Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറപ്പായും ജയിക്കാവുന്ന മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നത് നിരവധി ഭൈമീകാമുകന്മാരെ നിരാശപ്പെടുത്തികൊണ്ട്; യുഡിഎഫിന്റെ കരുത്തായ നേതാവിനെ ഡൽഹിക്ക് അയക്കുന്നത് ലീഗിന് പുതിയ മുഖം നൽകാൻ; ലക്ഷ്യം ദേശീയതലത്തിൽ ചെറുസംഘടനകളെ യോജിപ്പിച്ചുള്ള മോദി വിരുദ്ധ രാഷ്ട്രീയം

ഉറപ്പായും ജയിക്കാവുന്ന മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുന്നത് നിരവധി ഭൈമീകാമുകന്മാരെ നിരാശപ്പെടുത്തികൊണ്ട്; യുഡിഎഫിന്റെ കരുത്തായ നേതാവിനെ ഡൽഹിക്ക് അയക്കുന്നത് ലീഗിന് പുതിയ മുഖം നൽകാൻ; ലക്ഷ്യം ദേശീയതലത്തിൽ ചെറുസംഘടനകളെ യോജിപ്പിച്ചുള്ള മോദി വിരുദ്ധ രാഷ്ട്രീയം

എംപി റാഫി

മലപ്പുറം: സ്ഥാനാർത്ഥി പ്രഖ്യാപനത്തോട് അടുത്തപ്പോൾ ലോക്സഭാ മത്സരത്തിൽ നിന്നും പിന്മാറാനുള്ള താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇ അഹമ്മദിന്റെ പകരക്കാരനായി നേതൃത്വത്തിന് മറ്റൊരാളെ കാണാൻ സാധിച്ചില്ല. മത്സരത്തിന് താനില്ലെന്ന് ഉന്നതാധികാര സമിതിയിലെ നേതാക്കളിൽ ചിലരുമായി കുഞ്ഞാലിക്കുട്ടി നേരത്തെ പങ്കുവെച്ചിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി ദേശീയതലത്തിൽ ശക്തിയാർജിക്കേണ്ടതുണ്ടെന്നും ഇതിനായി ശക്തനായ നേതാവ് ദേശീയ രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും പാണക്കാട് ഹൈദരലി തങ്ങൾ അടക്കമുള്ള നേതാക്കൾ കുഞ്ഞാലിക്കുട്ടിയോടു പറഞ്ഞു.

ഇ അഹമ്മദിന്റെ പകരക്കാരനായി മറ്റാരെ കാണുമെന്ന ചോദ്യത്തിനും പാർട്ടി നേതൃത്വത്തിനു മുന്നിൽ മറ്റൊരു മറുപടിയുണ്ടായിരുന്നില്ല. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ചേർന്ന ഉന്നതാധികാര യോഗത്തിലും ചെന്നൈയിൽ ചേർന്ന ദേശീയ കമ്മിറ്റിയിലും കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാൻ ധാരണയുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയും ഇതിന് അനുകൂല മറുപടി പറഞ്ഞതോടെ മലപ്പുറം സീറ്റിനായി മറ്റാരും രംഗത്ത് വന്നിരുന്നില്ല. എന്നാൽ യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കുഞ്ഞാലിക്കുട്ടിയെ അൽപ്പമൊന്ന് പിന്നോട്ടടിപ്പിച്ചെങ്കിലും കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന്റെ ചുക്കാൻ പിടിച്ചു കൊണ്ടു തന്നെ ദേശീയ രാഷ്ട്രീയത്തിലേക്കു പോകാൻ മുസ്ലിംലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ നിയോഗിക്കുകയായിരുന്നു. ഇതോടെ മലപ്പുറത്തെ ഉറച്ച സീറ്റിൽ മത്സരിച്ച് ജയിച്ച് ഡൽഹിക്ക് പോകാനാഗ്രഹിച്ച നിരവധി പേരുടെ സാധ്യതകൾ അടഞ്ഞു.

കേരളത്തിൽ മുസ്ലിം സംഘടനകളുമായെല്ലാം അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ലീഗ് നേതാവ് കൂടിയാണ് പി.കെ കുഞ്ഞാലിക്കുട്ടി. ബന്ധവും സ്വാധീനവും നേതൃ കഴിവുമെല്ലാം ഉപയോഗപ്പെടുത്തി ദേശീയ തലത്തിൽ മതേതര കൂട്ടായ്മ ഉണ്ടാക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെയുള്ള ബിജെപി കൊയ്തു കൊണ്ടിരിക്കുന്ന നേട്ടം ഇല്ലാതാക്കാൻ കഴിയുന്നതെന്തും ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കുന്നു. ഉത്തരേന്ത്യയിൽ സ്വാധീനമുള്ള ചെറുപാർട്ടികൾ, മത സംഘടനകൾ, സ്വാധീനമുള്ള വ്യക്തികൾ എന്നിവരുമായി ചേർന്ന് പുതിയ മുന്നണി രൂപപ്പെടുത്താനും ആലോചനയുണ്ട്. ഇതിനായി കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് പദ്ധതി.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തോടെ കേരളത്തിലെ ലീഗ് രാഷ്ട്രീയത്തിലെ ഒരു പുതിയ ഏട് കൂടി പിറക്കുകയാണ്. ഏറെ ആഹ്ലാദത്തോടെയാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിനകത്തും പുറത്തുമുള്ള ലീഗ് പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തെ കണ്ടത്. പ്രഖ്യാപനം നേരിൽ കാണാനായി പാണക്കാട് കൊടപ്പനക്കൽ തറവാട്ടു മുറ്റത്ത് ഇന്നലെ രാവിലെ മുതൽ പ്രവർത്തകരെത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

അപ്പോഴേക്കും വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് പ്രവർത്തർ പാണക്കാട്ട് തടിച്ചുകൂടിയിരുന്നു. അണികളുടെ സ്വന്തം കുഞ്ഞാപ്പയാണ് സ്ഥാനാർത്ഥിയെന്നറിഞ്ഞതോടെ പ്രവർത്തകർ കൂടുതൽ ആവേശത്തിലായി. ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടം മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലേക്കുള്ള കന്നി മത്സരത്തെ കൊഴുപ്പിക്കാനാണ് പാർട്ടിയുടെയും അണികളുടെയും തീരുമാനം. ഉറച്ച സീറ്റെന്ന നിലയിൽ തള്ളിക്കളയാൻ ലീഗില്ല. നേരത്തെ തന്നെ തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് മുസ്ലിംലീഗ് പ്രവേശിച്ചു കഴിഞ്ഞിരുന്നു. തുടർ പ്രവർത്തനങ്ങൾക്ക് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു.

പ്രഖ്യാപനം വന്നതോടെ നേരത്തെ അടിച്ചു തയ്യാറാക്കിയ ഫ്ളക്സ ബോർഡുകൾ മണ്ഡലത്തിലെ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ പതിച്ച ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ വോട്ടഭ്യർത്ഥിച്ചുള്ള പ്രചാരണ ബോർഡുകൾ കവലകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. മുമ്പില്ലാത്ത വിധം ബൂത്ത് തല ചെയർമാൻ, കൺവീനർമാരെ തെരഞ്ഞെടുത്ത് പ്രവർത്തനം ഏറെ മുന്നോട്ടു പോയി. യു.ഡി.എഫ് കമ്മിറ്റക്ക് പുറമെയാണ് ഈ സംവിധാനം. വോട്ടർ പട്ടിക അരിച്ചുപെറുക്കി കൊണ്ടുള്ള പേരു ചേർക്കലും ഇതിനോടകം കഴിഞ്ഞു. കോൺഗ്രസുമായി തർക്കമുള്ള പ്രദേശങ്ങളിലും തദ്ധേശ സ്ഥാപനങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ഭരണം പങ്കിടുന്ന സ്ഥലങ്ങളിലും യു.ഡി.എഫ് സംവിധാനത്തോടെ മുന്നോട്ടു പോകാൻ തിരക്കിട്ട നീക്കങ്ങളും നടന്നു വരുന്നു.

20നാണ് കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. മലപ്പുറത്തെ അങ്കം മുറുകാൻ ഇനി എതിരാളിയെ കൂടി പ്രഖ്യാപിക്കണം. രണ്ട് ദിവസത്തിനകം ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. സ്ഥാനാർത്ഥിക്കായുള്ള അവസാനവട്ട ഞെട്ടോട്ടത്തിലാണ് സിപിഐ.എം. ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി, മുൻ എംപി ടി.കെ ഹംസ,ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്, എസ്.എഫ്.ഐ നേതാവ് വി.പി സാനു എന്നീ പേരുകൾ പരികണനയിലുണ്ടെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP