Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കുണ്ടറ കേസിന്റെ ചുരുളഴിച്ചത് മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതി; പൊലീസിൽനിന്നു ലഭിച്ച തുമ്പുവച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തായത് കേരളത്തെ ഞെട്ടിച്ച പീഡനകഥ; അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃക കാഴ്ചവച്ച മാധ്യമപ്രവർത്തകന് അഭിനന്ദന പ്രവാഹം

പൊലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കുണ്ടറ കേസിന്റെ ചുരുളഴിച്ചത് മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതി; പൊലീസിൽനിന്നു ലഭിച്ച തുമ്പുവച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തായത് കേരളത്തെ ഞെട്ടിച്ച പീഡനകഥ; അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃക കാഴ്ചവച്ച മാധ്യമപ്രവർത്തകന് അഭിനന്ദന പ്രവാഹം

ആർ. പീയൂഷ്

കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിഞ്ഞതിനു പിന്നിൽ ഒരു മാധ്യമപ്രവർത്തകന്റെ അക്ഷീണപരിശ്രമമുണ്ട്. രാവന്തിയോളം ആത്മഹത്യയെന്ന് പൊലീസ് എഴുതിത്ത്തള്ളിയ കൊലപാതകത്തിന്റെ അടിവേരുകൾ ചികഞ്ഞെത്തി പ്രതികളെ കണ്ടെത്താൻ സഹായകമായത് ഈ മാധ്യമ പ്രവർത്തകന്റെ പ്രവർത്തന മികവാണ്. മനോരമ ന്യൂസിന്റെ കൊല്ലം റിപ്പോർട്ടർ പന്തളം സ്വദേശി ദീപുരേവതിയുടെ മികവുറ്റ മാധ്യമ പ്രവർത്തനമാണ് കുണ്ടറ കേസിലെ സത്യം പുറത്തുകൊണ്ടുവരുന്നതിന് സഹായകരമായത്. രണ്ടുമാസത്തോളം അനങ്ങാതെ കിടന്നിരുന്ന കേസിൽ അന്വേഷണം ഊർജിതമാകുന്നതും പെൺകുട്ടിയുടെ സ്വന്തം മുത്തശ്ശൻ തന്നെയാണ് പീഡനം നടത്തിയതെന്ന കണ്ടെത്തൽ ഉണ്ടാകുന്നതുമെല്ലാം ഈ മാധ്യമപ്രവർത്തകന്റെ പ്രയത്‌നത്തിന്റെ ഫലമായിരുന്നു.

ജനുവരി പതിനഞ്ചിന് വീടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് പത്ത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ മരണത്തിൽ അസ്വാഭാവികത ഉള്ളതിനാൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്തു.

പെൺകുട്ടി ലൈഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശരീരത്തിൽ 22 മുറിവുകൾ ഉണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ റിപ്പോർട്ട് ജനുവരി 22ന് കുണ്ടറ സിഐയ്ക്കും കൊട്ടാരക്കര റൂറൽ പൊലീസ് മേധാവിക്കും ലഭിച്ചു. പക്ഷേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനെക്കുറിച്ച് ആദ്യഘട്ടത്തിൽ അന്വേഷിക്കാനോ പ്രതികളെ കണ്ടെത്താനോ പൊലീസ് തയ്യാറായില്ല.

പെൺകുട്ടിയുടെ ബന്ധുക്കൾ കേസുമായി സഹകരിക്കുന്നില്ല എന്നാണ് ഇതിനെക്കുറിച്ച് സിഐ പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കൊലപാതകമാണെന്നും കാട്ടി മരിച്ച പെൺകുട്ടിയുടെ പിതാവ് രംഗത്തുവന്നിരുന്നു. എന്നാൽ പൊലീസ് ഇത് കാര്യമാക്കിയില്ല.

ഏതാനം ദിവസങ്ങൾക്ക് മുൻപ് പൊലീസിലെ ഒരുദ്യോഗസ്ഥൻ ദീപു രേവതിയെ ഫോണിൽ ബന്ധപ്പെട് ഈ കേസിനെ പറ്റി വിവരം നല്കുകയുണ്ടായി. ഇതിനെത്തുടർന്നാണ് ദീപു സംഭവത്തെക്കുറിച്ച് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുന്നത്. പെൺകുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും കാട്ടി പരാതി നല്കിയ പിതാവ് ജോസിനെ കണ്ടെത്താനുള്ള ശ്രമം ദീപു ആരംഭിച്ചു.

അങ്ങനെ ഒരു ചായക്കടയിൽ വച്ച് ജോസും ദീപുവും കണ്ടുമുട്ടി. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ദീപു പരാതികളുടെ പകർപ്പുകളും വാങ്ങി. തൊട്ടടുത്ത ദിവസം ബ്രേക്കിങ്ങ് ന്യൂസ്. ന്യൂസ് പുറത്ത് വന്ന ദിവസം തന്നെ കുണ്ടറ സിഐയുടെ തൊപ്പി തെറിച്ചു. വിവരം പ്രതിപക്ഷ നേതാവ് സഭയിലുന്നയിച്ചപ്പോഴേക്കും എസ്‌ഐയുടേയും തൊപ്പി വീണു.

ഐ. ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ എസ്‌പി എസ്.സുരേന്ദ്രനും കൊട്ടാരക്കര ഡി.വൈ.എസ്‌പി ബി. കൃഷ്ണ കുമാറും അന്വേഷണം ആരംഭിച്ചു. ആദ്യ ദിവസം പെൺകുട്ടിയുടെ അമ്മയടക്കം ഒൻപത് പേരെ കസ്റ്റഡിയിലെടുത്തു. തുടർച്ചയായുള്ള ചോദ്യം ചെയ്യലിൽ മരിച്ച പെൺകുട്ടിയുടെ സഹോദരി മൊഴി നൽകിയതിനെതുടർന്നാണ് മുത്തശ്ശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാധ്യമ പ്രവർത്തനത്തിലൂടെ ഒരു ആത്മഹത്യ കൊലപാതകമായി തെളിയാൻ കാരണമായ ദീപുരേവതി എന്ന മാധ്യമ പ്രവർത്തകന് നാടൊട്ടുക്ക് നിന്നും അഭിനന്ദന പ്രവാഹമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP