Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അതിവിശ്വസ്തനായ പിഎ ആത്മഹത്യ ചെയ്തു; എല്ലാം അറിയാമായിരുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു; ജനകീയാസൂത്രണം മുതൽ ഒപ്പം സഞ്ചരിച്ച പ്രസ് സെക്രട്ടറിയെ പുറത്താക്കി; അന്ധവിശ്വാസങ്ങളോട് പൊരുതാൻ കുട്ടിച്ചാത്തൻ കയറിയ മന്മോഹൻ ബംഗ്ലാവും 13-ാം നമ്പറും ചോദിച്ച് വാങ്ങിയ തോമസ് ഐസക്കിനെ വിടാതെ പിന്തുടർന്ന് കാലക്കേട്

അതിവിശ്വസ്തനായ പിഎ ആത്മഹത്യ ചെയ്തു; എല്ലാം അറിയാമായിരുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു; ജനകീയാസൂത്രണം മുതൽ ഒപ്പം സഞ്ചരിച്ച പ്രസ് സെക്രട്ടറിയെ പുറത്താക്കി; അന്ധവിശ്വാസങ്ങളോട് പൊരുതാൻ കുട്ടിച്ചാത്തൻ കയറിയ മന്മോഹൻ ബംഗ്ലാവും 13-ാം നമ്പറും ചോദിച്ച് വാങ്ങിയ തോമസ് ഐസക്കിനെ വിടാതെ പിന്തുടർന്ന് കാലക്കേട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ തോമസ് ഐസക് അവതരിപ്പിച്ചത് തന്റെ എട്ടാമത്തെ ബജറ്റായിരുന്നു. സഭയിലെ നിഷ്പക്ഷനായ പിസി ജോർജിന്റെ വാക്കിൽ ഇത്രയും മികച്ച ഒന്ന് കണ്ടിട്ടും കേട്ടിട്ടുമില്ല. സർവ്വ മേഖലയേയും കൈവച്ച ബജറ്റിന്റെ ആത്മാവ് കിഫ്ബിയിലായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ്. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ ചികിത്സ വാഗ്ദാനചെയ്തും ബജറ്റിനെ ജനകീയമാക്കി-ഇങ്ങനെ പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റിനെ മാധ്യമങ്ങളും വിശേഷിപ്പിച്ചു. എന്നിട്ടും തോമസ് ഐസക്കിന് പിഴച്ചു. നായകൻ വില്ലനായി മാറിയ അവസ്ഥ. ഇതിന് കാരണം തേടുമ്പോൾ ഐസകിന്റെ വിശ്വസ്തർ തന്നെ ചൂണ്ടിക്കാട്ടുന്നത് മന്മോഹൻ ബംഗ്ലാവെന്ന കൂട്ടിച്ചാത്തൻ വീട്ടിലേക്കാണ്.

കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്നമാണ്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. ഇവിടെ കുട്ടിച്ചാത്തനുണ്ടെന്ന് കരുത്തവരും ഉണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ സഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേർന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്പേരുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചു. ഇവിടെ താമസിച്ചാൽ പേരുദോഷം ഉറപ്പാണെന്നാണ് ഏവരും പറയുന്നത്. എം വി രാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും ആര്യാടൻ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്.

നിലമ്പൂരിൽ ആര്യാടൻ മത്സരിച്ചില്ലെങ്കിലും മകന് ദയനീയ തോൽവിയായിരുന്നു ഉണ്ടായത്. ഇടത് സർക്കാരിന്റെ അവസാനകാലത്ത് ഇവിടെ താമസിച്ച സുരേന്ദ്രൻ പിള്ളയും പിന്നീട് തെരഞ്ഞെടുപ്പിൽ ജയിച്ചില്ല. കോടിയേരി ബാലകൃഷ്ണൻ, മോൻസ് ജോസഫ് ഇങ്ങനെ ഇവിടെ താമസിച്ച മന്ത്രിമാർക്കെല്ലാം കാലക്കേടിന്റെ കഥ പറയാനുണ്ട്. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ ബംഗ്ലാവിന് പലരും അയിത്തം കൽപിക്കുന്നതും കുപ്രചരണം നടത്തുന്നതും. പക്ഷേ, രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും അത് വിവാദമാകുകയും ചെയ്തെന്നത് മറ്റൊരു കാര്യം. എന്നിട്ടും കുട്ടിച്ചാത്തൻ ഒഴിഞ്ഞില്ല. തോമസ് ഐസക്കിന്റെ ബജറ്റ് ചോർന്നതും കുട്ടിച്ചാത്തൻ ഇടപെടലാകാമെന്ന് കരുതുന്നവർ ഏറെയാണ്.

ഇക്കുറി ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ തുടങ്ങിയ ചർച്ചയായിരുന്നു ആരാകും മന്മോഹൻ മന്ദിരത്തിലെ താമസക്കാരനെന്നത്. അതുപോലെത്തന്നെ 13-ാം നമ്പർ കാറിന്റെ കാര്യവും. ഒരു പേടിയും പ്രകടിപ്പിക്കാതെ ധനമന്ത്രി തോമസ് ഐസക് മന്മോഹൻ ബംഗ്ലാവിൽ താമസിക്കാനെത്തിയതോടെ വിവാദങ്ങൾ അടങ്ങി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരും ഏറ്റെടുക്കാതെ മാറ്റിയിട്ട 13-ാം നമ്പർ കാറും സധൈര്യം തോമസ് ഐസക് ഏറ്റെടുത്തു. വി എസ് സർക്കാരിന്റെ കാലത്ത് 13-ാം നമ്പർകാർ ഏറ്റെടുക്കാൻ സധൈര്യം മുന്നോട്ടുവന്നത് എംഎ ബേബിയായിരുന്നു. കഴിഞ്ഞ തവണ ബജറ്റ് അവതരണത്തിന് മുമ്പ്ാണ് തോമസ് ഐസക് ഈ മന്ത്രിമന്ദിരത്തിലെത്തിയത്. ചിലരുടെ ഉപദേശം കാരണമായിരുന്നു അത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇതോടെ കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരണത്തിന് തൊട്ട് മുമ്പ് ഐസക് മന്മോഹൻ ബംഗ്ലാവിലെത്തി. ഈ അന്ധവിശ്വാസത്തെ കുറിച്ച് ഫെയ്‌സ് ബുക്കിൽ കുറിച്ചായിരുന്നു ഐസക്കിന്റെ പുതിയ വീട്ടിലേക്കുള്ള മാറ്റം.

അന്ന് മന്ത്രി കുറിച്ചത് ഇങ്ങനെ: 'മന്മോഹൻ ബംഗ്ലാവാണ് പുതിയ വീട്. ഇതുവരെ അവിടെ പോയില്ല. ഇതിനകം തന്നെ ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിലർ ഉയർന്ന ഉദ്യോഗസ്ഥർ തന്നെയാണ്. വടക്കേ ഗേറ്റ് തുറന്നിടണം. തെക്കേ ഗേറ്റ് വഴി പോകരുത്. ഇങ്ങനെ പലജാതി ഉപദേശങ്ങൾ. മന്മോഹൻ ബംഗ്ലാവിനെ സംബന്ധിച്ച വിശ്വാസങ്ങൾ പതിമൂന്നാം നമ്പരിനേക്കാൾ കലശലാണ്. അവിടെ താമസിക്കുന്നവർ വാഴില്ലത്രേ. ബഡ്ജറ്റൊക്കെ കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് മാറിയാൽ മതിയെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നാളെ രാത്രി ആകുമ്പോഴേക്കും വിഴിഞ്ഞം വിടാമെന്ന് കരുതുന്നു.' എന്നും മന്ത്രി എഴുതി. അതോടെ അന്ധവിശ്വാസങ്ങൾക്കെതിരെ രണ്ടുംകൽപിച്ച് നീങ്ങുന്ന തോമസ് ഐസക്കെങ്കിലും മന്മോഹൻ ബംഗ്ലാവിന്റെ ചീത്തപ്പേരുമാറ്റുമെന്ന് ഏവരും കരുതി. എന്നാൽ ഐസക്കിനെ കാത്തിരുന്നത് കാലക്കേടുകളുടെ ദിനങ്ങളായിരുന്നു.

മന്മോഹൻ ബംഗ്ലാവിൽ കാലെടുത്തു വച്ച ശേഷം തോമസ് ഐസക്കിന് മരണത്തിലൂടെ നഷ്ടമായത് രണ്ട് വിശ്വസ്തരെയാണ്. വലം കൈയായി നിന്ന രണ്ട് പേർ. ഒരു മാസത്തിനിടയിൽ മന്ത്രി തോമസ് ഐസക്കിന്റെ പഴ്സണൽ സ്റ്റാഫുകളിൽ രണ്ട് പേർ മരിച്ചു. ആദ്യത്തേത് ആത്മഹത്യ. രണ്ടാമത്തേത് ഹൃദയാഘാതം മൂലമുള്ള അകാല മരണം. പഴ്സണൽ സ്റ്റാഫായിരുന്ന പനമറ്റം സ്വദേശി അനസ് ആത്മഹത്യ ചെയ്തത് ഐസക്കിനെ തളർത്തിയിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തോമസ് ഐസക് അമേരിക്കയിലായിരുന്ന സമയത്താണ് അനസ് ആത്മഹത്യ ചെയ്തത്. ഇനിയും അനസിന്റെ മരണത്തിന്റെ കാരണം വ്യക്തമല്ല. ജോലി സമ്മർദ്ദമെന്ന് പറയുന്നുവെങ്കിലും അത് ആർക്കും വിശ്വസിക്കാനാകുന്നില്ല. അപ്രതീക്ഷിതമായ ഈ വിയോഗ വേദനയിൽ നിന്ന് തോമസ് ഐസക് മുക്തനാകുമ്പോൾ അടുപ്പക്കാരിൽ പ്രിയപ്പെട്ട കൃഷ്ണകുമാർ ഹൃദയാഘാതം മൂലം മരിച്ചു. മന്മോഹൻ ബംഗ്ലാവിന്റേയും പതിമൂന്നാം നമ്പറിന്റേയും കാലക്കേടാണ് ഇതിന് പിന്നിലെന്ന് മന്ത്രിയുടെ സഹപ്രവർത്തകരിൽ ചിലരെങ്കിലും വിശ്വസിക്കാൻ തുടങ്ങി. അനസിന്റെ ആത്മഹത്യയും കൃഷ്ണകുമാറെന്ന ആരോഗ്യമുള്ള വ്യക്തിയുടെ മരണവും കാലക്കേടിന്റെ സൂചനയായി ഉയർത്തിക്കാട്ടി. അപ്പോഴും ഐസക് ഇതൊന്നും ശ്രദ്ധിച്ചില്ല.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു തോമസ് ഐസകിന്റെ പേഴ്സണൽ സ്റ്റാഫായിരുന്ന കൃഷ്ണകുമാറിന്റെ മരണം. 47 വയസായിരുന്നു. സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീസറായിരുന്നു കൃഷ്ണകുമാർ. ഡൽഹി ജെഎൻയുവിൽനിന്ന് എംഫിൽ കഴിഞ്ഞ് തിരുവനന്തപുരത്ത് സെസിൽ ഗവേഷണ പ്രൊജക്ടിൽ ചേർന്നു പ്രവർത്തിച്ചുവരവെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായി നിയമിതനാവുകയായിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വേളയിൽ ആസൂത്രണ ബോർഡിൽ നീർത്തടാധിഷ്ഠിത വികസന പരിപാടിയിൽ വിദഗ്ദ്ധനായി പ്രവർത്തിച്ചു. തുടർന്ന് തോമസ് ഐസക്ക് എംഎൽഎ യും ധനമന്ത്രിയുമായപ്പോൾ പേഴ്സണൽ അസിസ്റ്റന്റായിരുന്നു. ഇത്തവണ ഡോ. ഐസക് ധനമന്ത്രിയായപ്പോൾ അസി. പ്രൈവറ്റ് സെക്രട്ടറിയായി. കേരള പഠന കോൺഗ്രസുകളിലും ആലപ്പുഴയിലെ മാലിന്യ നിർമ്മാർജന പദ്ധതിയിലുമൊക്കെ സജീവമായി പ്രവർത്തിച്ചിരുന്നു. അങ്ങനെ തോമസ് ഐസകിന് ഏറെ വേണ്ടപ്പെട്ട വ്യക്തിയായിരുന്നു കൃഷ്ണകുമാർ.

അനസും തോമസ് ഐസകിന്റെ വിശ്വസ്തനായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം എൽഎൽബിയും കഴിഞ്ഞു സി.പി.എം കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്സണൽ സ്റ്റാഫായി ജോലിയിൽ കയറിയത്. അന്നത്തെ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസിൽ ജോലിക്കു കയറിയത്. അഞ്ചു വർഷം തോമസ് ഐസക്കിനൊപ്പം തുടർന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വർഷം അനസ് ജോലിയിൽ തുടർന്നു. പിണറായി സർക്കാർ അധികാരം ഏറ്റപ്പോൾ പേഴ്സണൽ സ്റ്റാഫി നിയമനത്തിൽ ഏറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാർട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂർണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികൾ സ്വപ്നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു അനസ് ആത്മഹത്യ ചെയ്തത്.

വി എസ് അച്യൂതാനന്ദൻ മന്ത്രിസഭയിൽ മികച്ച പ്രകടനാണ് തോമസ് ഐസക് നടത്തിയത്. അതുകൊണ്ട് തന്നെ കൂടുതൽ കരുത്തനായ മന്ത്രിയെ ഇത്തവണയും പ്രതീക്ഷിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവിന് പക്ഷേ ഇത്തവണ രാഷ്ട്രീയമായും തിരിച്ചടി നേരിട്ടുവെന്നതാണ് വസ്തുത. ആലപ്പുഴയിൽ സുധാകരനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചു നിൽക്കുന്നതിനാൽ പാർട്ടിയിൽ സ്വാധീനം കുറഞ്ഞു. പ്രതിഭാ ഹരി അടക്കമുള്ള വിശ്വസ്തരെ പുറത്താക്കാൻ സുധാകരൻ നടത്തുന്ന കരുനീക്കവും മുന്നേറുന്നു. ഇതിനിടെയാണ് നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയും ധനമന്ത്രിയെ ബാധി്ക്കുന്നത്. നികുതി പിരിവ് കാര്യക്ഷ്മമാക്കി സംസ്ഥാനത്തെ വികസന വഴിയിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കിഫ്ബിയിലൂന്നിയ ബജറ്റിലൂടെ പൊതുജനവിശ്വാസം തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോഴാണ് ബജറ്റ് ചോർച്ചെയന്ന വിവാദമെത്തുന്നത്.

പിആർഡിയിലെ ഉദ്യോഗസ്ഥനായ മനോജ് പുതിയവിള ഐസക്കിന്റെ വിശ്വസ്തനായിരുന്നു. എന്തിനും ഏതിനും വർഷങ്ങളായി കൂടെയുണ്ടായിരുന്നു ഈ ആലപ്പുഴക്കാരൻ. ജനകീയാസൂത്രണത്തിലും മാലിന്യനിർമ്മാർജ്ജനത്തിലുമെല്ലാം ഐസക്കിനെ താരമാക്കിയ മുൻ മാധ്യമ പ്രവർത്തകൻ. ഇത്തവണ ഐസക് മന്ത്രിയായപ്പോഴം മനോജ് പുതിയവിള പ്രസ് സെക്രട്ടറിയാകുമെന്ന് ഉറപ്പായിരുന്നു. മന്ത്രിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ശക്തമാകാനുള്ള കാരണക്കാരിൽ പ്രധാനിയും മനോജ് പുതിയവിളയായിരുന്നു. ബജറ്റിന്റെ പ്രസക്തിയും പ്രാധാന്യവും അറിയാവുന്ന വ്യക്തി. എന്നിട്ടും ബജറ്റ് പ്രസംഗം വായിച്ച് തീരും മുമ്പേ മനോജ് പുതിയവിളയുടെ മെയിലിൽ നിന്ന് വിവരങ്ങൾ മാധ്യമപ്രവർത്തകരിലേക്ക് എത്തി. എത്ര ആലോചിച്ചിട്ടും ഈ മെയിൽ എങ്ങനെ പുറത്തായി എന്ന് ആർക്കും മനസ്സിലാകുന്നില്ല. ഇവിടെയാണ് മന്മോഹൻ ബംഗ്ലാവിന്റെ കാലക്കേടിലേക്ക് കാര്യങ്ങൾ വിരൽചൂണ്ടുന്നത്. മനോജ് പുതിയവിളയെന്ന വിശ്വസ്തനേയും ഐസക്കിന്റെ സംഘത്തിൽ നിന്ന് പുറത്താക്കുകയാണ് മന്മോഹന്റെ കാലക്കേടെന്ന് കരുതുന്നവരും ഏറെയാണ്.

അന്ധവിശ്വാസങ്ങളോട് യുദ്ധം പ്രഖ്യാപിച്ചാണ് എന്നും തോമസ് ഐസക്കിന്റെ യാത്ര. അതുകൊണ്ട് തന്നെ അദ്ദേഹം ഇനിയും ഇവിടെ തുടരും. ആരു പറഞ്ഞാലും കേൾക്കുകയുമില്ലെന്ന് ഉറപ്പാണ്. എന്നാൽ പ്രധാനപ്പെട്ട ഔദ്യോഗിക ഉത്തരവാദിത്തങ്ങളെങ്കിലും മന്മോഹൻ ബംഗ്ലാവിൽ ഇരുന്ന് ചെയ്യരുതെന്ന ആവശ്യം മന്ത്രിക്ക് അംഗീകരിക്കേണ്ടിവരും. ഔദ്യോഗിക വീടൊഴിയാതെ തന്നെ താമസം കവടിയാറിലെ സ്വന്തം വീട്ടിലേക്ക് മന്ത്രിമാറ്റിയേക്കുമെന്ന് കരുതുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP