Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉള്ളു കാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചോടുന്ന ഇന്നോവ ഓവർ ലോഡാണെന്ന് തോന്നി; വാഹനം തടഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡ്രൈവറുടെ സീറ്റിനടുത്ത്; ഉള്ളിലുള്ളവരെ പുറത്തിറക്കി വിവരങ്ങൾ ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിട്ടു; സിനിമ കാണാത്തതുകൊണ്ട് നടീനടന്മാരെ തിരിച്ചറിയാനായില്ല; വിവാദമാക്കുന്നത് അങ്കമാലി ഡയറീസിന്റെ പ്രമോഷനു വേണ്ടി: സംവിധായകന്റെ ആരോപണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പറയാനുള്ളത്

ഉള്ളു കാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചോടുന്ന ഇന്നോവ ഓവർ ലോഡാണെന്ന് തോന്നി; വാഹനം തടഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡ്രൈവറുടെ സീറ്റിനടുത്ത്;  ഉള്ളിലുള്ളവരെ പുറത്തിറക്കി വിവരങ്ങൾ ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിട്ടു; സിനിമ കാണാത്തതുകൊണ്ട് നടീനടന്മാരെ തിരിച്ചറിയാനായില്ല; വിവാദമാക്കുന്നത് അങ്കമാലി ഡയറീസിന്റെ പ്രമോഷനു വേണ്ടി: സംവിധായകന്റെ ആരോപണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

 മൂവാറ്റുപുഴ: 'മുഖ്യമന്ത്രിയുടെ ഡ്യൂട്ടിക്കായി പോകുകയായിരുന്നു. അപ്പോൾ ഉള്ളിലുള്ളവരെ പുറത്തുകാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവാ കാർ പോകുന്നത് കണ്ടു. നല്ല ഭാരം കയറ്റിയ പോലെയായിരുന്നു വാഹനത്തിന്റെ പോക്ക്. മൂവാറ്റുപുഴ ഗ്രാൻഡ് മാളിനടുത്തുവച്ച് വാഹനം തടഞ്ഞ് ഉള്ളിലുള്ളവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന പെൺകുട്ടിയെ കാണുന്നത്. തുടർന്ന് വിവരങ്ങൾ ബോദ്ധ്യപ്പെട്ടപ്പോൾ അവരെ പറഞ്ഞുവിട്ടു. 'അങ്കമാലി ഡയറീസിലെ നടിയെയും നടന്മാരെയും നടുറോഡിൽ തടഞ്ഞു നിർത്തി അപമാനിച്ചതായി തനിക്കെതിരെ ഉയർന്ന ആരോപണത്തോട് മൂവാറ്റുപുഴ ഡിവൈ എസ് പി കെ ബിജുമോന്റെ പ്രതികരണം ഇങ്ങനെ.

സിനിമ ഞാൻ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ നടീനടന്മാരെ തിരിച്ചറിയാനുമായില്ല. സിനമക്കാരാണെന്നു പറഞ്ഞപ്പോൾ പൾസർ സുനിയുടെ കാര്യമൊക്കെ മാധ്യമങ്ങളിൽ വന്നത് നിങ്ങൾ അറിഞ്ഞതല്ലേ എന്ന് ചോദിച്ചു. ഒരു പെൺകുട്ടി മാത്രമായി നിങ്ങൾ ഇത്രയും പേർ ചുറ്റും മറച്ച വാഹനത്തിൽ കറങ്ങുന്നത് ശരിയല്ലെന്നും ഇങ്ങനെ സിറ്റിയിലേക്കും മറ്റും പോകരുതെന്നും നിർദ്ദേശിച്ചു. മറ്റൊരു പെൺകുട്ടി കൂടി വാഹനത്തിൽ ഉണ്ടായിരുന്നെന്നും മൂവാറ്റുപുഴയിൽ എത്തുന്നതിനു മുമ്പ് അവർ ഇറങ്ങിയതാണെന്നുമായിരുന്നു കാറിലുണ്ടായിരുന്നവരുടെ മറുപടി.

മൂവാറ്റുപുഴയിലെ തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇവിടത്തെ സീസീ ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന ആർക്കും സംഭവത്തിന്റെ യഥാർത്ഥ ചിത്രം ലഭിക്കും. സംഭവവുമായി ബന്ധപ്പെട്ട് സിനിമാക്കാരാരും ഇതുവരെ വിളിച്ചിട്ടില്ല. സംഭവത്തേക്കുറിച്ചുള്ള സംവിധായകൻ ലിജോ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ പലരിൽ നിന്നും പറഞ്ഞുകേട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ചിലർ ഈ സംഭവം വിവാദമാക്കുകയായിരുന്നെന്ന പ്രചാരണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഡിവൈ എസ് പി വ്യക്തമാക്കി.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രേഖകൾ കൃത്യമായിരുന്നില്ലെന്നു പിന്നീട് നടന്ന തെളിവെടുപ്പിൽ സഹപ്രവർത്തകർ സൂചന നൽകിയെന്നും എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും ഡിവൈ എസ് പി അറിയിച്ചു. നടിയുമായി പൾസർ സുനി വാഹനത്തിൽ മണിക്കൂറുകൾ കറങ്ങിയിട്ടും പൊലീസ് അറിഞ്ഞില്ലേ എന്നായിരുന്നു മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ചോദ്യം. സംശയം തോന്നി പൊലീസ് ഒരു വാഹനം പരിശോധിച്ചോൾ പ്രചരിക്കുന്ന വിവരങ്ങൾ ഇത്തരത്തിലും. ഈ സാഹചര്യത്തിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏതു രീതിയിലായിരിക്കണമെന്ന സംശയം ഇപ്പോൾ താൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഉള്ളിലുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

ഇന്നലെ അങ്കമാലി ഡയറീസിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി തന്നെയാണ് താരങ്ങൾക്കെതിരെ പൊലീസ് സദാചാര പൊലീസ് നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് ലിജോയുടെ ആരോപിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനുമായി പോയിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം മുന്നിൽ തടസം സൃഷ്ടിച്ച് നിർത്തുകയായിരുന്നു. നടീനടന്മാരടക്കമുള്ളവരെ വാഹനത്തിൽനിന്ന് നിർബന്ധപൂർവ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്‌പി ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഞാനിപ്പോൾ നാട്ടിലില്ല. സംരക്ഷണം തരേണ്ടവർ ഇങ്ങനെ പെരുമാറിയാൽ എങ്ങനെയാണ് ഈ നാട്ടിൽ ക്രമസമാധാനപാലനം നടക്കുകയെന്ന് എനിക്കറിയില്ല. വളരെ മോശമാണിതെന്നും ലിജോ ജോസ് പറഞ്ഞിരുന്നു.

സിനിമ ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററിന് മുന്നിൽ അവർക്ക് തിരിഞ്ഞുനോക്കിയാൽ കാണാവുന്ന പോസ്റ്ററിലുള്ളവരെയാണ് തടഞ്ഞുനിർത്തിയതെന്നും മോശമായ ഭാഷയിൽ സംസാരിച്ചതെന്നും പറയുന്നു ലിജോ. ''വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന് വളരെ മോശമായ ഭാഷയിലാണ് ചോദിച്ചത്.'' സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ യു-ക്യാമ്പ് രാജനെ അവതരിപ്പിച്ച നടൻ ടിറ്റോ വിൽസണോട് പേര് 'പൾസർ ടിറ്റോ' എന്നാക്കണോ എന്നൊക്കെ പൊലീസ് ചോദിച്ചെന്നും ലിജോ പെല്ലിശ്ശേരി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP