Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ആദ്യ അലക്കിൽ ജീൻസിന്റെ കളർ പോയപ്പോൾ ഗൗനിച്ചില്ല; വിയർത്തപ്പോൾ ഉടുപ്പിലെ കളർ ശരീരത്തിൽ ഒട്ടിപിടിച്ചതു കൊണ്ടാണ് ചോദിക്കാൻ ചെന്നത്; പകരം കിട്ടിയ ഉടുപ്പ് ഇട്ടു നോക്കാൻ ഡ്രെസിങ് റൂമിൽ കയറിയപ്പോൾ നിന്റെ കടി തീർന്നോടാ എന്ന് ചോദിച്ച് രണ്ട് പേരെത്തി കരണത്തടിച്ചു; പത്തോളം ജീവനക്കാർ മാറി മാറി മർദ്ദിച്ചു; ഒരു ഷർട്ട് മാറി കൊടുക്കാൻ മടിച്ചതുകൊണ്ട് കല്യാൺ മുതലാളിക്ക് ഒരു ലക്ഷം രൂപയും ഒരു കോടിയുടെ മാനവും നഷ്ടമായ കഥ വിവരിച്ച് റിൻസൺ

ആദ്യ അലക്കിൽ ജീൻസിന്റെ കളർ പോയപ്പോൾ ഗൗനിച്ചില്ല; വിയർത്തപ്പോൾ ഉടുപ്പിലെ കളർ ശരീരത്തിൽ ഒട്ടിപിടിച്ചതു കൊണ്ടാണ് ചോദിക്കാൻ ചെന്നത്; പകരം കിട്ടിയ ഉടുപ്പ് ഇട്ടു നോക്കാൻ ഡ്രെസിങ് റൂമിൽ കയറിയപ്പോൾ നിന്റെ കടി തീർന്നോടാ എന്ന് ചോദിച്ച് രണ്ട് പേരെത്തി കരണത്തടിച്ചു; പത്തോളം ജീവനക്കാർ മാറി മാറി മർദ്ദിച്ചു; ഒരു ഷർട്ട് മാറി കൊടുക്കാൻ മടിച്ചതുകൊണ്ട് കല്യാൺ മുതലാളിക്ക് ഒരു ലക്ഷം രൂപയും ഒരു കോടിയുടെ മാനവും നഷ്ടമായ കഥ വിവരിച്ച് റിൻസൺ

അർജുൻ സി വനജ്‌

കോട്ടയം: കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥി റെൻസൺ ജോണിനെ, ഡാമേജായ ടീ ഷർട്ട് മാറ്റി വാങ്ങാൻ എത്തിയപ്പോൾ കല്ല്യാൺ സിൽക്‌സിലെ ജീവനക്കാർ ചേർന്നു മർദ്ദിച്ച സംഭവത്തിൽ, കോളേജ് വിദ്യാർത്ഥികൾ ഐതിഹാസികമായ പ്രതിഷേധമാണ് ഉയർത്തിയത്.

വിഷയത്തിൽ ഇതുവരെ ഒരു വാർത്ത പോലും നൽകാത്ത മാദ്ധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ശക്തമായി. വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചും കല്ല്യാൺ സിൽക്‌സിനെതിരെ പ്രതിഷേധിച്ചും ആയിരകണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ അണിനിരക്കുന്ന സാഹചര്യത്തിൽ റെൻസൺ ജോൺ മറുനാടൻ മലയാളിയോട് 14 ന് കല്ല്യാണിൽ സംഭവിച്ചതെന്താണെന്ന് തുറന്നുപറയുന്നു.

റെൺസൺ ജോൺ വാക്കുകളിലേക്ക്...

നാലാം തിയതിയാണ് മമ്മിയോടൊപ്പം വസ്ത്രങ്ങളെടുക്കാൻ കല്ല്യൺ സിൽക്‌സിലെത്തിയത്. ടീ ഷർട്ടിന് ബൈ വൺ ഗെറ്റ് വൺ ഓഫർ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അത് വാങ്ങിച്ചു. ഒപ്പം ഒരു ജീൻസും. ജീൻസ് ആദ്യ അലക്കിൽ തന്നെ കളർ ഇളകി. ചില കമ്പനികളുടെ സാധനം ആദ്യ അലക്കിൽ കുറച്ച് കളർ ഇളകുന്നത് സ്വാഭാവികമാണല്ലോ, എന്ന ധാരണയിലായിരുന്നു ഞങ്ങൾ. പതിമൂന്നാം തിയതി നീല ടീ ഷർട്ട് ധരിച്ചു കോളേജിൽ പോകുന്ന സമയത്താണ്, ടീ ഷർട്ടിന്റെ കളർ ദേഹത്ത് പിടിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പത്തോ പതിഞ്ചോ മിനുട്ട് ഇട്ടപ്പോൾ തന്നെ നീല കളർ നന്നായി ശരീരത്ത് പിടിച്ചു. അന്ന് ഒരു ഫങ്ഷന് പോകാനാണ് യഥാർത്ഥത്തിൽ ഷർട്ട് വാങ്ങിയതു തന്നെ. അന്ന് രാത്രി കല്ല്യാണിൽ വിളിച്ചു. പക്ഷെ കിട്ടിയില്ല. രാവിലെ വിളിച്ചു. ബിൽ നഷ്ടമായെന്നും കളർ നന്നായി ഇളകുന്നുണ്ടെന്നും അവരോട് പറഞ്ഞു. സാധനവുമായി രാവിലെ കല്ല്യാണിലേക്ക് എത്താൻ അവർ ആവശ്യപ്പെട്ടു.

പതിനാലിന് രാവിലെ 10.30 ഓടെയാണ് സുഹൃത്ത് ആഷികിനൊപ്പം കോളേജിൽ ഒരു അവർ ക്ലാസ്സ് കട്ട് ചെയ്ത് കല്ല്യാൺ സിൽക്‌സിൽ പോയത്. ചെന്ന ഉടനെ റിസപ്ഷനിസ്റ്റിനോട് ആവശ്യം പറഞ്ഞു. അഞ്ച് മിനുട്ട് ഇരുന്നപ്പോൾ ഒരു സെയിൽസ് ഗേൾ വന്നു പറഞ്ഞു, ആറാം നിലയിലേക്ക് ചെല്ലാൻ. അവിടെ ചെന്നപ്പോൾ സ്റ്റാഫുകൾ ഒരു ഭാഗത്ത് കൂടി നിൽക്കുന്നത് കണ്ടു. ആറാം നിലയിലെ ഫ്‌ലോർ മാനേജർ ഞങ്ങളോട് അഞ്ച് മിനുട്ട് ഇരിക്കാൻ പറഞ്ഞു. കോളേജിൽ പോകാനുള്ള സമയം അതിക്രമിച്ചപ്പോൾ അവർ വീണ്ടും വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ ഞങ്ങൾ കുറച്ച് റഫായി സംസാരിച്ചു. ടീ ഷർട്ടിന്റെ ബാർ കോഡ് വച്ച് നിങ്ങൾ ചെക്ക് ചെയ്യൂ സാധനം ഇവിടുത്തേത് തന്നെയാണോ എന്ന്. എന്നിട്ട് വേഗം സാധനം മാറ്റിത്തരണമെന്നും കോളേജിൽ പോകാനുള്ളതാണെന്നും അവരോട് പറഞ്ഞു. ഇതു പ്രകാരം അവർ അതേ കമ്പനിയുടെ തന്നെ വേറെ കളർ ടീ ഷർട്ട് സെലക്ട് ചെയ്‌തോളാൻ പറഞ്ഞു. രണ്ട് ടീ ഷർട്ട് എടുത്ത് ട്രയൽ റൂമിൽ പോയി. ഒരു ടീ ഷർട്ട് ഇട്ട് ആഷികിനോട് പുറത്ത് വന്ന് അഭിപ്രായം ചോദിച്ചു. കുഴപ്പമില്ലെന്ന് അവൻ പറഞ്ഞു. 

രണ്ടാമത്തെ ഷർട്ട് ഇടാൻ പോകുന്ന സമയത്താണ് ലിവീസ് കമ്പനിയുടെ രണ്ടു സ്റ്റാഫ് അടുത്ത് വന്നു. അവർക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. അവർ ചോദിച്ചു' നിന്റെ കടി തീർന്നോടാ ' എന്ന്. കാശ് കൊടുത്തു വാങ്ങിയ സാധനം ഡാമേജ് ആയാൽ മാറ്റിത്തരേണ്ട ഉത്തരവാദിത്വം നിങ്ങളുടേതാ, അതിന് ചീത്ത വിളിച്ചിട്ട് കാര്യമില്ലെന്ന് ഞാനും പറഞ്ഞു. പറഞ്ഞ ഉടനെ എന്റെ കരണക്കുറ്റിക്ക് അടിച്ചു. ആഷിക്കും അപ്പോൾ അവരോട് ദേഷ്യപ്പെട്ടു. ഉടനെതന്നെ ആ ഫ്‌ലോറിൽ ഉണ്ടായിരുന്ന പത്തോളം  സ്റ്റാഫ് ഞങ്ങളെ ട്രയൽ റൂമിന് പുറത്തുവളഞ്ഞു. ലിവീസിന്റെ രണ്ടാമത്തെ സ്റ്റാഫ് വീണ്ടും അടിച്ചു. ആദ്യത്തവൻ ഉടനെ ചാടി എന്റെ മുഖത്തിന് തൊഴിച്ചു. ആറാമത്തെ ഫ്‌ലോറിൽ നിന്ന് ടീ ഷർട്ട് എടുത്തുതന്ന ആൾ ഈ സമയം അടുത്ത് വന്നു. സാധനം ഡാമേജ് ആണേൽ വാങ്ങി എടുത്തിട്ട് പോയ്ക്കോണം എന്നും പറഞ്ഞ് അടിച്ചു.

ഓവർ ഷൈനിക്കാൻ നിന്നാൽ അടി ഇനിയും കിട്ടുമെന്ന് അയാൾ പറഞ്ഞു. നിന്റെയി അഞ്ഞൂറ് രൂപയുടെ സാധനത്തിനാണോ രാവിലെ വന്ന് ഉടക്ക് ഉണ്ടാക്കുന്നേ എന്ന് ചോദിച്ച് ഫ്‌ലോർ മാനേജർ മുഖത്തിന് വീണ്ടും തല്ലി. ഇതിനിടെ സാധനം വാങ്ങാൻ ഒരു കസ്റ്റമർ ഫ്‌ളോറിലേക്ക് വന്നു. ഇതോടെയാണ് അടി നിർത്തിയത്. അയാൾ കുറച്ച് നേരം ഞങ്ങളെ ശ്രദ്ധിച്ചതിന് ശേഷം അടുത്തു വന്നു. സാധനം വാങ്ങാൻ വന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ചു. ബസേലിയസിലെ പിള്ളേരായതുകൊണ്ടാണോടാ നിനക്ക് ഇത്ര കഴപ്പ് എന്നു പറഞ്ഞായിരുന്നു അടി തുടങ്ങിയത്. പതിനഞ്ച് മിനുറ്റോളം മർദ്ദനം തുടർന്നു.

സംഭവം കണ്ടുകൊണ്ടാണ് ഏരിയാ സെയിൽസ്് മാനേജർ ഫ്‌ലോറിലേക്ക് വന്നു. മിണ്ടാതിരിക്കാൻ എന്നോട് പറഞ്ഞു. ഞാൻ കാശ് കൊടുത്ത് വാങ്ങിച്ച സാധനം മാറ്റി വാങ്ങാൻ വന്നപ്പോ, എന്നെ തല്ലുന്നോ ഇത് ഇവിടുത്തെ പരിപാടിയാ എന്ന് ഞാനും ചോദിച്ചു. ഇതോടെ തല്ല് നിർത്തി അയാൾ ഞങ്ങളേയും കൊണ്ട് ഗ്രൗണ്ട് ഫ്‌ലോറിലേക്ക് വന്നു.  നേരത്തെ ഒരു അപകടം സംഭവിച്ച് മുഖത്തിന്റെ വലത് ഭാഗത്ത് സ്റ്റീൽ ഇട്ടിരിക്കുകയായിരുന്നതിനാൽ മുഖം പെട്ടെന്ന് നീര് വച്ചു. അവിടെ വച്ച് ഞാൻ പപ്പയേയും റിട്ട. ഡെപ്യൂട്ടി കളക്ടറായ പപ്പയുടെ ചേട്ടൻ ജോസഫ് സെബാസ്റ്റ്യനേയും, എന്റെ സുഹൃത്തുക്കളേയും വിളിച്ചു നടന്ന സംഭവം പറഞ്ഞു. പപ്പയുടെ ചേട്ടൻ ഉടനെ തഹസിൽദാരേയും പൊലീസിനേയും വിവരം അറിയിച്ചു. അരമണിക്കൂറിനുള്ളിൽ അവർ കല്ല്യാണിലെത്തി. തെറ്റ് ഞങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്താണ് ഇത് ഒരു ഇഷ്യു ആക്കരുതെന്നും ഏരിയാ സെയിൽസ് മാനേജർ പപ്പയോട് ആവശ്യപ്പെട്ടു. പിന്നീട് കോടിമതയിലുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ വച്ച് നഷ്ടപരിഹാരം തന്ന് വിഷയം ഒത്തുതീർപ്പാക്കാൻ അവർ ശ്രമിച്ചു. നഷ്ടപരിഹാരമായി 5000 രൂപ തരാമെന്നും അവർ പറഞ്ഞു. 

ഇതോടെയാണ് ഞങ്ങൾ എസ്‌പി ഓഫീസിൽ പോയി പരാതി നൽകിയത്. ഇത് ഒരു പൊതുപ്രശ്‌നമാണ്. വലിയ ഹോട്ടലുകളും ചില ടെക്‌സ്‌റ്റൈൽ സ്ഥാപനങ്ങളും പരാതി ഉന്നയിക്കുന്ന ഉപഭോക്താക്കളോട് ഇത്തരത്തിൽ മോശമായി പെരുമാറുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം കോളേജിൽ അന്നു തന്നെ വലിയ ചർച്ചയായി. കോളേജ് വിദ്യാർത്ഥികൾ കല്ല്യാണിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചു. ഇതു പ്രകാരമാണ് 15 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ല്യാണിലേക്ക് നൂറുകണക്കിന് കുട്ടികൾ മാർച്ച് ചെയ്തത്. അവർ ആ സമയം ഷോറൂമിന് ഷട്ടറിട്ടു. കല്ല്യാൺ മാനേജ്‌മെന്റ് മാർച്ച് ചെയ്ത വിദ്യാർത്ഥികളുടെ പ്രതിനിധികളെ ഓഫീസിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചു. 50,000 രൂപ നഷ്ടപരിഹാരമായി തരാമെന്നും അവർ പറഞ്ഞു. പക്ഷെ മിനിമം ഒരു ലക്ഷം രൂപ കിട്ടിയാലേ മാർച്ച് അവസാനിപ്പിക്കുവെന്ന് വിദ്യാർത്ഥികൾ നിലപാടെടുത്തു. ഇതോടെയാണ് ഒരു ലക്ഷം രൂപ തരാം എന്ന് അവർ സമ്മതിച്ചത്.



എസ്‌പിക്ക് കല്ല്യാൺ ജുല്ലേഴ്‌സിനെതിരെ കൊടുത്ത പരാതി പിൻവലിക്കാമെന്നും ധാരണയായി. പക്ഷെ മർദ്ദിച്ച സ്റ്റാഫിനെതിരെയുള്ള കേസ് നിലനിൽക്കും. മർദ്ദിച്ച സ്റ്റാഫിനെ കല്ല്യാൺ പുറത്താക്കിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ സങ്കടം, വിഷയത്തിൽ മാദ്ധ്യമങ്ങൾ പരസ്യ വരുമാനം പേടിച്ച് ഇടപെടാത്തതാണ്. കോളേജിന് തൊട്ടു ചേർന്നാണു മലയാള മനോരമയുടെ ഓഫീസ്. ഇത്രയും വലിയ ഒരു വിഷയം ഉണ്ടായിട്ടും അവർ ഒന്ന് വിളിച്ച് തിരക്കുക പോലും ചെയ്തില്ലെന്നു റെൻസൺ പറയുന്നു. കോട്ടയം-വെമ്പള്ളി നടുത്തേട്ട് വീട്ടിൽ ജോണി സെബാസ്റ്റ്യന്റെ മകനായ റെൺസൺ ജോൺ ബസേലിയസ് കോളേജിലെ രണ്ടാം വർഷ ബിഎ എക്‌ണോമിക്‌സ് വിദ്യാർത്ഥിയാണ്.

വിദ്യാർത്ഥിയെ ജീവനക്കാരൻ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോട്ടയം കല്യാൺ സിൽക്സിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ  ബസേലിയോസ് കോളജ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വിദ്യാർത്ഥിനികൾ അടക്കം അണിനിരന്ന  പ്രതിഷേധ പ്രകടനം നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കല്യാൺ സിൽക്സ് മാനേജ്മെന്റ് ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരമായി ഒരുലക്ഷം നൽകാമെന്നും എഴുതി നൽകി. നഷ്ടപരിഹാരത്തുകയായ ഒരു ലക്ഷം രൂപ ചെക്ക് ആയി നൽകാമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പ്. ഇത് മറുനാടൻ വാർത്തയാക്കി. സൈബർ ലോകം ഏറ്റെടുത്തു. കല്യാണിന് വലിയ ക്ഷീണവും ഉണ്ടായി.

സിൽക്‌സിനെതിരായ പ്‌ളക്കാർഡുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ വന്നത്. അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഒന്നരമണിക്കൂറോളം വിദ്യാർത്ഥികൾ പ്രതിഷേധവുമായി റോഡിൽ പൊരിവെയിലിൽ കൂസാതെ നിന്നു. നഷ്ടപരിഹാരത്തിന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാർത്ഥി പ്രതിഷേധം അവസാനിപ്പിച്ചത്. എന്നിട്ടും മാദ്ധ്യമങ്ങൾ ആരും ഈ വിദ്യാർത്ഥി പ്രതിഷേധം വാർത്തയാക്കിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP