Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരിക്കുന്നതിന്റെ തലേന്ന് ക്രോണിൻ അയച്ച സന്ദേശത്തിൽ ഭീഷണി മുഴക്കിയത് മിഷേലിനെ ജീവിക്കാൻ അനുവദിക്കില്ലെന്ന്; മിഷേലിനു സമാനമായ യുവതിയെ പാലത്തിൽ കണ്ടുവെന്ന ദൃക്‌സാക്ഷി മൊഴിയോടെ ആത്മഹത്യതന്നെയെന്നു പൂർണമായും ഉറപ്പിച്ച് പൊലീസ്; മിഷേൽ അവസാനം പറഞ്ഞത് പള്ളിയിൽ പൊകുന്നുവെന്നും പിന്നെ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും അറസ്റ്റിലായ ക്രോണിൻ

മരിക്കുന്നതിന്റെ തലേന്ന് ക്രോണിൻ അയച്ച സന്ദേശത്തിൽ ഭീഷണി മുഴക്കിയത് മിഷേലിനെ ജീവിക്കാൻ അനുവദിക്കില്ലെന്ന്; മിഷേലിനു സമാനമായ യുവതിയെ പാലത്തിൽ കണ്ടുവെന്ന ദൃക്‌സാക്ഷി മൊഴിയോടെ ആത്മഹത്യതന്നെയെന്നു പൂർണമായും ഉറപ്പിച്ച് പൊലീസ്; മിഷേൽ അവസാനം പറഞ്ഞത് പള്ളിയിൽ പൊകുന്നുവെന്നും പിന്നെ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും അറസ്റ്റിലായ ക്രോണിൻ

കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേലിന്റെ മരണവുമായി തനിക്കു ബന്ധമില്ലെന്ന് അറസ്റ്റിലായ ക്രോണിൻ. സാധാരണ പ്രശ്നങ്ങൾ മാത്രമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും യുവാവ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് യുവാവ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്.

ചത്തീസ്ഗഡിൽ ജോലി ചെയ്യുന്ന ക്രോണി(27)നെ കഴിഞ്ഞദിവസം എറണാകുളത്തേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മിഷേലിന്റെ മരണം ആത്മഹത്യതന്നെയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നതും ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ്. അതേസമയം ക്രോണിൻ മിഷേലിന്റെ അകന്ന ബന്ധുവാണെന്ന പൊലീസിന്റെ വാദം മിഷേലിന്റെ അച്ഛൻ ഷാജി തള്ളിക്കളഞ്ഞു.

പള്ളിയിൽ പോകുന്നുവെന്നാണ് മിഷേൽ തന്നോട് അവസാനമായി പറഞ്ഞതെന്ന് ക്രോണിൻ പറയുന്നു. താനും മിഷേലും തമ്മിലുള്ള സൗഹൃദം നേരത്തെതന്നെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും യുവാവ് അവകാശപ്പെടുന്നു. പീന്നീട് തന്നെ വിളിക്കാമെന്നു മിഷേൽ പറഞ്ഞിരുന്നു. പിന്നീട് വിളിച്ചു നോക്കിയപ്പോൾ മിഷേലിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ക്രോണിൻ പറയുന്നു.

മിഷേലിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റമാണ് ക്രോണിനെതിരേ ചുമത്തിയിരിക്കുന്നത്. രണ്ടു വർഷമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധത്തിലുണ്ടായ അസ്വാരസ്യം മിഷേലിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കുറച്ചുനാളായി മിഷേൽ അകലാൻ ശ്രമിച്ചെന്നും ഇതേത്തുടർന്ന് തർക്കങ്ങളുണ്ടായെന്നും യുവാവ് മൊഴി നൽകിയതായി പൊലീസ് പറയുന്നു. മിഷേലിനെ കാണാതായതിന്റെ തലേന്ന് ക്രോണിന്റെ ഫോണിൽനിന്ന് മിഷേലിനെ നാലു തവണ വിളിക്കുകയും 57 എസ്എംഎസുകൾ അയയ്ക്കുകയും ചെയ്തിരുന്നു. മിഷേലിന്റെ ഫോണിലേക്ക് ഇയാൾ നിരന്തരം വിളിച്ചിരുന്നതായും പേടിച്ചിട്ടാണ് ഫോണെടുക്കുന്നതെന്ന് മിഷേൽ പറഞ്ഞതായും മിഷേലിന്റെ സുഹൃത്തിന്റെ മൊഴിയും ലഭിച്ചതായാണ് വിവരം.

കാണാതായതിന് തലേന്ന് അയച്ച സന്ദേശത്തിൽ, മിഷേലിനെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. മിഷേലിന്റെ ഫോണിലേക്ക് അവസാനം വന്ന കോൾ ക്രോണിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളിൽ നിന്നുള്ള കടുത്ത സമ്മർദമാകാം മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

മൊബൈൽ ഫോൺ സന്ദേശങ്ങളുടെയും കോളുകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. അറസ്റ്റിലായ ക്രോണിൻ ഛത്തീസ്‌ഗഢിലെ ഒരു സ്ഥാപനത്തിൽ ജനറൽ മാനേജരാണ്.

ഇക്കഴിഞ്ഞ ആറിനാണ് പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ ഷാജിയുടെ മകൾ മിഷേൽ ഷാജി(18)യെ എറണാകുളം വാർഫിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാരിവട്ടത്തെ സ്ഥാപത്തിൽ ചാർട്ടേഡ് അക്കൗണ്ടിംഗിനു പഠിക്കുകയായിരുന്ന യുവതിയെ തലേന്നു മുതൽ കാണാനില്ലായിരുന്നു. ഹോസ്റ്റലിൽനിന്ന് കലൂർ പള്ളിയിലെത്തിയതിനു ശേഷമാണു കാണാതായത്. മരിച്ചതിന്റെ തലേന്ന് മിഷേലിനെ ഗോശ്രീ പാലത്തിനു സമീപം കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതും ആത്മഹത്യയെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കാരണമായെന്ന്ു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് പറയുന്ന ക്രോണിനെ തങ്ങൾക്ക് അറിയില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി വ്യക്തമാക്കി. അങ്ങനെയൊരു ബന്ധു തങ്ങൾക്കില്ലെന്നും അയാളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സംസാരമോ പരാതിയോ തങ്ങളോട് മിഷേൽ നടത്തിയിട്ടില്ലെന്നും പിതാവ് ഷാജി പറഞ്ഞു. പിടിയിലായ ക്രോണിൻ മിഷേലിന്റെ അകന്ന ബന്ധുവാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

ഇതിനിടെ, മിഷേലുമായി സാമ്യമുള്ള പെൺകുട്ടിയെ ഗോശ്രീപാലത്തിനു സമീപം കണ്ടതായി ദൃക്‌സാക്ഷി മൊഴി പൊലീസിനു ലഭിച്ചു. പിറവം സ്വദേശി അമലാണ് മൊഴി നല്കിയിരിക്കുന്നത്. വല്ലാർപാടം പള്ളികഴിഞ്ഞ് ബോൾഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ ഗോശ്രീ രണ്ടാം പാലത്തിന് സമീപമാണ് പെൺകുട്ടിയെ കണ്ടത്. അവിടെ കൈവരിയില്ലാത്ത ഭാഗമായിരുന്നുവെന്നും അമൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അതുവഴി ബൈക്കിൽ വരികയായിരുന്ന താൻ ഒരു ട്രെയിലർ ബ്രേക്കിട്ടപ്പോഴാണ് തിരിഞ്ഞ് നോക്കിയത്. ആ സമയത്ത് കുട്ടി അവിടെ ഉണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടാണ് ട്രെയിലർ ബ്രേക്കിട്ടത്. എന്നാൽ അൽപ്പം മുന്നോട്ട് വന്നപ്പോൾ തനിക്കൊരു ഫോൺ വന്നു. സംസാരിക്കാനായി പാലത്തിനടുത്ത് വണ്ടി നിർത്തി തിരിഞ്ഞ് നോക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ കഴിഞ്ഞില്ലെന്നും അമൽ പറയുന്നു.

ആ സമയം മറ്റൊരാളും ബൈക്കിൽ അതു വഴി വന്നിരുന്നു. ഇയാളും ആദ്യം കുട്ടിയെ കണ്ടിരുന്നു. തങ്ങൾ രണ്ടു പേരും ചേർന്ന് പാലത്തിനടുത്ത് ചെന്ന് നോക്കിയെങ്കിലും പെൺകുട്ടിയെ കാണാൻ സാധിച്ചില്ല. വെള്ളത്തിലേക്ക് നോക്കിയെങ്കിലും ഇരുട്ടായിരുന്നു. അതു കൊണ്ട് തങ്ങൾ അവിടെ നിന്ന് പോയി.
പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സ്ഥലത്ത് പെൺകുട്ടി മുങ്ങിമരിച്ചതായുള്ള പത്രവാർത്ത കണ്ടത്. എന്നാൽ ഇതേ പെൺകുട്ടിയെ ആണോ കണ്ടതെന്ന് തനിക്ക് ഉറപ്പില്ലെന്നും സംഭവം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചിട്ടുണ്ടെന്നും അമൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP