Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിലെ സി.പി.എം നേതാക്കളെ തീറ്റിപോറ്റുന്ന വൻകിട ക്വാറി കമ്പനികൾക്കെതിരെ യുവ ഐഎഎസുകാരൻ; നാല് ഭൂമി തുരപ്പന്മാരോട് 25 കോടി പിഴ ഈടാക്കാൻ സബ് കളക്ടർ; ഇടുക്കി മലനിരകളെ നിത്യമരണത്തിൽ നിന്നും കാക്കാൻ സ്വന്തം കൃത്യം നിർവ്വഹിക്കുന്ന ശ്രീറാമിനെ പുറത്താക്കിയേ മതിയാവൂ എന്ന വാശിയിൽ പാർട്ടി നേതൃത്വം

ഇടുക്കിയിലെ സി.പി.എം നേതാക്കളെ തീറ്റിപോറ്റുന്ന വൻകിട ക്വാറി കമ്പനികൾക്കെതിരെ യുവ ഐഎഎസുകാരൻ; നാല് ഭൂമി തുരപ്പന്മാരോട് 25 കോടി പിഴ ഈടാക്കാൻ സബ് കളക്ടർ; ഇടുക്കി മലനിരകളെ നിത്യമരണത്തിൽ നിന്നും കാക്കാൻ സ്വന്തം കൃത്യം നിർവ്വഹിക്കുന്ന ശ്രീറാമിനെ പുറത്താക്കിയേ മതിയാവൂ എന്ന വാശിയിൽ പാർട്ടി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കിയിലെ പുലി മുരകനാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. വി എസ് അച്യൂതാനന്ദന്റെ പൂച്ചകൾ പരാജയപ്പെട്ടിടത്താണ് ശ്രീറാം വെങ്കിട്ടരാമൻ പൊരാട്ടം നടത്തുന്നത്. ഇടുക്കിയുടെ മലനിരകളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കടുത്ത നടപടികളാണ് ഇതിനായി ഈ യുവ ഐഎഎസ് ഓഫീസർ എടുക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിലെ പാറമടകളിൽ കോടിക്കണക്കിനുരൂപ പിഴയീടാക്കാവുന്ന വൻ ക്രമക്കേട് റവന്യൂ സംഘം കണ്ടെത്തി. നാലു പാറമടയിൽമാത്രം അഞ്ചുമുതൽ 15 കോടി വരെ പിഴയീടാക്കാവുന്ന ക്രമക്കേടുകളുണ്ട്. പരിശോധന ജില്ല മുഴുവൻ വ്യാപിപ്പിച്ചാൽ കുറഞ്ഞത് 25 കോടിയെങ്കിലും പിഴയീടാക്കാൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇടുക്കി മലനിരകളെ രക്ഷിക്കാൻ ഇത് അനിവാര്യമാണെന്നാണ് കളക്ടറുടെ നിലപാട്. കൊന്നത്തടി പഞ്ചായത്തിലെ തിങ്കൾക്കാട് ക്വാറി, ദേവികുളം താലൂക്കിലെ ഹൈറേഞ്ച് മെറ്റൽ ക്രഷർ, മാർ ബേസിൽ ഗ്രാനൈറ്റ്സ്, ശാന്തൻപാറ ഗ്രാനൈറ്റ്സ് എന്നീ ക്വാറികൾ റവന്യൂ സംഘം പരിശോധിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് മാർച്ച് 20-ന് ജില്ലാ കളക്ടർക്ക് കൈമാറി. ജില്ലയിൽ 25 പാറമടകളുണ്ട്. ബാക്കി 21 പാറമടകൾ ഉടൻ പരിശോധിക്കും. മൂന്നാറിനെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ റിസോർട്ട് മാഫിയയ്‌ക്കെതിരെയാണ് സബ് കളക്ടർ നടപടി തുടങ്ങിയത്. അതിന് ശേഷമാണ് ക്വാറിക്കെതിരെ നടപടി തുടങ്ങിയത്. മിക്ക ക്വാറികളുടെയും ലോറികളുടെയും ഉടമകൾ രാഷ്ട്രീയനേതാക്കളുടെയോ ഇവർക്ക് സ്വാധീനമുള്ള ചിലരുടെയോ ബിനാമികളാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടുമുണ്ട്.

സബ് കളക്ടറുടെ പരിശോധനയിൽ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. തിങ്കൾക്കാട് ക്വാറിയിൽമാത്രം കുറഞ്ഞത് രണ്ടരക്കോടി രൂപ പിഴയീടാക്കാനുള്ള ക്രമക്കേട്. ഒന്നോ രണ്ടോ ഏക്കർ സ്ഥലത്തെ പാറപൊട്ടിക്കാൻ അനുമതിയുണ്ടായിരുന്ന ക്വാറി വലിയപ്രദേശത്ത് ഖനനം നടത്തി. 75,000 ഘനമീറ്റർ പാറ അധികമായി പൊട്ടിച്ചു. ഇത് പാറയായി വിറ്റാൽ 8.25 കോടി വില ലഭിക്കും. മെറ്റലാക്കിയാൽ 10 കോടിയിലധികവും.വനപ്രദേശമായി കണക്കാക്കുന്ന കാർഡമം ഹിൽ റിസർവിലെ ഈ ക്വാറി പാരിസ്ഥിതികപ്രശ്നവുമുണ്ടാക്കുന്നു. പാടം നികത്തി, രണ്ടുതോടുകൾ ദിശ മാറ്റി, സമീപ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷം. മറ്റ് മൂന്നു ക്വാറികളിൽ നാലുകോടിയോളം രൂപ പിഴയീടാക്കാവുന്ന ക്രമക്കേടുകൾ.-ഇങ്ങനെ പോകുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ.

പിഴയടയ്ക്കാൻ ക്വാറിയുടമകൾ തയ്യാറാണെന്നാണ് സൂചന. മിക്ക ക്വാറിയുടമകളും അടുത്ത പെർമിറ്റിന് അപേക്ഷ കൊടുത്തിട്ടുണ്ട്. പിഴയും അതിന്റെ പത്തിരട്ടിയിലധികവും അടുത്ത പെർമിറ്റ് കൊണ്ട് നേടിയെടുക്കാമെന്നതാണ് കാരണം. എന്നാൽ അധികൃതമായി ഒന്നും ചെയ്യാൻ അനുവദിക്കില്ലെന്നാണ് സബ് കളക്ടറുടെ പക്ഷം. ഇതിനായി നിരീക്ഷണം ശക്തമാക്കും. അതുകൊണ്ട് തന്നെ പിഴ നൽകി ക്വാറി തുടങ്ങിയാലും സബ് കളക്ടറുടെ ഇടപെടൽ വിനയാകും. ഇതുമനസ്സിലാക്കി റവന്യൂ സംഘത്തിന്റെ നടപടികൾക്ക് നേതൃത്വം നൽകുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ പാറമടലോബി രംഗത്തിറങ്ങി. സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ സി.പി.എം. നേതൃത്വം രണ്ടാഴ്ചയിലേറെയായി പ്രത്യക്ഷസമരത്തിലാണ്. സിപിഐയുമായി ധാരണയുണ്ടാക്കി കളക്ടറെ മാറ്റാനാണ് നീക്കം. എന്നാൽ തിടുക്കത്തിൽ നടപടിയെടുത്താൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാർ കരുതുന്നു. കളക്ടറുടെ ജനപിന്തുണയാണ് ഇതിന് കാരണം.

മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേയും റിസോർട്ട് മാഫിയകൾക്കെതിരേയും നിലപാട് കർശനമാക്കിയ സബ് കളക്ടറെ തെറിപ്പിക്കാൻ കരുനീക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. പാർട്ടികളുടേയും നേതാക്കൾ ഇതിനായി രംഗത്തുണ്ട്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ൈകയേറ്റഭൂമിയൊഴിപ്പിക്കാൻ സബ്കളക്ടർ ശ്രീറാം വെങ്കിട്ടറാം നടത്തുന്ന നീക്കങ്ങളോട് കടുത്ത എതിർപ്പാണ് സിപിഐ.യും സിപിഎമ്മും പുലർത്തുന്നത്. ഇരുകക്ഷികളുടെയും ജില്ലാനേതൃത്വവും മന്ത്രി എം.എം. മണിയും സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. കളക്ടറുടെ മുൻകൂർ അനുമതി വാങ്ങാതെ മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതു ലംഘിച്ചു ചില റിസോർട്ടുകൾ നിർമ്മാണം നടത്തിയിരുന്നു. ഇവയ്ക്കു നേരത്തെ ഇരുന്ന ദേവികുളം ആർഡിഒ സ്റ്റോപ്പ് മെമോ നൽകിയിരുന്നു.

എന്നാൽ, സ്റ്റോപ്പ് മെമോ വകവയ്ക്കാതെ ചിലർ വീണ്ടും നിർമ്മാണം നടത്തി. ഇതിനെതിരേ കർശന നടപടിയുമായി സബ് കളക്ടർ രംഗത്ത് വന്നതാണ് റിസോർട്ട് മാഫിയയെ ചൊടിപ്പിച്ചത്. സ്റ്റോപ്പ് മെമോ വകവയ്ക്കാതെ നിർമ്മാണം നടത്തിയവർക്കെതിരേ ക്രിമിനൽ കേസ് എടുത്തതോടെയാണ് ഇവർ ശ്രീറാമിനെതിരേ തിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയിലെ മലനിരകളെ രക്ഷിക്കാനുള്ള നടപടികൾ തുടങ്ങുന്നത്. അതുപോലെ തന്നെ ദേവികുളം മേഖലയിലെ ചില ഇടത് അനുഭാവികളുടെ ഭൂമിക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സബ് കളക്ടർ ശക്തമായ നടപടിയെടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്.റിസോർട്ടുകളിൽ നിന്നു പുഴകളിലേക്കും മറ്റും മാലിന്യമൊഴുക്കുന്നതിനെതിരേയും മറ്റു ജില്ലകളിൽ നിന്ന് ആശുപത്രി മാലിന്യവും മറ്റും കൊണ്ടുവന്നു വനത്തിൽ തള്ളുന്നതിനെതിരേയും സബ് കളക്ടർ എടുത്ത നിലപാടുകൾ പ്രശംസിക്കപ്പെട്ടിരുന്നു.

മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിയമസഭാ ഉപസമിതി അവിടെ നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് ശുപാർശ ചെയ്തിരുനനു. ഇത് ശ്രീറാമിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ശ്രീറാമിനെ മാറ്റാൻ നീക്കം അണിയറയിൽ സജീവമാകുന്നത്. ഇതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാർ ദൗത്യത്തിന് ചിറകൊടിച്ചതുപോലെ ഇപ്പോൾ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ റിസോർട്ട് മാഫിയകൾക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളെ തടയാനാവില്ലെന്ന സ്ഥിതിയാണ് നിയമസഭാ സമിതിയുടെ റിപ്പോർട്ടിലൂടെ ഉണ്ടായത്.

ഇടുക്കിയെ രക്ഷിക്കാൻ അവസാന ശ്രമം എന്ന നിലയിലാണ് മാസങ്ങൾക്കു മുമ്പ് ദേവികുളം സബ്കളക്ടറായി അധികാരമേറ്റ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത നടപടികൾ കൈക്കൊണ്ടത്. ഇതിൽ പല നടപടികളും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ റിസോർട്ടുകളിലേക്കും എസ്റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ഇപ്പോൾ സിപിഐ നേതൃത്വവും ഉൾപ്പെടെ ശ്രീറാമിനെതിരെ തിരിഞ്ഞത്. ഇക്കാര്യം മറുനാടൻ റിപ്പോർട്ടുചെയ്തതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കഴിഞ്ഞവർഷം ജൂലായ് 22ന് ശ്രീറാം മൂന്നാറിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം മുമ്പ് വി എസ് മൂന്നാർ ദൗത്യം നടത്തിയതിൽ നിന്നും അൽപം ഭിന്നമായിരുന്നു. 2007-08 കാലത്തെ കെട്ടിടം പൊളിക്കലിനും കോലാഹലങ്ങൾക്കുംശേഷം വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഫയൽ ചെയ്ത കേസിൽ, മൂന്നാർ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ എൻഓസി ലഭിച്ചതിന് ശേഷമേ നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു.

എന്നാൽ മൂന്നാർ ടൗൺ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രമേ ഈ ഉത്തരവ് ഭാഗികമായി പോലും പാലിക്കപ്പെട്ടുള്ളൂ. കണ്ണൻ ദേവൻ കമ്പനി ആദ്യകാലത്ത് തൊഴിലാളികൾക്കായി സ്ഥാപിച്ച പരിമിതമായ സൗകര്യങ്ങളുള്ള ടൗൺഷിപ്പായിരുന്നു മൂന്നാർ. മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിയപ്പെടുകയും, ഇതു മുന്നിൽക്കണ്ട് 1995 മുതലിങ്ങോട്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും, ലോഡ്ജുകളും റിസോർട്ടുകളും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമായി നിർമ്മിക്കപ്പെടുകയും ക്രമേണ പുഴയുടെതീരം കൂടുതൽകൂടുതൽ കൈയേറപ്പെടുകയും ചെയ്തു. 2015 അവസാനത്തോടെ മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെവരെ തടസ്സപ്പെടുത്തുന്ന വിധത്തിൽ നിർമ്മാണങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ച ദയനീയമായ അവസ്ഥ സംജാതമായി.

കോടതി ഉത്തരവ് വന്ന 2010 ജനുവരി മുതൽ 2015 വരെ നിരവധി സബ്കളക്ടർമാരും, ജില്ലാകളക്ടർമാരും വന്നുപോയി. പക്ഷേ, ഇവരിലാരും കോടതി ഉത്തരവ് പാലിക്കാൻ ധൈര്യം കാണിച്ചില്ല. എന്നാൽ ശ്രീറാം നിയമം നടപ്പാക്കി. ഇതാണ് രാഷ്ട്രീയക്കാരുടെ കണ്ണിലെ കരാടായി ഈ ഉദ്യോഗസ്ഥനെ മാറ്റിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP