്നീട് നിജപ്പെടുത്തിയതായും പറയുന്നു. ലാലിയ സി പി ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കർ തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കർ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫ്ലാറ്റുകൾ എന്നിവ 15 വർഷത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം ബാനർജി റോഡ് ശാഖയിൽ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങൾക്കാണ് റിപ്പോർട്ടർ ടിവിയുടെ 27 ശതമാനം ഓഹരി നല്കാൻ കരാർ ഉണ്ടാക്കിയത്.

റിപ്പോർട്ടർ ടിവി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 2011 ഏപ്രിലിൽ 26 % ഓഹരികൾ ലാലിയ ജോസെഫിനു നൽകി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയിൽ റിപ്പോർട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയിൽ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയിൽ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അവർ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു. ഈ ഇടപാട് തീർക്കാനായി ലണ്ടനിലെ ബിസിനസുകാരനായ ജോബി ജോർജിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഒന്നരക്കോടി നൽകിയപ്പോൾ തന്നെ ജോബിയും നികേഷുമായി പ്രശ്നം ഉണ്ടാവുകയും മറ്റൊരു നിക്ഷേപകനോട് പണം വാങ്ങി ജോബിയെ ഒഴിവാക്കുകയും ആയിരുന്നു.

പിന്നീടാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരൻ മൻസൂർ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തുന്നത്. ആര് നിക്ഷേപിച്ചാലും അവരുടെ തുകയുടെ അത്രയും ശതമാനം നികേഷിന്റെ പേരിലും കൊടുക്കുക എന്തായിരുന്നു രീതി. ഉദാഹരണത്തിന് ഒരാൾ ഒന്നരക്കോടി നിക്ഷേപിച്ച് പത്ത് ശതമാനം ഷെയർ എടുത്താൽ പത്ത് ശതമാനം ഷെയർ നികേഷിനാവും. രണ്ട് ശതമാനം ഷെയർ ഭാര്യ റാണി ജോർജിന്റെ പേരിൽ ഇട്ട ശേഷമാണ് ഇത് ചെയ്തത്. 52 ശതമാനം തന്റെ പേരിൽ നിലനിൽക്കാൻ ആയിരുന്നു ഈ തന്ത്രം. എന്നാൽ പണം ആവശ്യമുള്ളപ്പോൾ എല്ലാ നിക്ഷേപകരും എത്തിയതോടെ ആദ്യം നിക്ഷേപിച്ചവരുടെ ഉടമസ്ഥാവകാശം കുറഞ്ഞു കുറഞ്ഞുവന്നു. അവിടെയാണ് തർക്കം ആരംഭിക്കുന്നത്.

50% ഓഹരികൾ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ചിക്കിൻ മൻസൂറിൽ നിന്നും പണം വാങ്ങിയത്. ഒടുവിൽ അദ്ദേഹത്തിന് 25% ഓഹരി നല്കി. ഇതിനിടയിൽ തന്നെ നികേഷും മൻസൂറും തർക്കം ആരംഭിച്ചു. കണക്കുകൾ ഇല്ലാത്തതും നിരവധി പേർക്ക് ഒരേ ഓഹരി വിറ്റ് പണം ഈടാക്കിയതും അടക്കമുള്ള തർക്കങ്ങൾ ആണ് കോടതിയിൽ കയറിയത്. നികേഷ് നല്കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികൾ നൽകാത്തതിനെ തുടർന്നും നല്കിയ ഓഹരികൾക്ക് കൂടുതൽ വില ഈടാക്കിയതിനെ തുടർന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിനെ സമീപിച്ചു. ഇതിനിടെ 15 കോടി മുടക്കു മുതലുള്ള ചാനൽ ചെന്നൈ ആസ്ഥാനമായുള്ള സൺ ഗ്രൂപ്പിന് വിൽപ്പന നടത്താൻ നികേഷ് ആലോചന നടത്തി.

ഇങ്ങനെ വിൽപ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചെന്നൈ കമ്പനി ലോ ബോർഡിൽ നിന്ന് ചാനെൽ കൈമാറ്റം മരവിപ്പിച്ചു. അതോടൊപ്പം റിപ്പോർട്ടർ ടിവിയുടെ കണക്കുകൾ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോർഡിൽ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വർഷമായി വിളിക്കാതിരുന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് (എജിഎം ) വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോർഡിൽ നിന്നും വാങ്ങി. ഇങ്ങനെ വിളിച്ചു ചേർക്കപെട്ട എജിഎമ്മിൽ ആണ് കൃത്രിമ രേഖകൾ ചമച്ച് നികേഷ് ഓഹരികൾ സ്വന്ത മാക്കിയതിന്റെയും റിപ്പോർട്ടർ ടിവിയുടെ പരസ്യ വരുമാനം പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയത്തിന്റെയും വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.

ഇവിടെ മൻസൂറിനേക്കാൾ ഞെട്ടിയത് ലാലിയ ആയിരുന്നു. സ്വന്തം ചാനൽ തുടങ്ങാൻ പണം മുടക്കിയ ലാലിയയുടെ പേരിൽ വെറും രണ്ടര ശതമാനം ഓഹരികൾ മാത്രം ഉള്ളു എന്ന തിരിച്ചറിവാണ് ഉണ്ടായത്. ഈ തർക്കമാണ് വളർന്ന് വലുതായി ഇപ്പോൾ പൊലീസ് കേസിലെത്തിയത്. ഗൾഫിൽ നിന്ന് അടക്കം ലഭിച്ച പരസ്യ വരുമാനത്തിന്റെ കണക്കുകളിൽ നികേഷ് കുമാർ വെട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് ലാലിയ ആരോപിച്ചിരുന്നത്. പരസ്യവരുമാനത്തിൽ വരുത്തിയ 6.5 കോടി രൂപ നികേഷ് കുമാറിന്റെ പേർസണൽ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് അടക്കമുള്ളതിനെ ചൊല്ലി ഡയറക്ടർ ബോർഡ് യോഗത്തിൽ വൻ തർക്കങ്ങൾ തന്നെ നടന്നു. ഇങ്ങനെ പണം മുടക്കിയവർക്ക് വരുമാനം ലഭിക്കാത്ത സാഹചര്യത്തിലും വരുമാനം മുഴുവൻ നികേഷ് കൊണ്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് ലാലിയ ജോസഫും സിപി മാത്യുവും നിയമനടപടിയുമായി മുന്നോട്ടു നീങ്ങിയത്.

നേരത്തെ ചിക്കിങ് ഉടമ മൻസൂർ നൽകിയ കേസിൽ ചെന്നൈ ട്രിബ്യൂണലിൽ നൽകിയ ഹർജി അന്തിമവിധി ഉണ്ടാകുകയും ഭൂരിപക്ഷം ഓഹരികൾ മൻസൂറിന് ലഭിക്കുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ ചാനലിന്റെ നിയന്ത്രണം മൻസൂറിന് ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളും നികേഷ് നടത്തുന്നുണ്ട്. തന്റെ പേരിൽ ഉയർന്നുവന്ന പാസ്‌പോർട്ട് കേസുകളുടെ പിന്നിലും നികേഷ് കുമാറാണെന്നാണ് മൻസൂൺ ആരോപിച്ചത്. അതിനിടെ കമ്പനിയുടെ പേരിൽ നിലവിലുള്ള ആസ്തികൾ പണയപ്പെടുത്തി പരമാവധി പണം പോക്കറ്റിലാകകാനാണ് നികേഷ് ശ്രമിക്കുന്നത്. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ആറരക്കോടി അദ്ദേഹം വായ്‌പ്പയെടുത്തിരുന്നു.

കോടതി വിധി ലംഘിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെഎഫ്സി വായ്പ അനുവദിച്ചിട്ടുള്ളതെന്നും ചാനലിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് കോടതിയിൽ കേസുകൾ ഉള്ളതുപോലും പരിഗണിക്കാതെയാണ് വായ്പ അനുവദിച്ചത്. ഇന്തോഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് 2016 ഡിസംബർ 29ന് ആറരക്കോടി രൂപ വായ്പ അനുവദിക്കാൻ കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തീരുമാനമെടുത്തത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ അതായത് ഡിസംബർ 31ന് വായ്പാ തുക നൽകുകയും ചെയ്തു. 7.64 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിച്ചത്.

കമ്പനിയെപ്പറ്റി ഒരു അന്വേഷണവും നടത്താതെ മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കകം വായ്പ പാസാക്കിയത്. വായ്പയ്ക്കായി ഈടു നൽകിയിരിക്കുന്നത് കളമശ്ശേരിയിലെ ഓഫീസ് കെട്ടിടമാണ്. പലതരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങി കിടക്കുന്ന കെട്ടിടമാണിത്. റിപ്പോർട്ടർ ടി.വിയിലെ ഓഹരി കൈമാറ്റത്തെക്കുറിച്ച് നിരവധി കേസുകൾ കേരള ഹൈക്കോടതിയിലും കമ്പനി ലോ ബോർഡിലും നില നിലനിൽക്കുമ്പോഴാണ് ഇടതുസർക്കാർ പ്രത്യേക താൽപര്യമെടുത്ത് 6.5 കോടി രൂപ അനുവദിച്ചത്.

2015 നവംബറിൽ ചെന്നൈ കമ്പനി ലോ ബോർഡിന്റെ വിധിയനുസരിച്ച് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ വായ്പ എടുക്കുന്നതിന് മുമ്പ് റിപ്പോർട്ടർ ടി.വിയിലെ ഓഹരി ഉടമയും കമ്പനി ലോ ബോർഡിലെ പരാതിക്കാരനുമായ എ.കെ. മൻസൂറിനെ വിവരമറിയിക്കണമെന്ന കോടതി വിധി ലംഘിച്ചു കൊണ്ടാണ് കെ.എഫ്.സിയിൽ നിന്ന് വായ്പ എടുത്തതെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP