Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേനൽ കനത്ത് കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ കുഴൽ കിണർ കുത്തൽ നിരോധനം പിൻവലിച്ച് സർക്കാർ; സ്വകാര്യ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ പിൻവലിക്കൽ അവശേഷിച്ച വെള്ളം കൂടി വറ്റിക്കുമെന്ന ആശങ്ക ശക്തം

വേനൽ കനത്ത് കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ കുഴൽ കിണർ കുത്തൽ നിരോധനം പിൻവലിച്ച് സർക്കാർ; സ്വകാര്യ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ പിൻവലിക്കൽ അവശേഷിച്ച വെള്ളം കൂടി വറ്റിക്കുമെന്ന ആശങ്ക ശക്തം

കെ വി നിരഞ്ജൻ

കോഴിക്കോട്: സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കുഴൽ കിണർ കുഴിക്കുന്നത് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് സ്വകാര്യകമ്പനികളുടെ സമ്മർദ്ദത്തെ തുടർന്ന് സർക്കാർ പിൻവലിച്ചു. മെയ് 31 വരെ കുഴൽ കിണർ കുഴിക്കുന്നതിന് ഫെബ്രുവരി 17 ന് ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിച്ചത്. ഗാർഹിക ആവശ്യത്തിന് കുഴൽ കിണർ കുഴിക്കുന്നതിന് തടസ്സമില്ലന്ന് കാണിച്ചാണ് സർക്കാർ ഇപ്പോൾ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകുകയാണ്. കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുന്നു. രൂക്ഷമായ വരൾച്ച മൂലം കുടിവെള്ള ക്ഷാമം വരാനിടയുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് സംസ്ഥാനത്ത് മെയ് 31 വരെ കുഴൽ കിണറുകൾ കുഴിക്കുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഫെബ്രുവരി 18 ന് ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തയും പ്രസിദ്ധീകരിച്ചു. വരൾച്ച കടുത്തതോടെ, ഭൂഗർഭ ജല നിരപ്പിന്റെ അളവ് കുറഞ്ഞതാണ് കുഴൽ കിണർ നിർമ്മാണത്തിന് നിരോധനം ഏർപ്പെടുത്തിയത്.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് റവന്യു വകുപ്പ് നിർദ്ദേശം നൽകിയത്. മെയ് 31 വരെ കുഴൽ കിണറുകൾ കുഴിക്കുന്നത് നിർത്തി വെയ്ക്കാനാണ് നിർദ്ദേശം. ഇതോടൊപ്പം കുടിവെള്ള ചൂഷണം അവസാനിപ്പിക്കാൻ കടുത്ത നടപടി സ്വീകരിക്കാനും ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ പാറക്കുളങ്ങൾ കണ്ടത്തൊനും ഇവിടങ്ങളിലെ ജല ചൂഷണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കലക്ടർമാരോട് നിർദേശിച്ചിരുന്നു.

എന്നാൽ ഈ ഉത്തരവാണ് സർക്കാർ ഇപ്പോൾ മാറ്റിയിരിക്കുന്നത്. സ്വകാര്യ കുഴൽ കിണർ നിർമ്മാതാക്കളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രൂക്ഷമായ വരൾച്ച മൂലം കുടിവെള്ള ക്ഷാമം വരാനിടയുള്ള സാഹചര്യത്തിൽ കുഴൽ കിണർ നിർമ്മാണം ഗാർഹികാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തിയാണ് ഉത്തരവ്. സ്വകാര്യ കുഴൽകിണർ നിർമ്മാണം നിയന്ത്രിക്കേണ്ടതാണെന്നും ഭൂഗർഭ ജല വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥന്റെ ശുപാർശ അനുസരിച്ച് ആവശ്യമായ പ്രദേശങ്ങളിൽ ജില്ലാകലക്ടർക്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിന്റെ വ്യവസ്ഥയ്ക്ക് വിധേയമായി നിർമ്മാണം നിർത്തി വെക്കാവുന്നതാണെന്നും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂർണ്ണമായി നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവിൽ വെള്ളം ചേർത്ത് ചില നിബന്ധനകളോടെ കുഴൽ കിണർ കുഴിക്കാമെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്.

ഗാർഹികാവശ്യത്തിനായി കുഴിക്കുന്ന കുഴൽകിണറുകളുടെ വ്യാസം നാലര ഇഞ്ചും ആഴം പരമാവധി 80 മീറ്ററിലും കൂടുതലാകാൻ പാടില്ല. ഗാർഹിക ആവശ്യത്തിന് കുഴൽകിണർ കുഴിക്കുന്നതിന് ആവശ്യമായ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ള അനുമതി ബന്ധപ്പെട്ടവർ മുൻകൂർ വാങ്ങിച്ചിരിക്കേണ്ടതാണ്. ഭൂഗർഭ ജലവകുപ്പിലെ ജില്ലാഉദ്യോഗസ്ഥൻ ശുപാർശ ചെയ്യന്ന പക്ഷം വരൾച്ച രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34(ജെ) പ്രകാരം സ്വകാര്യ കുഴൽകിണർ നിർമ്മാണം നിർത്തി വെക്കേണ്ടതാണ്. ഈ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം കുഴൽകിണർ നിർമ്മാതാവ്, ഉപഭോക്താവ് എന്നിവർക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. നേരത്തെയുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് കുഴൽ കിണർ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ പ്രയാസത്തിലായിരുന്നു. ഇതിനത്തെുടർന്ന് മന്ത്രിമാരിൽ ഉൾപ്പെടെ സ്വാധീനം ചെലുത്തിയാണ് പുതിയ ഉത്തരവ് അവർ പുറപ്പെടുവിച്ചിരിക്കുന്നത്.

അതിനിടെ കുഴൽക്കിണർ കുഴിക്കുന്നതിനു സർക്കാർ ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നോട്ടിസ് പുറപ്പെടുവിച്ചിരുന്നുു. മഴക്കുറവു മൂലം ജലക്ഷാമം രൂക്ഷമായതിനാൽ കൃഷിയാവശ്യത്തിനു വെള്ളംകിട്ടാൻ കർഷകർക്കു കുഴൽക്കിണർ കുത്താതെ തരമില്ലെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി തോമസ് ആന്റണിയാണു ഹർജി നൽകിയത്. ഇതിനിടെയാണ് നിരോധനം നീക്കുന്നത്. വരൾച്ചയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം കഴിഞ്ഞ മാസം 17നാണു സർക്കാർ സർക്കുലർ ഇറക്കിയത്. സ്വകാര്യ കുഴൽക്കിണർ ഓപ്പറേറ്റർമാർ കുഴൽക്കിണർ കുഴിക്കുന്നതു വിലക്കുന്നതാണു സർക്കുലർ.

എന്നാൽ, കൃഷിക്കു വെള്ളമില്ലാതെ ഭക്ഷ്യോൽപാദനം പ്രതിസന്ധിയിലായാൽ സംസ്ഥാനം പട്ടിണിയിലേക്കു പോകുമെന്നു ഹർജിയിൽ പറയുന്നു. കർഷകരുടെ ജീവിതമാർഗം ഇല്ലാതാക്കുന്നതു ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു. തീരുമാനം പിൻവലിച്ചതിനാൽ ഈ ഹർജി ഇനി അപ്രസക്തമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP