Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയ്‌ക്കൊടുവിൽ ജനം ടിവിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞ് രാജേഷ് പിള്ള; പുറത്തുപോകുന്നത് ചാനലിന്റെ പോക്കിലും നടപ്പിലും എതിർപ്പുള്ളതിനാൽ; തന്റെ അഭിപ്രായങ്ങൾക്കു വില ലഭിച്ചില്ലെന്നും പിള്ള

ആർഎസ്എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയ്‌ക്കൊടുവിൽ ജനം ടിവിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞ് രാജേഷ് പിള്ള; പുറത്തുപോകുന്നത് ചാനലിന്റെ പോക്കിലും നടപ്പിലും എതിർപ്പുള്ളതിനാൽ; തന്റെ അഭിപ്രായങ്ങൾക്കു വില ലഭിച്ചില്ലെന്നും പിള്ള

തിരുവനന്തപുരം: ആർഎസ്എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനം ടിവിയുടെ സിഇഒ സ്ഥാനത്തുനിന്ന് രാജേഷ് പിള്ള രാജിവച്ചു. ഏറെക്കാലമായി ചാനൽ നേതൃത്വവുമായി അഭിപ്രായ ഭിന്നത തുടർന്ന രാജേഷ് പിള്ള തന്റെ രാജിക്കാര്യം അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. തന്റെ ര ാജിക്കത്ത് അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നലെ ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ചാനലിന്റെ ഇന്നത്തെ പോക്കിനെയും നടത്തിപ്പിനെയും കുറിച്ച് കൃത്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് പുറത്തു പോകുന്നതെന്ന് രാജേഷ് പിള്ള വിവരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയേണ്ടത് തന്റെ കടമയാണ്. തന്റെ അഭിപ്രായങ്ങൾക്കു വിലയില്ല എന്നു വ്യക്തമായ സാഹചര്യത്തിൽ ചാനൽ വിടണമെന്നു തോന്നി.

ഒരു കടലാസിൽ ഒതുങ്ങിയ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നാലു വർഷം ഊണും ഉറക്കവും കളഞ്ഞു പ്രവർത്തിച്ചുവെങ്കിലും ഒട്ടും നഷ്ടബോധമില്ലാതെയാണ് രാജിവച്ചു പുറത്തുപോകുന്നതെന്നും രാജേഷ് പിള്ള വ്യക്തമാക്കുന്നു. സ്ഥിരതയും നല്ല ശമ്പളവുമുള്ള ജോലി കളഞ്ഞിട്ടാണ് ചാനലിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തത്. കുറേ പേരുടെ അധ്വാനഫലമായി ചാനൽ യാഥാർഥ്യമായി. ജനങ്ങളെ ആകർഷിക്കാനുള്ള പല നല്ല പരിപാടികളും ചാനലിൽ കൊണ്ടുവരാനും തനിക്കായെന്ന് രാജേഷ്പിള്ള അവകാശപ്പെട്ടു.

രാജേഷ് മാറ്റി പുതിയ ടീമിനെ കൊണ്ടു വരണമെന്ന അഭിപ്രായം വളരെ നാളായി സംഘപരിവാറിൽ ശക്തമായിരുന്നു. ഇതിന് മുന്നോടിയായി മേജർ ലാൽ കൃഷ്ണയെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. ഇതോടെ രണ്ട് അധികാര സ്ഥാനങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാജേഷ് പിള്ള അവധിയിൽ പോകുകയുണ്ടായി.

ആർഎസ്എസ് പിന്തുണയോടെ ആരംഭിച്ച ജനം ചാനലിൽ സംഘപരിവാർ അനുഭാവികളായവരെ ജീവനക്കാരായി നിയമിക്കാതിരുന്നതാണ് രാജേഷ്പിള്ളയ്‌ക്കെതിരേ മാനേജ്‌മെന്റ് തിരിയാൻ കാരണം. കഴിഞ്ഞവർഷം തന്നെ രാജേഷ് പിള്ളയെ ചാനലിൽനിന്നു പുറത്താക്കാനുള്ള നീക്കങ്ങൾ സജീവമായിരുന്നു. എന്നാൽ ഒരുവിഭാഗം ഓഹരിഉടമകളുടെ പിന്തുണയോടെ അദ്ദേഹം ചാനലിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുകയായിരുന്നു. 

രാജേഷ് പിള്ളയുടെ കുറിപ്പ്:

സുഹൃത്തുക്കളെ,
ജനം ടിവിയിൽ നിന്നും രാജി വച്ചു . ഇന്നലെ രാജിക്കത്ത് അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പും കിട്ടി . ആദർശപരമായ അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ല ഈ നടപടി എന്ന് എന്നെ അടുത്തറിയാവുന്നവർക്കു അറിയാം ....കാരണം എന്റെ കാഴ്ചപ്പാടും ചിന്തകളും ജനത്തിൽ അവസരം ലഭിക്കാൻ വേണ്ടി പാകപ്പെടുത്തി എടുത്തതല്ലല്ലോ..... .മറിച്ചു ചാനലിന്റെ ഇന്നത്തെ പോക്കിനെയും, നടത്തിപ്പിനെയും കുറിച്ച് കൃത്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് പുറത്തു പോകുന്നത്... . അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയേണ്ടത് കടമ ആണെന്ന് തോന്നി... അതിനു വിലയില്ല എന്ന് തോന്നിയപ്പോൾ വിടണം എന്നും തോന്നി.. (എല്ലാം തോന്നലുകൾ ആണല്ലോ ) അഭിപ്രായം ആണോ അഭിപ്രായവ്യത്യാസമാണോ ശരി എന്ന് കാലം തീരുമാനിക്കട്ടെ.. .ഇതിനപ്പുറം ഒന്നും ആ വിഷയത്തിൽ പറയാനില്ല...

എന്തായാലുതും ജനം ടിവിയുടെ തുടക്കം മുതൽ പ്രവർത്തിച്ച വ്യകതി എന്ന നിലക്ക്, ഒരു കടലാസ്സിൽ ഒതുങ്ങിയിരുന്ന ഒരു സ്വപ്നത്തിനു ജീവൻ കൊടുക്കാൻ നാല് വർഷം ഊണും ഉറക്കവും കളഞ്ഞു പുറകെ നടന്ന ആൾ എന്ന നിലക്ക് നഷ്ടബോധം ലവലേശമില്ലാതെ, ഏറെ സമാധാനത്തോടെയാണ് ഇറങുന്നതു... ...2012 ലാണ് സ്ഥിരതയും നല്ല ശമ്പളവുമുള്ള ഒരു ജോലി കളഞ്ഞു ഈ സ്വപനത്തിന്റെ പിന്നാലെ കൂടിയത്...അതും എന്ന് ചാനൽ വരുമെന്നോ, എന്നെങ്കിലും ഈ സ്വപനം യാഥാർഥ്യം ആകുമെന്നോ പറയാൻ സാധിക്കാത്ത രാഷ്ട്രീയ കാലാവസ്ഥ നിലനിന്ന കാലത്തു..... ..വിനീത Vineetha Menon ഓർക്കുന്നുണ്ടാകും....പ്രധാനമന്ത്രി ആകുന്നതിനു മുൻപ് ശ്രി നരേന്ദ്ര മോദിയെ കാണാനും ജനം ടിവിയെ കുറിച്ച് സംസാരിക്കാനും അവസരം ലഭിച്ചപ്പോൾ അദ്ദേഹം ആ കൂടിക്കാഴ്ചയിൽ സമയം എടുത്തു വായിച്ചതും അഭിനന്ദിച്ചതും ഞാൻ എഴുതിയ ജനം ചാനലിന്റെ വിഷൻ ഡോക്യുമെന്റ് ആണ് ..എന്തായാലും ഏറെ പേരുടെ അധ്വാനഫലമായി ആ സ്വപ്നം യാഥാർഥ്യമായി ..

2012 നു മുൻപ് തന്നെ കടലാസിൽ കുറിച്ച് വച്ച ചില സ്വപ്നങ്ങൾക്കു ജീവൻ നൽകാനും ജനശ്രദ്ധ പിടിച്ചു പറ്റുന്ന പ്രോഗ്രാമുകൾ ആക്കാനും ജനം ടിവി കാരണമായി ...നമസ്‌തേ പറഞ്ഞു തുടങ്ങുന്ന വാർത്താബുള്ളറ്റിനുകൾ, സ്വകാര്യ ടെലിവിഷനിൽ ആദ്യമായി സംസ്‌കൃത ഭാഷയിൽ വാർത്തകൾ, ശങ്കരഭാഗവൽ പാദരുടെ ദിഗ്‌വിജയത്തിന്റെ പാതയിലൂടെ ഒരു ആധുനിക സഞ്ചാരം നടത്തുന്ന 'ശങ്കരദിഗ്‌വിജയം', വിദ്യാഭ്യാസത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച 'അറിവുണരും വഴിയേ', പ്രശസ്തരുടെ ഉള്ളിലെ ആദ്ധ്യാത്മികതയുടെ നനവ് തേടുന്ന 'അകം പൊരുൾ', തമസ്‌കരിക്കപ്പെട്ട ചരിത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞ 'weekend special' ഡോക്യൂമെന്ററികൾ, വാർത്തകളുടെ ഇന്നലെകൾ തേടുന്ന 'തലക്കെട്ടുകൾ മായുമ്പോൾ' ഭാരതത്തിന്റെ നേട്ടങ്ങളും ഗതകാലപ്രൗഢിയും വിളീബരം ചെയ്യുന്ന ഹിന്ദുസ്ഥാൻ ഹമാരാ capsule ... അങ്ങനെ ഒരു കൂട്ടം പരിപാടികൾ...ഇന്ന് അവയൊന്നും ജനത്തിൽ ഇല്ല.. ഹിന്ദുസ്ഥാൻ ഹമാരാ മാത്രം പേര് തിരിച്ചിട്ടു ഹമാരാ ഹിന്ദുസ്ഥാൻ ആയി തുടരുന്നു...'ശരിയാക്കൽ ' അങ്ങനെയൊക്കെ ആകണമല്ലോ..

ജനം ടിവിയുടെ പ്രോഗ്രാമുകളെയും വാർത്തകളെയും സംബന്ധിച്ചു നിരവധി ടെലിഫോൺ കോളുകളും സന്ദേശങ്ങളുമാണ് കഴിഞ്ഞ രണ്ട് വർഷമായി ദിവസവും ലഭിക്കുന്നത്,,ഇനി അത്തരം സന്ദേശങ്ങൾക്ക് ഈ നിലയത്തിൽ നിന്നും മറുപടി ഉണ്ടാകുന്നതല്ല... പ്രധാനമായും അത് അറിയിക്കാനാണ് ഈ കുറിപ്പ്....

എതിർത്തവർക്കും സ്‌നേഹിച്ചവർക്കും ഒരിക്കൽ കൂടി നല്ല നമസ്‌കാരം..ജനം മാനേജ്‌മെന്റിനും നന്ദി .
ഒരു അഭ്യർത്ഥന കൂടി- ഇതിനു താഴെ പോസിറ്റീവ് comments മാത്രം ഇടണം എന്ന് ..അപേക്ഷിക്കുന്നു വ്യക്തികളെയോ സ്ഥാപനങ്ങളെയോ മോശമായി പരാമർശിക്കരുത് ... എനിക്ക് വേണ്ടത് എല്ലാവരുടെയും ആശംസകളും പ്രാർത്ഥനയും മാത്രമാണ്.......

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP