Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയോ സിപിഐഎമ്മോ സമീപിക്കേണ്ട; തന്നെ ആർ എസ് എസുകാരനാക്കുന്നത് കോൺഗ്രസുകാർ; പാർട്ടിയുടെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടിയാൽ അതെങ്ങനെ സംഘപരിവാറിനെ സഹായിക്കലാകും? കോൺഗ്രസിൽ നിന്ന് രാജിവച്ച സി ആർ മഹേഷ് മറുനാടനോട്

ബിജെപിയോ സിപിഐഎമ്മോ സമീപിക്കേണ്ട; തന്നെ ആർ എസ് എസുകാരനാക്കുന്നത് കോൺഗ്രസുകാർ; പാർട്ടിയുടെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടിയാൽ അതെങ്ങനെ സംഘപരിവാറിനെ സഹായിക്കലാകും? കോൺഗ്രസിൽ നിന്ന് രാജിവച്ച സി ആർ മഹേഷ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: തന്നെ ബിജെപിക്കാരനാക്കുന്നതു കോൺഗ്രസുകാർതന്നെയാണെന്നു സി ആർ മഹേഷ്. കോൺഗ്രസിനോടല്ല വെറുപ്പെന്നും നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളോടു വിയോജിച്ചാണ് സ്ഥാനങ്ങൾ ഒഴിഞ്ഞത്. കോൺഗ്രസ് പ്രത്യയശാസ്ത്രത്തോടു വെറുപ്പ് തോന്നാത്തിടത്തോളം കോൺഗ്രസ് അനുഭാവിയായി തുടരുമെന്നും മഹേഷ് പറഞ്ഞു.

കോൺഗ്രസ് പ്രസ്ഥാനം നന്നാകണമെന്ന ആത്മാർഥമായ ആഗ്രഹമുള്ളതിനാലാണ് നേതൃത്വത്തിന്റെ ഭാഗത്തുള്ള പോരായ്മകൾ ചൂണ്ടിക്കാണിച്ചത്. രാഹുൽ ഗാന്ധിക്കെതിരെയും ആന്റണിക്കെതിരെയും നടത്തിയ പരാമർശങ്ങൾ പറഞ്ഞതിനും ഇരട്ടിയാക്കി അവരുടെ മുന്നിലെത്തിച്ച് പുറത്താക്കും എന്ന് നന്നായി അറിയാവുന്നത്‌കൊണ്ടാണ് അതിനു മുമ്പ് പാർട്ടി വിട്ടത്.

കോൺഗ്രസ് നേതൃത്വം കാണിക്കുന്ന കൊള്ളരുതായ്മകൾ ചൂണ്ടിക്കാണിച്ചാൽ എങ്ങയാണു സംഘപരിവാറിനെ സഹായിക്കുന്നുവെന്ന് വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാകുന്നില്ല. താൻ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകുന്നുവെന്ന വാർത്തകൾ ശരിയല്ല. ആരും അത്തരം ആഗ്രഹങ്ങളുമായി സമീപിക്കേണ്ട. കോൺഗ്രസ് ആശയങ്ങളോട് വെറുപ്പ് തോന്നാത്തിടത്തോളം കാലം അനുഭാവിയായി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ച് പൊതുരംഗത്തു തുടരും.

കോൺഗ്രസ് പാർട്ടി മുൻപെങ്ങും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അപ്പോൾ പ്രസ്ഥാനത്തോടുള്ള ആത്മാർഥത ഒന്നുകൊണ്ട് മാത്രമാണ് തെറ്റുകൾ ചൂണ്ടിക്കാണിച്ചത്. ഫലം വിപരീതമായാണു ലഭിച്ചത്. ആരെയും മണിയടിച്ച് നേതാവായ ആളല്ല താൻ. അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്തു പറയുന്നു എന്നാലോചിച്ച് തലപുകയ്‌ക്കേണ്ട കാര്യമില്ല. യൂത്ത് കോൺഗ്രസിന്റേയും കോൺഗ്രസിന്റെയും നിരവധി പ്രവർത്തകർതന്നെ വിളിച്ച് മാനസികമായി പിന്തുണയറിയിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ നിന്ന് പോകണമെന്നുള്ളതു കൊണ്ടാണ് അവർ പരസ്യമായി രംഗത്ത് വരാത്തത്.

യൂത്ത് കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ സന്തോഷത്തോടെ അത് നിരസിച്ചയാളാണു താൻ. പിസി വിഷ്ണുനാഥിന്റെ പ്രതികരണം തെറ്റിദ്ധാരണകൊണ്ടാകാം. അതെക്കുറിച്ച് പ്രതികരിക്കാനില്ല. ആന്റണിയേയും രാഹുൽ ഗാന്ധിയേയും വിമർശിച്ച് ആരും കോൺഗ്രസിൽ തുടരണ്ടെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും നിലപാടുകളെക്കുറിച്ച് ചോദിച്ചപ്പോൾ മഹേഷിന്റെ ഉത്തരം തെറ്റ് ആര് ചെയ്താലും ചൂണ്ടിക്കാണിക്കുന്ന പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ് എന്നായിരുന്നു.

പാർട്ടിക്കും നേതാക്കൾക്കും തെറ്റു പറ്റുമ്പോൾ ഇടപെടുന്നതും അതു ചൂണ്ടിക്കാണിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കുന്നത് എങ്ങനെയാണ്. തെരഞ്ഞെടുപ്പിൽ കാലുവാരി തോൽപ്പിച്ച ശേഷം ബിജെപിയിലേക്കു പോകുന്നുവെന്ന രീതിയിൽ പാർട്ടി തന്നെ നടത്തിയ പ്രസ്ഥാവനകളും പ്രചാരങ്ങളുമാണ് ഇപ്പോൾ കോൺഗ്രസ് വിട്ടപ്പോൾ വീണ്ടും തലപൊക്കുന്നത്. കെഎസ്‌യുവിൽ ഇപ്പോൾ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന്റെ രീതി ഉൾപ്പെടെയുള്ള കാര്യങ്ങളാണു താൻ ചൂണ്ടിക്കാട്ടിയതെന്നും മഹേഷ് പറഞ്ഞു.

നേതൃത്വം ഏറ്റെടുത്തു മുന്നിൽ നിന്നു നയിക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി ഒഴിയണമെന്നും എ.കെ.ആന്റണി ഡൽഹിയിൽ മൗനി ബാബയായി തുടരുകയാണെന്നുമായിരുന്നു മഹേഷിന്റെ ഫേസ്‌ബുക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. യുപി ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവി, കെപിസിസിക്കു പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്തത്, കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തമ്മിലടി എന്നിവയോടുള്ള പ്രതികരണമായിരുന്നു ഫേസ്‌ബുക് പോസ്റ്റ്.

ഫേസ്‌ബുക് പോസ്റ്റിനു മറുപടിയുമായി കെപിസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് രൂക്ഷമായ ഭാഷയിൽ രംഗത്തുവന്നതും മഹേഷിന്റെ രാജിക്കു പ്രകോപനമായി. അതിന് ശേഷം വാർത്താ സമ്മേളനം നടത്തി യൂത്ത് കോൺഗ്രസിൽ നിന്ന് മഹേഷ് രാജി പ്രഖ്യാപിച്ചു. പിന്നീട് സംഘടനയിൽ നിന്ന് മഹേഷിനെ പുറത്താക്കുന്ന തീരുമാനവും എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP