Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും; വേങ്ങരയിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആലോചനയിൽ മുസ്ലിം ലീഗ്; സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനം 18ന് മാത്രം; ബിജെപിക്കായി ശോഭാ സുരേന്ദ്രൻ എത്തുമെന്ന് സൂചന

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും; വേങ്ങരയിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആലോചനയിൽ മുസ്ലിം ലീഗ്; സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനം 18ന് മാത്രം; ബിജെപിക്കായി ശോഭാ സുരേന്ദ്രൻ എത്തുമെന്ന് സൂചന

കോഴിക്കോട് : മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. യുഡിഎഫ് അംഗീകാരത്തോടെ തീരുമാനം 15നു പ്രഖ്യാപിക്കും. അന്നു രാവിലെ പാണക്കാട് സംസ്ഥാന പ്രവർത്തക സമിതിയും തുടർന്ന് പാർലമെന്ററി ബോർഡ് യോഗവും ചേരും.

ഇ. അഹമ്മദിന്റെ ഒഴിവിൽ ദേശീയ രാഷ്ട്രീയത്തിൽ ലീഗിന് ഉയർത്തിക്കാട്ടാവുന്ന ഏറ്റവും യോഗ്യമായ പേരു കുഞ്ഞാലിക്കുട്ടിയുടേതാണെന്നു പാർട്ടി വിലയിരുത്തി. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വഹിക്കുന്ന കുഞ്ഞാലിക്കുട്ടിയെ ഉപതിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിനു യുഡിഎഫ് നേതൃത്വവും അനുകൂലമാണ്. റെക്കോർഡ് ഭൂരിപക്ഷത്തോടെ ഇ. അഹമ്മദ് ജയിച്ച മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കുഞ്ഞാലിക്കുട്ടിയെ പാർട്ടി നിയോഗിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു നിൽക്കാൻ എംപി സ്ഥാനമാണ് നല്ലതെന്നും പാർട്ടി കണക്കു കൂട്ടുന്നു.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കും. വേങ്ങരയിൽ നിയമസഭ ഉപതിരഞ്ഞെടുപ്പും എത്തും. കുഞ്ഞാലിക്കുട്ടിയുടെ ഒഴിവിൽ നിയമസഭയിലേക്ക് മൽസരിക്കാനുള്ളവരുടെ പട്ടികയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന്റെ പേരാണ് ആദ്യ പരിഗണനയിലുള്ളത്. കെ.എൻ.എ. ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരും പട്ടികയിലുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി കൂടിയാകും സ്ഥാനാർത്ഥി നിർണ്ണയം.

മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും പ്രത്യേക യോഗങ്ങൾ ഞായറാഴ്ച മലപ്പുറത്ത് ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. സി.പി.എം സ്ഥാനാർത്ഥിയെ മാർച്ച് 18ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാനുള്ള പ്രത്യേക ജില്ല കമ്മിറ്റി യോഗം 18ന് ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കും. ടി.കെ. റഷീദലി, സി.എച്ച്. ആശിഖ്, വി. ശശികുമാർ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. അതേസമയം, പൊതുസമ്മതനായ സ്ഥാനാർത്ഥിയെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. സംവിധായകൻ കമലിന്റെ പേരിനാണ് മുൻഗണന.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രത്യേക പാർലമെന്റ് മണ്ഡലം കമ്മിറ്റി സി.പി.എം രൂപവത്കരിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ.എൻ. മോഹൻദാസിനാണ് കമ്മിറ്റിയുടെ ചുമതല. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഉടനെ പ്രത്യേക കമ്മിറ്റികൾ രൂപവത്കരിക്കും. ബൂത്തുതലങ്ങളിൽ വരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ജില്ല സെക്രട്ടേറിയറ്റ് കർമ പദ്ധതി തയാറാക്കിയിട്ടുണ്ട്. ബിജെപിയും നാളെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP