Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയിഡ്‌സ് പകരുന്നത് വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ മാത്രമോ? ഭർത്താവിൽനിന്ന് ഭാര്യയ്ക്ക് എയിഡ്‌സ് പകരില്ലേ? പത്താം ക്ലാസിലെ ജീവശാസ്ത്ര പുസ്തകത്തിലെ അബദ്ധങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന് ഡോ. ഷിംന അസീസ്

എയിഡ്‌സ് പകരുന്നത് വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ മാത്രമോ? ഭർത്താവിൽനിന്ന് ഭാര്യയ്ക്ക് എയിഡ്‌സ് പകരില്ലേ? പത്താം ക്ലാസിലെ ജീവശാസ്ത്ര പുസ്തകത്തിലെ അബദ്ധങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന് ഡോ. ഷിംന അസീസ്

കൊച്ചി: പത്താം ക്ലാസ്സിലെ ജീവശാസ്ത്രപുസ്തകത്തിൽ എയിഡ്സ് പകരുന്ന മാർഗങ്ങൾ പരിചയപ്പെടുത്തുന്ന പാഠഭാഗത്തിലെ സാരമായ പിശക് ചൂണ്ടിക്കാട്ടി ഡോക്ടർ ഷിംന അസീസ്. എയിഡ്സ് പകരുന്നത് വിവാഹപൂർവ്വ/വിവാഹേതര ലൈംഗികതയിലൂടെയെന്ന പുസ്തകത്തിലെ പരാമർശമാണ് വിമർശന വിധേയമാകുന്നത്. എയിഡ്സ് രോഗിയുടെ രക്തം അബദ്ധത്തിൽ സ്വീകരിച്ചു പോയ ഭർത്താവിൽ നിന്നും ഭാര്യക്ക് എയിഡ്സ് പകരില്ലേയെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പാഠപുസ്തകത്തിലൂടെ പകരുന്ന തെറ്റിദ്ധാരണകളെ ഡോക്ടർ വെളിച്ചത്തുകൊണ്ടുവരുന്നത്.

ഡോ. ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പത്താം ക്ലാസ്സിലെ ജീവശാസ്ത്രപുസ്തകത്തിൽ എയിഡ്സ് പകരുന്ന മാർഗങ്ങൾ പരിചയപ്പെടുത്തുന്ന പേജാണ് ചിത്രത്തിൽ. (മലയാളമെഴുതിയിരിക്കുന്ന പടം എനിക്ക് സുഹൃത്തിന്റെ പോസ്റ്റിൽ നിന്ന് കിട്ടിയതാണ്. ഇംഗ്ലീഷ് എഴുതിയ ചിത്രം നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതും. കഴിഞ്ഞ വർഷത്തെ എഡിഷൻ പാഠപുസ്തകത്തിൽ ഈ തെറ്റില്ല.)

ചിത്രത്തിലെ പിങ്ക് നിറമുള്ള വൃത്തം ശ്രദ്ധിക്കുക.
എയിഡ്സ് പകരുന്നത് വിവാഹപൂർവ്വ/വിവാഹേതര ലൈംഗികതയിലൂടെയെന്ന് ഏത് ശാസ്ത്രത്തിന്റെ അടിത്തറയോടെയാണ് എഴുതിപ്പിടിപ്പിച്ച് വച്ചിരിക്കുന്നത്? 'സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം' എന്നൊരു സൂചന എങ്ങും കണ്ടെത്താനായില്ല.
കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കേണ്ട ടീച്ചർക്ക് ക്ലാസ്സിൽ ഉറക്കെ വായിക്കാനുള്ള വേദവാക്യമാണിത്...ലജ്ജാവഹം !

AIDS രോഗം പരത്തുന്ന HIV(Human Immunodeficiency Virus) പകരുന്നത് നാല് മാർഗങ്ങളിലൂടെയാണ്.

*എയിഡ്സ് രോഗിയുടെ ദേഹത്തുപയോഗിച്ച സൂചി പങ്ക് വെക്കുന്നതിലൂടെ

*എയിഡ്‌സ് രോഗിയിൽ നിന്നുമുള്ള രക്തദാനം വഴി

*സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം

*എയിഡ്സ് രോഗിയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്

എന്റെ ചോദ്യം എയിഡ്സ് രോഗിയുടെ രക്തം അബദ്ധത്തിൽ സ്വീകരിച്ചു പോയ ഭർത്താവിൽ നിന്നും ഭാര്യക്ക് എയിഡ്സ് പകരില്ലേ? പാഠരചയിതാവിന്റെ വീക്ഷണത്തിൽ അവർ ശരീരം പങ്ക് വെക്കാൻ അർഹതയുള്ളവരാണല്ലോ.

ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് ശരീരസ്രവങ്ങൾ കലരുന്നത് മാരേജ് സർട്ടിഫിക്കറ്റ് നോക്കിയിട്ടല്ല. ശരീരസ്രവങ്ങൾ കലർന്നാൽ ലൈംഗികരോഗങ്ങൾ പകരുക തന്നെ ചെയ്യും. വിവാഹിതരെപ്പോലെത്തന്നെ വിവാഹപൂർവ്വ/വിവാഹേതര/ സ്വവർഗരതിക്കാരും ജീവിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. സത്യത്തിനു നേരെ നെറ്റി ചുളിക്കാൻ വരട്ടെ, ശരീരസ്രവങ്ങൾ കലരാനുള്ള മാർഗം തന്നെയാണ് അവയെല്ലാം...

അടുത്ത ചോദ്യം ബലാൽസംഗം ചെയ്യുന്ന പുരുഷനിലെ AIDS പാവം ഇരയുടെ ശരീരത്തിലേക്ക് കയറാതിരിക്കുമോ?ഇത്രയേറെ സദാചാരബോധമുള്ള വൈറസ് ആ നന്മ കൂടി ചെയ്യുമായിരിക്കുമല്ലേ? ബലപ്രയോഗം കാരണം രക്തവാർച്ചക്ക് ശക്തമായ സാധ്യതയുള്ള കൊടുംക്രൂരതക്കിടെ സ്രവങ്ങൾ കലർന്ന് രോഗം പകരാനുള്ള സാധ്യത കൂടുകയല്ലാതെ കുറയുകയില്ല.

തലമുറകളായി ബയോളജി ടെക്സ്റ്റ് ബുക്കിലെ 'ആ' പേജുകൾ തനിയെ വീട്ടിൽ നിന്ന് പഠിച്ചു മനസ്സിലാക്കാൻ ഉള്ളതാണ്. ടീച്ചർ പഠിപ്പിക്കില്ല, മുക്കിയും മൂളിയും ആ പേജുകൾ മറിച്ചു വിടും. കുട്ടികളിലെ ജിജ്ഞാസ അധികരിക്കുകയാണ് ചെയ്യുന്നത്. പത്ത് പൈസ ചെലവില്ലാതെ 4ജി കിട്ടുന്ന നാട്ടിൽ ടെക്സ്റ്റ് ബുക്കിലെ സുവിശേഷം ദൃശ്യങ്ങളായറിയാൻ കഴിവില്ലാത്ത വിഡ്ഢിക്കൂട്ടമല്ല മുന്നിൽ ഇരിക്കുന്നത് എന്ന് ടെക്സ്റ്റ് ബുക്ക് ഉണ്ടാക്കിയ മഹദ് വ്യക്തിത്വം മനസ്സിലാക്കിയാൽ നന്ന്.

സയൻസ് ടെക്സ്റ്റ് ബുക്ക് പറയേണ്ടത് ശാസ്ത്രമാണ്. വിശപ്പും ദാഹവും പോലെ മനുഷ്യനുള്ള അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് ലൈംഗികതയും. മറ്റേതൊരു കാര്യം പോലെയും അടുത്ത തലമുറ അറിഞ്ഞിരിക്കേണ്ട ഒന്ന്. അല്ലാതെ, കൃത്യമായി ആ ഒരു പേജ് തള്ളിവിട്ട് അപ്പുറമെടുത്ത് ബീജവും അണ്ഡവും ചേർന്നാൽ കുഞ്ഞുവാവയായി എന്നും പറഞ്ഞു കിതാബ് പൂട്ടുന്നത് കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണ്. അറിവ് കിട്ടേണ്ടിടത്ത് നിന്ന് കിട്ടിയില്ലെങ്കിൽ കിട്ടുന്നിടം തിരഞ്ഞവർ പോയേക്കാം. കൗമാരത്തിന്റെ കൗതുകവും സാഹസികതയും ഉൽപതിഷ്ണുതയും നേർവഴിക്കു നയിച്ച് അവരെ ഉത്തമ പൗരന്മാർ ആക്കേണ്ട ധർമം വലിയൊരു പരിധി വരെ അദ്ധ്യാപകരിൽ തന്നെയാണ്.

അതേ കാരണത്താൽ, വേണ്ടതെല്ലാം വിരൽ ഞൊടിച്ചാൽ കിട്ടുന്ന പുതിയ തലമുറയുടെ മുന്നിലേക്ക് സുരക്ഷിതമല്ലാത്ത ലൈംഗികത ഉണ്ടാക്കാവുന്ന വിപത്തുകൾ പറഞ്ഞു കൊടുക്കേണ്ടത് തോന്നിയ ഇടത്തുകൊണ്ട് പോയി ചാർത്തി കൊടുത്തു കൊണ്ടാവരുത്. അത് കൃത്യമായി പറഞ്ഞു കൊടുക്കണം. ലൈംഗിക അതിക്രമങ്ങൾ കൂടുന്നു എന്ന് നാഴികക്ക് നാൽപതു വട്ടം നെടുവീർപ്പിടാൻ വരി നിൽക്കുന്നവർ ഇത്തരം കതിരിൽ വളം വെക്കുന്ന പരിപാടികൾ കണ്ടില്ലെന്നു നടിക്കരുത്. പഠനം വേരിൽ നിന്ന് തുടങ്ങണം.

തെറ്റ് പഠിച്ചു കൂടാ..പഠിപ്പിച്ചു കൂടാ. ആരുടേയും താല്പര്യത്തിനു വളച്ചൊടിക്കാനുള്ളതല്ല ശാസ്ത്രസത്യങ്ങൾ. വിവാഹപൂർവ്വ/വിവാഹേതര ലൈംഗികതക്ക് എതിരെ സംസാരിക്കണമെങ്കിൽ അതിനുള്ള വേദികളിലാകാം. രോഗത്തെക്കുറിച്ച് പഠിക്കുമ്പോൾ, വസ്തുതകൾ മതി...

ദയവ് ചെയ്ത്, ഭാവിതലമുറയുടെ മൂർദ്ധാവിൽ കൂടി മണ്ഡരി ബാധിപ്പിക്കരുത്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP