Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടബലാൽസംഗത്തിന് ശേഷം ജനനേന്ദ്രിയം തകർത്തുള്ള കൊലപാതകികളുടെ ആഘോഷത്തിന് ഓശാന പാടി പൊലീസ്; പുല്ലൂപ്രം ബാലികാസദനത്തിലെ അമ്പിളിയുടെ മൃഗീയ കൊലപാത കേസ് അട്ടിമറിക്കുന്നു; ദളിതർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ഒരു പാർട്ടിക്കാരും ഈ വഴിക്കില്ല; ഡൽഹി മോഡൽ കൊലപാതകം ഒതുക്കിയ എസ്‌ഐ മറ്റൊരു കൊലപാതകവും ആത്മഹത്യയാക്കി മാറ്റി

കൂട്ടബലാൽസംഗത്തിന് ശേഷം ജനനേന്ദ്രിയം തകർത്തുള്ള കൊലപാതകികളുടെ ആഘോഷത്തിന് ഓശാന പാടി പൊലീസ്; പുല്ലൂപ്രം ബാലികാസദനത്തിലെ അമ്പിളിയുടെ മൃഗീയ കൊലപാത കേസ് അട്ടിമറിക്കുന്നു; ദളിതർക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ഒരു പാർട്ടിക്കാരും ഈ വഴിക്കില്ല; ഡൽഹി മോഡൽ കൊലപാതകം ഒതുക്കിയ എസ്‌ഐ മറ്റൊരു കൊലപാതകവും ആത്മഹത്യയാക്കി മാറ്റി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി പുല്ലൂപ്രം ബാലികാസദനത്തിൽ പുതുശേരിമല തട്ടാക്കുന്നേൽ തേവരുപറമ്പിൽ വൽസലയുടെ മകൾ അമ്പിളി (18) കൊല്ലപ്പെട്ടത് വളരെ മൃഗീയമായിട്ടാണ്. ഡൽഹിയിലെ നിർഭയയ്ക്ക് വേണ്ടി കണ്ണീരൊഴുക്കിയവരിൽ ഏറെയും ഞെട്ടിയത് ആ പെൺകുട്ടിക്ക് ഉണ്ടായ പീഡനത്തിന്റെ ക്രൂരമായ മുഖം കണ്ടാണ്. കൂട്ടബലാൽസംഗത്തിന് ശേഷം ജനനേന്ദ്രിയം തകർത്താണ് കൊലപാതകികൾ അവിടെ ആഘോഷിച്ച് തിമിർത്തത്. അന്ന് അവൾക്ക് വേണ്ടി കണ്ണീരൊഴുക്കാനും കൊടിപിടിക്കാനും കേരളത്തിലെ രാഷ്ട്രീയക്കാരുണ്ടായിരുന്നു.

പെരുമ്പാവൂരിലെ ജിഷയ്ക്കും ഇത്തരം ക്രൂരമായ അനുഭവം നേരിടേണ്ടി വന്നപ്പോൾ കേരളം ഒറ്റക്കെട്ടായി നിന്നു. സൗമ്യയ്ക്ക് പിന്നിലും സമൂഹം അണിനിരന്നു. ഈ കൊലപാതകങ്ങളോടെല്ലാം സാമ്യമുള്ളതും ഒരു പക്ഷേ, അതിനേക്കാൾ ഭീകരവുമായ കാര്യങ്ങളാണ് അമ്പിളിയോട് ചെയ്തത്. എത്രമാത്രം കൊടിയ പീഡനമാണ് ആ പെൺകുട്ടിക്കു ഏറ്റുവാങ്ങേണ്ടി വന്നതെന്ന് മനസിലാക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർ എഴുതിയിട്ടുള്ള ആന്റിമോർട്ടം മാത്രം വായിച്ചാൽ മതിയാകും.

സംഭവസമയത്ത് പൊലീസും ബാലികാ സദനം അധികൃതരും ചേർന്ന് കേസ് ഒതുക്കി. ഇപ്പോൾ വീണ്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരികയും മറുനാടൻ അത് വാർത്തയാക്കുകയും ചെയ്തതോടെ മറ്റു മാധ്യമങ്ങളും ഇത് ഏറ്റു പിടിച്ചു. എന്നിട്ടും സമൂഹത്തിനും ജനപ്രതിനിധികൾക്കും പൊലീസിനും ഒരു കുലുക്കവുമില്ല. പരാതി കിട്ടാതെ അന്വേഷിക്കാൻ കഴിയില്ലെന്ന നിലപാടെടുത്തിരുന്ന പൊലീസിന് മുന്നിൽ ഇതിനോടകം മൂന്നു പരാതികൾ ചെന്നു കഴിഞ്ഞു. പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന അഴകൊഴമ്പൻ മറുപടിയാണ് ജില്ലാ പൊലീസ് മേധാവി ബി. അശോകൻ മാധ്യമങ്ങൾക്ക് നൽകുന്നത്. എപ്പോൾ ചോദിച്ചാലും തത്ത ഉരുവിടുന്നതു പോലെ ഇതു തന്നെയാകും അദ്ദേഹത്തിന്റെ മറുപടി. എന്നാൽ, അദ്ദേഹം പറഞ്ഞ ഈ അന്വേഷണസംഘം എവിടെയെന്ന് മാത്രം അറിഞ്ഞു കൂടാ. ആരൊക്കെയാണ് സംഘത്തിലുള്ളത്, എന്തുതരം അന്വേഷണമാണ് അവർ നടത്തുന്നത് എന്നതും എസ്‌പി വെളിപ്പെടുത്തുന്നില്ല. കാരണം ഇന്നു രാവിലെ വരെ അങ്ങനെ ഒരു സംഘത്തിന് രൂപം കൊടുത്തിട്ടില്ല എന്നതു തന്നെ.

ദളിതർക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ആരും ഈ വഴി വന്നിട്ടില്ല. എസ്എഫ്‌ഐക്കാർ ഒരു സമരം നടത്തി കരയ്ക്ക് കയറി. സി.പി.എം റാന്നി ഏരിയാ സെക്രട്ടറി റോഷൻ റോയി മാത്യുവും ഇതേപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തീർന്നു, രാഷ്ട്രീയക്കാരുടെ പ്രതികരണം. അമ്പിളിയുടെ മരണം നടക്കുന്ന കാലയളവിൽ റാന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു കൊലപാതകവും ആത്മഹത്യയാക്കി മാറ്റപ്പെട്ടിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് എസ്‌ഐ, സിഐ എന്നിവരെ മാറ്റി നിർത്തി അന്വേഷിച്ചപ്പോൾ കൊലയാളികളായ മൂന്നു ഇതരസംസ്ഥാനക്കാർ പിടിയിലാവുകയും ചെയ്തു.

2015 ഫെബ്രുവരി അഞ്ചിനാണ് അമ്പിളി മരിച്ചത്. അതിനും രണ്ടുമാസം മുൻപ് അതായത് 2014 ഡിസംബർ 16 ന് വൈകിട്ടാണ് ഇട്ടിയപ്പാറ ചുഴുകുന്നേൽ ജോർജ് ജോണിനെയും ഭാര്യ കുഞ്ഞൂഞ്ഞമ്മയെയും സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. വീൽച്ചെയറിൽ മാത്രം കഴിയുകയും പരസഹായമില്ലാതെ വെള്ളം കുടിക്കാൻ പോലും കഴിയാത്ത ജോർജ് ജോൺ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് എസ്‌ഐ ലാൽ സി ബേബിയും സിഐ രാജപ്പൻ റാവുത്തറും പറഞ്ഞത്. ഇതിനെതിരേ ദമ്പതികളുടെ മകൾ രംഗത്ത് എത്തിയതോടെ പൊലീസ് നടപടി വിവാദമായി. ദമ്പതികൾ മരിച്ചു കിടന്ന മുറിയിൽ ഒരു നാടൻ തോക്ക് കിടപ്പുണ്ടായിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാതെയായിരുന്നു പൊലീസിന്റെ പെട്ടെന്നുള്ള നിഗമനം.

വീട്ടിനുള്ളിലെ അലമാരയ്ക്ക് മുകളിൽ തോക്ക് കടലാസിനുള്ളിൽ പൊതിഞ്ഞു വച്ച് സംഭവം പുറത്തറിയിക്കാതിരിക്കാൻ പൊലീസ് ശ്രമിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതോടെയാണ് കേസ് അന്വേഷണത്തിന് ജീവൻ വച്ചത്. റാന്നി സിഐയായിരുന്ന രാജപ്പൻ റാവുത്തറെ നീക്കി തിരുവല്ല ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് അന്യസംസ്ഥാനക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. യഥാർഥ പ്രതികൾ ഇവർ തന്നെയാണോ എന്ന് നാട്ടുകാർക്ക് ഇപ്പോഴും സംശയമുണ്ട്. പ്രാദേശികമായ പിന്തുണ ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് അവർ സംശയിക്കുന്നു.

പിടിയിലായവർക്ക് പ്രത്യേകിച്ച് മോട്ടീവ് ഒന്നും ഇല്ലാതിരുന്നതാണ് ഇത്തരമൊരു നിഗമനത്തിന് കാരണമായത്. ഇതേ സിഐ, എസ്‌ഐ എന്നിവർ ചേർന്നാണ് അമ്പിളിയുടെ ക്രൂരമായ കൊലപാതകം ആത്മഹത്യയാക്കി മാറ്റിയത്. അതാണിപ്പോൾ വീണ്ടും അട്ടിമറിക്കാൻ ശ്രമിക്കുന്നത്. പൊലീസിന് ഇക്കാര്യത്തിൽ ശക്തമായ സമ്മർദമാണുള്ളതെന്നാണ് അറിയാൻ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP