Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏതു സർക്കാർ വന്നാലും അവർക്കൊക്കെ വിജെ കുര്യനെ വേണം; വിരമിച്ചിട്ടും പറഞ്ഞു വിടാതെ സിയാൽ എംഡിയായി നിർത്തി പിണറായി വിജയൻ; നെടുമ്പാശ്ശേരി വിമാനത്താവളത്തെ ലോകത്തിന് മുഴുവൻ മാതൃകയാക്കിയ ഐഎഎസ് ഓഫീസർ വിരമിച്ചിട്ടും തസ്തികയിൽ തുടരുന്നത് കാര്യക്ഷമത കൊണ്ടു തന്നെ

ഏതു സർക്കാർ വന്നാലും അവർക്കൊക്കെ വിജെ കുര്യനെ വേണം; വിരമിച്ചിട്ടും പറഞ്ഞു വിടാതെ സിയാൽ എംഡിയായി നിർത്തി പിണറായി വിജയൻ; നെടുമ്പാശ്ശേരി വിമാനത്താവളത്തെ ലോകത്തിന് മുഴുവൻ മാതൃകയാക്കിയ ഐഎഎസ് ഓഫീസർ വിരമിച്ചിട്ടും തസ്തികയിൽ തുടരുന്നത് കാര്യക്ഷമത കൊണ്ടു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ വികസന ഇടനാഴിയിലെ സുപ്രാധാന ചുവടുവെപ്പായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം. കെ കരുണാകരൻ എന്ന ക്രാന്തദർശിയായ മുഖ്യമന്ത്രിയുടെ കീഴിൽ വിരിഞ്ഞ വികസന സ്വപ്നമായിരുന്നു സിയാൽ എന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ കേരളത്തിൽ തുടങ്ങിയ സുപ്രാധനമായ ഈ പദ്ധതി ഇന്നൊരു വലിയ വിജയാണ്. ഈ വിജയത്തിന്റെ ക്രെഡിറ്റ് മറ്റാരേക്കാളും അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു ഉദ്യോഗസ്ഥൻ കൂടിയുണ്ട്. സിയാലിന്റെ ശിൽപി കൂടിയായ വി ജെ കുര്യൻ എന്ന ഐഎഎസുകാരനാണ് അത്. വിമാനത്താവളത്തിന്റെ എംഡിയായി കെ കരുണാകരൻ നിയമിച്ച വിജെ കുര്യൻ സർക്കാറുകൾ മാറിമാറി വന്നപ്പോഴും ആ സ്ഥാനത്തു തന്നെ തുടർന്നു.

ഏത് സർക്കാർ അധികാരത്തിലിരുന്നാലും വിജെ കുര്യൻ അവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു ജലവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായിരുന്ന വി.ജെ.കുര്യൻ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച മാനേജിങ് ഡയറക്ടർ. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നയതന്ത്ര മികവോടെ പലതും ചെയ്ത ഐഎഎസുകാരൻ. ഇങ്ങനെ പലതുണ്ട് വിശേഷണങ്ങൾ. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി പൂർത്തിയാക്കുന്ന ഈ ഐഎഎസുകാരൻ സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്. എന്നാൽ ഈ കഠിനാധ്വാനിയുടെ സേവനം പൂർണ്ണമായും ഒഴിവാക്കാൻ സർക്കാരിന് കഴിയുന്നുമില്ല. അതുകൊണ്ട് തന്നെ സിയാലിന്റെ എംഡി സ്ഥാനത്ത് വിരമിച്ചാലും നാല് വർഷം കൂടി തുടരും.

നാലുവർഷം കൂടി സിയാലിനു കുര്യന്റെ സേവനം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായി അറിയിച്ചത് മുഖ്യമന്ത്രി തന്നെയാണ്. അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ.കുര്യൻ സർവീസിൽനിന്നുള്ള യാത്രയയപ്പു ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള കമ്പനിക്കു തുടക്കമിട്ട് അതിനെ ലാഭകരമാക്കിയതാണ് വി.ജെ.കുര്യന്റെ ഏറ്റവും വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണമികവിനെ സംസ്ഥാനം വിലമതിക്കുന്നു. സിയാലിന്റെ വിജയം വലിയൊരു കൂട്ടായ്മയുടെ ഭാഗമാണെന്നും പിണറായി പറഞ്ഞു. എന്നാൽ, സിയാലിന്റെ പിറവിക്കു കാരണം അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ ഉറച്ച തീരുമാനവും രാഷ്ട്രീയപിന്തുണയുമാണെന്ന് കുര്യൻ നന്ദിപ്രസംഗത്തിൽ പറഞ്ഞു. 2021നുള്ളിൽ സംസ്ഥാനത്തെ അവശേഷിക്കുന്ന 230 ഗ്രാമപ്പഞ്ചായത്തുകളിൽക്കൂടി ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കാനാകുമെന്ന് ജലവിഭവ സെക്രട്ടറിയുടെ ചുമതല നിർവഹിച്ചിരുന്ന കുര്യൻ പറഞ്ഞു.

1983 ബാച്ച് കേരള കാഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ കുര്യൻ മൂവാറ്റുപുഴ സബ്കലക്ടറായാണ് സർവിസ് ആരംഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ കലക്ടറായി ജോലി നോക്കവെ നിരവധി ജനക്ഷേമപദ്ധതികൾക്ക് തുടക്കമിട്ടു. സ്പൈസസ് ബോർഡ് ചെയർമാൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. എറണാകുളം സീപോർട്ട് എയർപോർട്ട് റോഡിന്റെ നിർമ്മാണത്തിന്റെ അമരക്കാരനായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിലെ ആദ്യ പൊതുസ്വകാര്യ പങ്കാളിത്ത വിമാനത്താവളമെന്ന നിർദ്ദേശം കുര്യൻ മുന്നോട്ടുവെക്കുന്നത്. ഇത് പിന്നീട് കേരളത്തിന്റെ അഭിമാനപദ്ധതിയായി മാറുകയും ചെയ്തു. തുടക്കത്തിൽ നെടുമ്പാശ്ശേരി മോഡൽ ഏറെ വിമർശിക്കപ്പെട്ടു. ഇത്തരമൊരു നിർദ്ദേശം പ്രാവർത്തികമാകുമോ എന്ന് പോലും ചോദിച്ചു. എന്നാൽ ഇന്ന് ഏവരും ചർച്ച ചെയ്യുന്നതും സിയാൽ മോഡൽ വികസന സംരഭങ്ങളെയാണ്.

അങ്ങനെ നിശ്ചയദാർഢ്യംകൊണ്ട് തന്റെ കർമമണ്ഡലത്തിൽ മാതൃകപരമായ പ്രവർത്തനം കാഴ്ചവച്ച ഐ എ എസുകാരനാണ് വിജെ കുര്യൻ. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ എം.ഡിയായി കുര്യൻ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത് പോൾ ചെയ്ത വോട്ടിന്റെ 100 ശതമാനവും നേടി. അടുത്ത അഞ്ച് വർഷത്തേക്ക് കൂടിയാണ് വി.ജെ കുര്യന്റെ കാലാവധി നീട്ടിനൽകിയത്. ഈ സാഹചര്യത്തിലാണ് 2021 വരെ കുര്യൻ സിയാലിന്റെ തലപ്പത്ത് തുടരുന്നത്. നാലാം തവണയായിരുന്നു ഈ ചുമതല കുര്യനെ തേടി എത്തിയത്. ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ നാലുതവണ ഒരേ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാകുന്നത് അപൂർവമാണ്. സിയാലിന്റെ ശില്പി കൂടിയായ കുര്യൻ സർക്കാർ പ്രതിനിധിയായാണ് എംഡിയാകുന്നത്. അതുകൊണ്ട് കൂടിയാണ് വിരമിക്കുമ്പോൾ ഈ സ്ഥാനത്ത് തുടരാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ടി വന്നത്.

36 രാജ്യങ്ങളിലായി 18,300 ഓഹരി ഉടമകളാണു സിയാലിനുള്ളത്. ആകെ ഓഹരികൾ 38.25 കോടി. 2003-04 മുതൽ തുടർച്ചയായി സിയാൽ ലാഭവിഹിതം നൽകുന്നുണ്ട് ഈ വർഷം 103 കോടി രൂപയാണു ലാഭവിഹിതമായി നൽകുന്നത്. ഇതിനെല്ലാം പിന്നിൽ വി ജെ കുര്യന്റെ മാന്ത്രികതയാണ് ഉള്ളത്. വി.ജെ. കുര്യന്റെ നേതൃത്വത്തിൽ സിയാൽ തുടങ്ങിവച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനും കൂടി വേണ്ടിയാണ് സർക്കാർ വിരമിച്ച ഉദ്യോഗസ്ഥന് സിയിലന്റെ ചുമതല നാല് കൊല്ലം കൂടി നൽകുന്നത്. കഴിഞ്ഞ വർഷം കമ്പനി 524.54 കോടി രൂപയുടെ വരുമാനവും 175.22 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭവും നേടി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 26.71 ശതമാനവും ലാഭത്തിൽ 21.19 ശതമാനവും വളർച്ചയുണ്ട്. 36 രാജ്യങ്ങളിലായി 18,200 നിക്ഷേപകരുള്ള സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു.

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏഴാമതും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവുമാണ് സിയാലിനുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77 ലക്ഷത്തിലധികം പേർ കൊച്ചിയിലൂടെ യാത്ര ചെയ്തു. 2023ഓടെ 3,000 കോടി രൂപ വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടന്നുവരുന്നു. അടുത്തിടെ പുതിയ വിമാനത്താവള ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP