Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി അധികാരത്തിൽ വന്നിട്ടും വിദേശ ഫണ്ട് കൈപ്പറ്റുന്ന കാര്യത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനം കെ പി യോഹന്നാന് തന്നെ; രണ്ട് സംഘടനകളുടെ പേരിൽ യോഹന്നാൻ പോയ വർഷം കൈപ്പറ്റിയത് 1668 കോടി രൂപ! കാനഡയിൽ കേസായതോടെ ട്രസ്റ്റിന്റെ പേര് മാറ്റി മെത്രാൻ പണക്കൊയ്ത്ത് തുടരുന്നു

മോദി അധികാരത്തിൽ വന്നിട്ടും വിദേശ ഫണ്ട് കൈപ്പറ്റുന്ന കാര്യത്തിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനം കെ പി യോഹന്നാന് തന്നെ; രണ്ട് സംഘടനകളുടെ പേരിൽ യോഹന്നാൻ പോയ വർഷം കൈപ്പറ്റിയത് 1668 കോടി രൂപ! കാനഡയിൽ കേസായതോടെ ട്രസ്റ്റിന്റെ പേര് മാറ്റി മെത്രാൻ പണക്കൊയ്ത്ത് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്നത് ഹിന്ദുത്വത്തിന്റെ പ്രചാരകനായ മോദിയാണ്. എന്നിരുന്നാലും വിദേശത്ത് നിന്നും പണം കിട്ടുന്ന കാര്യത്തിൽ മലയാളിയായ കെപി യോഹന്നാനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. 2014 - 15 വർഷത്തെ വിദേശ ഫണ്ടിന്റെ കണക്കുകൾ വെളിയിൽ വന്നപ്പോൾ ആണ് ഇന്ത്യയിൽ ഏറ്റവും അധികം പണം സ്വീകരിച്ച പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ കെപി യോഹന്നാന്റെ രണ്ട് സംഘടനകൾ നിലനിർത്തിയത്. ഗോസ്പെൽ ഫോർ ഏഷ്യ പേര് മാറ്റി അയന എന്ന പേരിൽ 826 കോടി വാങ്ങിയപ്പോൾ യാഹന്നാന്റെ സഭയായ ബലിവേഴ്സ് ചർച്ച് കൈപ്പറ്റിയത് 846 കോടിയാണ്.

ഈ കണക്കുകൾ ഔദ്യോഗികമായി ബാങ്കുകൾ വഴി സ്വീകരിച്ച പണത്തിന്റേതു മാത്രമാണ്. യോഹന്നാൻ അടക്കം ഇന്ത്യയിലെ മിക്ക സുവിശേഷ പ്രഘോഷകരും വലിയൊരു തുക അല്ലാതെ എത്തിക്കുന്നുണ്ട് എന്നു ആരോപണം ഉണ്ട്. ക്രൈസ്തവ സന്നദ്ധ സംഘടന തന്നെയാണ് വിദേശ പണം സ്വീകരിക്കുന്നതിൽ മൂന്നാം സ്ഥാനത്തുമുള്ളത്. വേൾഡ് വിഷൻ ഇന്ത്യയാണ് മൂന്നാമതുനിൽക്കുന്ന എൻ.ജി.ഒ.

ടെക്‌സസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കെ.പി.യോഹന്നാന്റെ അയന. 2015-16 സാമ്പത്തിക വർഷത്തിൽ 826 കോടി രൂപ വിദേശ ഫണ്ടായി സ്വീകരിച്ച അയനയുടെ കണക്കുകൾ പ്രകാരം, ഹോങ്കോങ് ആസ്ഥാനമായുള്ള ഗോസ്പൽ ഫോർ ഏഷ്യയാണ് മുഖ്യമായും ഫണ്ടുകൾ സംഭാവന ചെയ്യുന്നത്. യോഹന്നാന്റെ തന്നെ ബിലീവേഴ്‌സ് ചർച്ച് 2013-14 കാലത്ത് 113 കോടിയും 2014-15 കാലയളവിൽ 125 കോടിയുമാണ് വിദേശ സഹായമായി സ്വീകരിച്ചത്.. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 342 കോടി രൂപ സഹായം ലഭിച്ചുവെന്നാണ് കണക്കുകൾ. തദ്ദേശീയ സ്രോതസ്സുകളിൽനിന്ന് ശേഖരിച്ച വിദേശ സഹായമായി 5000 കോടി രൂപ വേറെയും കണക്കുകളിലുണ്ട്. ഇതുകൂടി വരുമ്പോൾ, 2015-16 കാലയളവിൽ ബിലീവേഴ്‌സ് ചർച്ചിന്റെ പേരിലെത്തിയത് 842 കോടി രൂപ!

ബിലീവേഴ്‌സ് ചർച്ചിന് 500 കോടിയോളം രൂപ സംഭാവന ചെയ്ത തദ്ദേശീയ സ്രോതസ്സുകൾ ഏതൊക്കെയെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങളില്ല. ഗോസ്പൽ ഫോർ ഏഷ്യയാണ് ബിലീവേഴ്‌സ് ചർച്ചിന്റെയും മുഖ്യ സ്രോതസ്. പത്തനംതിട്ട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ബിലീവേഴ്‌സ് ചർച്ച്. ചെന്നൈ ആസ്ഥാനമായുള്ള വേൾഡ് വിഷൻ ഇന്ത്യ 2013-14, 2014-15 കാലയളവുകളിൽ വിദേശ സഹായത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. യഥാക്രമം 341 കോടിയും 357 കോടിയും ലഭിച്ച വേൾഡ് വിഷന് 319 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത്.

ഹിന്ദുത്വ സംഘടനകളും ഇക്കാര്യത്തിൽ മോശമല്ല. സാധ്വി ഋതംബരാന്ദ നയിക്കുന്ന പരം ശക്തി പീഠത്തിന് 2015-16 കാലയളവിൽ ലഭിച്ചത് 417 കോടി രൂപയാണ്. വനിതാ അഗതി മന്ദിരങ്ങളും അനാഥാലയങ്ങളും ആശുപത്രികളും ഗോരക്ഷാകേന്ദ്രങ്ങളുമൊക്കെ നടത്തുന്ന സംഘടനയാണ് ഇത്. വിദേശ ഫണ്ട് ലഭിക്കുന്ന മുൻനിര സംഘടനകളുടെ കൂട്ടത്തിൽ പരംശക്തി പീഠം ആദ്യമായാണ് ഇടം പിടിക്കുന്നത്. യു.പി.യിലെ വൃന്ദാവനാണ് ഇതിന്റെ ആസ്ഥാനം.

വിദേശ സഹായത്തിന്റെ കാര്യത്തിൽ മുൻനിരയിൽനിൽക്കുന്ന വേറെയും സംഘടനകളുണ്ട്. കെയർ ഇന്ത്യ സൊല്യൂഷൻസ് ഫോർ സസ്‌റ്റെയ്‌നബിൾ ഡവലപ്‌മെന്റ്, റൂറൽ ഡവലപ്‌മെന്റ് ട്രസ്റ്റ്, കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട്, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ രണ്ടുവർഷവും കാര്യമായ വിദേശ സഹായം കിട്ടിയിരുന്ന കംപാഷൻ ഈസ്റ്റ് ഇന്ത്യയാണ് പട്ടികയിൽനിന്ന് ഇക്കുറി അപ്രത്യക്ഷമായ സംഘടനകളിലൊന്ന്. 2013-14 കാലയളവിൽ 111 കോടിയും 2014-15 കാലയളവിൽ 118 കോടിയുമായിരുന്നു സംഘടനയുടെ വിദേശവരുമാനം.

അതേസമയം കാനഡയിൽ നിന്നും പിരിച്ച ഫണ്ടുകളുടെ പേരിൽ ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത കൂടിയായ കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള മിഷണറി സംഘടനയായ ഗോസ്‌പെൽ ഫോർ ഏഷ്യയ്‌ക്കെതിരെ കാനഡയിൽ നിയമനടപടി നടക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശേഖരിച്ച പണം വകമാറ്റിയെന്ന പരാതികളെത്തുടർന്നാണ് നിയമനടപടികൾക്കൊരുങ്ങുന്നത്. ദശലക്ഷക്കണക്കിന് ഡോളർ തിരിമറി നടത്തിയെന്ന നിരവധി പരാതികളാണ് ഗോസ്‌പെൽ ഫോർ ഏഷ്യയ്‌ക്കെതിരെ കാനഡയിൽ ലഭിച്ചിരിക്കുന്നത്.

ടെക്‌സാസിലെ വിൽസ് പോയന്റ് ആസ്ഥാനമാക്കി കെ പി യോഹന്നാൻ 1978ൽ സ്ഥാപിച്ച ഗോസ്‌പെൽ ഫോർ ഏഷ്യ 2007 മുതൽ 2014 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 128 ദശലക്ഷം ഡോളർ സംഭാവനയായി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ അത് കണക്കുകളിൽ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു പുറമെ ഇതേ കാലയളവിൽ 93.5 ദശലക്ഷം ഡോളർ ഇന്ത്യയിലേയ്ക്ക അയച്ചതായി കനഡ റവന്യൂ ഏജൻസിയിൽ കണക്കുണ്ട്. എന്നാൽ ഇത്രയും തുക എത്തിയതിന്റെ കണക്കുകളൊന്നും ഇന്ത്യയിൽ ഇല്ലെന്നാണ് മറ്റൊരു പരാതി. ന്യൂ ഗ്ലാസ്‌ഗോയിലെ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ പാസ്റ്റർ ബ്രൂസ് മോറിസനാണ് കെ പി യോഹന്നാനെതിരെയുള്ള പ്രധാന പരാതിക്കാരൻ.

മോറിസൺ 21 പേജുള്ള സാമ്പത്തിക അവലോകനം തയ്യാറാക്കിയിട്ടുണ്ട്. 2007 മുതൽ 2014 വരെ ഗോപ്സൽ ഫോർ ഏഷ്യക്ക് സംഭാവനയായി ലഭിച്ച 1280 ലക്ഷം ഡോളർ കാണാതായി എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.ഈ പണം കൊണ്ട് സംഘടന വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കോർപ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതായി ദ ഹാമിൽട്ടൺ സ്പെക്റ്റേറ്റർ എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പുറമെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് മറ്റ് നിരവധി പരാതികളും ഗോസ്‌പെൽ ഫോർ ഏഷ്യയ്‌ക്കെതിരെ കാനഡയിലും അമേരിക്കയിലും ലഭിച്ചിട്ടുണ്ട്.

ഗോസ്‌പെൽ ഫോർ ഏഷ്യയ്ക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന പേരിൽ വൻതോതിൽ വിദേശ ഫണ്ട് ലഭിക്കുന്നതായാണ് കാനഡ സർക്കാരിന്റെ കണക്കുകൾ പറയുന്നത്. എന്നാൽ എല്ലാ ആരോപണങ്ങളും പരാതികളും ഗോസ്‌പെൽ ഫോർ ഏഷ്യ അധികൃതർ നിഷേധിച്ചു. കാനഡയിലെയും ഇന്ത്യയിലെയും നിയമങ്ങൾ അനുസരിച്ച് ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്താണ് പ്രവർത്തനം നടത്തുന്നതെന്നാണ് ഗോസ്‌പെൽ ഫോർ ഏഷ്യയുടെ നിലപാട്.

അതേസമയം ജീവകാരുണ്യ പ്രവർത്തനത്തിന് പിരിച്ച ഫണ്ട് കൊണ്ട് ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയത് അടക്കമുള്ള കാര്യങ്ങൾ ക്രമവിരുദ്ധമായാണ് നടന്നതെന്നാണ് വിദേശ സംഘടനകൾ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP