Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ജുവാര്യർ നിരാഹാരം ഇരിക്കുന്ന സൂചനകൾ പുറത്തു വന്നതോടെ ചലച്ചിത്ര താരങ്ങൾ ഒരുമിച്ചു; കൂട്ടുകാരിയുടെ ദുരന്തം സ്വന്തം പ്രശ്‌നമായി കരുതി രംഗത്തിറങ്ങിയ മഞ്ജുവിന് കടുത്ത നിരാശ; ജനപിന്തുണ ഉണ്ടായിട്ടും സിനിമാ മേഖലയിൽ ഒറ്റപ്പെട്ട് പോയ നടിയും പിന്നോട്ടെന്ന് സൂചന; എല്ലാം ഒത്തുതീർപ്പ് ആക്കുമെന്ന ആശങ്ക ശക്തം

മഞ്ജുവാര്യർ നിരാഹാരം ഇരിക്കുന്ന സൂചനകൾ പുറത്തു വന്നതോടെ ചലച്ചിത്ര താരങ്ങൾ ഒരുമിച്ചു; കൂട്ടുകാരിയുടെ ദുരന്തം സ്വന്തം പ്രശ്‌നമായി കരുതി രംഗത്തിറങ്ങിയ മഞ്ജുവിന് കടുത്ത നിരാശ; ജനപിന്തുണ ഉണ്ടായിട്ടും സിനിമാ മേഖലയിൽ ഒറ്റപ്പെട്ട് പോയ നടിയും പിന്നോട്ടെന്ന് സൂചന; എല്ലാം ഒത്തുതീർപ്പ് ആക്കുമെന്ന ആശങ്ക ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഞ്ജു വാര്യർ കടുത്ത നിരാശയിലാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്കുണ്ടായ ദുരന്തത്തിൽ ഒന്നും ചെയ്യാനാവാതെ പോവുന്നതിന്റെ നിരാശയാണത്. അപകട വിവരം അറിഞ്ഞപ്പോൾ മുതൽ സ്വന്തം കൂടപ്പിറപ്പിന് വേണ്ടിയെന്ന പോലെ രംഗത്തിറങ്ങിയ നടിക്ക് ദുരന്തം നടന്നു ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും മനസിലായി കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്നു. അതുകൊണ്ടാണ് നിലപാട് കർശനമാക്കാനും നിരാഹാരം അടക്കമുള്ള ശ്രമങ്ങളിലേയ്ക്കു കടക്കാനും ആലോചിച്ചത്.

എന്നാൽ ആ വിവരം പുറത്തു വന്നതോടെ സിനിമ ലോകത്ത് നടി വല്ലാതെ ഒറ്റപ്പെട്ടു. സിനിമയെ നിയന്ത്രിക്കുന്ന ലോബികൾ എല്ലാം മഞ്ജുവിനെതിരെ ഒരിമിക്കയായിരുന്നു. മലയാള സിനിമയിലെ ഏക വനിതാ സുപ്പർസ്റ്റാറിന്റെ രണ്ടു കൈയും വിട്ടുള്ള പോക്ക് അപകടത്തിലേയ്ക്കാണെന്നു പലരും മുന്നറിയിപ്പു നൽകി. സിനിമ വ്യവസായത്തെ മുഴുവൻ പ്രതിസന്ധിയിൽ ആക്കുന്ന ഇടപെടലുകൾ വേണ്ട എന്നു തന്നെയായിരുന്നു പൊതു അഭിപ്രായം. അതുകൊണ്ടാണ് ആദ്യം ബോധപൂർവ്വം അകലം പാലിച്ച നടന്മാരും നടന്മാരുടെ സംഘടനയും ഇന്നലെ ധൃതി പിടിച്ച് രംഗത്തിറങ്ങിയത്. നടീനടന്മാരുമായി പ്രശ്‌നം ഉണ്ടാക്കി നിൽക്കുന്ന വിനയൻ-ബൈജു കൊട്ടാരക്കര സംഘത്തിന് അനാവശ്യമായി മൈലേജ് ഉണ്ടാക്കി കൊടുക്കുന്നതിനെതിരെയാണ് വികാരം ഉണർന്നു. ഇതോടെ മഞ്ജുവിൽ സമ്മർദ്ദവും ശക്തമായി. ഈ സാഹചര്യത്തിൽ കടുത്ത നിലപാടിലേക്ക് മഞ്ജു നീക്കില്ല.

ആരേയും കേസിൽ പ്രതി ചേർ്ക്കുകയെന്നത് മഞ്ജുവിന്റെ ലക്ഷ്യമല്ല. എന്നാൽ നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കണ്ടെത്തണം. ഇതിന് സംഭവവുമായി ബന്ധപ്പെട്ടുയരുന്ന എല്ലാം അന്വേഷിക്കണം. അത് സമ്മതിക്കരുതെന്ന തരത്തിലാണ് താരങ്ങളുടെ ഇപ്പോഴത്തെ ഇടപെടലെന്നാണ് മഞ്ജു ക്യാമ്പിന്റെ വിലയിരുത്തൽ. താൻ പ്രതിഷേധത്തിനിറങ്ങിയാൽ വീണ്ടും സിനിമാ മേഖലയിൽ ഒറ്റപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ ആക്രമിക്കപ്പെട്ട നടിയുമായി ആശയ വിനിമയം നടത്തും. അതിന് ശേഷം മാത്രമേ കാര്യങ്ങളിൽ അന്തിമ തീരുമാനം മഞ്ജു എടുക്കൂവെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രത്യേക വ്യക്തിയെ ടാർഗെറ്റ് ചെയ്ത് മഞ്ജു സമരത്തിനിറങ്ങുവെന്ന പ്രചരണം ശക്തമാക്കാൻ നീക്കം തുടങ്ങിയപ്പോഴാണ് നടിയുടെ പുനർചിന്തന വരുന്നത്.

കമലിന്റെ ആമിയെന്ന സിനിമയിൽ മാധവിക്കുട്ടിയായി എത്താനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു. വിദ്യാബാലൻ പിന്മാറിയതോടെയാണ് മഞ്ജുവിന് ആമിയാകാനുള്ള അവസരമെത്തിയത്. അതിനിടെ മഞ്ജുവിനെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നതിനായി ചില കള്ളക്കളികൾ തുടങ്ങിയെന്ന അഭ്യൂഹവുമെത്തി. സംവിധായകനായ കമൽ തന്നെ ഇക്കാര്യത്തിൽ ചില സൂചന നൽകിയെങ്കിലും മഞ്ജു തന്നെയാകും നായികയെന്നും പറഞ്ഞു. കമൽ അടക്കമുള്ളവർ പല വിവാദങ്ങളിലും പെട്ടു. ദേശീയ ഗാന വിഷയത്തിൽ പോലും കമലിനെ പിന്തുണച്ചെത്തിയവരിൽ പ്രമുഖ മഞ്ജുവായിരുന്നു. പൊതു സമൂഹത്തിന്റെ നിലപാടുകൾ കമലിന് അനുകൂലമാകാൻ ഇതും കാരണമായി. അതുകൊണ്ട് തന്നെ കമൽ അടക്കമുള്ളവർ നടിയുടെ പീഡന വിഷയത്തിൽ തനിക്കൊപ്പം നിൽക്കുമെന്നായിരുന്നു മഞ്ജു ക്യാമ്പിന്റെ പ്രതീക്ഷ. എന്നാൽ കമൽ പോലും മറുകണ്ടം ചാടുന്ന സാഹചര്യമാണുണ്ടായത്.

പീഡിപ്പിച്ച നടിയും നടനുമായുള്ള സ്വത്ത് തർക്കുവും മറ്റൊരു നടനുമായി ഉള്ള സാമ്പത്തിക ഇടപാടും സിനിമാ മേഖലയിൽ എല്ലാവർക്കും അറിയാം. നടി തന്നെ തന്നെ സിനിമയിൽ ഒറ്റപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പല വിവരങ്ങളും തുറന്നു പറഞ്ഞു. ഇതും ആർക്കെതിരെയാണെന്ന് എല്ലാവർക്കും അറിയാം. മാദ്ധ്യമങ്ങൾ ഈ വിഷയങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ മാദ്ധ്യമ വിചാരണയെന്ന് തള്ളിപ്പറഞ്ഞ് നിർമ്മാതാക്കളും താരങ്ങളും സംവിധായകരും എത്തുന്നു. ചിലരെയെല്ലാം കുറ്റവിമുക്തരുമാക്കുന്നു. ഇതിന് മമ്മൂട്ടിയും ഇന്നസെന്റും കമലും സുരേഷ് കുമാറും മുന്നിൽ നിൽക്കുന്നു. പീഡന വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായും കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ സംശയ നിഴലിലുള്ളവർ കുറ്റക്കാരല്ലെന്ന് മമ്മൂട്ടിയും ഇന്നസെന്റും കമലും സുരേഷ് കുമാറും പ്രഖ്യാപിക്കുന്നു. ഇത് എങ്ങനെ നീതീകരിക്കാനാകുമെന്നാണ് മഞ്ജു ക്യാമ്പിന്റെ ചോദ്യം.

ശോഭാ സിറ്റിയിലെ ചന്ദ്രബോസിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് നിസാമെന്ന കോടീശ്വരനായിരുന്നു. എന്നാൽ പണത്തിന്റെ കരുത്തിൽ രക്ഷപ്പെടാനായിരുന്നു നിസാമിന്റെ ശ്രമം. മാദ്ധ്യമ ഇടപടെലായിരുന്നു ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. നിസാം അന്നും ഇപ്പോഴും പറയുന്നത് താൻ ചന്ദ്രബോസിനെ കൊന്നിട്ടില്ലെന്നാണ്. അത് അംഗീകരിച്ച് നിസാമിനെ വെറുതെ വിടണമെന്ന് പറയുന്നത് പോലെയാണ് സിനിമാക്കരിൽ പ്രമുഖരുടെ ഇപ്പോഴത്തെ പ്രസ്താവന. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ളവരാണ് ഒരാളെ കുറ്റക്കാരനെല്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇത് പൊലീസിൽ സമ്മർദ്ദമുണ്ടാക്കും. തങ്ങൾക്കൊപ്പമുള്ളവർക്കെതിരെ തിരിയരുതെന്നും അന്വേഷണം പൾസർ സുനി വരെ മതിയെന്നും പൊലീസിന് സന്ദേശം നൽകലാണ് ഇതിലൂടെ സിനിമയിലെ അധികാര ശക്തികൾ ചെയ്യുന്നത്. ഇത് തീർത്തും നീതികരിക്കാനാവാത്ത കാര്യമാണ്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സൂപ്പർതാരത്തിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നു. ഇതിലെല്ലാം സത്യസന്ധതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സൂപ്പർതാരത്തിനെതിരേയും അന്വേഷണം നടക്കണം. പണം നൽകിയ മറ്റൊരു നടന്റെ ഡ്രൈവറായിരുന്നു പൾസർ സുനി. അതുകൊണ്ട് തന്നെ ആ നിലയിലും അന്വേഷണം പൂർത്തിയാക്കണം. അതിന് ശേഷം പൊലീസ ്‌സത്യസന്ധമായ നിലപാടിൽ എത്തട്ടേ. അല്ലാതെ അന്വേഷണ ഘട്ടത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും ചിലരെ കുറ്റവിമുക്തരാക്കി. ഇത് മഞ്ജുവിനെ സമ്മർദ്ദത്തിലാക്കാനാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം ഇരുന്നാൽ തങ്ങൾ ആരും വരില്ലെന്ന് ഇവർ പറയാതെ പറയുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ നിരാഹാരത്തിൽ ചില പുനരാലോചനകൾ നടി നടത്തുന്നുണ്ടെന്നാണ് മറുനാടന് ലഭിച്ച സൂചന. കേരളത്തിലെ പൊതു സമൂഹത്തിലുള്ള മഞ്ജുവിന്റെ അംഗീകാരം സിനിമയിലെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടു വരുന്ന തരത്തിലാകുമോ എന്ന താര രാജാക്കന്മാരുടെ ഭയമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്.

എംഎൽഎയും സിനിമാ നടനുമായ ഗണേശ് കുമാർ സിനിമാ മേഖലയിലെ അധോലോക സ്വഭാവം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. പുറത്തു പറയാനാവാത്ത സാമൂഹിക വിരുദ്ധ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മയക്കു മരുന്നു മാഫിയ മലയാള സിനിമയിൽ ശക്തമാണെന്നും ഗണേശ് പറഞ്ഞിരുന്നു. പണം കടം കൊടുക്കുന്നവരേയും പ്രതിസ്ഥാനത്ത് നിർത്തി. ഗണേശ് കുമാറിനെ പോലുള്ളവരും തന്നെ പിന്തുണയ്ക്കുമെന്ന് അതുകൊണ്ട് തന്നെ മഞ്ജു വാര്യർ കരുതി. പിസി ജോർജും പരസ്യ പ്രതികരണം നടത്തി. ഇവർ പോലും ഇന്നലെ വാക്കുമാറ്റി. സുപ്പർതാരത്തെ കുറ്റവിമുക്തയാക്കി രംഗത്തു വന്നു. ഇതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി മഞ്ജു. സിനിമയിലെ ചേരി തിരിവുകൾ പകൽ പോലെ വ്യക്തമാണ്. രണ്ട് ഗ്രൂപ്പുകൾ എന്നും സീജവമായിരുന്നു. ഇതിൽ മോഹൻലാൽ പക്ഷം തനിക്കൊപ്പമാകുമെന്ന മഞ്ജുവിന്റെ പ്രതീക്ഷയാണ് ഗണേശ് കുമാറിന്റെ മലക്കം മറിച്ചൽ മാറ്റി മറിച്ചത്. ഈ സാഹചര്യത്തിൽ താൻ തീർത്തും ഒറ്റപ്പെട്ടുവെന്ന് മഞ്ജുവും വിലയിരുത്തുന്നു.

പൾസർ സുനിക്ക് അപ്പുറം അന്വേഷണം എങ്ങുമെത്തില്ല. ഗൂഢാലോചനയുടെ തിയറിയിൽ പോലും വേണ്ടപ്പെട്ടവരെ ഒഴിവാക്കാനുള്ള സമർത്ഥമായ കളികൾ ഉണ്ടത്രേ. അതിനാൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായെന്ന് മഞ്ജു ക്യാമ്പ് പറയുന്നു. ഏക പ്രതീക്ഷ മാദ്ധ്യമ ഇടപെടൽ മാത്രമാണ്. ഇതുകൊണ്ട് തന്നെ പ്രശ്‌നത്തിൽ കള്ളക്കളി നടത്താൻ പൊലീസിന് ഭയമുണ്ട്. സംഭവത്തിന് പിടി തോമസിനെ പോലൊരു എംഎൽഎ സാക്ഷിയായതും പ്രതീക്ഷയാണ്. എല്ലാം അറിയുന്ന പിടി തോമസ് നിയമസഭയിൽ സർക്കാരിനെ മുൾമുനയിൽ നിർത്തും. അതുകൊണ്ട് തന്നെ പിണറായി സർക്കാർ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നേരിയ പ്രതീക്ഷയും ഉണ്ട്. വരും ദിനങ്ങളാകും ഇതിനെല്ലാം ഉത്തരം നൽകുക.

അന്വേഷണം ഇഴഞ്ഞാൽ മഞ്ജു വാര്യർ സെക്രട്ടറിയേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുമെന്ന് സൂചന മറുനാടനാണ് പുറത്തുവിട്ടത്. ഇതോടെയാണ് പരസ്യ പ്രസ്താവനകളുമായി താരങ്ങൾ രംഗത്തു വന്നത്. സിനിമാക്കാരി ആക്രമിക്കപ്പെട്ടു എന്നതിൽ അപ്പുറം സ്ത്രീയ്ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണ് മഞ്ജു ആദ്യം മുതൽ സംസാരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ഫെയ്സ് ബുക്കിലൂടെ അതി ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സിനിമാക്കാരുടെ ഒത്തുചേരലിൽ ഗൂഢാലോചനയെന്നത് തുറന്നു പറഞ്ഞു. അപ്പോഴും ആരും മിണ്ടിയില്ല. സൂപ്പർതാരത്തെ രക്ഷിക്കാനുള്ള അണിയറ നീക്കമായിരുന്നു ആ ഒത്തുചേരലെന്നും മനസ്സിലായി. എങ്ങനേയും നടനെ ഗൂഡാലോചയിൽ കൊണ്ടു വരാതിരിക്കാൻ അമ്മയിലെ മുതിർന്ന നേതാവ് തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സിനിമാ നടൻ ഇതിനുള്ള ചരട് വലികൾ നടത്തുന്നുവെന്നും റിപ്പോർട്ടുകളെത്തി. വിഷയത്തിൽ പൊതുവികാരം ഉയർത്താൻ തന്റെ സത്യാഗ്രഹത്തിന് കഴിയുമെന്നും മഞ്ജു കരുതി. ഇത് സർക്കാരിനെതിരായ വികാരമായി മാറും. ഈ സാഹചര്യത്തിൽ പീഡനക്കേസിൽ ആരേയും രക്ഷിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും വിലയിരുത്തി.

ഈ വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്ക് അകം പ്രതികരണവുമായി ദിലീപ് എത്തി. പ്രതിസ്ഥാനത്ത് നിൽക്കുന്ന നടൻ താനല്ലെന്നും തന്നെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതികരിച്ചു. ഇതിന് പുറകെ നടിയെ തട്ടിക്കൊണ്ടു പോയ സംഭവവത്തിൽ നടൻ ദിലീപിനെ പ്രതിരോധിച്ച് സിനിമാ നിർമ്മാതാക്കളും രംഗത്തുവന്നു. ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമം നടക്കുന്നതായി നിർമ്മാതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ ദിലീപിന് പൂർണ്ണ പിന്തുണ നൽകുന്നതായും സംഭവത്തിൽ ഒരാളെ വേട്ടായടാനുള്ള നീക്കം ചെറുക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. സംഭവം ഒരാളിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തിയേറ്റർ ഉടമകളുടെ സമരത്തിനു ശേഷം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് ദിലീപിനെതിരെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു.

പിന്നീട് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചവരെ പിടികൂടാൻ വൈകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയും, സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പ്രതിസ്ഥാനത്തുനിർത്തി പ്രചരിക്കുന്ന റിപ്പോർട്ടുകളെ തള്ളിയുംചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' രംഗത്തു വന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയിൽ അംഗമായ ഒരു പെൺകുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം സമൂഹത്തെയപ്പാടെ നടുക്കുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ത്വരിതഗതിയിൽ നടക്കുന്നു. എങ്കിലും കാര്യങ്ങൾക്കു വേണ്ടത്ര വ്യക്തത കൈവരുകയോ, മുഴുവൻ പ്രതികളും പിടിയിലാവുകയോ ഉണ്ടായിട്ടില്ലെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറൽ സെക്രട്ടറി മമ്മൂട്ടി എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ആഘാതത്തിൽനിന്നു കേരളീയ സമൂഹം മുക്തമാകുന്നതിനു മുൻപു തന്നെ, മറ്റൊരു അഭിനേതാവിനു നേരെ നിന്ദ്യമായ വ്യക്തിഹത്യയും മാദ്ധ്യമവിചാരണയുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മ പറയുന്നു.

അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അക്രമം ഇപ്പോൾ അരങ്ങേറുന്നതെന്നും അമ്മ നിലപാട് എടുത്തു. ഇവിടേയും അമ്മ ഉയർത്തിക്കാട്ടിയത് ദിലീപിനെയാണ്. അതുകൊണ്ട് തന്നെ ഇനി താൻ പ്രശ്‌നത്തിൽ ഇടപെട്ടാൽ തന്റെ കുടുംബ പ്രശ്‌നായി വിലയിരുത്തപ്പെടും. അതുകൊണ്ട് നടിയെ ആക്രമിക്കപ്പെട്ട വിഷയത്തിൽ മൗനത്തിലേക്ക് കടക്കാനാണ് മഞ്ജു വാര്യരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP