Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആര്യനെയും അമൃതയെയും ദത്തെടുത്തു സംരക്ഷിക്കാൻ തയാറായി നാൽപതോളം ദമ്പതികൾ; പിതൃസഹോദരിയെ ഏൽപ്പിക്കാൻ ഒരുങ്ങി പൊലീസ്; വിദ്യാഭ്യാസത്തിനും മറ്റും മറ്റുള്ളവർ സഹായിക്കും; അമ്മ കൊല്ലപ്പെട്ടതറിഞ്ഞ് അമൃത വിതുമ്പി, വേദന കടിച്ചമർത്തി പിടിച്ചു നിന്ന് ആര്യൻ

ആര്യനെയും അമൃതയെയും ദത്തെടുത്തു സംരക്ഷിക്കാൻ തയാറായി നാൽപതോളം ദമ്പതികൾ; പിതൃസഹോദരിയെ ഏൽപ്പിക്കാൻ ഒരുങ്ങി പൊലീസ്; വിദ്യാഭ്യാസത്തിനും മറ്റും മറ്റുള്ളവർ സഹായിക്കും; അമ്മ കൊല്ലപ്പെട്ടതറിഞ്ഞ് അമൃത വിതുമ്പി, വേദന കടിച്ചമർത്തി പിടിച്ചു നിന്ന് ആര്യൻ

രഞ്ജിത് ബാബു

കണ്ണൂർ: ആര്യനേയും അമൃതയേയും ദത്തെടുത്ത് സംരക്ഷിക്കാൻ തയാറായി കുട്ടികളില്ലാത്ത നാല്പതോളം ദമ്പതികൾ. കൊല ചെയ്യപ്പെട്ട ഇരിട്ടിയിലെ നാടോടി ദമ്പതികളുടെ കുട്ടികളായ ആറു വയസ്സുകാരൻ ആര്യനേയും നാലു വയസ്സുകാരി അമൃതയേയും ദത്തെടുത്തു വളർത്താൻ ആഗ്രഹിക്കുന്ന ദമ്പതികൾ പൊലീസിനെ സമീപിച്ചു വരികയാണ്.

അതേസമയം കൊല ചെയ്യപ്പെട്ട, കുട്ടികളുടെ അച്ഛൻ രാജുവിന്റെ സഹോദരി കാവ്യ ഉൾപ്പെടെയുള്ള ബന്ധുക്കൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പൊലീസിന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള മറ്റു കാര്യങ്ങൾക്ക് സഹായിക്കാൻ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും സഹായങ്ങൾ സ്വരൂപിച്ച ശേഷം കുട്ടികളെ ബന്ധുക്കൾക്ക് കൈമാറാമെന്നാണ് പൊലീസ് കരുതുന്നത്. കുട്ടികൾക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്താനും ചിലർ പൊലീസിനെ സമീപിച്ചു കഴിഞ്ഞിട്ടുണ്ട്.

ആര്യനേയും അമൃതയേയും ഇന്ന് കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും. അമ്മ ശോഭയുടെ മരണവിവരം അറിഞ്ഞതോടെ ആര്യനും അമൃതയും മൗനത്തിലാണ്. മുംബൈയിൽ നിന്നും പൊലീസിനും ബന്ധുക്കൾക്കുമൊപ്പം ഇരിട്ടിയിലേക്ക് തിരിക്കുമ്പോൾ അമ്മയെ കാണുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. ഇരിട്ടിയിലെത്തുന്നതിന് അല്പം മുമ്പ് മാത്രമാണ് അമ്മ ശോഭ കൊല്ലപ്പെട്ട വിവരം ബന്ധുവായ കാവ്യ കുട്ടികളെ അറിയിച്ചത്. ആര്യൻ ഒരുവിധം പിടിച്ചു നിന്നെങ്കിലും അമൃത കണ്ണുനീരടക്കാനാവാതെ വിതുമ്പി. ഒടുവിൽ കാവ്യയുടെ മടിയിൽ അവൾ തലചായ്ച്ചു കിടന്നു. ഇരിട്ടിയിലെത്തിയപ്പോഴും അവൾ ആരേയോ തിരയുന്നുണ്ടായിരുന്ന്ു. എന്നാൽ ആര്യന്റെ മനസ്സിൽ ആദ്യമേ സംശയങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ജനുവരി 14 ന് രാത്രി അമ്മ ശോഭയെ കഴുത്തു ഞെരിക്കുന്ന അവരുടെ കാമുകൻ മഞ്ചുനാഥിന്റെ ക്രൂരത അവൻ കണ്ടിരുന്നു. അമ്മയുടെ ദയനീയമായ ഞരക്കം അവൻ കേൾക്കുകയും ചെയ്തു. അമ്മക്ക് എന്ത് സംഭവിച്ചുവെന്ന് മാത്രം അവൻ അറിഞ്ഞിരുന്നില്ല. തൊട്ടു പിറ്റേന്നു തന്നെ ആര്യനേയും സഹോദരിയേയും മഞ്ചുനാഥ് ട്രെയിനിൽ കയറ്റി മുംബൈക്ക് വിടുകയായിരുന്നു. ഇക്കാര്യം മുംബൈയിൽ നിന്നുള്ള യാത്രാമദ്ധ്യേ ആര്യൻ പൊലീസിനോടും പറഞ്ഞിരുന്നു. എന്നാൽ മഞ്ചുനാഥിന്റെ അക്രമത്തിൽ അമ്മക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് അവൻ അറിഞ്ഞത് ഇന്നലെ ഉച്ചക്ക് മാത്രം. ഈ വിവരം അറിഞ്ഞതോടെ ആ ബാലമനസ്സിൽ എല്ലാ ചിത്രങ്ങളും തെളിഞ്ഞു വരുന്നതായി പൊലീസിനും മനസ്സിലാക്കാൻ കഴിഞ്ഞു. ഈ കേസിലെ ഏക ദൃക്സാക്ഷിയാണ് കൊല്ലപ്പെട്ട ശോഭയുടെ മകൻ ആര്യൻ.

ഇരിട്ടി പ്രോബേഷൻ എസ്.ഐ, എസ് അർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് വെള്ളിയാഴ്ചയാണ് മുംബൈിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുട്ടികളെ ഏറ്റുവാങ്ങിയത്. ഇരിട്ടിയിലെത്തിയശേഷം ബന്ധുക്കൾക്കൊപ്പം കുട്ടികളെ വിശ്രമിക്കാൻ വിടുകയായിരുന്നു. ജനുവരി 21 ന് ഇരിട്ടി പഴയ പാലത്തിനു സമീപം ഉപയോഗശൂന്യമായ കിണറ്റിലായിരുന്നു ശോഭയുടെ ജീർണ്ണിച്ച ജഡം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആത്മഹത്യാ സാധ്യത പറഞ്ഞിരുന്നെങ്കിലും പൊലീസ് അന്വേഷണത്തിൽ ഇതുകൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ശോഭയുടെ മാതൃസഹോദരീ ഭർത്താവ് തുമഗുരു സ്വദേശി ടി.കെ. മഞ്ജുനാഥാണ് ശോഭയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

കോടതിയിൽ നിന്നും മഞ്ജുനാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ശോഭയുടെ ഭർത്താവ് രാജുവിനെ ശോഭക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയ വിവരവും അയാൾ പൊലീസിനോട് പറഞ്ഞിരുന്നു. അതേ തുടർന്നുള്ള അന്വേഷണത്തിലാണ് കർണ്ണാടക അതിർത്തിയിലെ വനത്തിൽ ശോഭയുടെ ഭർത്താവ് രാജുവിനെ കൊലപ്പെടുത്തി കത്തിച്ച സ്ഥലവും പൊലീസ് കണ്ടെത്തിയത്. ശോഭയെ പൊട്ടക്കിണറ്റിലിട്ടശേഷം കുട്ടികളായ ആര്യനേയും അമൃതയേയും ട്രെയിനിൽ മുംബൈയിലേക്ക് കയറ്റി തിരിച്ചെത്തുകയായിരുന്നു മഞ്ജുനാഥ്. കുട്ടികളെ ഇയാൾ അപായപ്പെടുത്തി എന്ന സംശയവും ആദ്യഘട്ടത്തിൽ പൊലീസിനും നാട്ടുകാർക്കുമുണ്ടായിരുന്നു. ഇരിട്ടി ഡിവൈ.എസ്. പി. പ്രജീഷ് തോട്ടത്തിൽ, പേരാവൂർ സിഐ സുനിൽ കുമാർ എന്നിവർ ചേർന്ന് ഇന്ന് കുട്ടികളിൽ നിന്നും തെളിവുകൾ ശേഖരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP