Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളമശേരി പോളിടെക്നിക്കിലെ റാഗിംഗിൽ 11 സീനിയർ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; കോളേജിൽ സംഘർഷം; ആൺകുട്ടികളുടെ ഹോസ്റ്റൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു

കളമശേരി പോളിടെക്നിക്കിലെ റാഗിംഗിൽ 11 സീനിയർ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; കോളേജിൽ സംഘർഷം; ആൺകുട്ടികളുടെ ഹോസ്റ്റൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ 11 സീനിയർ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളെയാണ് അന്വേഷണ വിധേയമായി കോളേജ് അധികൃതർ സസ്‌പെന്റ് ചെയ്തത്. ഇതോടെ കോളേജിൽ സംഘർഷമുണ്ടാകുമെന്ന സൂചനയെ തുടർന്ന് ആൺകുട്ടികളുടെ ഹോസ്റ്റൽ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ഇന്ന് രാവിലെ കോളേജിലുണ്ടായ സംഘർഷത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.

കാമ്പസിലും ഹോസ്റ്റലിലും നിരന്തരം പീഡിപ്പിക്കുന്നുവെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് നടപടി. അന്വേഷണം തീരുന്നത് വരെയാണ് സസ്പെൻഷൻ. കുട്ടികളുടെ മുഴുവൻ വിവരങ്ങളും പൊലീസിന് നൽകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

നഗ്‌നത പ്രദർശനം, കുളിക്കുമ്പോൾ കുളിമുറിയുടെ വാതിലടക്കരുത് എന്നു തുടങ്ങി പ്രാകൃത ശിക്ഷ നടപടികളാണ് സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗിങ്ങായി നൽകുന്നത്. ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കൊച്ചി റേഞ്ച് ഐജിക്കും മൂന്ന് വിദ്യാർത്ഥികൾ പരാതി നൽകി. പരാതി നൽകിയവരുടെ പേര് വിവരങ്ങൾ പരസ്യമാക്കരുതെന്നും പരാതിയിൽ പറയുന്നു. വിദ്യാർത്ഥികളുടെ പരാതി കളമശേരി സിഐ അന്വേഷിക്കുമെന്ന് ഐജിയുടെ അധികചുമതലയുള്ള പി വിജയൻ വ്യക്തമാക്കി. പോളിടെക്നിക്കിലെ പ്രാകൃത ശിക്ഷ നടപടികൾ വിശദമായി വിവരിച്ചാണ് പരാതി നൽകിയത്.

എസ്എഫ്ഐ നിയന്ത്രണത്തിലുള്ള ഹോസ്റ്റലിൽ മറ്റ് പാർട്ടികളുടെ സംഘടനാ പ്രവർത്തനം നടത്താൻ സീനിയർ വിദ്യാർത്ഥികൾ അനുവദിക്കില്ലെന്നും പരാതിയിൽ ആരോപണമുണ്ട്. മെസിൽ അടിവസ്ത്രം ധരിച്ച് കയറാൻ പാടില്ല, സീനിയർ വിദ്യാർത്ഥികൾ ആവശ്യപെട്ടാൽ നഗ്‌നത പ്രദർശിപ്പിക്കണം, കുളിമുറിയുടെ വാതിൽ അടച്ചിട്ട് കുളിക്കാൻ പാടില്ല എന്നു തുടങ്ങി സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ ഉപദ്രവിക്കാനായി ഉണ്ടാക്കിവച്ച നിയമങ്ങൾ ലംഘിച്ചാൽ അതികഠിനമായ ശിക്ഷകളാണ് നൽകുക എന്നും വിദ്യാർത്ഥികളുടെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP