Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രിബ്യൂണൽ റദ്ദാക്കി; ഇന്ത്യ-ബേസ്ഡ് ന്യൂട്രിനോ ഒബ്‌സർവേറ്ററി പാരിസ്ഥിതിക അനുമതി നേടിയത് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച്; ഇല്ലാതാകുന്നത് ഏറെ ആരോപണങ്ങൾ കേട്ട പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള പരീക്ഷണം

തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രിബ്യൂണൽ റദ്ദാക്കി; ഇന്ത്യ-ബേസ്ഡ് ന്യൂട്രിനോ ഒബ്‌സർവേറ്ററി പാരിസ്ഥിതിക അനുമതി നേടിയത് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച്; ഇല്ലാതാകുന്നത് ഏറെ ആരോപണങ്ങൾ കേട്ട പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള പരീക്ഷണം

ചെന്നൈ: കേരള അതിർത്തിയോടു ചേർന്ന് തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാപരീക്ഷണം റദ്ദാക്കി ഹരിത ട്രിബ്യൂണൽ ഉത്തരവ്. കേന്ദ്രസർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ-ബേസ്ഡ് ന്യൂട്രിനോ ഒബ്‌സർവേറ്ററി പ്രൊജക്ട് നടത്തുന്നവർ പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജൻസിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹിൽസ് വനത്തിൽ പഠനം നടത്തി റിപ്പോർട്ട് നൽകിയതെന്നും കാട്ടി ഒരു പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന്റെ വിധി.

2010-ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞർക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കർ ഭൂമിയാണ് പൊട്ടിപ്പുറത്ത് പദ്ധതിക്കായി തമിഴ്‌നാട് സർക്കാർ കൈമാറിയിട്ടുള്ളത്.

ഗവേഷണകേന്ദ്രം പൊട്ടിപ്പുറത്തെ അമ്പരശൻകോട് എന്ന മലയ്ക്കുള്ളിൽ ഭൂഗർഭകേന്ദ്രത്തൽ സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റർ നീളത്തിൽ തീർക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം.

50,000 ടൺ ഭാരമുള്ള കാന്തിക ഡിറ്റക്ടർ ഉപയോഗിച്ചാണ് കണികാ ഗവേഷണത്തിന് ശാസ്ത്രജ്ഞർ ഒരുങ്ങുന്നത്. ഈ കാന്തിക ഡിറ്റക്ടറിന്റെ വിവിധ ഭാഗങ്ങൾ അന്തിമമായി കൂട്ടിയോജിപ്പിക്കുന്നത് മധുരയിലെ പരീക്ഷണശാലയിലായിരിക്കും. മധുര കാമരാജ് സർവകലാശാലയ്ക്കടുത്തായി 33 ഏക്കറിലാണ് ഈ പരീക്ഷണശാല വരിക.

അഞ്ചുവർഷംകൊണ്ട് പൂർത്തിയാവുമെന്ന് കരുതുന്ന കണികാ ഗവേഷണശാലയ്ക്ക് മൊത്തം 1,500 കോടി രൂപയുടെ മുതൽമുടക്ക് പ്രതീക്ഷിച്ചിരുന്നത്. ആണവോർജവകുപ്പും ശാസ്ത്രസാങ്കേതികവകുപ്പുമാണ് ഈ സംരംഭത്തിന് മുഖ്യമായും സാമ്പത്തികസഹായം ലഭ്യമാക്കുന്നത്. ഇന്ത്യയിലെ 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി 100 ശാസ്ത്രജ്ഞർ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

ഉദാസീനമായ സൂക്ഷ്മകണം എന്നുവിശേഷിക്കപ്പെടുന്ന ന്യൂട്രിനോകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായാൽ അത് പ്രപഞ്ചോത്പത്തി ഉൾപ്പെടെയുള്ള നിരവധി രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് ശാസ്ത്രലോകം കരുതുന്നു.

കണികാപരീക്ഷണത്തിന് എതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധമുണ്ട്. കേരളത്തിനെയും തമിഴ്‌നാടിനെയും ഒരുപോലെ ബാധിക്കുന്ന ഈ പദ്ധതിക്ക് എതിരെയുള്ള പോരാട്ടത്തിൽ അണിചേരണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈക്കോ വിഎസിനെ സന്ദർശിച്ചിരുന്നു. കണികാ ഗവേഷണനിലയം ഇടുക്കി അണക്കെട്ടിനെ ബാധിക്കുമെന്നും ചിലർ ആരോപിച്ചിരുന്നു. എന്നാൽ അധികൃതർ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP