Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീരപ്പനെ കുടുക്കിയത് മദനി? കാട്ടുകള്ളനെ വകവരുത്താൻ ദൗത്യസേനയെ സഹായിച്ച ദമനി എന്ന കഥാപാത്രത്തെ ചൊല്ലി അഭ്യൂങ്ങൾ; സഹായിച്ച വ്യക്തിയെ വെളിപ്പെടുത്തില്ലെന്ന് ദൗത്യസേന തലവൻ; വിജയകുമാറിന്റെ പുസ്തകം ചർച്ചായകുമ്പോൾ

വീരപ്പനെ കുടുക്കിയത് മദനി? കാട്ടുകള്ളനെ വകവരുത്താൻ ദൗത്യസേനയെ സഹായിച്ച ദമനി എന്ന കഥാപാത്രത്തെ ചൊല്ലി അഭ്യൂങ്ങൾ; സഹായിച്ച വ്യക്തിയെ വെളിപ്പെടുത്തില്ലെന്ന്  ദൗത്യസേന തലവൻ; വിജയകുമാറിന്റെ പുസ്തകം ചർച്ചായകുമ്പോൾ

കോഴിക്കോട്: വീരപ്പനെ കുടുക്കാൻ തമിഴ്‌നാട് പൊലീസിനെ സഹായിച്ച വ്യക്തി പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയെന്ന് സൂചനകൾ നൽകി വീരപ്പൻവേട്ടയ്ക്ക് നേതൃത്വം നൽകിയ പ്രത്യേക ദൗത്യസേന തലവനായിരുന്ന കെ. വിജയകുമാർ. ഫെബ്രുവരിയിൽ വിജയകുമാർ പുറത്തിറക്കിയ 'വീരപ്പൻ, ചേസിങ് ദി ബ്രിഗൻഡ്' എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.വസ്തുതകളല്ലാതെ ഒരു വരിപോലും തന്റെ പുസ്തകത്തിലില്ലെന്നും സുരക്ഷാകാരണങ്ങൾകൊണ്ടും രഹസ്യാത്മകത നിലനിർത്താനും ചില പേരുകളിലും സംഭവങ്ങൾ നടന്ന ക്രമത്തിലും മാറ്റംവരുത്തി. ഔദ്യോഗിക രഹസ്യനിയമപ്രകാരം വെളിപ്പെടുത്താനാവാത്ത ചില കാര്യങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും വിജയകുമാർ .പുസ്തകത്തിൽ പറയുന്ന 'ദമനി' പി.ഡി.പി. നേതാവ് അബ്ദുന്നാസർ മഅദനി തന്നെയാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ലെന്നോ പറയില്ല. വീരപ്പനിലെത്താനുള്ള നിർണായകമായ വഴിയായിരുന്നു 'ദമനി' എപ്പിസോഡ് എന്നുമാത്രം പറയാം എന്നാണ് ഇതിനോട് വിജയകുമാർ പ്രതികരിച്ചത്.

നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ് വിജയകുമാർ. ഫെബ്രുവരി എട്ടിന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് പുസ്തകം പ്രകാശനം ചെയ്തത്. വീരപ്പൻവേട്ടയ്ക്ക് പിന്നിലെ അറിയാക്കഥകൾ വെളിപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന പുസ്തകത്തിൽ 'ദമനി' എന്ന പേരിലാണ് വിജയകുമാർ അബ്ദുൽ നാസർ മഅദനിയെക്കുറിച്ച് പരാമർശിക്കുന്നത് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തിയതിന്റെ ഗൂഢാലോചനക്കുറ്റത്തിന് 'ദമനി' കോയമ്പത്തൂർ ജയിലിൽ കഴിയുന്ന കാലം. അതേ കാലയളവിൽ വീരപ്പന്റെ മൂത്ത ജ്യേഷ്ഠൻ മാതയ്യനും കോയമ്പത്തൂർ ജയിലിലുണ്ട്. മാതയ്യനും 'ദമനി'യും തമ്മിൽ സൗഹൃദത്തിലായി. തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ വീരപ്പൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ച എസ്.ടി.എഫ്. ഉദ്യോഗസ്ഥർ 2003 സെപ്റ്റംബറിൽ ജയിലിലെത്തി 'ദമനി'യെ കണ്ടു.

വീരപ്പന്റെ കൂടെ പ്രവർത്തിക്കാൻ തന്റെ നാല് അനുയായികളെ വിട്ടുനൽകാമെന്ന് മാതയ്യനോട് പറയണമെന്ന് എസ്.ടി.എഫ്. ഉദ്യോഗസ്ഥർ 'ദമനി'യോട് ആവശ്യപ്പെട്ടു. പ്രത്യുപകാരമായി 'ദമനി'യുടെ ജാമ്യനടപടികൾ വേഗത്തിലാക്കാൻ സഹായിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഏറെ ചർച്ചകൾക്കുശേഷം 'ദമനി' സമ്മതംമൂളി. തന്റെ കൂടെനിൽക്കുന്ന നാലുപേരെ വീരപ്പൻ സംഘത്തിലേക്ക് അയയ്ക്കാമെന്ന് 'ദമനി' മാതയ്യനോട് പറഞ്ഞു. ജയിലിൽ തന്നെ പതിവായി കാണാൻവരുന്ന മരുമകന്റെ സഹായത്തോടെ മാതയ്യൻ ഈ വിവരം വീരപ്പന്റെ അടുത്തെത്തിച്ചു.

അങ്ങനെയാണ് താൻ 'തിരക്കഥയൊരുക്കിയ പദ്ധതി' നടപ്പാക്കിയതെന്ന് പുസ്തകത്തിൽ വിജയകുമാർ വിവരിക്കുന്നു. പിന്നീടുള്ള ദിവസങ്ങളിലൊന്നും 'ദമനി'ക്ക് മാതയ്യനെ കാണാൻ ജയിലിൽ അവസരമുണ്ടാക്കിയില്ല. ജയിലിലേക്കുള്ള മാതയ്യന്റെ മരുമകന്റെ വരവും പൊലീസ് പലകാരണങ്ങൾ പറഞ്ഞ് തടഞ്ഞു. ഈ സമയത്ത് 'ദമനി' പറഞ്ഞുവിട്ട ആൾക്കാർ എന്നപേരിൽ കന്യാകുമാരി സ്വദേശി ഹിദായത്തുള്ളയും നാലു സുഹൃത്തുക്കളും സത്യമംഗലം കാട്ടിലെത്തി വീരപ്പൻ സംഘത്തോടൊപ്പം ചേർന്നു.

വിവരങ്ങൾ ചോർത്താൻ എസ്.ടി.എഫ്. ഏർപ്പാടാക്കിയതായിരുന്നു ഇവരെ. ആഴ്ചകളോളം വീരപ്പൻ സംഘത്തോടൊപ്പം കഴിഞ്ഞ ഇവർ കാര്യങ്ങൾ മനസ്സിലാക്കി. വീരപ്പന്റെ കണ്ണുകളെ തിമിരം മൂടിയിട്ടുണ്ടെന്നും പുറംലോകത്തെത്തി ചികിത്സനേടാൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള നിർണായകവിവരം നൽകിയതും ഇവരാണ്. സംഘത്തിലെത്തിയ പുതിയ ചെറുപ്പക്കാരുടെ പെരുമാറ്റത്തിൽ പന്തികേടുതോന്നിയ വീരപ്പൻ ഏതാനും ദിവസങ്ങൾക്കുശേഷം അവരോട് നാട്ടിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. പുതിയ ചില 'ഓപ്പറേഷനു'കൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും വിവരം അറിയിക്കുമ്പോൾ വീണ്ടും വരണമെന്നും പറഞ്ഞാണ് പറഞ്ഞുവിട്ടത്.

ഹിദായത്തുള്ളയും സംഘവും നൽകിയ വിവരങ്ങൾവച്ച് വീരപ്പനെയും സംഘത്തെയും വകവരുത്താൻ 'ഓപ്പറേഷൻ കൊക്കൂൺ' എന്ന പേരിൽ വിജയകുമാർ പദ്ധതിയൊരുക്കി. നേത്രശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബർ 18-ന് ധർമപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തിൽവച്ച് എസ്.ടി.എഫ്. സേനാംഗങ്ങൾ വെടിവച്ചുകൊന്നു. 'ദമനി'യുടെ ശിഷ്യന്മാർ എന്നപേരിൽ വീരപ്പൻ സംഘത്തിൽ നുഴഞ്ഞുകയറിയ തങ്ങളുടെ ആൾക്കാർ നൽകിയ വിലപ്പെട്ട വിവരങ്ങൾ ഇല്ലായിരുന്നെങ്കിൽ വീരപ്പൻവേട്ട ഇത്ര എളുപ്പമാകില്ലായിരുന്നുവെന്ന് വിജയകുമാർ പറയുന്നു. 1975-ലെ ഐ.പി.എസ്. കേഡർ ഉദ്യോഗസ്ഥനായ വിജയകുമാർ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്.

വീരപ്പൻവേട്ടയ്ക്കായി പ്രത്യേക ദൗത്യസംഘത്തെ സഹായിച്ച 'ദമനി' അബ്ദുന്നാസർ മഅദനി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയ്യാറല്ലെന്ന് കെ. വിജയകുമാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനസമ്പത്തിനും ജനങ്ങൾക്കും ഭീഷണിയായ വീരപ്പൻ എന്ന കൊള്ളക്കാരനെ ഇല്ലാതാക്കിയതെങ്ങനെ എന്നതിന്റെ സത്യസന്ധമായ വിവരണമാണ് താനെഴുതിയ 'വീരപ്പൻ: ചേസിങ് ദി ബ്രിഗൻഡ്' എന്ന പുസ്തകമെന്നും വിജയകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP