Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചാവു മാഫിയയുടെ രാത്രി ഇടപാടുകൾ നടക്കാതായപ്പോൾ വീട്ടിലെ നായയെ കൊന്ന് ഡോറിന് മുന്നിൽ കൊണ്ടിട്ടു; മരം വളർത്തിയതിന് ചുറ്റും മണ്ണെണ്ണയൊഴിച്ച് തീയിട്ട് തുരത്താൻ നോക്കി; ഗുണ്ടായിസങ്ങൾക്ക് വഴങ്ങാതായതോടെ ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങുന്നത് മറ്റേ പണിക്കാണെന്നാണ് പറഞ്ഞു പരത്തി; 40 കൊല്ലമായി താമസിക്കുന്നിടത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായത് എങ്ങനെയെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ഗീത ടീച്ചർ

കഞ്ചാവു മാഫിയയുടെ രാത്രി ഇടപാടുകൾ നടക്കാതായപ്പോൾ വീട്ടിലെ നായയെ കൊന്ന് ഡോറിന് മുന്നിൽ കൊണ്ടിട്ടു; മരം വളർത്തിയതിന് ചുറ്റും മണ്ണെണ്ണയൊഴിച്ച് തീയിട്ട് തുരത്താൻ നോക്കി; ഗുണ്ടായിസങ്ങൾക്ക് വഴങ്ങാതായതോടെ ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങുന്നത് മറ്റേ പണിക്കാണെന്നാണ് പറഞ്ഞു പരത്തി; 40 കൊല്ലമായി താമസിക്കുന്നിടത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായത് എങ്ങനെയെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ഗീത ടീച്ചർ

എംപി റാഫി

മലപ്പുറം: കഴിഞ്ഞ നാൽപതു വർഷമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് താമസിച്ചു വരികയാണ് ഡോ.പി ഗീതയും കുടുംബവും. 33 സെന്റ് ഭൂമിയും വീടുമാണ് ഇവിടെയുള്ളത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി പരിസരവാസികളുടെ സാദാചാര പൊലീസിങിനും അക്രമത്തിനും ഇരയാകേണ്ടി വന്നിരിക്കുകയാണ് ഗീതയടങ്ങുന്ന കുടുംബം. അമ്മയും ഭർത്താവും പി.എച്ച്.ഡി ചെയ്യുന്ന മകൾ അപർണ പ്രശാന്തിയും ഈ വീട്ടിലാണ് താമസം. മറ്റൊരു മകൻ ഡൽഹിയിൽ എം.ഫിൽ ചെയ്യുന്നു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎമ്മിന്റെ സംസ്ഥാനസമിതി അംഗവുമായ പുത്തലത്ത് ദിനേശന്റെ സഹോദരന്റെ ഭാര്യയായ ഗീത ടീച്ചർക്കും മകൾക്കുമെതിരെ നാട്ടിൽ ചില ക്രിമിനലുകളുടെ സദാചാര വിളയാട്ടം തടയാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളതെന്നും ഇക്കാര്യം സോഷ്യൽ മീഡിയയിലുൾപ്പെടെ സജീവ ചർച്ചയായെന്നും ഇന്നലെ മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു.

മാസങ്ങളായി സമീപവാസികളിൽ ചില സദാചാര രോഗികൾ ഇവരുടെ കുടുംബത്തിനെ ആക്രമിക്കുകയാണെങ്കിലും ലോക്കൽ പൊലീസ് പ്രതികൾക്കൊപ്പം നിലകൊള്ളുന്ന സ്ഥിതിയാണുണ്ടായത്. മകൾ അപർണയ്‌ക്കെതിരെ ചിലർ കല്ലെറിയുകയും അസഭ്യവർഷവും അശ്‌ളീല ആംഗ്യങ്ങളും കാണിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുക്കാത്തത് വിശദമാക്കി അപർണ കഴിഞ്ഞദിവസം ഫേസ്‌ബുക്ക് പോസ്റ്റും നൽകി.

അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് പച്ചയ്ക്ക് പ്രചരിപ്പിക്കുന്ന റസിഡൻഷ്യൽ അസോസിയേഷനെ പറ്റിയും പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ് നിലകൊള്ളുന്നതിനെ പറ്റിയുമെല്ലാം രൂക്ഷമായ ഭാഷയിലാണ് അപർണ വിമർശിച്ചത്. ഇതോടെ ഇത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി. വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായ ഗീതടീച്ചർക്കും കുടുംബത്തിനുംപോലും ഇപ്പോഴത്തെ സാഹചര്യത്തിൽ നീതി ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായി. എങ്ങനെയാണ് സമീപവാസികൾ തങ്ങളെ വേട്ടയാടുന്നതെന്ന് ഗീതടീച്ചർ മറുനാടനോട് തുറന്നു പറയുന്നു.

അക്രമമെല്ലാം റസിഡൻഷ്യൽ അസോസിയേഷന്റെ അറിവോടെ

പൊതു ജീവിതം നയിക്കുന്ന ഒരു സ്ത്രീയോടുള്ള പ്രത്യക്ഷമായ അസഹിഷ്ണുതയാണ് തനിക്ക് നിരന്തരമായി നേരിടേണ്ടി വരുന്നതെന്ന് ടീച്ചർ പറയുന്നു. എന്നെ ലക്ഷ്യം വച്ച ഏറാണ് മകൾക്ക് കൊണ്ടത്. സ്ത്രീകൾ പുറത്തിറങ്ങേണ്ടെന്ന താക്കീതായിരുന്നു ഈ ഏറുകൾ. ഞങ്ങൾക്കെതിരെ അക്രമം തുടരുന്നവർ അത് മനസിലാക്കിയിട്ടുണ്ടോയെന്നത് എന്റെ പ്രശ്നമല്ല. എന്നെ എറിഞ്ഞ കല്ല് അവരിലേക്ക് എത്തുന്നത് വരെ ഞാൻ എന്റെ സമരം തുടരും- ശക്തമായ നിലപാടു പ്രഖ്യാപിച്ച് ഡോ. ഗീത മറുനാടൻ മലയാളിയോടു പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തോളമായി ഞങ്ങൾ വിവിധ അതിക്രമങ്ങൾ പരിസരവാസികളിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നു. റസിഡൻഷ്യൽ അസോസിയേഷന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എന്റെ വീട്ടുമുറ്റത്ത് മരം വളർത്തിയതായിരുന്നു ഇവരുടെ ആദ്യത്തെ പ്രശ്നം. പിന്നീട് നായയെ വളർത്തുന്നതിൽ തുടങ്ങി ഞാനും മകളും പുറത്തിറങ്ങുന്നതും വരെയായി. ഇതെല്ലാം ഒരു സാമൂഹികതയാണെന്ന് അംഗീകരിക്കാൻ പറ്റാത്ത ആളുകളാണ് ഇതിന്റെയെല്ലാം പിന്നിൽ. മരം മുറിക്കാൻ വീടിന്റെ ചുറ്റുപാടും തീയിട്ടു വരെ ദ്രോഹിച്ചു. ഇവരുടെ ആവശ്യപ്രകാരം മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റി അതെല്ലാം മാനേജ് ചെയ്യുകയുണ്ടായി. പിന്നീടാണ് നായ പ്രശ്നം വരുന്നത്. വീട്ടുവളപ്പിലെ നായകളെ കൊല്ലാൻ സ്വകാര്യ നായപിടുത്തക്കാരെ വരെ വീട്ടിലേക്കു പറഞ്ഞു വിട്ടിരുന്നു.

ലൈസൻസെടുത്ത് വീട്ടിൽ വളർത്തുന്ന മൂന്ന് നായകൾക്കു പുറമെ എന്റെ വീട്ടു വളപ്പിൽ ഏതാനും തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. എല്ലാ വീട്ടുപരിസരങ്ങളിലും പോയി എച്ചിലും ഭക്ഷണവുമെല്ലാം കഴിച്ച് ജീവിച്ചു പോകുന്നതാണ് അവിടത്തെ തെരുവ് നായകൾ. ഈ നായകൾ അക്രമകാരികളേയല്ല. ഞങ്ങൾ താമസിക്കുന്ന പ്രദേശത്ത് രാത്രി സമയങ്ങളിൽ അപരിചിതരെ കാണുമ്പോൾ നായകൾ കുരയ്ക്കും. ഇത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കഞ്ചാവിനായാണ് പിരിസരങ്ങളിൽ രാത്രിസമയങ്ങളിൽ അപരിചിതർ എത്തിയിരുന്നത്. രാത്രി സമയങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന വലിയ മാഫിയയാണിവിടെ. പൊതിയും പെട്ടിയുമെല്ലാം ഇവർ വെച്ചു പോകുകയാണ് ചെയ്യുന്നത്. ഈ സമയം അപരിചിതരെ കാണുമ്പോൾ നായ കുരക്കും. ഇത് ക്രമേണ ഇവിടത്തെ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടായി. ഈ സമയത്താണ് തെരുവ് നായ ശല്യത്തെ തുടർന്ന് മീഡിയകളിലൂടെ കാമ്പയിനിങ് തുടങ്ങിയത്. ഇത് മുതലെടുത്ത് റസിഡൻഷ്യൽ അസോസിയേഷനിലെ ചില തൽപര കക്ഷികൾ നായകളെ കൊല്ലാൻ തീരുമാനിച്ചത്. മലപ്പുറം പോലുള്ള ജില്ലയിൽ നായകൾക്കെതിരെ കമ്മ്യൂണലായുള്ള ഒരു എതിർപ്പായിരുന്നില്ല എന്റ വീട്ടിലെ കാര്യത്തിൽ ഉണ്ടായത്. ഇവിടത്തെ മുസ്ലിം കമ്മ്യൂണിറ്റിയല്ല നായകൾക്കെതിരെ രംഗത്ത് വന്നിരുന്നത്.

ആറുമാസം പ്രായമായ പട്ടിക്കുഞ്ഞിനെ കൊന്ന് പ്രതികാരം

ഇതിനു പിന്നാലെ പരിസരത്തെ പത്ത് വീടുകളിൽ നിന്നുള്ള ആളുകളടക്കം നായപിടുത്തക്കാർ വടിയുമായി എന്റെ കോമ്പൗണ്ടിൽ വന്നു. നായയെയും നായപിടുത്തക്കാരെയും കൊല്ലുമെന്നായിരുന്നു ഇവരുടെ ഭീഷണി. 2016 ഓക്ടോബർ അഞ്ചാം തിയ്യതിയാണ് ഈ സംഭവം നടക്കുന്നത്. അന്നു തന്നെ ഈ സംഭവത്തിൽ പൊലീസിൽ രേഖാമൂലം പരാതി നൽകി. കേസെടുക്കേണ്ടെന്നും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടാവാതിരിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്നും മുൻകരുതലുമാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. ശേഷം ഒക്ടോബർ 23ന് വീട് തുറന്നപ്പോൾ ആറു മാസം പ്രായമുള്ള പട്ടിക്കുട്ടിയെ കൊന്നിട്ട് വീടിന്റെ ഉമ്മറത്ത് ഇട്ടിരിക്കുന്നതാണ് കണ്ടത്. വീടിന്റെ കോമ്പൊൗണ്ടിൽ എപ്പോഴും ഉണ്ടാകുന്ന പട്ടിയാണിത്. നേരത്തെയുള്ള ഭീഷണിയും ചൂണ്ടിക്കാട്ടി വീണ്ടും പൊലീസിൽ പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നായയുടെ പോസ്റ്റുമോർട്ടവും നടത്തി ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്. കേസ് കോടതിയിലേക്ക് കൈമാറാനിരിക്കുകയാണിപ്പോൾ. ഇതിനു ശേഷം മരങ്ങളുടെ പേരിൽ നിരന്തരം ബുദ്ധിമുട്ടുണ്ടാക്കി. ആവശ്യപ്പെടുന്ന ചില്ലകൾ വെട്ടിയാൽ പോലും അതിർത്തിക്കപ്പുറം നാലു ഭാഗത്തും മണ്ണെണ്ണ ഒഴിച്ചു തീയിടൽ പതിവായിരുന്നു. നിസാര കാര്യത്തിനു പോലും ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് അറിയുന്നില്ല.

എനിക്കും എന്റെ മകൾക്കുമെതിരെ അപവാദ പ്രചാരണങ്ങൾ പരിസരവാസികൾ പതിവാക്കിയിരുന്നു. ഞങ്ങൾക്ക് ഭ്രാന്താണെന്നു വരെ പറഞ്ഞു പരത്തി. ഞങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതും അസമയത്ത് വീട്ടിൽ വരുന്നതുമാണ് ഇവരുടെയെല്ലാം പ്രശ്നം. ബുദ്ധിമുട്ട് അസഹ്യമായപ്പോൾ ഫെബ്രുവരി 27ന് മരം കത്തിച്ച വിഷയം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. പൊലീസെത്തിയപ്പോൾ അവർ സംഘടിതമായി നേരിട്ടിരുന്നു. ഇതിനു ശേഷം പരിസരവാസികൾ ചേർന്ന് അനധികൃതമായി മരം വളർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എനിക്കെതിരെ ആർ.ഡി.ഒക്ക് പരാതി നൽകി. ഇത് അന്വേഷിക്കാനായി വില്ലേജ് ഓഫീസിൽ നിന്നും ആളെത്തിയിരുന്നു. ഇവരുടെ അന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടു.

തനിക്കെതിരെ പരാതി നൽകി ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് മാർച്ച് പത്തിന് എന്റെ മകൾക്കും വീടിനും നേരെ അക്രമം ഉണ്ടാകുന്നത്. രാവിലെ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുന്നത് മറ്റേ പണിക്കാണെന്നാണ് പണിക്കാരോടു വരെ അയൽ വീട്ടുകാർ പറഞ്ഞിരുന്നത്. അടുത്ത വീട്ടിൽ പെയിന്റിംങ് ജോലിക്കു വന്നയാളാണ് മകൾക്കെതിരെയും വീടിനു നേരെയും കല്ലെറിഞ്ഞത്. ഇവൻ ചുണ്ടുകൊണ്ടും കൈകൊണ്ടും പല ആഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. എന്റെ അമ്മയും മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഞാനും ഭർത്താവും തിരിച്ചെത്തിയ ശേഷം എസ്‌പിക്കും എസ്.ഐക്കും പരാതി നൽകി.

 

പ്രതികളെ സഹായിച്ച് ലോക്കൽ പൊലീസിന്റെ ക്യാൻവാസിങ്

ഇതിനു ശേഷം കേസിൽ നിന്നും പിൻതിരിപ്പിക്കാനായി ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നും പല സംസാരങ്ങളുമുണ്ടായിരുന്നു. കേസിന്റെ ഭവിഷ്യത്തും കോടതി കയറി ഇറങ്ങേണ്ട അവസ്ഥയുമെല്ലാമാണ് പൊലീസ് പേടിപ്പിക്കാനായി പറഞ്ഞത്. തെളിവുണ്ടാക്കി തന്നാൽ മാത്രം ആളെ അറസ്റ്റു ചെയ്യാമെന്നായിരുന്നു എസ്.ഐയുടെ മറുപടി.

അന്വേഷണത്തിൽ നിരുത്തരവാദപരമായ പെരുമാറ്റം തുടർന്നതോടെ ഡിവൈഎസ്‌പിക്കു പരാതി നൽകി. ഇതേ തുടർന്നാണ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ അവർ സംഘടിതമായി ഞങ്ങളെ അക്രമിച്ചു കൊണ്ടിരിക്കുകയാണ്. വാർത്ത പുറത്തു വന്നതിനു ശേഷം ഞങ്ങളെ പിന്തുണച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. വാർത്ത വായിച്ച് വിടി ബൽറാം എംഎ‍ൽഎ ഇന്ന് വീട്ടിൽ എത്തിയിരുന്നു.

ഞങ്ങളെ ദ്രോഹിച്ചവരെ ഇതുവരെ സ്വാധീനം ഉപയോഗിച്ചോ മറ്റോ ഞങ്ങൾ നേരിട്ടിരുന്നില്ല. പക്ഷേ ഇപ്പോൾ ഞങ്ങൾക്കെതിരെയുള്ള അതിക്രമം അതിരു കടന്നതോടെയാണ് ഇതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഞങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി വന്നിരിക്കുന്ന സാഹചര്യമാണ്.

റസിഡൻഷ്യൻ അസോസിയേഷൻ സമാന്തര ഭരണകൂടമായി പെരുമാറുകയാണ്. ഇക്കൂട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയ സംഘടനകളോ മതസംഘടനകളോ പ്രത്യക്ഷത്തിൽ ഒരു പങ്കു വഹിക്കുന്നതായി തോന്നുന്നില്ല., മറിച്ച് ചില സവർണ മാടമ്പികളുടെ നിക്ഷിപ്ത താൽപര്യങ്ങളാണ് ഇതിന്റെ പിന്നിൽ. ഇവർ സ്ത്രീകളെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഞങ്ങൾ മറ്റെവിടെനിന്നോ വന്ന പോലെയാണ് പെരുമാറുന്നത്. എന്തിനാണ് രാവിലെ ഇറങ്ങിപ്പോവുന്നത്, നിങ്ങൾക്കു മാത്രമേ പൊതുജീവിതമുള്ളൂ..എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിച്ച് അപമാനിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരണവുമായി മുന്നോട്ടു പോവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP