Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാവലിൻ അഴിമതി വെറും കെട്ടുകഥ, പിണറായി പ്രവർത്തിച്ചത് കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടി; കരാർ ഉണ്ടാക്കിയത് ജി കാർത്തികേയന്റെ കാലത്ത്; സിബിഐ കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് അഡ്വ. ഹരീഷ് സാൽവെ ഹൈക്കോടതിയിൽ; ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകന്റെ വാദം കേൾക്കാൻ കോടതി മുറിയിലും തിരക്ക്

ലാവലിൻ അഴിമതി വെറും കെട്ടുകഥ, പിണറായി പ്രവർത്തിച്ചത് കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടി; കരാർ ഉണ്ടാക്കിയത് ജി കാർത്തികേയന്റെ കാലത്ത്; സിബിഐ കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് അഡ്വ. ഹരീഷ് സാൽവെ ഹൈക്കോടതിയിൽ; ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകന്റെ വാദം കേൾക്കാൻ കോടതി മുറിയിലും തിരക്ക്

കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകൻ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ലാവലിൻ കേസിൽ വാദിക്കാൻ എത്തിയത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന വാർത്തയായി മാറിയിരുന്നു. എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെ വെറുതേ വിട്ട കീഴ്‌കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിന്മേലാണ് വാദം നടക്കുന്നത്. കേരള മുഖ്യമന്ത്രിക്ക് വേണ്ടി കേസ് വാദിക്കാൻ എത്തിയ അഡ്വ. ഹരീഷ് സാൽവെ ഹൈക്കോടതദിയിലെ താരമാകുകയാണ്. ജസ്റ്റിൽ പി ഉബൈദാണ് കേസിൽ വാദം കേൾക്കുന്നത്.

പിണറായി വിജയന് വേണ്ടി വാദിക്കാനെത്തിയ ഹരീഷ് സാൽവെ കുറ്റപത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ഹൈക്കോടതിയിൽ വാദം നടത്തുന്നത്. ലാവലിൻ കേസ് ഒരു അഴിമതി കേസായി പരിഗണിക്കാൻ പോലും ആകില്ലെന്നാണ് ഹരീഷ് സാൽവെ വാദിച്ചത്. ലാവലിൻ കരാറിൽ അഴിമതി നടന്നു എന്നത് വെറും കെട്ടുകഥയാണ്. കേരളത്തിന്റെയും കെഎസ്ഇബിയുടെയും പുരോഗതി ലക്ഷ്യമിട്ടായിരുന്നു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ പ്രവർത്തിച്ചതെന്നും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷൻ ഹൈക്കോടതിയിൽ വാദിച്ചു.

കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടിയാണ് പിണറായി വിജയൻ പ്രവർത്തിച്ചത്. സംസ്ഥാനത്ത് വൈ്യുതി പ്രതിസന്ധി രൂക്ഷമായ കാലത്താണ് കനേഡിയൻ കമ്പനിയായ ലാവലിനുമായി അദ്ദേഹം കരാറിനു ശ്രമിച്ചത്. വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായി സർക്കാരിനു മേൽ സമ്മർദം ഉണ്ടായിരുന്നതായും ഹരീഷ് സാൽവെ കോടയെ അറിയിച്ചു. അതുകൊണ്ട് തന്നെ മന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ നിർവഹിച്ചത് തന്റെ കർത്തവ്യം മാത്രമാണ്. യാതൊരു ക്രമക്കേടും കരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

മലബാർ കാൻസർ സെന്ററിനു സഹായം കിട്ടുന്നതിനുള്ള കരാറിൽ ഗൂഢാലോചനയുണ്ടെന്ന സിബിഐ വാദം ഹരീഷ് സാൽവെ തള്ളി. കേസിൽ സിബിഐ കുറ്റപത്രം അസംബന്ധമാണ്. നിറയെ കെട്ടുകഥകളാണ് അതിലുള്ളത്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാറുണ്ടാക്കിയത്. നല്ല കാര്യങ്ങൾ ചെയ്താലും പഴികേൾക്കുകയാണെന്ന് ഹരീഷ് സാൽവെ വാദത്തിനിടെ പറഞ്ഞു. സിബിഐ കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹ ം കേസ് വാദിച്ചത്.

പിണറായിയുടെ കാലത്തല്ല ജി കാർത്തികേയന്റെ കാലത്താണ് കരാർ ഉണ്ടാക്കിയത്. എന്നാൽ ജി കാർത്തികേയന്റെ നടപടി തെറ്റായി സിബിഐ കണ്ടെത്തിയിട്ടില്ല. കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലാണ് കരാറിന് വേണ്ടേി ശ്രമിച്ചത്. കെഎസ്ഇബിയുടെ വാണിജ്യപുരോഗതിയായിരുന്നു ലക്ഷ്യം. കരാറുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഗൂഢാലോചനയും ഇല്ലെന്നും ഹരീഷ് സാൽവെ കോടതിയിൽ വാദിച്ചു. പിണറായി അടക്കമുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിന്മേലാണ് വാദം നടക്കുന്നത്. സിബിഐക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ നേരിട്ട് ഹാജരാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരിൽ ഒരാളാണ് പിണറായിക്കുവേണ്ടി ഹാജരായ ഹരീഷ് സാൽവെ.

30 ലക്ഷം രൂപയാണ് ഹരീഷ് സാൽവെയുടെ വക്കീൽ ഫീസ്. ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകനായ ഹരീഷ് സാൽവെയുടെ വാദം കേൾക്കാൻ കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയിലെ മുതിർന്നവരും ഇളമുറക്കാരുമായ അഭിഭാഷകരെല്ലാം കോടതിയിൽ വാദം കേൾക്കാൻ വേണ്ടി എത്തി. കേരളത്തിലെ ഏറ്റവും വിവാദമായ കേസെന്ന നിലയിൽ അതീവ പ്രാധാന്യമുള്ള കേസാണിത്. ഇന്ന് മാത്രമാണ് ഹരീഷ് സാൽവെ കോടതിയിൽ വാദിക്കുകയുള്ളൂ. ഹൈക്കോടതിയിലെ കേസിന്റെ മേൽനോട്ടം വഹിക്കുന്നത് കേരളത്തിലെ മുതിർന്ന അഭിഭാഷകനായ എം കെ ദാമോദരനാണ്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്നലെ കൊച്ചിയിലെ വെല്ലിങ്ടൺ ഐലന്റിലെ സ്വകാര്യ ഹോട്ടലിൽ എത്തിയിരുന്നു. വില്ലിങ്ഡൻ ഐലൻഡിലെ സ്വകാര്യ ഹോട്ടലിൽ ഇന്നലെ രാത്രി ഒൻപതോടെയാണ് ഇരുവരും തമ്മിൽ കണ്ടത്.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാർ കനേഡിയൻ കമ്പനി എസ്എൻസി ലാവ്ലിന് നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിൽ പിണറായിഏഴാം പ്രതിയായിരുന്നു. എന്നാൽ, തിരുവനന്തപുരം സിബിഐ കോടതി 2013 നവംബർ അഞ്ചിന് ഇവരെ കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷൻ ഹർജി നൽകിയത്. ഹൈക്കോടതി വിധി എതിരായാൽ പിണറായിക്ക് രാജി വയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വിഐപി അഭിഭാഷകനായ സാൽവെ പിണറായിക്ക് വേണ്ടി ഹാജരാകുന്നത്.

വൻതുക ഫീസ് വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകൻ ഹരീഷ് സാൽവെയുടെ ചെലവ് ആരു വഹിക്കുമെന്നതും ചർച്ചാ വിഷയമാണ്. ലാവ്ലിൻ കേസ് വ്യക്തിപരമായതിനാൽ സംസ്ഥാന സർക്കാരിന് ഖജനാവിൽനിന്നു പണം ചെലവിടാനാവില്ല. മുഖ്യമന്ത്രിയാണ് പിണറായി വിജയനെങ്കിലും കേസ് അതിനു മുമ്പുള്ളതാണ്. അതിനാൽ സ്വന്തം കീശയിൽനിന്നു നൽകണം. ബാർ കോഴക്കേസിൽ കപിൽ സിബൽ ഹാജരായപ്പോൾ 35 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നുയ പണം പാർട്ടി നൽകുമോ പിരിവ് നടത്തുമോ തുടങ്ങിയ ചോദ്യങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച സജീവമാണ്. പണം പാർട്ടി നൽകുമെന്നാണ് ലഭിക്കുന്ന സൂചന.

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടാണ് ലാവലിൻ കേസ്. കേസിൽ വിജയിച്ചാൽ മാത്രം മുഖ്യമന്ത്രി കകസേരയിൽ തുടരാൻ സാധിക്കുന്ന അവസ്ഥയാണുള്ളത്. പാർട്ടിയിലെ കരുത്തനാണെങ്കിലും കേസിൽ തിരിച്ചടി നേരിട്ടാൽ അത് പിണറായിയെ സംബന്ധിച്ചത്തോളം പാർട്ടിയിലെ പിടി അയയാനും കാരണമാകും. അതുകൊണ്ട് തന്നെ പിണറായിക്ക് വിടുതൽ നൽകിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരിവെക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP