Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയെ കമന്റടിച്ചയാളെ മർദിച്ച മകനെ രണ്ടു വർഷത്തിന് ശേഷം കുത്തിക്കൊന്നു; ആസൂത്രിത കൊലപാതകത്തിന് ശേഷം ഉൾവനത്തിലേക്കു രക്ഷപ്പെട്ട പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടി പൊലീസ്; കോന്നി കൊക്കാത്തോട് കൊലപാതകത്തിൽ പ്രതികൾ അച്ഛനും മകനും കൂട്ടുകാരനും; മൂന്നാം പ്രതി ഇന്നു ഗൾഫിലേക്ക് പോകാനിരുന്നയാൾ

അമ്മയെ കമന്റടിച്ചയാളെ മർദിച്ച മകനെ രണ്ടു വർഷത്തിന് ശേഷം കുത്തിക്കൊന്നു; ആസൂത്രിത കൊലപാതകത്തിന് ശേഷം ഉൾവനത്തിലേക്കു രക്ഷപ്പെട്ട പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടി പൊലീസ്; കോന്നി കൊക്കാത്തോട് കൊലപാതകത്തിൽ പ്രതികൾ അച്ഛനും മകനും കൂട്ടുകാരനും; മൂന്നാം പ്രതി ഇന്നു ഗൾഫിലേക്ക് പോകാനിരുന്നയാൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അമ്മയെ കമന്റടിച്ച അയൽവാസിയെ മക്കൾ മർദിച്ചു. പ്രതികാരമായി അയൽവാസി അമ്മയെ വീടു കയറി വെട്ടി. ആ കേസ് നിലനിൽക്കേ തന്നെ മക്കളിലൊരാളെ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തി. പൊലീസിനെ വെട്ടിച്ച് ഉൾവനത്തിലേക്ക് കടന്ന രണ്ടു പ്രതികളെ 40 കിലോമീറ്റർ താണ്ടി അറസ്റ്റ് ചെയ്തു. കത്തിക്കുത്തിൽ പരുക്കേറ്റ മൂന്നാം പ്രതി പൊലീസ് കാവലിൽ ചികിൽസയിൽ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിന് കോന്നിക്ക് സമീപം വനത്തോടു ചേർന്നുള്ള ഗ്രാമമായ കൊക്കാത്തോട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊക്കാത്തോട് കിഴക്കേ നീരാമക്കുളം താന്നിവേലിൽ ഉഷയുടെ മകൻ എം.ആർ. സുജിത്തി(24) നെയാണ് മൂന്നംഗ സംഘം ആസൂത്രിതമായി വകവരുത്തിയത്. തടസം പിടിക്കാനെത്തിയ സുജിത്തിന്റെ സഹോദരൻ സുധി (26), അമ്മാവൻ രാജശേഖരൻ (51) എന്നിവർ പരുക്കുകളോടെ ചികിൽസയിലാണ്.

അരുവാപ്പുലം നെല്ലിക്കപ്പാറ കിഴക്കേ നീരാമക്കുളം മണ്ണിൽ കിഴക്കേതിൽ അണ്ണി എന്നു വിളിക്കുന്ന രാജീവ് (44), മകൻ അഭിജിത്ത് (21), തണ്ണിത്തോട് മണ്ണീറ തലമാനം പുഷ്പമംഗലത്തിൽ സുനാൽ എന്നു വിളിക്കുന്ന അഭിലാഷ് (23) എന്നിവർ ചേർന്നായിരുന്നു സുജിത്തിനെ വകവരുത്തിയത്. ഇതിന് ശേഷം കാടുകയറിയ രാജീവ്, അഭിലാഷ് എന്നിവരെയാണ് സിഐ ആർ ജോസ്, എസ്‌ഐ ബി രാജഗോപാൽ, തണ്ണിത്തോട് എഎസ്‌ഐ ഷെറീഫ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മൂന്നാംപ്രതി അഭിജിത്ത് കത്തിക്കുത്തിൽ പരുക്കേറ്റ് പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുകയാണ്. ഇയാളെ നാളെ അറസ്റ്റ് ചെയ്‌തേക്കും. ഗൾഫിൽ ജോലി കിട്ടി ഇന്നു പോകാൻ തയ്യാറെടുത്തിരുന്നതാണ് അഭിജിത്ത്. കേസിൽപ്പെട്ടതോടെ ഈ സ്വപ്നങ്ങൾ അസ്തമിച്ചു.

സുജിത്തിനെ ക്രൂരമായി മർദിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ പദ്ധതി തയാറാക്കിയത്. അമിതമായി മദ്യപിച്ചു പോയതിനാൽ പിടിവിട്ടു പോവുകയായിരുന്നു. മദ്യലഹരിയിൽ പ്രതികൾ അക്ഷരാർഥത്തിൽ കൊലവിളി നടത്തുകയായിരുന്നു. രാജീവും സുജിത്തും അയൽവാസികളാണ്. സുജിത്തിന്റെ മാതാവ് ഉഷ കുളിക്കാൻ പോകുന്ന വഴിക്ക് രാജീവ് കമന്റടിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതു രണ്ടു വർഷം മുൻപായിരുന്നു. കുളിക്കടവിൽ വച്ച് കമന്റടിച്ച രാജീവിനെ ഉഷ ചീത്ത പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇയാൾ അവരെ കൈയേറ്റം ചെയ്യാൻ മുതിർന്നു. ഉഷ വീട്ടിൽ വന്ന് ഈ വിവരം പറഞ്ഞപ്പോൾ മക്കളായ സുധിയും സുജിത്തും ചേർന്ന് രാജീവിനെ ക്രൂരമായി മർദിച്ചു. അന്നു മുതൽ ഇയാൾ പ്രതികാരം ചെയ്യുന്നതിന് അവസരം നോക്കിയിരുന്നു. ഒരു വർഷം മുൻപ് ഇയാൾ ഉഷയെ വീട്ടിൽ കയറി വെട്ടി. ആ കേസ് കോടതിയിൽ നിലനിൽക്കുമ്പോഴും ഇരുകൂട്ടരും തമ്മിൽ അടിയും വഴക്കും പതിവായിരുന്നു.

രാജീവിന്റെ പ്രായപൂർത്തിയാകാത്ത മകളുമായി അടുപ്പത്തിലാണ് അഭിലാഷെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് രാജീവിന്റെ വീട്ടിൽ ചെന്ന അഭിലാഷ് അച്ഛനും മകനുമായി ചേർന്ന് നന്നായി മദ്യപിച്ചു. മദ്യലഹരിയിൽ ലക്കുതെറ്റിയ മൂവരും തുടർന്ന് റോഡിലേക്ക് ഇറങ്ങി സുജിത്തിനെ കാത്തു നിന്നു. ഈ സമയം കൂട്ടുകാരനൊപ്പം വന്ന സുജിത്തിനെ പ്രതികൾ പ്രകോപിപ്പിച്ചു.

തുടർന്ന് ഉന്തും തള്ളും വാക്കേറ്റവുമായി. ഇതിനിടെ കൈയിൽ ഇരുന്ന കത്രിക കൊണ്ട് രാജീവ് സുജിത്തിനെ പല തവണ കുത്തി. ഇയാളുടെ നിലവിളി കേട്ട് സഹോദരൻ സുധിയും അമ്മാവൻ രാജശേഖരനും ഓടിയെത്തി. പിന്നെ അവിടെ കൂട്ടയടി നടന്നു. അടി മൂത്തതോടെ കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് അഭിലാഷ് എല്ലാവരെയും വെട്ടി. അതിന് ശേഷം കത്തി രാജീവിന് കൈമാറി. അതു കൊണ്ട് രാജീവ് സുജിത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് ശിരസിന്റെ പിൻഭാഗം പിളർന്ന് സുജിത്ത് തൽക്ഷണം മരിച്ചു. കൃത്യത്തിന് ശേഷം ഇരുവരും കാട്ടിലേക്ക് ഓടിക്കയറി. വിവരമറിഞ്ഞ് പൊലീസ് വന്നപ്പോഴേക്കും ഇവർ ഉൾവനത്തിൽ ചെന്നിരുന്നു.

രാത്രി 10 മണി മുതൽ പിറ്റേന്ന് പകൽ അഞ്ചു മണി വരെ തെരഞ്ഞെങ്കിലും പ്രതികളെ കിട്ടാതെ പൊലീസ് മടങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും പൊലീസ് നെല്ലിക്കപ്പാറ വനമേഖലയിൽ പരിശോധന നടത്തിയത്. ഇവിടെ കുടിൽ കെട്ടി കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ എടുത്തു. കാട്ടുപഴങ്ങളും കിഴങ്ങുകളുമായിരുന്നു ഭക്ഷണമാക്കി അരുവിയിലെ വെള്ളം കുടിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾക്ക് പുറമേ നാടൻ തോക്കും പ്രതികളിൽ നിന്ന് കണ്ടെടുത്തു. മൃഗവേട്ടയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP