Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനാറുകാരിയെ ആരോ ചതിച്ചെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ധ്യാനത്തിനെന്ന് പറഞ്ഞ് മുങ്ങി; ജനകീയ പ്രശ്നങ്ങളിലെല്ലാം ഒപ്പം നിന്ന അച്ചനെ ആരും സ്വപ്നത്തിൽപ്പോലും സംശയിച്ചില്ല; പൊലീസ് കള്ളി പൊളിച്ചപ്പോൾ മൂക്കത്ത് വിരൽ വച്ച് കൊട്ടിയൂരിലെ ജനങ്ങൾ; ഫാ.റോബിനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപതയും

പതിനാറുകാരിയെ ആരോ ചതിച്ചെന്ന് ഇടവകാംഗങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ധ്യാനത്തിനെന്ന് പറഞ്ഞ് മുങ്ങി; ജനകീയ പ്രശ്നങ്ങളിലെല്ലാം ഒപ്പം നിന്ന അച്ചനെ ആരും സ്വപ്നത്തിൽപ്പോലും സംശയിച്ചില്ല; പൊലീസ് കള്ളി പൊളിച്ചപ്പോൾ മൂക്കത്ത് വിരൽ വച്ച് കൊട്ടിയൂരിലെ ജനങ്ങൾ; ഫാ.റോബിനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപതയും

രഞ്ജിത് ബാബു

കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിലെ +1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായ ഫാ. റോബിൻ വടക്കുംഞ്ചേരി ധ്യാനത്തിനെന്നും പറഞ്ഞ് ഒരാഴ്ച മുമ്പു തന്നെ പള്ളിയിൽനിന്നും മുങ്ങിയിരുന്നു. സ്ഥലത്തെ നിർധന കുടുംബത്തിലെ പെൺകുട്ടിയെ ആര് ചതിച്ചുവെന്ന ചോദ്യം നാട്ടുകാരിൽ ഉയർന്നു വന്നപ്പോൾ തന്നെ വൈദികൻ സ്ഥലം വിടുകയായിരുന്നു. എന്നാൽ അദ്ദേഹത്തെ ആരും സംശയിച്ചിരുന്നില്ല.

ആദ്യം സ്വന്തം പിതാവാണ് തന്നെ ചതിച്ചതെന്ന് വിദ്യാർത്ഥിനി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ പ്രദേശത്തെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാറുള്ള പള്ളി വികാരി ഈ സംഭവം അറിയാത്ത പോലെയാണ് നടിച്ചത്. പെൺകുട്ടിയെ ആരോ പറയിച്ചതു പോലെയാണ് സ്വന്തം പിതാവാണ് ഇതിന് ഉത്തരവാദിയെന്ന് പറഞ്ഞത്. പ്രശ്‌നത്തിന്റെ ഗൗരവമൊന്നും അവൾ ഉൾക്കൊണ്ടിരുന്നുമില്ല. ചൈൽഡ് ലൈൻ പൊലീസിനെ വിവരമറിയിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുകയായിരുന്നു. പൊലീസിന്റെ ചോദ്യത്തിന് യഥാർത്ഥ ഉത്തരവാദി നീണ്ടുനോക്കി പള്ളിയിലെ ഫാ റോബിൻ വടക്കുംഞ്ചേരിയാണ് തന്നെ ചതിച്ചതെന്ന് അവൾ മൊഴി നൽകി. വിവരമറിഞ്ഞ് ഈ മേഖലയിലെ ജനങ്ങൾ ജാതി മത ഭേദമെന്യേ ഇത് സത്യമാകരുതേയെന്നാഗ്രഹിച്ചു.

എന്നാൽ അവർക്കു തെറ്റി. കൊട്ടിയൂർ പ്രദേശത്തിന്റെ സർവ്വപ്രശ്‌നങ്ങളിലും ജനങ്ങളോടൊപ്പം നിന്ന വൈദികനുനേരെയാണ് അന്വേഷണം മുറുകിയത്. ഇയാൾ ധ്യാനത്തിനെന്നു പറഞ്ഞ് പെട്ടെന്ന് സ്ഥലം വിട്ടതും സംശയനിവൃത്തി വരുത്തി. ഇതോടെ പ്രദേശത്തെ പലരേയും ഫാദർ പീഡിപ്പിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പീഡിപ്പിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ ഫാദർ പകർത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുന്നു. ഫാദറിന്റെ ലാപ്ടോപ്പും മറ്റും പരിശോധിക്കും. അതിനിടെ നാട്ടുകാർ ശക്തമായി ഇടപെട്ടതുകൊണ്ട് മാത്രമാണ് ഫാദറിനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന സംശയവും ബലപ്പെടുന്നുണ്ട്. ദീപികയുടെ എംഡിയായിരുന്ന ഫാദറിന് വേണ്ടി ഇടതുപക്ഷത്തെ പ്രമുഖർ ഇടപെടൽ നടത്തിയതായും സൂചനകൾ പുറത്തുവരുന്നുണ്ട്.

മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയിൽനിന്നും മോചനം നേടാൻ വൈദികന്റെ ഉപദേശം തേടിയെത്തുന്നവർ ഏറെയാണ്. മതജാതി പരിഗണനകളൊന്നും ഇക്കാര്യത്തിൽ തടസ്സമാകാറുമില്ല. കൊട്ടിയൂരിലെ റോഡു നിർമ്മാണം, വഴിപ്രശ്‌നം, മറ്റു തർക്കങ്ങൾ എന്നിവയ്ക്കെല്ലാം വൈദികന്റെ ഇടപെടൽ കൊണ്ട് പരാഹാരമാകാറുണ്ട്. അത്തരത്തിലുള്ള ഒരാളിൽനിന്നും ഇങ്ങനെയുള്ള ഒരു ഹീനകൃത്യം ജനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പള്ളിയിൽ പോലും വിദ്യാഭ്യാസ പ്രവർത്തനത്തിന് സജീവമാകുന്ന വൈദികൻ കൊട്ടിയൂർ ഹയർ സെക്കന്ററി സ്‌കൂളിനെ നൂറു ശതമാനം വിജയത്തിലെത്തിച്ചതിന് പ്രധാന നേതൃത്വം നൽകിയ ആളാണ്. വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് കുട്ടികൾ നേരിട്ടു തന്നെ വൈദികനെ ചെന്നു കാണാറുമുണ്ട്. എന്നാൽ ഇപ്പോൾ വൈദികനെതിരെ ശാപവചനങ്ങളുമായി ജനങ്ങൾ തിരിയുകയാണ്.

കൊട്ടിയൂർ കുടിയേറ്റ മേഖലയിലേ വലിയ ദേവാലയമാണ് കൊട്ടിയൂർ സെന്റെ സെബാസ്റ്റ്യൻ പള്ളി. ഇടവക കാര്യങ്ങളിൽ ഓടി നടന്ന വൈദീകൻ, കഴിഞ്ഞ ദിവസം വരെ അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരുവോസ്തി ജനങ്ങൾക്ക് നല്കിയ വൈദീകനാണ് ഇദ്ദേഹം, റോബിൽ ഇല്ലാതെ കൊട്ടിയൂരിൽ ഒന്നും നടക്കില്ല. ഒരു കരികിലയും അനങ്ങില്ലെന്ന അവസ്ഥയായിരുന്നു. കൊട്ടിയൂർ വികസന സമിതിയുടെ നായകനായിരുന്നു എല്ലാ കേസുകളും തർക്കങ്ങളും പൊലീസിൽ പോകാതെ തീർക്കാൻ ഇയാൾ ഓടിയെത്തും. മാത്രമല്ല നിരവധി കുട്ടികളേ വൈദീകൻ കർണ്ണാടകത്തിലും, മറ്റുമായി സ്വന്തം ചെലവിൽ പഠിപ്പിക്കുന്നുണ്ട്. നിരവധി കുട്ടികളേ വിദേശത്തേക്ക് അയച്ചു.

എന്നാൽ ഇതെല്ലാം ദുരൂഹതകൾ ഉണ്ടാക്കുന്നു. ഫാ.റോബിൽ പ്രധാനമായും പഠന സഹായം നല്കുന്നത് പെൺകുട്ടികൾക്കുമാത്രമായിരുന്നു. പള്ളിമുറിയിൽ പോലും പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യും ചെയുതുകൊടുത്തതിൽ ജനങ്ങൾ സംശയം കാണുന്നു. വൈദീകന്റെ അടച്ചിട്ട മുറിയിൽ പെൺകുട്ടികൾ പഠനത്തിനും, വിദേശത്തേക്ക് പോകാനും പ്രാർത്ഥനാ സഹായത്തിനും നിത്യ സന്ദർശകരായിരുന്നു. കൊട്ടിയൂരിൽ ഒരു നീന്തൽ കുളം ഈ വൈദീകൻ ഉണ്ടാക്കിയിരുന്നു. ഒരു തോട് കുറുകേ തടയണകെട്ടി ഉണ്ടാക്കിയ ഇവിടെ പെൺകുട്ടികൾ നീന്തുന്ന സമയത്ത് വൈദീകൻ നിത്യ സന്ദർശകനായിരുന്നു. അന്നൊന്നും ആരും തെറ്റുകൾ കണ്ടില്ല. വൈദീകനേ വിശ്വസിച്ചു. എന്നാൽ ഇന്ന് കേൾക്കുന്നത് നിരവധി പരാതികളാണ്.

വൈദീകൻ വിദേശത്തേക്ക് പെൺകുട്ടികളേ വിടുമായിരുന്നു. പഠന വിസയിൽ കാനഡയിലും, ബ്രിട്ടനിലും ഒക്കെ കുട്ടികളേ വിടും. സിം ഗപ്പൂർ, മലേഷ്യ, ഗൾഫ് എന്നിവിടെയൊക്കെ പെൺകുട്ടികളേ വിട്ടിട്ടുണ്ട്. ചെലവ് ഒന്നും വാങ്ങാതെയാണ് വിടുന്നത്. ഈ പെൺകുട്ടികളിൽ പലരേയും വൈദീകൻ പീഡിപ്പിച്ചതായി പരാതികൾ ഉയരുന്നു. നിരവധി തവണ പള്ളിമേടയിൽ വൈദീകന്റെ മുറിയിൽ ഇന്റർവ്യൂ കഴിഞ്ഞ ശേഷമാണ് പഠിക്കാനും വിദേശത്ത് വിടാനുമുള്ള പെൺകുട്ടികളേ തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല പെൺകുട്ടികളേ അയച്ച രാജ്യങ്ങളിലേക്ക് മിക്കവാറും വിദേശയാത്രയും വൈദീകൻ നടത്താറുമുണ്ട്. വിദേശത്ത് ചെന്നും വൈദീകൻ അയച്ച കുട്ടികളേ കാര്യങ്ങൾ തിരക്കാൻ എന്ന പേരിൽ കാണുന്നതും ഫാ.റോബിൻ വടക്കുംഞ്ചേരിയുടെ ശീലമായിരുന്നു. റോബിൽ മാനേജറായ ഐ.ജെ.എം സ്‌കൂളിൽ ആയിരത്തിലധികം കുട്ടികൾ ഉണ്ട്. ഈ സ്‌കൂളിനെതിരേയും ആരോപണമുയരുന്നുണ്ട്.

പ്രദേശത്തെ ഏറ്റവും നിർധന കുടുംബത്തിലെ പെൺകുട്ടിയാണ് വൈദികന്റെ ക്രൂരതകൾക്ക് ഇരയായതായി പരാതി ഉയരുന്നത്. അഞ്ച് പെൺകുട്ടികളിൽ മൂത്തവൾക്കാണ് ഈ ദുരന്തം സംഭവിച്ചത്. ഇളയ അനുജത്തിക്കു രണ്ടു മാസം മാത്രം പ്രായമേയുള്ളൂ. വഞ്ചിക്കപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തിൽ പലപ്പോഴും ഈ വൈദികൻ സഹതാപം പ്രകടിപ്പിക്കാറുമുണ്ട്. ഫാ. റോബിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരിക്കയാണ്. ധ്യാനത്തിനെന്നു പറഞ്ഞ് ഒളിവിൽ പോയ വൈദികനെ തൃശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നാട്ടുകാരുടെ എതിർപ്പ് മനസ്സിലാക്കിയായിരുന്നു ഇത്. വൈദികനെ വിദേശത്തേക്ക് കടത്താൻ ചില കേന്ദ്രങ്ങൾ നീക്കം സജീവമാക്കിയിരുന്നു. സിംഗപ്പൂരിലെത്തിച്ച് രക്ഷപ്പെടുത്താനായിരുന്ന്രേത നീക്കം.

അന്വേഷണത്തിൽ വിദ്യാർത്ഥിനി പ്രസവിച്ച കുഞ്ഞിനെ കണ്ടെത്തുകയും കണ്ണൂരിലെ സർക്കാർ അനാഥാലയത്തിൽ പൊലീസ് സംരക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം വൈദികനെ പൗരോഹിത്യ ചുമതലയിൽ നിന്നും മാറ്റി നിർത്തിയതായി മാനന്തവാടി രൂപത അറിയിച്ചു. സംഭവത്തെക്കുറിച്ച് സഭ അന്വേഷണമാരംഭിച്ചിട്ടുണ്ട്. നീണ്ടുനോക്കി പള്ളിയിലെ വികാരിയുടെ മുറി പൂട്ടി സീൽ ചെയ്തിട്ടുണ്ട്. പൊലീസ് ഇന്ന് വികാരിയുടെ ലാപ്‌ടോപ്പും മറ്റും പരിശോധിക്കുമെന്നും അറിയുന്നു. പീഡന ദൃശങ്ങൾ ലാപ്ടോപ്പിലുണ്ടോ എന്നതും കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും. നവജാത ശിശുവിന്റെ ഡിഎൻഎ പരിശോധിച്ചാൽ പിതൃത്വം തെളിയും. അതുകൊണ്ട് തന്നെ പീഡകനായ വൈദികൻ രക്ഷപ്പെടില്ലെന്നാണ് സൂചന.

പെൺകുട്ടിയുടെ ഇഷ്ടപ്രകാരമായിരുന്നു എല്ലാമെന്ന വാദം ഈ കേസിൽ നിലനിൽക്കില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഡിഎൻഎ പരിശോധനാ ഫലം നിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP