Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഫലപ്രദമായി തടയാൻ പിആർഡിക്ക് കഴിയുന്നില്ല; തിളക്കം കൂട്ടേണ്ട പിആർഡിക്ക് തിളക്കം കുറയുന്നു; സർക്കാർ പരസ്യങ്ങൾ സ്വകാര്യ പരസ്യ ഏജൻസിക്ക് കൈമാറി പിആർഡിയെ നോക്കു കുത്തിയാക്കാൻ നീക്കം സജീവം; പരസ്യ ഏജന്റിന്റെ പ്രതിനിധകളും പിആർഡി ഉന്നത ഉദ്യോഗസ്ഥരും രഹസ്യ യോഗം ചേർന്ന് സ്വകാര്യവൽക്കരണ ചർച്ചകൾ സജീവമാക്കി

സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഫലപ്രദമായി തടയാൻ പിആർഡിക്ക് കഴിയുന്നില്ല; തിളക്കം കൂട്ടേണ്ട പിആർഡിക്ക് തിളക്കം കുറയുന്നു; സർക്കാർ പരസ്യങ്ങൾ സ്വകാര്യ പരസ്യ ഏജൻസിക്ക് കൈമാറി പിആർഡിയെ നോക്കു കുത്തിയാക്കാൻ നീക്കം സജീവം; പരസ്യ ഏജന്റിന്റെ പ്രതിനിധകളും പിആർഡി ഉന്നത ഉദ്യോഗസ്ഥരും രഹസ്യ യോഗം ചേർന്ന് സ്വകാര്യവൽക്കരണ ചർച്ചകൾ സജീവമാക്കി

അരുൺ ജയകുമാർ

തിരുവനന്തപുരം: സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് പിആർഡിക്കുള്ളത്. എന്നാൽ ഇത് നല്ല രീതിയിൽ നിർവ്വഹിക്കാൻ സർക്കാർ സംവിധാനത്തിന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബദൽ മാർഗ്ഗം തേടുകയാണ് വകുപ്പ് ഡയറക്ടർ തന്നെ. സർക്കാർ പരസ്യങ്ങൾ സ്വകാര്യ ഏജൻസിക്ക് നൽകാനാണ് നീക്കം. ഇതോടെ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്‌മെന്റിനെ സ്വകാര്യവൽകരിക്കാൻ അണിയറയിൽ സജീവമായ നീക്കം നടക്കുന്നുവെന്ന ആരോപണവും ഉയരുന്നു.

പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്‌മെന്റിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. പിആർഡിയിലെ തന്നെ ജീവനക്കാർക്ക് ഇങ്ങനെയൊരു നീക്കത്തിൽ കടുത്ത അമർഷമുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് വകുപ്പിലെ ഉന്നതരുടെ നീക്കം. രണ്ടാഴ്ച മുൻപ് ഇത് സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി തൈക്കാട് ഗസ്റ്റ് ഹൗസിൽ വകുപ്പിലെ പ്രമുഖ വ്യക്തികളും ചില സ്വകാര്യ ഏജൻസികളുടെ വക്താക്കളും ഒത്തുകൂടിയതായും വിവരമുണ്ട്. പിആർഡി ഡയറക്ടർ അമ്പാടിയുടെ നേതൃത്വത്തിലാണ് ഗസ്റ്റ് ഹൗസിൽ യോഗം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെയാണ് യോഗം ചേർന്നതെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പിആർഡി വകുപ്പ് ഇങ്ങനെയൊരു യോഗം കൂടിയതും. ഡയറക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഇൻഫർമേഷൻ ഓഫീസർമാർ എന്നിവരാണ് പങ്കെടുത്തത്. പിന്നെ മറ്റ് ചില വ്യക്തികളും പങ്കെടുത്തിരുന്നു. പിആർഡിയെ സ്വകാര്യവൽകരിക്കുവാനായി സ്വീകരിക്കേണ്ട നയം തന്നെയാണ് അനൗദ്യോഗികമായി ചർച്ച ചെയ്തത്. സർക്കാർ പരസ്യങ്ങളിൽ ഏതൊക്കെ പുറത്ത് പരസ്യ ഏജൻസികൾക്ക് നൽകാമെന്നാണ് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ വിഷയമായത്.

സർക്കാർ പരസ്യങ്ങളും പരിപാടികളും ഏകോപിപ്പിക്കേണ്ട വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ അതിനെ സവകാര്യ വൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ വീഴ്ചയാണ്. യോഗത്തിൽ പങ്കെടുക്കാനെത്തിയ സ്വകാര്യ ഏജൻസികളുടെ പ്രതിനിധികളെ പരിചയപ്പെടുത്തിയത് പോലും പുറത്ത് നൽകാവുന്ന പരസ്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കാനെത്തിയവരെന്നാണ്. ഈ യോഗത്തിന് എത്തിയവരിൽ ഏറെയും സി.പി.എം അനുകൂല സംഘടനാ പ്രവർത്തകരായിരുന്നു. ഇവർ ഈ അജണ്ടയെ എതിർത്തുവെന്നതാണ് യാഥാർത്ഥ്യം. അപ്പോഴും സ്വകാര്യവൽക്കരണ നീക്കവുമായി മുന്നോട്ട് പോവകുയാണ് ഡയറക്ടർ എന്നാണ് സൂചന.

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി നൂറു ദിവസം പിന്നിട്ടപ്പോൾ ഭരണ നേട്ടങ്ങളും ആദ്യ കാല പദ്ധതികളും പൊതു ജനങ്ങൾക്ക് മുന്നിലെത്തിക്കാനുള്ള ഉത്തരവാദിത്വം സ്വാഭാവികമായിട്ടും പിആർഡിക്കാണ്. വലിയ ആത്മാർതതയോടെയാണ് ജീവനക്കാർ ഇതിനായി ശ്രമിച്ചിരുന്നതും. എന്നാൽ സർക്കാറിന്റെ നേട്ടങ്ങളും നൂറു ദിവസത്തെ കർമ്മ പരിപാടികളും അടങ്ങിയ ബുക്ലെററിന്റെ അവസാന വട്ട പണികൾ പുരോഗമിക്കുന്നതിനിടയിൽ ഇത് ഒരു സ്വകാര്യ ഏജൻസിക്ക് നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽഡിഎഫിന്റെ പ്രചരണ പരിപാടികൾ പരസ്യം ചെയ്തിരുന്നതും എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നുമുള്ള പരസ്യ വാക്യങ്ങളുമുൾപ്പടെ തയ്യാറാക്കിയ മൈത്രി എന്ന പരസ്യ കമ്പനിക്കാണ് 100 ദിവസത്തെ സർക്കാറിന്റെ പരസ്യവും നൽകിയത്. ഇതിൽ വിജിലൻസിന്റെ ചില പരിശോധനകളും അന്വേഷണങ്ങളും നടക്കുകയും ചെയ്തിരുന്നു.

ഓഫീസ് സമയം കഴിഞ്ഞും തങ്ങൾ ജോലി ചെയ്ത് തയ്യാറാക്കിയതിനെ തമസ്‌കരിക്കുകയും ഒരു സ്വകാര്യ ഏജൻസിക്ക് എല്ലാം ശരിയാക്കികൊടുക്കുന്ന നിലപാട് വകുപ്പ് സ്വീകരിക്കുകയും ചെയ്തത് വലിയ അളവിൽ ജീവനക്കാരുടെ അമർഷത്തിനും സങ്കടത്തിനും വഴിവച്ചു.സർക്കാർ എന്ത് ചെയ്തുവെന്നും എന്തൊക്കെ ചെയ്തുവെന്നും പുറംലോകം അറിയുന്നത് തന്നെ ഈ വകുപ്പിലൂടെയാണ്. സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവർ. സർക്കാറിന്റെ വിവിധ പരിപാടികളുടെ ഫീൽ പബ്ലിസിറ്റി, മീഡിയാ റിലേഷൻ, വെബ്, പത്രക്കുറിപ്പുകൾ തുടങ്ങി എല്ലാം കൈകാര്യം ചെയ്യുന്നത് ഈ വകുപ്പിൽ നിന്നുമാണ്. വെറും 85 ജീവനക്കാർ മാത്രമുള്ള സർക്കാർ വകുപ്പുകളിലെ തന്നെ ഏറ്റവും ചെറിയ വിഭാഗവുമാണ് പിആർഡി. മറ്റ് സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും വ്യത്യസ്തമായി ഭൂരിഭാഗവും ആത്മാർതമായി ജോലി ചെയ്യുന്ന വകുപ്പെന്ന ഖ്യാതിയുമുണ്ട് പിആർഡിക്ക്

മുഖ്യധാരാ മാധ്യമങ്ങളിൽ പത്രപ്രവർത്തകരായി ജോലി ചെയ്തിട്ടുള്ളവർ തന്നെയാണ് പിആർഡി വകുപ്പിലേക്ക് എത്തുന്നതും. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തും കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന വകുപ്പാണ് പിആർഡി. യുഡിഎഫിന്റെ കാലത്ത് വിവിധ വകുപ്പുകൾക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും പിആർഡിയിൽ കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. കഴിഞ്ഞ സർക്കാറിന്റെ സമയത്ത് ഡിപ്പാർട്‌മെന്റിന് തന്നെ നല്ലകാലമായിരുന്നു. നിലവിലെ പിആർഡിയിലെ കാര്യങ്ങളുടെ പോക്ക് ജീവനക്കാരുടെ തന്നെ മനം മടുപ്പിക്കുന്നതാണ്. വകുപ്പിലെ ജീവനക്കാരെ ഒന്നിനുംകൊള്ളാത്തവരെന്ന് മുദ്രകുത്തി മനോവീര്യം കടെുത്തുന്ന നിലപാടിൽ ജീവനക്കാർക്കും കടുത്ത അമർഷമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP