Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡ് മുറിച്ചു കടക്കവേ ഇംഗ്‌ളണ്ടിൽ 88 കാരൻ ഓടിച്ചിരുന്ന കാറിടിച്ച് അപകടത്തിൽപെട്ട കോട്ടയംകാരനായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി; പോൾ ജോണിന്റെ ശരീരത്തിൽ ഉപയോഗപ്രദമായ മുഴുവൻ അവയവങ്ങളും ശസ്ത്രക്രിയയിലൂടെ സംരക്ഷിക്കുന്ന തിരക്കിൽ മാഞ്ചസ്റ്ററിലെ ആശുപത്രി: അവയവ ദാന ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ഒരു മലയാളിയുടെ ജീവിതം

റോഡ് മുറിച്ചു കടക്കവേ ഇംഗ്‌ളണ്ടിൽ 88 കാരൻ ഓടിച്ചിരുന്ന കാറിടിച്ച് അപകടത്തിൽപെട്ട കോട്ടയംകാരനായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി; പോൾ ജോണിന്റെ ശരീരത്തിൽ ഉപയോഗപ്രദമായ മുഴുവൻ അവയവങ്ങളും ശസ്ത്രക്രിയയിലൂടെ സംരക്ഷിക്കുന്ന തിരക്കിൽ മാഞ്ചസ്റ്ററിലെ ആശുപത്രി: അവയവ ദാന ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ഒരു മലയാളിയുടെ ജീവിതം

ലണ്ടൻ: മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ മകളെ സ്‌കൂളിൽ നിന്നും ക്വയർ പ്രാക്ടീസ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ കോട്ടയം സ്വദേശിയായ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. അയർക്കുന്നം കൂടല്ലൂർ സ്വദേശിയായ പോൾ ജോണാണ് (43) മരണമടഞ്ഞത്. പത്തു വയസുകാരിയായ മകൾ ആഞ്ചലയ്ക്കും റോഡ് ക്രോസ് ചെയ്ത് വന്നിരുന്ന ഒരു സ്ത്രീക്കും കുഞ്ഞിനും കൂടി അപകടത്തിൽ പരിക്കേറ്റിരുന്നു.

48 മണിക്കൂറായി ജീവനും മരണത്തിനും ഇടയിലൂടെയുള്ള പോരാട്ടമാണ് പോൾ ജോൺ എന്ന 43 കാരൻ നടത്തിക്കൊണ്ടിരുന്നത്. കാറിടിച്ചു തലയ്‌ക്കേറ്റ മാരകമായ മുറിവ് മൂലം ആന്തരിക രക്തസ്രവം തടയാനാകാതെ വന്നതോടെ 72 മണിക്കൂർ നിരീക്ഷണ സമയമാണ് ഡോക്ടർമാർ പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ജീവിതത്തിലേക്ക് മടങ്ങി വരവിനുള്ള സാധ്യത ഒരു ശതമാനം പോലും ഇല്ലെന്നും കുടുംബത്തെ അറിയിച്ചിരുന്നു.

എങ്കിലും കുടുംബവും സുഹൃത്തുക്കളും മനുഷ്യ സ്‌നേഹികളും ഒന്നടങ്കം ആത്മാർത്ഥമായി പോൾ ജോണിന്റെ മടങ്ങിനായി പ്രാർത്ഥിച്ചു. പക്ഷെ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സംബന്ധിച്ച് ഡോക്ടമാർ സൂചന നൽകുകയും വൈകുന്നേരം അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് സാൽഫോർഡ് ഹോസ്പിറ്റലിലെ ന്യൂറോ കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ബ്രെയിൻ ഫങ്ഷൻ പരിശോധനകൾ ആരംഭിച്ചത്. തുടർന്ന് വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ബുധനാഴ്ച ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി കാണിച്ചെങ്കിലും ബ്രെയിൻ ഡെത്ത് ആയതോടെ അവസാന പ്രതീക്ഷയും അസ്ഥാനത്തായി.

അവയവ ദാനത്തെ പറ്റിയുള്ള കുടുംബത്തിന്റെ അഭിപ്രായം തേടിയതിനാലാണ് മരണ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകിയത്. എന്നാൽ വൈകുന്നേരത്തോടെ അവയവ ദാനം നടത്താനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതോടെ തുടർ നടപടി ക്രമങ്ങൾ ആശുപത്രി അധികൃതർ ആരംഭിച്ചു. പോളിന്റെ അവയവങ്ങൾ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നീക്കം ചെയ്ത ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

സംസ്‌ക്കാരം യുകെയിൽ തന്നെ നടത്തുവാനാണ് കുടുംബാഗങ്ങളുടെ തീരുമാനം. ഓസ്ട്രേലിയ, ബാംഗ്ലൂർ, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള പോളിന്റെ സഹോദരങ്ങൾ എത്തിയതിന് ശേഷമാകും സംസ്‌ക്കാരം നടക്കുക. നാട്ടിൽ കൂടലൂർ ആണ് സ്വദേശം എങ്കിലും പോൾ ജനിച്ചതും വളർന്നതും എല്ലാം മദ്രാസിൽ ആയിരുന്നു. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ്‌കൈ ഷെഫ് എന്ന കമ്പനിയിൽ ആയിരുന്നു പോൾ ജോലി ചെയ്തു വന്നിരുന്നത്. ഭാര്യ മിനി വിഥിൻഷോ ആശുപത്രിയിൽ എൻഡോസ്‌കോപ്പി വിഭാഗത്തിൽ നഴ്സാണ്.

മൂത്ത മകൾ കിമ്പർലി മാഞ്ചസ്റ്റർ വാലി റേഞ്ച് സ്‌കൂളിൽ എട്ടാം ക്ലാസ്സിലും, ഇളയ മകൾ ആഞ്ചല സെന്റ് ജോൺസ് സ്‌കൂളിൽ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. ഇളയ മകളെ കൊയർ പ്രാക്ടീസിന് ശേഷം സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ എതിരെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ എയർ ആംബുലസിൽ വിഥിൻഷോ ആശുപത്രിയിലും തുടർന്ന് സാൽഫോർഡ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുക ആയിരുന്നു. ബ്രയിനുള്ളിൽ ബ്ലഡ് ക്ലോട്ട് ആയതോടെ ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടേഴ്സിന്റെ ശ്രമം വിഫലമാവുക ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ ആഞ്ചല സുഖം പ്രാപിച്ചു വരികയാണ്.

പോളിന്റെ അവയവങ്ങൾ നിരവധിപേർക്ക് നവജീവനേകും

നിറപുഞ്ചിരിയും സൗമ്യതയും എപ്പോഴും മുഖത്ത് സൂക്ഷിച്ചിരുന്ന, സുഹൃത്തുക്കൾ പോളേ, എന്ന് നീട്ടി വിളിച്ചിരുന്ന കൃശഗാത്രനായ മനുഷ്യൻ ഇനി തങ്ങളോടൊപ്പം ഇല്ല എന്ന തിരിച്ചറിവോടെയാണ് ഇന്നലെ മാഞ്ചസ്റ്റർ മലയാളികൾ രാത്രി വൈകിയും ആശുപത്രിയിൽ എത്തിക്കൊണ്ടിരുന്നത്. അപകടം ഉണ്ടായതു മുതൽ മരണം സ്ഥിരീകരിക്കുന്നത് വരെ സദാ സമയം മാഞ്ചസ്റ്റർ പള്ളി വികാരിയും സീറോ മലബാർ വികാരി ജനറലും ആയ ഫാ: സജി മലയിലിന്റെ സാന്നിധ്യവും കുടുംബത്തിന് ഏറെ ആശ്വാസകമായി. തുടർ നടപടികൾക്കു എല്ലാം മേൽനോട്ടം വഹിക്കാൻ മാഞ്ചസ്റ്റർ മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തുണ്ട്.

ഇന്നലെ രാത്രി മുഴുവൻ പോളിന്റെ ശരീരം തുടർച്ചയായ ശസ്ത്രക്രിയയ്ക്ക് വിധേയമാവുക ആയിരുന്നു. മരിച്ചു മരവിച്ച പോളിന്റെ ജീവനില്ലാത്ത മൃതദേഹത്തിൽ നിന്നും അവർ അടർത്തിയെടുത്തത് സ്നേഹത്തിന്റെ പൂക്കളായിരുന്നു. ഏതെല്ലാം അവയവങ്ങൾ ഉപയോഗിക്കാവോ അവയൊക്കെ ഉപയോഗിക്കാൻ ആയിരുന്നു പോളിന്റെ ആഗ്രഹം എന്നു വീട്ടുകാർ പറഞ്ഞതോടെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മരിച്ചു മണ്ണടിയുമ്പോൾ ഒരു പ്രയോജനവും ഇല്ലാത്ത അവയവങ്ങൾ എല്ലാം പുതു ശരീരങ്ങളിൽ ജീവനായി തുടിക്കട്ടെയെന്ന് ഭാര്യ സമ്മതിച്ചതോടെ മനുഷ്യസ്‌നേഹത്തിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം പിറന്നു.

ഇന്നലെ രാത്രി തന്നെ അവയവ മാറ്റ ശാസ്ത്രക്രിയകൾ നടന്നു. അവയവങ്ങൾ ആർക്കൊക്കെയാണ് പുതുജീവൻ നൽകുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. മരണം സ്ഥിരീകരിച്ച ശേഷം വിവരം അറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് മലയാളികളാണ് ഇന്നലെ സാൽഫോർഡ് റോയൽ ഹോസ്പിറ്റലിൽ തടിച്ചുകൂടിയത്. മാത്രമല്ല, സെന്റ് ജോൺസ് പള്ളിയിൽ പരേതന്റെ ആത്മാവിന് വേണ്ടി നടത്തിയ പ്രാർത്ഥനയിൽ ഒത്തുകൂടിയത് അനേകം പേരാണ്.

ഇനി ആത്മാവിന് വേണ്ടിയും കുടുംബത്തിന് പ്രയാസകരമായ ദിവസങ്ങൾ തരണം ചെയ്യാൻ വേണ്ടിയും മനക്കരുത്തു ലഭിക്കാനും പ്രാർത്ഥനയുടെ വഴി തേടുകയാണ് ആശ്രയം എന്ന തിരിച്ചറിവോടെയാണ് വിശ്വാസികൾ പള്ളിയിലേക്ക് എത്തിയത്. അരുമയായ മകളുടെ കൈപിടിച്ച് റോഡ് മുറിച്ചു കടക്കവേ വെറും രണ്ടു സെക്കന്റിന്റെ സമയ വത്യാസത്തിൽ ഉണ്ടായ ദാരുണ സംഭവത്തിൽ പൂർണ്ണ ആരോഗ്യവാനായിരുന്ന പോൾ ജോൺ ഓർമ്മയായി.

സൗമ്യനായ ആ കൂട്ടുകാരനെ നഷ്ടപ്പെട്ട വേദനയിൽ മാഞ്ചസ്റ്ററിലെ മലയാളികൾ

സ്വന്തം കൺമുന്നിൽ പിതാവ് പിടഞ്ഞു വീഴുന്നത് കാണേണ്ടി വന്ന പത്തു വയസ്സുകാരി ആഞ്ചലോയുടെ മുഖത്തേക്ക് നോക്കാൻ പോലും അമ്മമാരും മറ്റും അധൈര്യപ്പെടുകയായിരുന്നു. പലരും സംസാരിക്കാൻ തന്നെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു.  രണ്ടു പെൺകുഞ്ഞുങ്ങളെ തന്നിൽ ഏൽപ്പിച്ചു വിധിയൊടൊപ്പം മറഞ്ഞ പ്രിയതമന്റെ നഷ്ടം ഉൾക്കൊള്ളാനാകാതെ തരിച്ചിരിക്കുന്ന മിനിയോട് എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാത്ത അനേകം പേർ സ്വയം ആശ്വാസത്തിനായി വിഷമിക്കുന്നതും കാണാനായി. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം എന്ന നിസ്സഹായതയിൽ പലരും വിഷമം ഒതുക്കാൻ ശ്രമിക്കുക ആയിരുന്നു.

വിഥിൻഷോ സെന്റ് എലിസബത്ത് ദേവാലയത്തിലും പ്രത്യേക ദിവ്യബലിയും പ്രാർത്ഥനകളും നടന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറൽ ഫാ: സജി മലയിൽ പുത്തൻപുര, ഫാ: രഞ്ജിത് തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ കാർമ്മികരായി. നൂറുകണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ആകസ്മിക ദുരന്തം എന്ന നിലയിൽ മാഞ്ചസ്റ്റർ അപകടത്തെ തുടർന്ന് യുകെ മലയാളികൾ ഒന്നാകെ പോളിന്റെ ആത്മാവിനായി നിറ മിഴികളോടെ, ഇടനെഞ്ചു വിങ്ങി പ്രാർത്ഥിച്ച രാത്രിയാണ് കടന്നു പോയത്.

പോളിന്റെ അകാലത്തിലെ വേർപാട് മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിനു തീരാ നഷ്ടം ആണ്. എപ്പോഴും ചെറു പുഞ്ചിരിയോടെ എല്ലാവരോടും ഇടപെടുന്ന പോളിനെ ഒരിക്കൽ പരിചയപ്പെട്ട ആർക്കും അത്രപെട്ടെന്ന് മറക്കാൻ ആവില്ല. 2001 ആണ് പോളും മിനിയും യുകെയിൽ എത്തിയത്. മദ്രാസിൽ ജനിച്ചു വളർന്നതിനാൽ ആദ്യം മലയാളം സംസാരിക്കാൻ അത്ര വശമില്ലാത്തതിനാൽ മലയാളി സമൂഹവുമായി അത്ര ഇടപെട്ടിരുന്നില്ലെങ്കിലും പിന്നീട് മലയാളി അസോസിയേഷനിലും, പള്ളി പ്രവർത്തനങ്ങളിലും പോളും കുടുംബവും സജീവ സാന്നിദ്ധ്യം ആവുക ആയിരുന്നു.

മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുന്നാളിൽ തനത് ക്നാനായ വേഷങ്ങൾ അണിഞ്ഞു വെഞ്ചാമരം വീശുവാനും, ക്നാനായ കൺവൻഷൻ, ക്നാനായ ചാപ്ലയൻസിയുടെ ഇനാഗുറേഷൻ എന്നിവയിലും പോൾ നിറ സാന്നിധ്യം ആയിരുന്നു. മലയാളി സമൂഹവുമായി അത്യധികം അടുത്ത് ഇടപെട്ട് ഏവർക്കും പ്രിയങ്കരൻ ആയിരുന്ന പോളിന്റെ വിയോഗത്തിൽ തീരാ വേദനയിൽ ആണ് മാഞ്ചസ്റ്ററിലെ മലയാളി സമൂഹം.

ഇടിത്തീപോലെ വന്നെത്തിയ ആ അപകടം

മാഞ്ചസ്റ്റർ വിഥിൻഷോയിലെ സെന്റ് ജോൺ സ്‌കൂളിനു സമീപമുള്ള ഹോളി ഹെഡ്ജ് റോഡും വുഡ്ഹൗസ് ലൈനും ചേരുന്ന ജംഗ്ഷനിൽ വച്ചാണ് പോളിന്റെ ജീവനെടുത്ത അപകടം ഉണ്ടായത്. വിഥിൻഷോയിലെ സെന്റ് ജോൺ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പത്തുവയസ് മാത്രം പ്രായമായ മകൾ അഞ്ചോലോയെ ക്വയർ പ്രാക്ടീസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുമ്പോൾ ഹോളി ഹെഡ്ജ് റോഡിൽ വച്ച് അതിവേഗം പാഞ്ഞു വന്ന കിയ പിക്കാന്റോ കാർ പോൾ ജോൺ അടക്കമുള്ളവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹോളി ഹെഡ്ജ് റോഡ് ക്രോസ് ചെയ്ത് വേണം ഇവർക്കു വീട്ടിലേക്ക് എത്താൻ.

പോളിനും മകൾക്കും കൂടാതെ, പ്രാമിൽ കുഞ്ഞിനെയും ഇരുത്തി റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇവർ നാലു പേരെയും കാർ ഇടിച്ചെങ്കിലും പോളിന്റെ പരിക്ക് മാത്രമാണ് ഗുരുതരം. ഇടിയുടെ ആഘാതത്തിൽ തലകുത്തി മറിഞ്ഞു വീണ പോൾ ജോണിന് അതീവ ഗുരുതരമായി പരിക്കേറ്റതായും സംഭവത്തിന് ദൃക്സാക്ഷികളായവർ പറയുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം വിഥിൻഷോ ആശുപത്രിയിലും പിന്നീട് സാൽഫോഡ് ഹോപ്പ് ഹോസ്പിറ്റലിലേക്കും മാറ്റുകയുമായിരുന്നു. തലയിൽ രക്തം കട്ട പിടിച്ച് ഓപ്പറേഷൻ ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ പാഞ്ഞെത്തിയ എയർ ആംബുലൻസ്, പാരാമെഡിക്സ് സംഘം എന്നിവരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചത്.

അപകടം നടന്നത് ഹോളി ഹെഡ്ജ് റോഡും വുഡ്ഹൗസ് ലൈനും ചേരുന്ന ജംഗ്ഷനിൽ ആയതിനാൽ റോഡിലൂടെയുള്ള ഗതാഗതം നിർത്തി വയ്ക്കുകയും ട്രാം സർവീസ് ഉൾപ്പെടെ നിലയ്ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ തലയിടിച്ചു വീണ പോളിന്റെ ആന്തരിക രക്ത സ്രാവം നിയന്ത്രിച്ച് ജീവൻ തിരികെ പിടിക്കാൻ ഉള്ള ശ്രമം പരാജയപ്പെട്ടതോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP