Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറോം ശർമ്മിളയുടെ സമരം മണിപ്പൂർ ജനത കാണാതെ പോയോ? എന്തുകൊണ്ടാണ് അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം വെറും 90 വോട്ടുകളിൽ മാത്രം ഒതുങ്ങിയത്? മലയാള മനോരമയിലെ നോർത്ത് ഈസ്റ്റ് ലേഖകൻ ജാവേദ് പർവേശ് എഴുതുന്നു..

ഇറോം ശർമ്മിളയുടെ സമരം മണിപ്പൂർ ജനത കാണാതെ പോയോ? എന്തുകൊണ്ടാണ് അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം വെറും 90 വോട്ടുകളിൽ മാത്രം ഒതുങ്ങിയത്? മലയാള മനോരമയിലെ നോർത്ത് ഈസ്റ്റ് ലേഖകൻ ജാവേദ് പർവേശ് എഴുതുന്നു..

ജാവേദ് പർവേശ്

റോമിന്റെ ഈ പരാജയം അത്്ഭുതപ്പെടുത്തുന്നതല്ല. മണിപ്പൂർ തിരഞ്ഞെടുപ്പ് നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുകയും ഇറോമിനോട് പലവട്ടം സംസാരിക്കുകയും ചെയ്ത ഞാനുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് ഇറോം വൻ വോട്ടിന് തോൽക്കുമെന്ന് ഉറപ്പായിരുന്നു.  അങ്ങനെ ത്തന്നെയാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് നോട്ടയ്ക്കും താഴെയാണെന്നതു മാത്രമാണ് വാർത്ത. അപ്പോഴും ഞാൻ ഞെട്ടുന്നില്ല.

അറിയേണ്ട വസ്തുതകൾ ഇതാണ്.

1. ഇറോം ഷർമിളയുടെ സമരം ഒരു മാസ് മൂവ്മെന്റ് അല്ലായിരുന്നു. ജയിലായി നോട്ടിഫൈ ചെയ്ത ആശുപത്രിയിൽ 16 വർഷം ഇറോം നിരാഹാരം കിടക്കുമ്പോൾ പുറത്ത് ജന്തർമന്ദിലെന്നപോലെ പതിനായിരങ്ങൾ നിറഞ്ഞുകവിഞ്ഞ ഒരു സമരവും നടന്നിട്ടില്ല. ആശുപത്രിക്ക് പുറത്തുള്ള പന്തലിൽ നാലഞ്ചു സ്ത്രീകൾ ഊഴമിട്ട് നിരാഹസമരം കിടക്കും. അത്രതന്നെ.

2. വാറണ്ടില്ലാതെ ആരുടെ വീടും റെയ്ഡ് ചെയ്യാനും സംശയം തോന്നിയാൽ വെടിവച്ചുകൊല്ലാനും അധികാരം നൽകുന്ന പ്രത്യേകസൈനികാധികാരനിയമത്തിനെതിരേ (അഫ്സ്പ) ഇറോം നിർഹാരം ആരംഭിക്കുന്നത് വൈകാരികപരമായ ഒരു തീരുമാനത്തിന്റെ പുറത്തായിരുന്നു. അസ്ഫ്പ പിൻവലിക്കാതെ അമ്മയെക്കാണില്ലെന്നും മുടിചീകില്ലെന്നും സ്വയംനിശ്ചയിച്ച വൈകാരിക തീരുമാനം പോലെത്തന്നെ. അത് ഒരു സംഘടന നിശ്ചയിച്ചുറപ്പിച്ച സമരം അല്ലായിരുന്നു.

3.അഫ്സ്പയ്ക്കെതിരേയുള്ള സമരവും മാസ് മൂവ്മെന്റ് അല്ലായിരുന്നു. ഇന്നും ഇരകളുടെ കുടുംബവും സുഹൃത്തുക്കളും ഏതാനും മനുഷ്യവകാശപ്രവർത്തകരും മാത്രമാണ് ഇതിനെതിരേ രംഗത്തുള്ളത്. അന്യന്റെ വീട്ടിൽ നടന്ന മനുഷ്യവകാശലംഘത്തിന് എനിക്ക് എന്തിന് വിഷമം എന്നു ഒരു ജനത കരുതുന്നത് മണിപ്പൂരിന്റെ മാത്രം സവിശേഷതയില്ല.

4. മണിപ്പൂരിലെ സൈന്യത്തിന്റെ കൂട്ടബലാൽസംഗത്തിനെതിരേ മുപ്പതോളം അമ്മമാർ നഗ്‌നരായി പ്രതിഷേധിച്ചപ്പോഴും റൈസ്ബീർ മോന്തിയിരിക്കുകയായിരുന്നു മണിപ്പൂരുകാർ. ഇറോമിന് വേണ്ടി മണിപ്പൂരിൽ സ്ത്രീകൾ മനുഷ്യച്ചങ്ങല തീർത്തു. 10 ലക്ഷം പേർ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തുവെന്ന് കേൾക്കുന്ന മലയാളികൾ അതിൽ പങ്കെടുത്തവരുടെ എണ്ണം കേട്ട് ഞെട്ടേണ്ട. കഷ്ടിച്ച് 100 പേർ മാത്രം.

5. നിരാഹാരം കിടക്കുന്നതിന് മുൻപും അഫ്സ്പയെക്കെതിരേ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തകയായിരുന്നു ഇറോം. ഇംഫാൽ താഴ് വരകളിലൂടെ സൈക്കിൾ ഓടിച്ചുനടന്ന വെറുംപെൺകുട്ടിയല്ലായിരുന്നു അവർ. പത്രക്കുറിപ്പുകൾ പത്രം ഓഫിസുകളിൽ എത്തിച്ചുനൽകുകയും പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന പെൺകുട്ടി. ഇപ്പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ വലിയ കാര്യമല്ലായിരിക്കാം. പക്ഷേ സൈന്യം അവരുടെ നിയമം നടപ്പിലാക്കിയ അക്കാലത്ത് സൈന്യത്തിന്റെ സർവയലൻസിൽ വരാൻ ധൈര്യം കാണിച്ച അപൂർവം പേരിൽ ഒരാളായിരുന്നു അവർ. അഫ്സ്പയെക്കേതിരേ രംഗത്തിറങ്ങിയാൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വീട്ടിൽ പട്ടാളബൂട്ടിന്റെ ശബ്ദം കേൾക്കാം എന്നത് പട്ടാളക്രൂരതകളുടെ അനുഭവം ഇല്ലാത്ത മലയാളിക്ക് മനസിലാകില്ല.

6. ഏതാനും ദിവസം കഴിയുമ്പോൾ ഇറോം സമരം നിർത്തുമെന്നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കരുതിയത്. ഭക്ഷണം കിട്ടാതെ മരിക്കുമെന്നായപ്പോഴും ഇറോം സമരം നിർത്താൻ തയ്യാറായില്ല. തുടർന്നാണ് ബലമായി മൂക്കിലൂടെ ദ്രവരൂപത്തിലൂടെയുള്ള ആഹാരം നൽകാൻ തീരുമാനമായത്. അത് പിന്നീട് അവരുടെ ജീവിതത്തിന്റെ ഭാഗമായി. ഓരോ തവണയും കോടതിയിൽ ഹാജരാക്കുന്ന ഇറോമിന് ജാമ്യം നൽകും. അടുത്ത നിമിഷം അവർ നിരാഹാരം തുടങ്ങും. വീണ്ടും പൈപ്പിലൂടെ ആഹാരം നൽകും.

6.ഇറോമിന്റെ സമരം ലോകശ്രദ്ധയാകർഷിച്ചതോടെയാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇറോം മനുഷ്യവകാശപോരാട്ടത്തിന്റെ പ്രതിരൂപമായി മാറിയത്. ചരിത്രത്തിലെ ഏറ്റവും സുദീർഘമായ നിരാഹാരസമരം എന്ന് ലോകമാധ്യമങ്ങൾ എഴുതിയതോടെ ഇറോമിന് ഒരു നായികയുടെ പരിവേഷം ലഭിച്ചു. മനസാക്ഷിയുടെ തടവുകാരിയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അവരെ വിശേഷിപ്പിച്ചു.

7. ഇറോമിന്റെ സമരത്തിന് വിവിധ മനുഷ്യവകാശസംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. ആംനസ്റ്റി പോലുള്ള സംഘടനകളായിരുന്നു ഇതിനു മുൻപിലുണ്ടായിരുന്നത്.ഇറോം ഫണ്ട് വാങ്ങിയെന്നും ചൈനയുടെ സൃഷ്ടിയാണെന്നുമുള്ളത് വെറും ആരോപണം മാത്രമാണ്. ഇന്നും ദരിദ്രസാഹചര്യത്തിൽ അനാഥയെപ്പോലെയാണ് അവർ ജീവിക്കുന്നത്.

8. ഇറോമിന് പിന്തുണ നൽകിയിരുന്ന ന്യൂനപക്ഷം പോലും ഇറോം സമരം നിർത്തിയപ്പോൾ രണ്ടു തട്ടിലായി. ഒരു വിഭാഗം ഇറോം സമരം നിർത്തരുതെന്ന് പറഞ്ഞപ്പോൾ മറുവിഭാഗം ഇറോമിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞു. ഇറോമിന്റെ സമരത്തെ പുറംലോകത്ത് എത്തിച്ച അവരുടെ നേതാവിന്റെ സ്ഥാനത്തുള്ള ബബ് ലു ലോയിങ്ടോംബാം ഉൾപ്പെടെയുള്ളവർ രണ്ടാമത്തെ പക്ഷക്കാരായിരുന്നു. പക്ഷേ ഇറോം തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചപ്പോൾ ഈ രണ്ടുവിഭാഗവും അവർക്കൊപ്പം നിന്നില്ല.

9. ഒരിക്കൽപോലും ഇറോമിന്റെ സമരത്തിൽ പങ്കാളികളാകാത്തവരാണ് അവരുടെ പ്രജ പാർട്ടിയുടെ നേതാക്കൾ. ഇവരുടെ വാക്കുകളിൽ 16 വർഷം ഏകാന്തജീവിതം നയിച്ച, പുറംലോകത്തെക്കുറിച്ച് അധികം അറിയാത്ത ഇറോം വീണുപോയി. കോളജ് തിരഞ്ഞെടുപ്പിൽപോലും മൽസരിക്കാത്ത നേതാക്കളുള്ള പ്രജയുടെ തിരഞ്ഞെടുപ്പുപ്രചാരണം വൻ പരാജയമായിരുന്നു. ഇറോമിന്റെ മനുഷ്യവകാശപോരാട്ടത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിവുള്ള ഒരാൾപോലും പ്രജയിൽ ഇല്ലാതായിപ്പോയി.

10. ക്രൗഡ് ഫണ്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു ഫണ്ടിനായി ശ്രമിച്ചെങ്കിലും ഇത് വേണ്ടത്ര വിജയിച്ചില്ല. കോടികൾ ചെലവഴിച്ച് തിരഞ്ഞടുപ്പു പ്രചാരണം നടത്തിയ ഇബോബിക്കും ബിജെപി സ്ഥാനാർത്ഥിക്കുമിടയിൽ സൈക്കിളോടിച്ച് പ്രചാരണം നടത്തിയ ഇറോം ഒന്നുമല്ലാതായി.

11. ക്രിസ്ത്യൻ ഭൂരിപക്ഷമായ മണിപ്പൂർ ബിജെപിയെ തുണച്ചു എന്നെല്ലാം പറയുന്നത് കൂടിയ അവകാശവാദമാണ്. മെയ്ത്തികൾ ഹിന്ദുക്കളാണ്. ഹിൽ ഡിസ്ട്രിക്ടുകളിളാണ് ക്രിസ്ത്യാനികളായ നാഗന്മാരുള്ളത്. പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇവർ കോൺഗ്രസിനെതിരേ വോട്ട് കുത്തി എന്നത് ശരിയാണ്. അത് ബിജെപിക്കാർക്കുള്ള ക്രിസ്ത്യൻഎൻഡോഴ്സ്മെന്റ് അല്ല. ഇറോമിന്റെ പരാജയം സൈന്യത്തിന്റെ അക്രമത്തിനുള്ള പിന്തുണയും അല്ല.

12.ഇറോം സമരം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും തിരഞ്ഞെടുപ്പിനു മൽസരിക്കുമ്പോഴും മനുഷ്യവകാശത്തിന് വേണ്ടി നിലകൊള്ളുന്ന വിരലിലെണ്ണാവുന്ന തദ്ദേശീയരും വലിയൊരു വിഭാഗം മാധ്യമങ്ങളും കേരളം ഉൾപ്പെടെ പുറത്തു ജീവിക്കുന്ന സമാനമനസ്‌കരുമാണ് അവരെ പിന്തുണച്ചത്. അതിൽ 90 പേർ ഒഴികെ മറ്റാക്കും തൗബാലിൽ വോട്ടും ഇല്ലായിരുന്നു.

13.ജനസമ്മതി കൊണ്ടല്ല ഇറോം ഷർമിള സമരം നയിച്ചത്. അതുകൊണ്ടുതന്നെ ജനസമ്മതി കൊണ്ട് അവരെ അളക്കേണ്ടതുമില്ല.

ഇത് എഴുതുമ്പോൾ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട് ഇറോം. ഡൽഹിയിൽ സമരം ചെയ്യാൻ പോയിരുന്നു എന്നതൊഴിച്ചാൽ മണിപ്പൂരിൽ നിന്നുള്ള ആദ്യത്തെ ഒറ്റയ്ക്കുള്ള യാത്ര. 16 വർഷം തന്റെ ജീവിതം ഒരു ലക്ഷ്യത്തിന് വേണ്ടി പോരാട്ടമാക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്ത അവർ കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്നു രാവിലെ സംസാരിക്കുമ്പോഴും അവർ ആ പ്രതീക്ഷയാണ് പങ്കുവച്ചത്. എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും കേരളം അവരെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു. പ്രത്യേകിച്ചും ഇറോമിന്റെ മനുഷ്യവകാശപോരാട്ടത്തിന് പിന്തുണ നൽകിയ ഇടതുപക്ഷം കേരളം ഭരിക്കുന്ന സാഹചര്യത്തിൽ.

(മലയാള മനോരമ പത്രത്തിനെ മാധ്യമപ്രവർത്തകനായ ജാവേദ് പർവേശ് ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP