Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട് നിയമസഭയിൽ കയ്യാങ്കളിയും കലാപവും; വിശ്വാസവോട്ടെടുപ്പിന് രഹസ്യബാലറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്ന് ബലമായി പുറത്താക്കി; സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയത് ഷർട്ട് വലിച്ചുകീറിയും കയ്യേറ്റംചെയ്തും; പ്രതിപക്ഷത്തെ പുറത്താക്കി വോട്ടെടുപ്പ് നടത്തി പളനിച്ചാമിയെ അധികാരത്തിൽ ഉറപ്പിക്കാനുറച്ച് സ്പീക്കർ

തമിഴ്‌നാട് നിയമസഭയിൽ കയ്യാങ്കളിയും കലാപവും; വിശ്വാസവോട്ടെടുപ്പിന് രഹസ്യബാലറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്ന് ബലമായി പുറത്താക്കി; സ്റ്റാലിൻ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയത് ഷർട്ട് വലിച്ചുകീറിയും കയ്യേറ്റംചെയ്തും; പ്രതിപക്ഷത്തെ പുറത്താക്കി വോട്ടെടുപ്പ് നടത്തി പളനിച്ചാമിയെ അധികാരത്തിൽ ഉറപ്പിക്കാനുറച്ച് സ്പീക്കർ

ചെന്നൈ: അത്യന്തം രൂക്ഷമായ സ്ഥിതിവിശേഷത്തിനും കയ്യാങ്കളിക്കുമിടെ തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ പ്രമേയാവതരണം. ഇന്നു രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട സംഘർഷാന്തരീക്ഷത്തിനൊടുവിൽ ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി. രാവിലെ വിശ്വാസപ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ തുടങ്ങിയ പ്രശ്‌നങ്ങൾ അതി രൂക്ഷമായ സ്ഥിതിതിയിലേക്കാണ് നീങ്ങുന്നത്. സഭയിൽ ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങളെ വാച്ച് അൻഡ് വാർഡ് കയ്യേറ്റംചെയ്താണ് പുറത്താക്കിയത്. നേതാവ് സ്റ്റാലിന്റേതുൾപ്പെടെ പല അംഗങ്ങളുടേയും ഷർട്ട് വലിച്ചുകീറിയും കയ്യേറ്റം ചെയ്തുമാണ് സഭയിൽ നിന്ന് പുറത്താക്കിയത്. സ്ഥിതിഗതികൾ അത്യന്തം ഗുരുതരമായതിനെ തുടർന്ന് തമിഴ്‌നാട് ഗവർണർ ചെന്നൈയിൽ തന്നെ തുടരുകയാണ്.

നേരത്തേ ഡിഎംകെയുൾപ്പെടെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ രണ്ടുതവണ നിർത്തിവച്ചിരുന്നു. വിശ്വാസപ്രമേയത്തിൽ രഹസ്യ വോട്ടെടുപ്പ് വേണമെന്ന വിമത അണ്ണാഡിഎംകെ നേതാവ് പന്നീർ ശെൽവത്തിന്റെ ആവശ്യം സ്പീക്കർ തള്ളിയതോടെയാണ് സഭയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. ഇതോടെ ഈ ആവശ്യം ഉന്നയിച്ച് ഡിഎംകെ ഉൾപ്പെടെ എല്ലാ കക്ഷികളും സ്പീക്കർക്കെതിരെ തിരിഞ്ഞു. തുടർന്ന് സ്പീക്കർക്കെതിരെയും കയ്യേറ്റ ശ്രമമുണ്ടായി. തന്റെ ഷർട്ട് വലിച്ചുകീറിയ ഡിഎംകെ എംഎൽഎമാർ തന്നെ അപമാനിച്ചെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു.

രഹസ്യവോട്ടെടുപ്പിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിക്കെതിരെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയും വിമത പക്ഷമായ പന്നീർശെൽവം വിഭാഗവും ഒരുമിച്ച് രംഗത്തിറങ്ങിയതോടെയാണ് സഭ സംഘർഷത്തിലായത്. രാവിലെ 11 മണിക്ക് തുടങ്ങിയ സഭ 15 മിനിറ്റിനകം നിർത്തിവച്ച് സ്പീക്കർ സഭ വിട്ടു. വലിയ സംഘർഷമാണ് അപ്പോൾ നടന്നത്. ഒരുമണിക്ക് സഭ സമ്മേളിച്ചതോടെ ഡിഎംകെ അംഗങ്ങളെ പുറത്താക്കി വോട്ടെടുപ്പ് നടത്താൻ സ്പീക്കർ തീരുമാനിച്ചതോടെ വീണ്ടും സംഘർഷാവസ്ഥയാണ് തമിഴ്‌നാട് നിയമസഭയിൽ. സാങ്കേതികമായി വിശ്വാസപ്രമേയം പാസാക്കാനാണ് സ്പീക്കർ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. വാച്ച് ആൻഡ് വാർഡിനേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് ഡിഎംകെ അംഗങ്ങളെ പുറത്താക്കുകയാണ് സ്പീക്കർ. ഇതിനിടെ സഭ മൂന്നുമണിവരെ നിർത്തിവച്ചു.

ഇതോടെ ഡിഎംകെ അംഗങ്ങൾ സഭയിൽ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. ഇവരെ ബലപ്രയോഗത്തിലൂടെ നീക്കാനാണ് ശ്രമിച്ചത്. ഇത് സഭയ്ക്ക് പുറത്തും വലിയ പ്രതിഷേധത്തിന് കാരണമായി. രാവിലെ വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം ബഹളം തുടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സ്പീക്കറെ ഘൊരാവോ ചെയ്ത ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ കസേരയുൾപ്പെടെ തല്ലിത്തകർത്തു. സ്പീക്കർക്കെതിരെ പുസ്തകങ്ങളും പേപ്പറും വലിച്ചെറിഞ്ഞു. സ്പീക്കറുടെ നേരെ കയ്യേറ്റവും നടന്നു. വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ പാടുപെട്ടാണ് സ്പീക്കറെ പ്രതിഷേധിച്ച എംഎൽഎമാർക്ക് ഇടയിൽ നിന്ന് രക്ഷിച്ചത്. ഇതിനിടെ ചിലർ സ്പീക്കറുടെ കസേരയിലും കയറിയിരിക്കുന്നത് കാണാമായിരുന്നു. ഇതോടെ സഭ തുടരാൻ നിർവാഹമില്ലാതെ സമ്മേളനം ഒരുമണിവരെ നിർത്തിവച്ച് സ്പീക്കർ സഭ വിടുകയായിരുന്നു.

ഒരു ദിവസമെങ്കിലും വിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്പിക്കാനുള്ള തന്ത്രമാണ് ഡിഎംകെയും പന്നീർ ശെൽവം പക്ഷവും പയറ്റുന്നതെന്നാണ് സൂചനകൾ. അങ്ങനെവന്നാൽ സഭയിൽ പളനിസ്വാമി പക്ഷത്തെ പിൻതുണയ്ക്കുന്നവരെ തങ്ങളുടെ പക്ഷത്തെത്തിക്കാമെന്നാണ് പന്നീർ ശെൽവം കണക്കുകൂട്ടുന്നത്. ഇതിനായാണ് ഇന്ന് ബഹളം തുടങ്ങിയതെന്നാണ് സൂചന. അങ്ങനെയെങ്കിൽ എല്ലാം അട്ടിമറിക്കാമെന്നും ശശികലയുടെയും കൂട്ടരുടേയും മോഹങ്ങൾ തകർക്കാമെന്നും അവർ കരുതുന്നു. എന്നാൽ ഡിഎംകെ അംഗങ്ങളെ മുഴുവൻ പുറത്താക്കി സർക്കാരിന് വിശ്വാസവോട്ട് നേടാനാണ് സ്പീക്കർ ശ്രമിക്കുന്നത്.

സഭാ സമ്മേളനം ആരംഭിച്ചതുതന്നെ നാടകീയ രംഗങ്ങളോടെയാണ്. സർക്കാരിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി പളനിസ്വാമി അവതരിപ്പിച്ചത്. എന്നാൽ വോട്ടെടുപ്പ് രഹസ്യമായി വേണമെന്ന് പന്നീർ ശെൽവം പക്ഷം ആവശ്യപ്പെടുകയും ഇത് സ്പീക്കർ നിഷേധിക്കുകയും ചെയ്തതോടെ സഭയിൽ വൻ ബഹളമാണ് നടക്കുന്നത്. സഭ സമ്മേളിക്കാൻ അനുവദിക്കാത്ത വിധത്തിലും വോട്ടെടുപ്പ് തടസ്സപ്പെടുത്തും വിധത്തിലും ഡിഎംകെ അംഗങ്ങളും പന്നീർ ശെൽവം പക്ഷവും സഭയിൽ ബഹളം തുടരുകയാണ്. സഭയുടെ വാതിലുകളെല്ലാം അടച്ചിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.

വിശ്വാസപ്രമേയം അവതരിപ്പിച്ചതിനൊപ്പം ഇതിൽ രഹസ്യബാലറ്റ് വേണമെന്ന് ഒ. പന്നീർശെൽവം ആവശ്യപ്പെട്ടു. ഡിഎംകെ നേതാവ് സ്റ്റാലിനും ഇക്കാര്യത്തിൽ പിന്തുണ അറിയിക്കുകയും പന്നീർ ശെൽവത്തെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്താണ് പ്രതിഷേധം തുടങ്ങിയത്. എന്നാൽ തലയെണ്ണി വോട്ടെടുപ്പ് നടത്തുമെന്നാണ് ഗവർണർ തീരുമാനിച്ചത്. ഇതോടെ പ്രതിഷേധം കനക്കുകയായിരുന്നു. റിസോർട്ടിൽ താമസിപ്പിച്ച് പുറംലോകവുമായി ബന്ധമില്ലാത്തവിധം സഭയിലെത്തിച്ച അണ്ണാഡിഎംകെ അംഗങ്ങൾക്ക് പനീർശെൽവവുമായി സംസാരിക്കാൻ അവസരമൊരുക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്നാണ് സൂചനകൾ. സഭയ്ക്കകത്തേക്ക് അപൂർവം പത്രലേഖകരെ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളൂ. മറ്റുള്ളവരെ പ്രസ് റൂമിൽ തടയുകയും ഇങ്ങോട്ടുള്ള ശബ്ദസംപ്രേഷണം തടയുകയും ചെയ്തിരിക്കുകയാണ്.

അതേസമയം അംഗങ്ങൾക്കെല്ലാം വിപ്പ് നൽകിയ സാഹചര്യത്തിൽ പരസ്യ വോട്ടെടുപ്പ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പളനിസ്വാമി വിഭാഗം. അതിനാലാണ് രഹസ്യ ബാലറ്റ് ആവശ്യം സ്പീക്കർ പി. ധനപാൽ തള്ളിയതിനെ മറ്റുള്ളവർ പ്രതിഷേധിക്കുന്നത്. ഇതിനിടെ മീഡിയാറൂം പൂട്ടുകയും മൊബൈൽ ജാമറുകൾ ഉപയോഗിച്ച് മൊബൈൽ ഉപയോഗം തടയുകയും ചെയ്തിട്ടുണ്ട്. ഇതിലും വൻ പ്രതിഷേധം ഉയരുന്നു.

പളനിസാമിക്കെതിരെ പനീർസെൽവം വിഭാഗവും ഡിഎംകെയും സഭയിൽ കൈകോർത്തുള്ള നീക്കമാണ് നടത്തുന്നത്. ഡിഎംകെ എം!എൽഎമാർ സഭയ്ക്കുള്ളിൽ ഒ.പനീർസെൽവത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. പനീർസെൽവം വിഭാഗത്തിന്റെ ചീഫ് വിപ്പ് സെമ്മലൈയെ സംസാരിക്കാൻ അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരെയും സഭയിൽ ബഹളമുണ്ടായി. സെമ്മലൈയ്ക്ക് മൈക്ക് കൈമാറണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആവശ്യപ്പെട്ടു. എംഎൽഎമാരെ തടവിലാക്കിയെന്ന ആരോപണമുയർത്തിയും ഡിഎംകെ അംഗങ്ങൾ ബഹളംവയ്ക്കുകയാണ്.

നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ വാഹനം പ്രവേശനകവാടത്തിനു സമീപം പരിശോധിക്കാനുള്ള നീക്കം ചെറിയ സംഘർഷത്തിനും കാരണമായി. പ്രതിപക്ഷ പാർട്ടികളായ ഡിഎംകെ, കോൺഗ്രസ്, മുസ്!ലിം ലീഗ് എന്നിവർ സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആരോഗ്യകാരണങ്ങളാൽ ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി സഭയിൽ എത്തില്ല. റിസോർട്ടിൽ നിന്ന് രക്ഷപ്പെട്ട ഒരു എംഎൽഎയും സഭയിൽ എത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നുമാത്രം രണ്ട് എംഎൽഎമാർ കൂടി പളനിസാമി ക്യാംപ് വിട്ടു. കോയമ്പത്തൂർ നോർത്ത് എംഎൽഎ പി.ആർ.ജി. അരുൺകുമാർ, കാങ്കയം എംഎൽഎ തനിയരശ് എന്നിവരാണു പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ചത്. 234 അംഗ സഭയിൽ നിലവിൽ പളനിസാമിക്ക് 121 പേരുടെ പിന്തുണയുണ്ടെന്നാണു സൂചന.

ഗവർണർ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോർട്ടിൽ പാർപ്പിച്ചിട്ടുള്ള എംഎൽഎമാർ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാൻ സർക്കാർ തീരുമാനിച്ചത്. വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും അംഗങ്ങൾക്കു വിപ്പ് കൊടുത്തിട്ടുണ്ട്. പാർട്ടിയിൽനിന്നു പുറത്താണെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായാണു ജയിച്ചതെന്നതിനാൽ പനീർസെൽവത്തിനും ഇതു ബാധകമാണ്. ലംഘിക്കുന്നവർ അയോഗ്യത നേരിടേണ്ടി വരും. അതിനാൽ വിജയം ഉറപ്പാണെന്ന മട്ടിലാണ് പളനിസ്വാമി വിഭാഗത്തിന്റെ പ്രതികരണം. എന്നാൽ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെ പ്രമേയത്തെ എതിർക്കുമെന്നതിനാൽ കടുത്ത സംഘർഷാന്തരീക്ഷത്തിലാണ് വോട്ടെടുപ്പ്. അണ്ണാ ഡിഎംകെയിൽ പിളർപ്പുണ്ടായ 1988ലാണ് ഇതിനു മുൻപു തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎൽഎമാരെ സ്പീക്കർ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാൽ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സർക്കാരിനെ പിരിച്ചുവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP