Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യോഗ ചർച്ച പുറത്തായതോടെ ഒത്തുതീർപ്പിനൊരുങ്ങി ബാറുടമകളും സർക്കാരും; രണ്ട് കൂട്ടരുടേയും മുഖം രക്ഷിക്കുന്ന ഫോർമുല തേടുന്നു; വക്കം തന്നെ മധ്യസ്ഥൻ

യോഗ ചർച്ച പുറത്തായതോടെ ഒത്തുതീർപ്പിനൊരുങ്ങി ബാറുടമകളും സർക്കാരും; രണ്ട് കൂട്ടരുടേയും മുഖം രക്ഷിക്കുന്ന ഫോർമുല തേടുന്നു; വക്കം തന്നെ മധ്യസ്ഥൻ

ബി രഘുരാജ്‌

തിരുവനന്തപുരം: ബാറുടമകളുടെ യോഗത്തിൽ ഉയർന്ന കോഴക്കണക്കുകൾ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ സർക്കാരും ബാറുടമകളും പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പുതിയ ഫോർമുല തേടിത്തുടങ്ങി. കെ.എം. മാണിക്കെതിരെ കോഴ ആരോപണം പരസ്യമായി ഉന്നയിച്ച ബിജു രമേശുമായി അടുത്ത ബന്ധമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ ഇതിനായുള്ള ചരട് വലികളും തുടങ്ങി. കോഴയല്ല, സംഭാവനയായി പാർട്ടികൾക്ക് നൽകിയാതാണ് കാശെന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. സർക്കാരിനെ താഴെയിടാൻ നോക്കിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ബിജു രമേശിന് നേരിടേണ്ടി വരുമെന്നും യുഡിഎഫ് നേതൃത്വം സൂചന നൽകിയിട്ടുണ്ട്.

എല്ലാ ബാറുകളും തുറക്കാൻ അവസരമൊരുങ്ങിയാൽ എല്ലാം ശരിയാക്കാമെന്നാണ് ബിജു രമേശിന്റെ നിലപാട്. ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടാൽ ബാറുടമകളുടെ അനിഷേധ്യ നേതാവായി മാറാമെന്നും കരുതുന്നു. അതിനാൽ ഒത്തു തീർപ്പ് സാധ്യത നൽകിയുള്ള മൊഴി നൽകൽ മാത്രമേ ബിജു രമേശ് വിജിലൻസിന് മുന്നിൽ നൽകൂ. ഈ മൊഴിയുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിലയിരുത്തും. ഭരണത്തെ അട്ടിമറിക്കാൻ പോന്ന ഒന്നും മൊഴിയിൽ ഇല്ലെങ്കിൽ ഒത്തു തീർപ്പ് ചർച്ച സജീവമാക്കും. വിജിലൻസിനെ ഉപയോഗിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് ഭിന്നതയിൽ നേട്ടമുണ്ടാക്കാൻ ഈ വിഷയത്തിൽ ശ്രമിക്കരുതെന്ന് രമേശ് ചെന്നിത്തലയോട് കുഞ്ഞാലിക്കുട്ടി തന്നെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ആത്മാർത്ഥമായ സമീപനമേ ഉണ്ടാകൂ എന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കോഴ വിവാദത്തിൽ നിലപാട് മാറ്റി ഒരു ബാറുടമയും രംഗത്തെത്തി. അരൂരിലെ ബാറുടമ മനോഹരനാണ് നിലപാട് മാറ്റിയത്. കോഴ നൽകിയെന്നത് സുഹൃത്ത് പറഞ്ഞുള്ള കേട്ടറിവു മാത്രമാണെന്നും മന്ത്രി കെ എം മാണിയുടെ വീട്ടിൽ താൻ പോയിട്ടില്ലെന്നുമാണ് മനോഹരൻ പറഞ്ഞത്. മന്ത്രിക്ക് കോഴ നൽകിയതായി അറിയില്ലെന്നും മനോഹരൻ പറഞ്ഞു. എന്നാൽ ബാറുടമകളുടെ പണം വാങ്ങാത്ത രാഷ്ട്രീയക്കാരില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിൽ പുണ്യവാളന്മാരാകേണ്ട. പണം വാങ്ങിയവർക്കും നൽകിയവർക്കും കച്ചവട താത്പര്യം മാത്രമാണുള്ളത്. ബാർ കോഴയിൽ ഒരു തെളിവും പുറത്തുവരാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇന്നലെ ബാറുടമാ യോഗത്തിനിടെ പലതവണ നേതാക്കൾ വക്കവുമായി ബന്ധപ്പെട്ടിരുന്നു. വക്കം വഴിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ചകൾ നടത്തിയതും. ഇന്നലത്തെ സാഹചര്യത്തിൽ ഒത്തു തീർപ്പ് വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ബാറുടമകളുടെ വിശ്വാസ്യത നഷ്ടമായാൽ എന്ത് ആരോപണം ഉണ്ടായാലും കാര്യമില്ല എന്ന സമീപനമാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളത്. എന്നാൽ രാത്രിയിൽ നടന്ന ചർച്ചകളിൽ കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. ഇന്നലെ ആലുവ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് ഇത്തരം നീക്കങ്ങൾ യുഡിഎഫ് ക്യാമ്പ് നടത്തിയത്. മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും മാണിയും രമേശ് ചെന്നിത്തലയും ആലുവയിൽ ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് ബാറുടമകളുമായി ഒത്തു തീർപ്പിന് ശ്രമം വേണമെന്ന പൊതു നിലപാട് ഉണ്ടായതെന്നാണ് സൂചന. ഇതിന് വക്കത്തിനേയും ചുമതലപ്പെടുത്തി.

ബാറുടമാ യോഗത്തിൽ മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും നൽകിയ കോഴയുടെ കണക്കും ചർച്ചയായി. മറുനാടൻ മലയാളി ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തു. തുടർന്ന് മാതൃഭൂമി അടക്കമുള്ള ന്യൂസ് ചാനലുകളും ഏറ്റെടുത്തു. മറുനാടൻ മലയാളി പുറത്ത് വിട്ട കണക്കുകൾ സാധൂകരിച്ച് ബിജു രമേശിന്റെ അഭിമുഖം റിപ്പോർട്ടർ ടിവിയിലും വന്നു. എന്നാൽ മന്ത്രിമാർക്ക് വീതിച്ച് നൽകിയ തുകയുടെ വിശദാംശങ്ങൾ റിപ്പോർട്ടറോട് പറഞ്ഞുമില്ല. ഈ സാഹചര്യത്തിൽ മറുനാടൻ മലയാളിയുടെ കണക്കുകളുമായി പ്രതിപക്ഷം ചാനൽ ചർച്ചയ്ക്ക് എത്തി. കൃത്യമായ മറുപടി ഈ ആക്ഷേപങ്ങൾക്ക് നൽകാൻ കോൺഗ്രസ് വക്താക്കൾക്കുമായില്ല. ഈ സാഹചര്യത്തിലാണ് ബാറുടമകളുമായി ഒത്തു തീർപ്പിന് കളമൊരുങ്ങുന്നത്.

എന്നാൽ ബാറുകൾ വീണ്ടും തുറക്കുന്ന ഫോർമുലമാത്രമേ അംഗീകരിക്കാൻ കഴിയൂ എന്നാണ് ബാറുടമകളുടെ നിലപാട്. ബിജു രമേശ് തന്നെയാകും സർക്കാരും യുഡിഎഫുമായുള്ള ചർച്ചകളിലും നിറയുക. കോടതികളിൽ അനുകൂല നിലപാട് എടുത്താൽ അഴിമതി ആരോപണങ്ങൾ പതിയേ പിൻവലിക്കാമെന്നാണ് നിലപാട്. എന്നാൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനെ വഴിക്ക് കൊണ്ടു വരാതെ ഇത് നടപ്പാകില്ലെന്നും ബാറുടമകൾക്ക് അറിയാം. അതിനാൽ ഒത്തു തീർപ്പ് ചർച്ചകളിലും കരുതലോടെ മാത്രമേ നീങ്ങൂ. സർക്കാരിനെ പ്രതിസന്ധിയിലാക്കി കാര്യം നേടാനുള്ള സുവർണ്ണാവസരമാണ് ഇതെന്നും അവരും തിരിച്ചറിയുന്നു.

ബാറുടമകൾക്ക് പ്രശ്‌ന പരിഹാരം എന്ന ഉറപ്പ് മുഖ്യമന്ത്രിക്കായി വക്കം പുരുഷോത്തമൻ തന്നെ നൽകിയിട്ടുണ്ട്. കോൺഗ്രസിൽ സംഘടനാ പുനഃസംഘടനയാണെന്നും അതിനാൽ കെപിസിസി അധ്യക്ഷനെ മാറ്റാൻ കഴിയുമെന്നുമാണ് വിശദീകരണം. കേരളത്തിലെ എല്ലാ ഗ്രൂപ്പുകളും ഒറ്റക്കെട്ടായി ഈ തീരുമാനം എടുക്കും. സുധീരനെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയെങ്കിലും ബാറുടമകളുടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് ഉറപ്പ്. എന്നാൽ കോഴപ്പണം കൈമാറുന്ന വീഡിയോയോ ഓഡിയോ ക്ലിപ്പുകളോ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകരുത്. ഇനിയാരുടേയും പേരുകൾ പുറത്ത് പറയരുതെന്നും ബാറുടമകളോട് ആവശ്യമുണ്ട്. ഒപ്പം പ്രതിപക്ഷ നിരയിലെ പേരുകളുമായി ആരോപണത്തെ ബന്ധപ്പെടുത്തുകയും വേണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP