Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് സ്ഥാനാർത്ഥിയാക്കി ഉപതെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി; റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാൻ ചിട്ടയോടെ ഒരുങ്ങാൻ നിർദ്ദേശം; ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിൽ കണ്ണുവച്ച് പി കെ ഫിറോസും രണ്ടത്താണിയും; നിയമസഭാ കക്ഷി നേതാവ് സ്ഥാനം മുനീറിന് വിട്ടുകൊടുക്കാൻ മടിച്ച് കെപിഎ മജീദിനെ മത്സരിപ്പിക്കാനും സജീവ നീക്കം

കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത്  സ്ഥാനാർത്ഥിയാക്കി ഉപതെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി; റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാൻ ചിട്ടയോടെ ഒരുങ്ങാൻ നിർദ്ദേശം; ഒഴിവു വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിൽ കണ്ണുവച്ച് പി കെ ഫിറോസും രണ്ടത്താണിയും; നിയമസഭാ കക്ഷി നേതാവ് സ്ഥാനം മുനീറിന് വിട്ടുകൊടുക്കാൻ മടിച്ച് കെപിഎ മജീദിനെ മത്സരിപ്പിക്കാനും സജീവ നീക്കം

എം പി റാഫി

മലപ്പുറം: ദേശീയ ജനറൽ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ ഇന്നലെ ചെന്നൈയിൽ ചേർന്ന മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തതോടെ മലപ്പുറം ഉപ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഉറപ്പായി. മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇ അഹമ്മദിന്റെ പകരക്കാരനായി കുഞ്ഞാലിക്കുട്ടിയെ ഉയർത്തിക്കൊണ്ടുവരാനാണ് യോഗ തീരുമാനം. ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഒഴിവു വന്ന സീറ്റിൽ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാൽ ഇതു സംബന്ധിച്ച വിശദാംശം നേതാക്കൾ പുറത്തു വിട്ടിട്ടില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നേതാക്കളുടെ തീരുമാനം. ദേശീയ നേതാക്കൾക്കിടയിലെ ധാരണപ്രകാരം സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന ശേഷമായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. ദേശീയ തലത്തിൽ പുതിയ കാൽവെപ്പിന് തുടക്കം കുറിക്കുന്നതോടൊപ്പം കേരളത്തിലെ ലീഗ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യം രൂപപ്പെടുന്നതുമാണ് ലീഗിനുള്ളിലെ പുതിയ തീരുമാനങ്ങൾ.

ഉപതെരഞ്ഞടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പാർട്ടിക്കുള്ളിൽ തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ മുസ്ലിംലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ യോഗം കോഴിക്കോട് വച്ച് നടന്നിരുന്നു. ഉപ തെരഞ്ഞെടുപ്പു തന്നെയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടുകയാണ് ലക്ഷ്യം. 1,94,000 വോട്ടാണ് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഇ അഹമ്മദിന്റെ ഭൂരിപക്ഷം. സ്ഥാനാർത്ഥിയുടെ പ്രായാധിക്യത്തെ തുടർന്ന് അന്ന് യൂത്ത് ലീഗിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ നേരത്തെ പാർട്ടി ഘടകങ്ങളെ കോർ്ത്തിണക്കി പ്രവർത്തനം സുഖകരമാക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

ചെന്നൈ യോഗത്തിനു ശേഷം നാളെ മലപ്പുറം പാർലമെന്റ് മണ്ഡലം പരിതിയിലെ പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ജില്ലാ കമ്മിറ്റി വിളിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോഴിക്കോട് നടന്ന യോഗത്തിന്റെ തുടർച്ചയാണ് നാളെ നടക്കാനിരിക്കുന്ന യോഗവും. പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. അതേസമയം കേരള രാഷ്ട്രീയത്തിലെ പിടിവള്ളി പൂർണമായി ഉപേക്ഷിക്കുകയുമില്ല. ഡൽഹി കേന്ദ്രമായി പുതിയ പാർട്ടി ആസ്ഥാനം അടക്കമുള്ള പുതിയ കർമ്മ പദ്ധതികൾ ദേശീയ കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കാൽവെപ്പുകൾ നടത്തുക.

മുസ്്‌ലിംലീഗ് പോഷക ഘടകങ്ങളായ എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ് എന്നീ സംഘടനകൾക്ക് ദേശീയ കമ്മിറ്റികൾ വന്നതിനു ശേഷമുള്ള മുന്നേറ്റം വിലയിരുത്തിയതിന് പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ്, കെ.എം.സി. സി എന്നിവക്കും ദേശീയ കമ്മറ്റികൾ വൈകാതെ രൂപം നൽകുകയാണ് ആദ്യഘട്ടം. മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി രൂപീകരണം ഉൾപ്പെടെ നടക്കുന്ന സമ്മേളനം ഏപ്രിൽ ഒമ്പതിന് ബാംഗ്ലൂർ ടൗൺഹാളിൽ നടക്കും. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ ഈ യോഗത്തിൽ സംബന്ധിക്കുംവിധമാണ് ക്രമീകരണം.

കെ.എം.സി.സിക്ക് ദേശീയ-അന്തർദേശീയ ഏകീകരണ കമ്മിറ്റി രൂപീകരണത്തിന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് കൺവീനറായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. രാഷ്ട്രീയ ശാക്തീകരണത്തിന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങളുമായി ചേർന്ന് വിശാല ഐക്യനിര കെട്ടിപ്പടുക്കാനും ചെന്നൈയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംഘടനാകാര്യ സെക്രട്ടറിയായി ഇ.ടി മുഹമ്മദ് ബഷീർ എംപിയെ യോഗം തെരഞ്ഞെടുത്തിരുന്നു. ദേശീയ തലത്തിൽ ലീഗ് രാഷ്ട്രീയം ഇനി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

1991ൽ ഇ അഹമ്മദ് ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ചതോടെ കേരളത്തിൽ കുഞ്ഞാലിക്കുട്ടി യുഗം പിറക്കുകയായിരുന്നു. അന്ന് ഇ അഹമ്മദിന്റെ പകരക്കാരനായി കേരള രാഷ്ട്രീയത്തിൽ ലീഗിന്റെ കക്ഷി നേതാവ് ആരെന്നതിൽ സംശയമുണ്ടായിരുന്നില്ല. പാർട്ടിയുടെ ജനൽ സെക്രട്ടറി, ട്രഷറർ, വ്യവസായ ഐടി വകുപ്പ് മന്ത്രി തുടങ്ങിയ ചുമതലകൾ വഹിച്ച് കുഞ്ഞാലിക്കുട്ടി യുഗം നീണ്ട 25 വർഷക്കാലം കേരള രാഷ്ട്രീയത്തിൽ തുടർന്നു. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം ഉണ്ടാകുന്നതോടെ കേരള രാഷ്ട്രീയത്തിൽ ലീഗിനെ നയിക്കുക ആരെന്ന ചോദ്യചിഹ്നമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. പാർട്ടിക്കുള്ളിൽ ഇതു സംബന്ധിച്ച ചർച്ചകളും നടക്കുകയാണ്. കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഒഴിവ് വരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ആരാകുമെന്നതിനനുസരിച്ചായിരിക്കും കേരളത്തിലെ പുതിയ അമരക്കാരനെ നിശ്ചയിക്കുക.

യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായി വേങ്ങരയിൽ മത്സരിപ്പിച്ചേക്കും. കുഞ്ഞാലിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയിൽ ഫിറോസിന്റെ പേരാണ് കുഞ്ഞാലിക്കുട്ടി മുൻഗണന നൽകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം സീറ്റ് ഫിറോസിന് നിഷേധിച്ച് കോൺഗ്രസിനു നൽകിയതും ഇപ്പോൾ സമസ്ത നേതാക്കളുടെ പൂർണ പിന്തുണയുള്ളതുമാണ് ഫിറോസിന് സാധ്യതയേറുന്നത്. ഫിറോസിന് വേങ്ങര സീറ്റ് നൽകുന്നതോടെ യൂത്ത് ലീഗിന്റെ പൂർണ പിന്തുണ നേടിയെടുക്കുകയുമാണ് ലക്ഷ്യം. അല്ലെങ്കിൽ, താനാരിൽ ഇടത് സ്വതന്ത്രനോട് കഴിഞ്ഞ നിയമസഭിയിൽ പരാചജയപ്പെട്ട

അബ്ദുറഹിമാൻ രണ്ടത്താണിക്കാണ് സാധ്യത. കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു നോമിനി കൂടിയാണ് രണ്ടത്താണി. ഈ രണ്ടു പേരിൽ ആര് മത്സര രംഗത്തേക്കു വരികയാണെങ്കിലും നിയമസഭാ കക്ഷി നേതാവായി മുൻ മന്ത്രിയും നിലവിൽ എംഎ‍ൽഎയുമായ ഡോ.എം.കെ മുനീറിനെ പരിഗണിച്ചേക്കും. നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ വേങ്ങരയിൽ നിന്നും മത്സരിപ്പിച്ച് കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമാക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതോടെ വേങ്ങര സീറ്റ് സംബന്ധിച്ചും കേരളത്തിലെ ലീഗിന്റെ പുതിയ അമരക്കാരൻ ആരാകുമെന്നും ധാരണയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP