Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കല്ലൂർ പള്ളിക്ക് മുമ്പിലിട്ട് തല്ലിയതോടെ പ്രശ്നങ്ങൾ തുടങ്ങി; സംശയ രോഗിയുമായി ഇനി ബന്ധമില്ലെന്ന നിലപാട് എടുത്തപ്പോൾ കൊലപ്പെടുത്തുമെന്ന ഭീഷണിയും; പെൺകുട്ടികളെ ചതിക്കൽ ക്രോണിന്റെ പതിവും; മിഷേലിന്റെ മരണം ആത്മഹത്യയാക്കാൻ പറയുന്ന ന്യായങ്ങൾ തള്ളി കുടുംബം

കല്ലൂർ പള്ളിക്ക് മുമ്പിലിട്ട് തല്ലിയതോടെ പ്രശ്നങ്ങൾ തുടങ്ങി; സംശയ രോഗിയുമായി ഇനി ബന്ധമില്ലെന്ന നിലപാട് എടുത്തപ്പോൾ കൊലപ്പെടുത്തുമെന്ന ഭീഷണിയും; പെൺകുട്ടികളെ ചതിക്കൽ ക്രോണിന്റെ പതിവും; മിഷേലിന്റെ മരണം ആത്മഹത്യയാക്കാൻ പറയുന്ന ന്യായങ്ങൾ തള്ളി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സി.എ. വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ (18) മരണം ആത്മഹത്യ തന്നെയെന്നുറപ്പിച്ച് പൊലീസ് നീങ്ങുന്നതിൽ ദുരൂഹത. മിഷേലിനെ പ്രതി പിന്തുടരുന്ന ദൃശ്യങ്ങൾ ഉണ്ട്. മിഷേലിനെ കായലിലേക്ക് പടിച്ചു തള്ളാനുള്ള സാധ്യതയും സജീവമാണ്. അപ്പോഴും ആത്മഹത്യാ പ്രേരണക്കുറ്റം മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് മിഷേലിന്റെ അകന്ന ബന്ധുവായ പിറവം സ്വദേശി ക്രോണിനെ (27) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവദിവസം മിഷേലിനെ പള്ളിയിലും ടൗൺഹാളിലും പിന്തുടർന്ന തലശേരി സ്വദേശിയായ യുവാവിനു മരണത്തിൽ പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മിഷേലിനെ കണ്ട് ഇഷ്ടം തോന്നിയതിനാൽ ഇയാൾ കുട്ടിയുടെ പിന്നാലെ കൂടിയതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി പൊലീസ് പറയുന്നു. എങ്കിലും കസ്റ്റഡിയിലുള്ള ഇയാളെയും പൊലീസ് വിട്ടയച്ചിട്ടില്ല.

ക്രോണിന്റെ മാനസിക, ശാരീരിക പീഡനങ്ങൾ സഹിക്കവയ്യാതെയാണ് പെൺകുട്ടിയുടെ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം കലൂർ പള്ളിയുടെ മുമ്പിലിട്ട് മിഷേലിനെ ക്രോണിൻ തല്ലിയതായും അന്വേഷണത്തിൽ വ്യക്തമായി. അതുകൊണ്ട് തന്നെ കൊലപാതക സാധ്യത സജീവമാണ്. എന്നാൽ ക്രോണിൻ എല്ലാം സമ്മതിച്ചെന്നും അതുകൊണ്ട് തന്നെ മിഷേൽ ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ ഷാജിയുടെ മകൾ മിഷേൽ ഷാജി(18)യെ എറണാകുളം വാർഫിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മിഷേലിനെ ഗോശ്രീ പാലത്തിനു സമീപം കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതും ആത്മഹത്യയെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കാരണായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ക്രോണിൻ വഞ്ചകനാണെന്നു മനസിലാക്കിയതോടെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മിഷേൽ ശ്രമിച്ചിരുന്നു. എന്നാൽ, കടുത്ത ഭീഷണിയാണ് ഇതേത്തുടർന്ന് ഇയാളിൽ നിന്നു നേരിടേണ്ടി വന്നത്. ബന്ധം വേർപെടുത്താൻ ശ്രമിച്ചാൽ 'കൊന്നുകളയും'എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാൾ മിഷേലിനയച്ചത്. മൂന്നുതവണ ഫോൺ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങൾ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് താൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേൽ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചനയായിരുന്നെന്നാണ് പൊലീസ് നിഗമനം.

അതിനിടെ ക്രോണിൻ മിഷേലിനെ തല്ലിയതുൾപ്പെടെയുള്ള കാര്യങ്ങൾ കൂട്ടുകാരികൾ പൊലീസിനോട് വിലയിരുത്തി. ചോദ്യംചെയ്യലിൽ ക്രോണിൻ ഇക്കാര്യം സമ്മതിച്ചു. ക്രോണിൻ കടുത്ത സംശയരോഗിയാണെന്ന് മിഷേൽ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. കലൂർ പള്ളിക്കു മുമ്പിലിട്ട് തല്ലിയതോടെ മിഷേൽ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ക്രോണിൻ പലവട്ടം മാപ്പ് പറഞ്ഞ് ബന്ധം തുടരുകയായിരുന്നു. ഛത്തീസ്‌ഗഡിലെ സ്വകാര്യസ്ഥാപനത്തിലാണ് ഇയാൾ ഇപ്പോൾ ജോലി ചെയ്യുന്നത്. മറ്റു രണ്ടു പെൺകുട്ടികളെയും ക്രോണിൻ ചതിച്ചതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ആത്മഹത്യയായി മിഷേലിന്റെ മരണത്തെ മാറ്റാൻ പൊലീസ് ശ്രമിക്കുന്നതായി സൂചനയുണ്ട്.

പൊലീസ് വാദം അംഗീകരിക്കാതെ കുടുംബം

മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം മിഷേലിന്റെ വീട്ടുകാരും നാട്ടുകാരും വിശ്വസിക്കുന്നില്ല. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അവർ പറയുന്നു. പിറവം കേന്ദ്രീകരിച്ച് കർമ്മസമിതിയും രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച കർമസമിതി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും. കാണാതാകുമ്പോഴത്തെ സാഹചര്യ തെളിവുകളും പോസ്റ്റ്മോർട്ടമടക്കമുള്ള ദേഹ പരിശോധനാ വിവരങ്ങളും പരിശോധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് കർമസമിതിയുടെ ആവശ്യം.

വൈകീട്ട് കലൂരിൽ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീട്ടുകാരാണ് കലൂർ പള്ളിയിൽ നിന്ന് ദൃശ്യങ്ങൾ എടുത്തത്. ആറര മണിയോടെ മിഷേലിന്റെ മൊബൈൽ സ്വിച്ച് ഓഫായി. രാത്രി എട്ടു മണിക്ക് ഹോസ്റ്റലിൽ നിന്ന് വിളിച്ചപ്പോഴാണ് മിഷേലിനെ കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. ഉടൻതന്നെ അവർ എറണാകുളത്തെത്തി അന്വേഷണം ആരംഭിക്കുകയും സെൻട്രൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കാണാതായതായി പരാതി ഉയർന്നിട്ട് പൊലീസ് നിസ്സംഗത പാലിച്ചതും അന്വേഷണം എങ്ങുമെത്തുന്നതിനു മുമ്പുതന്നെ മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞതുമാണ് സംശയത്തിനിട നൽകിയത്.

സി.എ.യ്ക്ക് പഠിക്കുന്ന മകളെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനെ തുടർന്ന് പരാതിയുമായെത്തിയ പിതാവിനെയും കന്യാസ്ത്രീകളടക്കമുള്ള ബന്ധുക്കളെയും നിരുത്തരവാദപരമായ മറുപടി പറഞ്ഞ് മടക്കി അയച്ച പൊലീസ് ഉദ്യോഗസ്ഥർ സേനയ്ക്കു തന്നെ അപമാനമാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ ആരോപിച്ചു. പെൺകുട്ടിയെ കാണാതായ ദിവസം രാത്രി 11 മണിയോടെ എറണാകുളത്ത് രണ്ട്്്് സ്റ്റേഷനുകൾ കയറിയിറങ്ങിയ ശേഷമാണ് അവർ സെൻട്രൽ സ്റ്റേഷനിലെത്തിയത്. എസ്.ഐ. ഇല്ലെന്നും പിറ്റേന്ന് രാവിലെ എട്ടരയ്ക്കെത്താനുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ മാതാപിതാക്കളോട് പറഞ്ഞത്.

സ്വന്തം നിലയിൽ രാത്രി വൈകിയും മകളെ അന്വേഷിച്ചു വലഞ്ഞ അവർ വീണ്ടും രണ്ടര മണിക്ക് സെൻട്രൽ സ്റ്റേഷനിലെത്തിയപ്പോൾ, ഇപ്പോൾ ദിവസം മാറിയെന്നും പരാതിയിലെ തീയതി ആറ് എന്നാക്കി തരാനുമാണ് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. കേസെടുത്ത് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേറ്റ് ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കിൽ മിഷേലിനെ രക്ഷിക്കാമായിരുന്നുവെന്നും ജോണി നെല്ലൂർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP