Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുധാകരനും മുല്ലപ്പള്ളിയും കെവി തോമസും അടക്കമുള്ളവർക്ക് പ്രതീക്ഷയില്ല; പുതിയ പ്രസിഡന്റ് ആകുന്നത് എ ഗ്രൂപ്പിന്റെ നേതാവ് തന്നെയെന്ന് ഉറപ്പ്; തീരുമാനം നീളുന്നത് മറ്റ് ഗ്രൂപ്പുകൾക്ക് കൂടി സ്വീകാര്യനായ എ ഗ്രൂപ്പുകാരനെ കണ്ടെത്താൻ വേണ്ടി; ഒടുവിൽ ഉമ്മൻ ചാണ്ടി തന്നെ പദവി സ്വീകരിക്കുമെന്ന് സൂചന

സുധാകരനും മുല്ലപ്പള്ളിയും കെവി തോമസും അടക്കമുള്ളവർക്ക് പ്രതീക്ഷയില്ല; പുതിയ പ്രസിഡന്റ് ആകുന്നത് എ ഗ്രൂപ്പിന്റെ നേതാവ് തന്നെയെന്ന് ഉറപ്പ്; തീരുമാനം നീളുന്നത് മറ്റ് ഗ്രൂപ്പുകൾക്ക് കൂടി സ്വീകാര്യനായ എ ഗ്രൂപ്പുകാരനെ കണ്ടെത്താൻ വേണ്ടി; ഒടുവിൽ ഉമ്മൻ ചാണ്ടി തന്നെ പദവി സ്വീകരിക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എം സുധീരൻ രാജിവച്ച ഒഴിവിൽ കെപിസിസി അധ്യക്ഷനായി എ ഗ്രൂപ്പുകാരൻ എത്തുമെന്ന് ഉറപ്പായി. ഇതിനെ ഐ ഗ്രൂപ്പും എതിർക്കില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയതിനാൽ എ ഗ്രൂപ്പിന് സ്ഥാനം നൽകണമെന്ന വികാരം ഗ്രൂപ്പുകൾക്ക് അതീതമായി ഉയർന്നു കഴിഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കും വരെ ഇതു തുടരട്ടേയെന്നാണ് ഐ വിഭാഗത്തിന്റെ നിലപാട്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തി കെപിസിസി നേതൃത്വം പിടിച്ചെടുക്കാനും കഴിയും. അതുകൊണ്ട് തന്നെ സംഘടനാ തെരഞ്ഞടുപ്പിന് മുമ്പുള്ള ഇടക്കാല പ്രസിഡന്റിനായി ഗ്രൂപ്പ് പോര് രൂക്ഷമാക്കേണ്ടതില്ലെന്നാണ് ഐ പക്ഷത്തിന്റെ പൊതു അഭിപ്രായം.

എയും ഐയും പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ ചർച്ച നടത്തും. എ ഗ്രൂപ്പിൽ നിന്ന് പൊതു സമ്മതനായ നേതാവ് കെപിസിസി അധ്യക്ഷനാകണമെന്ന് മാത്രമേ ചെന്നിത്തലയ്ക്കുമുള്ളൂ. എന്നാൽ ഈ പേരിൽ ഇനിയും സമാവായം ഉണ്ടായിട്ടില്ല. എ ഗ്രൂപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കൂടുതൽ സാധ്യത. അതിനിടെ അവകാശവാദവുമായി എംഎം ഹസ്സനും രംഗത്തുവന്നു. സ്ഥിരമായി തോൽക്കുന്ന സീറ്റാണ് മത്സരിക്കാൻ തനിക്ക് അനുവദിക്കാറുള്ളത്. അതുകൊണ്ട് കെപിസിസി അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. ജയ്ഹിന്ദ് ടിവിയിലെ പ്രശ്‌ന പരിഹാരം കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതിനൊപ്പം ആര്യാടൻ മുഹമ്മദിനെ പോലുള്ളവരും എ ഗ്രൂപ്പിൽ നിന്ന് ചരടുവലികളുമായി രംഗത്തുണ്ട്.

ഐ ഗ്രൂപ്പിൽ നിന്ന് കെ സുധാകരനാണ് പ്രധാനമായും സ്ഥാനം മോഹിക്കുന്നത്. നിഷ്പക്ഷരെന്ന ലേബലിൽ കെ വി തോമസും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നു. എ കെ ആന്റണിയുടെ മനസ്സ് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ യുപിയിലെ വലിയ തോൽവിയോടെ കരുതലെടുക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് തീരുമാനിച്ചു. കെപിസിസി അധ്യക്ഷനെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തീരുമാനിക്കട്ടേയെന്നും നിലപാട് എടുത്തു. ഇതോടെ കെ വി തോമസിനും മുല്ലപ്പള്ളിക്കും മുമ്പിൽ വാതിൽ കൊട്ടിയടിച്ചു. സുധീരന്റെ പിന്തുണയോടെ എത്തിയ പിടി തോമസിും സാധ്യത കുറവായി. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ചയ്ക്ക് തയ്യാറായതും.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നലെ വിശദചർച്ചയ്ക്കു തീരുമാനിച്ചിരുന്നെങ്കിലും ഇരുവരുടെയും വ്യക്തിപരമായ അസൗകര്യംമൂലം നടന്നില്ല. പ്രസിഡന്റ് പദം വേണമെന്ന് എ വിഭാഗം ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ ചെന്നിത്തല നിലവിൽ എതിർക്കുന്നില്ല. ഡൽഹിയിൽ നിന്ന് ആരെയെങ്കിലും കെട്ടിയിറക്കുമോ എന്ന് സംശയം ചെന്നിത്തലയ്ക്കുമുണ്ട്. അതുകൊണ്ട് കൂടിയാണ് ഉമ്മൻ ചാണ്ടിയുമായി സമവായത്തിന് ചെന്നിത്തല തയ്യാറാകുന്നതും. പക്ഷേ തനിക്കൊപ്പമുള്ള നേതാക്കളുടെ വികാരം മാനിച്ചുള്ള തീരുമാനം ഉമ്മൻ ചാണ്ടിയെടുക്കണമെന്നാണ് ആവശ്യം. ഉമ്മൻ ചാണ്ടി തന്നെ കെപിസിസി അധ്യക്ഷനാകണമെന്ന നിർദ്ദേശവും ചെന്നിത്തല മുന്നോട്ട് വയ്ക്കുന്നു. സമ്മർദ്ദത്തിനൊടുവിൽ ചെന്നിത്തല ഇത് അംഗീകരിക്കുമെന്നാണ് ഏവരും നൽകുന്ന സൂചനയും.

അതിനിടെ താൽകാലികമായി കെപിസിസി അധ്യക്ഷ ചുമതല നൽകുന്നതും ആലോചനയിലുണ്ട്. എം.എം.ഹസനോ വി.ഡി.സതീശനോ ചാർജ് നൽകുക എന്നത് ഈ സാഹചര്യത്തിലാണു പരിഗണിക്കുന്നത്. എ.കെ.ആന്റണി കേരള നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിലപാടു വ്യക്തമാക്കട്ടെ എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്. ഇരുവരെയും വൈകാതെ ഡൽഹിക്കു വിളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിൽ ഹസനാകണം ചുമതല നൽകേണ്ടതെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിനുള്ളതാണെന്ന സൂചനയാണ് ഇതിലൂടെ ഉമ്മൻ ചാണ്ടിയും നൽകുന്നത്.

കെപിസിസി പ്രസിഡന്റിന്റ താൽക്കാലിക ചുമതല എം.എം ഹസന് നൽകണമെന്ന് എ ഗ്രൂപ്പ്. സീനിയർ വൈസ്പ്രസിഡന്റ് ഹസനാണന്നും ഇക്കാര്യത്തിൽ പൊതുധാരണ ഉണ്ടാക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടി ഇല്ലെങ്കിലും സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് വി.ഡി. സതീശന് കെപിസിസി പ്രസിഡന്റിന്റ താൽക്കാലിക ചുമതല നൽകുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് എ ഗ്രൂപ്പിന്റ അവകാശവാദം.അഞ്ചുവൈസ് പ്രസിഡന്റുമാരിൽ സീനിയർ എം.എം ഹസനാണന്നും താൽക്കാലിക ചുമതല വഹിക്കാൻ അവകാശം അദ്ദേഹത്തിനാന്നും എ ഗ്രൂപ്പ് പറയുന്നു.

അതേസമയം മലപ്പുറം ഉപതിരഞ്ഞെടുപ്പ് വരെ ഹസ്സനേയും അതിന് ശേഷം ഉമ്മൻ ചാണ്ടിയെയും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള എ ഗ്രൂപ്പിന്റെ നീക്കമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP