Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതൃത്വം ഏറ്റെടുത്ത് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്ഥാനമൊഴിയണം; മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂപക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ്

നേതൃത്വം ഏറ്റെടുത്ത് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്ഥാനമൊഴിയണം; മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂപക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ്

കൊല്ലം: രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ മഹേഷ്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് രാഹുൽ കാണണമെന്നും മഹേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എകെ ആന്റണിക്കും വിമർശനമുണ്ട്. 

കെ.എസ്.യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് ആരോപിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയ്യാറാണെന്ന് മഹേഷ് പറയുന്നു.

കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ് ട്രീയത്തേയും കെഎസ്.യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും മഹേഷ് കടന്നാക്രമിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെപിസിസിക്ക് നാഥൻ ഇല്ലാതായിട്ട് രണ്ടാഴ്‌ച്ച ആകുന്നു. ബിജെപിയുടെയും സിപിഐ.എമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയിൽ ആണ്.

ഇന്ന് കെ.എസ്.യു തിരഞ്ഞെടുപ്പ് നടന്നു. ക്യാമ്പസുകളിൽ ഇല്ലാതായി കൊണ്ടിരിക്കുന്ന കെ.എസ്.യുവിനെ പരസ്പരം മത്സരിപ്പിച്ച് പാർട്ടിയിലും, കെ.എസ്.യുവിലും മെമ്പർഷിപ്പ് എടുക്കും മുൻപേ ഗ്രൂപ്പിൽ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവൻ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണ്.

ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നിൽക്കുന്ന കോൺഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ വീണ വായിച്ച ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്നു. പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സർക്കാർ നയങ്ങൾക്ക് എതിരെ പട നയിക്കേണ്ടവർ പകച്ചു നിൽക്കുന്നു. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നിൽ നിന്ന് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.

കെ.എസ്.യു വളർത്തി വലുതാക്കിയ എ.കെ.ആന്റണി ഡൽഹിയിൽ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്കൾ വളർത്തി, രാഷ്ട്രീയ വൽകരിച്ച യൂത്ത് കോൺഗ്രസിനേയും, കെ.എസ്.യുവിനേയും നേതൃത്വവും, അനുഭവ പരിചയമില്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത കോർപ്പറേറ്റ് ശൈലിക്കാരും ചേർന്ന് പരീക്ഷണശാലയിലെ പരീക്ഷണ വസ്തുവാക്കി. കെ.എസ്.യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളിൽ കൂടി ഒരു സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എൻ.എസ്.യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പർഷിപ്പുകളുടെ എണ്ണത്തിൽ എൺപത് ശതമാനവും അധികാരം പിടിക്കാൻ ഉണ്ടാക്കിയ വ്യാജ മെമ്പർഷിപ്പുകൾ മാത്രമാണ്. ആവർത്തിച്ച് പറയട്ടെ പുതിയ നേതൃത്വം വരുന്നതിൽ ഒരു എതിർപ്പും ഇല്ല, പുതു രക്തം കടന്ന് വന്നേ മതിയാകൂ. പക്ഷേ വർഗീയ, ഫാസിസ്റ്റ് അജണ്ടകൾക്കെതിരെ പ്രവർത്തിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പകരം ഒരേ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ തമ്മിൽ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിച്ചില്ലായെങ്കിൽ കനത്ത വില കൊടുക്കേണ്ടി വരും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാൻ ഞങ്ങൾ മരിക്കാനും തയ്യാറാണ്. പക്ഷേ ഇനിയും ഈ സ്ഥിരം സെറ്റിൽമെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ കാല് വാരൽ, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കൽ എന്നിങ്ങനെയുള്ള സ്ഥിരം നിർഗുണങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ല. പ്രതീക്ഷ കൈവിടാതെ ഒരു പുതിയ സൂര്യോദയത്തിനായി നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP