Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫോൺ ചോർത്തൽ വിവാദം വെളിപ്പെടുത്തുന്നത് കോട്ടയത്തെ സിപിഎമ്മിൽ പുകയുന്ന കടുത്ത വിഭാഗീയത; ജില്ലാ സെക്രട്ടറി വാസവന് വൈക്കം വിശ്വൻ-സുരേഷ് കുറുപ്പ് വിഭാഗത്തോടുള്ള കലിപ്പ് പുറത്തായി; പിസി ജോർജിനെ ജയിപ്പിച്ചതിന്റേയും വ്യവസായിയുടെ പീഡന കേസ് ഒതുക്കിയതിന്റേയും പിന്നാമ്പുറ കഥകൾ പുറത്തു വരുമോ?

ഫോൺ ചോർത്തൽ വിവാദം വെളിപ്പെടുത്തുന്നത് കോട്ടയത്തെ സിപിഎമ്മിൽ പുകയുന്ന കടുത്ത വിഭാഗീയത; ജില്ലാ സെക്രട്ടറി വാസവന് വൈക്കം വിശ്വൻ-സുരേഷ് കുറുപ്പ് വിഭാഗത്തോടുള്ള കലിപ്പ് പുറത്തായി; പിസി ജോർജിനെ ജയിപ്പിച്ചതിന്റേയും വ്യവസായിയുടെ പീഡന കേസ് ഒതുക്കിയതിന്റേയും പിന്നാമ്പുറ കഥകൾ പുറത്തു വരുമോ?

കോട്ടയം:  പാർട്ടി ജില്ലാ സെക്രട്ടറി വിഎൻ വാസവൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോട്ടയം അർബൻ ബാങ്ക് പ്രസിഡന്റുമായ അഡ്വ. അനിൽകുമാറിന്റെ ഫോൺ ചോർത്തിയെന്ന റിപ്പോർട്ട് പാർട്ടിയിൽ കടുത്ത വിഭാഗീയത ആളിക്കത്തിക്കുന്നതായി. ഇതേപ്പറ്റി പാർട്ടി അന്വേഷണം തുടങ്ങി.

പാർട്ടിയുടെ പ്രാഥമികാന്വേഷണത്തിൽ പാർട്ടി പത്രത്തിലെ ഒരു ലേഖകൻ ഉൾപ്പെടുന്ന മാദ്ധ്യമസംഘത്തെയാണ് സംശയിക്കുന്നത്. സാമുദായിക ശക്തികളുടെ ഇടപെടലും പാർട്ടി സംശയിക്കുന്നു. ഫോൺ ചോർത്തൽ വാർത്ത വന്ന രീതിയും അതിന് തെരഞ്ഞെടുത്ത ലേഖകരും അന്വേഷണ പരിധിയിലുണ്ട്. പാർട്ടി പത്രത്തിലെ ഈ ലേഖകൻ ചില സാമുദായിക ശക്തികളുടെ കൈയിലെ കളിപ്പാവയാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്. കുറവിലങ്ങാട്ടുള്ള ഒരു അമേരിക്കൻ വ്യവസായിയുടെ ലൈംഗിക പീഡന കേസ് ഒതുക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇതിനകം തന്നെ ഇയാൾ പാർട്ടിയുടെ നോട്ടപ്പുള്ളിയാണ്. ഒരാഴ്‌ച്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാവും.

ഏറെ നാളായി പാർട്ടി ജില്ലാഘടകത്തിൽ പുകയുന്ന പ്രശ്‌നങ്ങളാണ് ഫോൺ ചോർത്തൽ വിവാദത്തിലേക്കും നയിച്ചത്. പാർട്ടി സെക്രട്ടറിയായ വിഎൻ വാസവന്,  ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വനും സുരേഷ് കുറുപ്പും നയിക്കുന്ന വിഭാഗവുമായി കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎൻ വാസവന് ഏറ്റുമാനൂർ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സുരേഷ് കുറുപ്പ് തന്നെ വീണ്ടും മത്സരിച്ചു.  കോട്ടയം മണ്ഡലത്തിൽ അനിൽകുമാറിനും കണ്ണുണ്ടായിരുന്നു. അനിലിനെ വെട്ടി ഇവിടെ വിജയസാധ്യത തീരെ കുറഞ്ഞ റെജി സഖറിയ മത്സരിക്കുകയും ചെയ്തു. അനിൽകുമാറിന്റെ 'ഹോം കോൺസ്റ്റിറ്റുവെൻസി'യാണ് കോട്ടയം. നായർ സമുദായാംഗമായ അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ നല്ല സ്ഥാനാർത്ഥിയാണെന്നാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ അനിലിന് നറുക്കു വീണില്ല.

അതിനിടെ, പിണറായി വിജയൻ തന്റെ അഭിമാനപോരാട്ടമായി എടുത്ത പൂഞ്ഞാറിലെ  സിപിഎമ്മിന്റെ പരാജയത്തോടെ സിപിഐ(എം) ജില്ലാ ഘടകം പ്രതിക്കൂട്ടിലായിരുന്നു. സിപിഐ(എം) ജില്ലാ നേതൃത്വത്തിലെ ചിലർ ജോർജിനെ ജയിപ്പിക്കാനായി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു ആരോപണം. അതിനു പിന്നാലെയാണ് കോട്ടയം അർബൻ ബാങ്ക്  പ്രസിഡന്റ് കൂടിയായ അഡ്വ. കെ അനിൽകുമാറിന്റെ ഫോൺ സിപിഐ(എം) ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെ ബിഎസ്എൻഎൽ ജീവനക്കാരൻ ചോർത്തി എന്ന ആരോപണം ഉയർന്നത്. ഫോൺ ചോർത്തിയതിന് ജില്ലാ സെക്രട്ടറി വി.എൻ വാസവനെ ശാസിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

അനിൽകുമാർ പാർട്ടിവിരുദ്ധ ശക്തികളുമായി ബന്ധം പുലർത്തുന്നു എന്നു സ്ഥാപിക്കാൻ വാസവൻ തന്നെയാണ് അദ്ദേഹത്തിന്റെ കോൾലിസ്റ്റ് ശേഖരിച്ചത്. വാസവൻ തന്റെ ഫോൺ ചോർത്തുന്നതായി അനിൽ കുമാർ  സംസ്ഥാന കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. വാസവന്റെ ബിഎസ്എൻഎല്ലിൽ ജോലിയുള്ള ബന്ധുവാണു ഫോൺ ചോർത്തിയതെന്ന് അനിൽ കുമാർ ആരോപിച്ചിരുന്നു. എന്നാൽ ഇത് ചർച്ചയ്ക്കു വന്നപ്പോൾ ബിഎസ്എൻഎല്ലിലെ യൂണിയൻകാരാണു തനിക്കു വിവരങ്ങൾ നൽകിയതെന്നു വാസവൻ വിശദീകരിച്ചുവത്രെ. സംസ്ഥാന കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണു വാസവൻ ഫോൺ ചോർത്തിയെന്നു കണ്ടെത്തിയതെന്നാണ് സൂചന. എന്നാൽ ഇതാണ് സിപിഐ(എം) ഔദ്യോഗികമായി നിഷേധിച്ചത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പാർട്ടി എംഎൽഎയുടേയുമുൾപ്പെടെ 27 നേതാക്കളുടെ ഫോൺവിവരങ്ങൾ ചോർത്തിയെന്നാണ്  സംസ്ഥാന നേതൃത്വത്തിനു പരാതി കിട്ടിയതോടെയാണ് ഇതെപ്പറ്റി പാർട്ടി ഗൗരവമായി അന്വേഷിച്ചത്. എംഎൽഎയായിരിക്കെ വാസവന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഹൈടെക് സെല്ലിൽ നിന്നും കൂട്ടമായി തന്നെ ഫോൺ ചോർത്തിയെന്നും പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ രണ്ടു ജില്ലാ സമ്മേളനങ്ങളിലും ഈ ബന്ധങ്ങൾ ഉപയോഗിച്ച് ഉന്നതരായ പാർട്ടി നേതാക്കളുടെയും ഏരിയാ സെക്രട്ടറിമാരുടെയും വരെ ഫോൺ ചോർത്തപ്പെട്ടിരുന്നുവെന്നു പരാതി ഉയർന്നിരുന്നു. കോട്ടയത്തു നിന്നുള്ള രണ്ടു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെ ഫോൺ വിവരങ്ങൾ ചോർത്തിയ പ്രശ്‌നം  നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ കത്തിപടർന്നിരുന്നു.

അതേസമയം സിപിഐ(എം) ജില്ലാ ഘടകത്തിലെ സാമൂദായിക ചേരിതിരിവിന്റെ ഭാഗമായാണ് വിവാദം ഉണ്ടായതെന്നും പറയപ്പെടുന്നു. സിപിഐ(എം) ജില്ലാ സെക്രട്ടറി സംസ്ഥാന സെക്രട്ടറിയുടെ അടുത്ത ആളായാണ് അറിയപ്പെടുന്നത്. പൂഞ്ഞാറിലെ പിസി ജോർജിന്റെ വിജയത്തോടെ സിപിഐ(എം) ജില്ലാഘടകം സംശയ നിഴലിലാണ്. പൂഞ്ഞാറിൽ പിണറായി വിജയൻ രണ്ടു തവണ എത്തി തന്നെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചതാണ്. പക്ഷേ അതുൾക്കൊണ്ട് ചിട്ടയോടെ  പാർട്ടി ഘടകം പ്രവർത്തിച്ചില്ലെന്ന ആക്ഷേപം അന്തരീഷത്തിലുണ്ട്. പാർട്ടി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു ഈ സാഹചര്യത്തിലാണ് പുതിയ വിവാദമെന്നത് ശ്രദ്ധേയമാണ്. വിഎൻ വാസവനെതിരായ കടുത്ത നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. പാർട്ടി ജില്ലാ ഘടകത്തിൽ ആളിപ്പടരുന്ന വിവാദമായി ഫോൺ ചോർത്തൽ ഇതിനകം മാറിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP