Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലങ്കര സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കു പരാജയം; വൈദീക ട്രസ്റ്റിയായി ഫാ.എം.ഒ ജോണും അൽമായ ട്രസ്റ്റിയായി ജോർജ് പോളും വിജയിച്ചു; യോഗത്തിൽ പങ്കെടുത്തത് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി അയ്യായിരം പ്രതിനിധികൾ

മലങ്കര സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കു പരാജയം; വൈദീക ട്രസ്റ്റിയായി ഫാ.എം.ഒ ജോണും അൽമായ ട്രസ്റ്റിയായി ജോർജ് പോളും വിജയിച്ചു; യോഗത്തിൽ പങ്കെടുത്തത് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി അയ്യായിരം പ്രതിനിധികൾ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി വൈദീക ട്രസ്റ്റിയായി ഫാ.എം.ഒ ജോണും അൽമായ ട്രസ്റ്റിയായി ജോർജ് പോളും വിജയിച്ചു.ഇന്നലെ കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാർത്ഥിയും നിലവിലെ വൈദിക ട്രസ്റ്റിയുമായ ഫാ.ജോൺസ് ഏബ്രഹാം കോനാട്ടിനെയും റോയി.എം മുത്തൂറ്റിനെയുമാണ് ഇരുവരും പരാജയപ്പെടുത്തിയത്. 4092 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഫാ.എം.ഒ ജോണിന് 1400ൽ പരം വോട്ടുകളുടെയും ജോർജ് പോളിന് 22 വോട്ടിന്റെയും ഭൂരിപക്ഷമാണ് ലഭിച്ചത്.

ഇന്ത്യക്കകത്തും വിദേശത്തുമുള്ള മലങ്കര ഓർത്തഡോക്‌സ് സഭയുടെ 1436 ഇടവകകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വേട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ നേടിയ ഫാ.എം.ഒ ജോണിന്റെ ലീഡ് അവസാനം വരെ നിലനിർത്തി.ഇവരോടൊപ്പം വൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് തിരുവനന്തപുരത്തു നിന്നുള്ള വെരി റവ.ജോസഫ് സാമുവേൽ കോർ എപ്പിസ്‌കോപ്പായും മത്സരരംഗത്ത് ഉണ്ടായിരുന്നു.എന്നാൽ അൽമായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ആദ്യ പകുതിയിൽ റോയ് എം മൂത്തൂറ്റാണ് മുന്നിട്ട് നിന്നത്. പിന്നിട് നേടീയ നേരീയ മുൻതൂക്കം ജോർജ് പോൾ നിലനിർത്തുകയായിരുന്നു.ഔദ്യോഗിക പക്ഷത്തിനുണ്ടായ തിരിച്ചടി ഒരു മാസം കഴിഞ്ഞ് നടക്കുന്ന സഭാ സെക്രട്ടറി തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

ഫാ.ജോൺസ് ഏബ്രഹാം കോനാട്ടിന് മത്സരിക്കാൻ താല്പര്യമില്ലായിരുന്നു.എന്നാൽ കാതോലിക്കാബാവയുടെ നോമിനിയായതിനെ തുടർന്ന് മത്സരരംഗത്ത് എത്തുകയായിരുന്നു. ഇതാണ് ഇദേഹത്തിന് തിരിച്ചടിയായതെന്നാണ് കണക്ക് കൂട്ടുന്നത്.

നിലവിലെ അൽമായ ട്രസ്റ്റി മുത്തൂറ്റ് എം.ജോർജ് ഇക്കുറി മത്സരിക്കാനുണ്ടായിരുന്നില്ല. പകരം മുത്തൂറ്റ് കുടുംബത്തിലെ തന്നെ റോയി മുത്തൂറ്റിനെയാണ് രംഗത്തിറക്കുകയായിരുന്നു. കുടുംബവാഴ്ചയ്ക്കെതിരെ നടത്തിയ പ്രചരണവും ജോർജ് പോളിനെ അപകീർത്തിപ്പെടുത്തുന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചില കോണുകളിൽ നിന്ന് പ്രചരിച്ചതുമാണ് റോയിക്ക് വിനയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

യോഗത്തിൽ 47 വൈദികരും 94 അയ്മേനികളും ഉൾപ്പെടെ 141 മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. 30 ഭദ്രാസങ്ങളുടെ ഭദ്രാസനയോഗങ്ങൾ ചേർന്ന് നിർദ്ദേശിച്ച 141 പേരെ മലങ്കര അസോസിയേഷൻ യോഗം അംഗീകരിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ പള്ളികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 4092 വൈദീക - അത്മായ പ്രതിനിധികൾ മലങ്കര അസോസിയേഷനിൽ പങ്കെടുത്തു. രാവിലെ 9 മണിക്ക് രജിസ്ട്രേഷനും12.30ന് പരിശുദ്ധ കാതോലിക്ക ബാവയെയും മെത്രാപ്പൊലീത്തമാരെയും സമ്മേളന വേദിയിലേക്ക് ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയെയും തുടർന്ന് സമ്മേളനം ആരംഭിച്ചു.

സമ്മേളനത്തിൽ ഫാ. ബിജു ആൻഡ്രൂസിന്റെ ധ്യാന പ്രസംഗത്തെ തുടർന്ന് അസോസിയേഷൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ് നോട്ടീസ് കൽപ്പന വായിച്ചു. മുൻ അത്മായ ട്രസ്റ്റി എം. ജി. ജോർജ് മുത്തുറ്റ്, മുൻ വൈദീക ട്രസ്റ്റി ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. തുടർന്നു നടന്ന സഭാ സ്ഥാനികൾക്കായുള്ള തെരഞ്ഞെടുപ്പിന് മുൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേയ്ഡ്, കെ. റ്റി. ചാക്കോ ഐഎഎസ് നേതൃത്വം നൽകി.ഫാ. ഡോ. വർഗ്ഗീസ് വർഗ്ഗീസ്, ഫാ. മോഹൻ ജോസഫ്, എ. കെ. ജോസഫ് എന്നിവർ അസോസിയേഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

സഭാ ചരിത്രത്തിൽ നിർണ്ണായകമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച എം.ഡി സെമിനാരിയിൽ നടക്കുന്ന 25 ാമത് മലങ്കര അസോസിയേഷൻ യോഗമായിരുന്നു ഇത്. കെ.റ്റി ചാക്കോ ഐ.എ.എസ് മുഖ്യവരണാധികാരിയായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP