Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതാ മലയാളത്തിൽ എടുത്ത ഒരു ഹോളിവുഡ് ചിത്രം! 'ടേക്ക് ഓഫ്' സാങ്കേതികത്തികവും അനുഭവ തീഷ്ണതയും ചാലിച്ച അവിസ്മരണീയ അനുഭവം; പൊളിച്ചടുക്കി പാർവതിയും ഫഹദും; ഇത് 'ആടുമേക്കൽ സംഘവും' അതി ദേശീയവാദികളും കൂടി കാണേണ്ട ചിത്രം

ഇതാ മലയാളത്തിൽ എടുത്ത ഒരു ഹോളിവുഡ് ചിത്രം! 'ടേക്ക് ഓഫ്' സാങ്കേതികത്തികവും അനുഭവ തീഷ്ണതയും ചാലിച്ച അവിസ്മരണീയ അനുഭവം; പൊളിച്ചടുക്കി പാർവതിയും ഫഹദും; ഇത് 'ആടുമേക്കൽ സംഘവും' അതി ദേശീയവാദികളും കൂടി കാണേണ്ട ചിത്രം

എം മാധവദാസ്

ലയാളത്തിന്റെ ബജറ്റിൽനിന്നുകൊണ്ട് ഒരു ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രം എടുക്കാൻ കഴിയുമോ? അതിനുള്ള ഉത്തരമാണ് മുൻനിര എഡിറ്ററായ മഹേഷ് നാരായണന്റെ കന്നി സംവിധാന സംരഭമായ ടേക്ക് ഓഫ്. ഇതിന്റെ രണ്ടാം പകുതി കണ്ടപ്പോൾ അന്തിച്ചിരുന്നുപോയി. കാണുന്നത് ഇംഗ്‌ളീഷ് ചിത്രമാണോയെന്ന്.എറ്റവും രസാവഹം കഥ നടക്കുന്ന ഇറാഖിൽ ഒന്നും പോവാതെ,നമ്മുടെ രാമോജിറാവു ഫിലിംസിറ്റിയിലും, റാസൽഖൈമയിലുമൊക്കെ സെറ്റിട്ടാണ് ഇവർ ചിത്രമൊരുക്കിയതെന്നാണ്. അസാധാരണമായ കഴിവ് വേണം ഇതിന്. സി.വി രാമൻ പണ്ട് പണത്തിന് പകരം പ്രതിഭ ഉപയോഗിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞരോട് പറഞ്ഞിട്ടുണ്ട്.മഹേഷ് നാരായണനും സംഘവും നമ്മുടെ ചലച്ചിത്രകാരന്മാരോട് അത് പറയാതെ പറയുന്നു.

ചിത്രത്തിന്റെ മേന്മ സാങ്കേതിക തികവിൽ മാത്രം ഒതുങ്ങുന്നില്ല. ഹൃദയഹാരിയായ കഥയും,ജീവാതാനുഭവങ്ങളും ചാലിച്ച മികച്ച ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിത്.ഇതിൽ അന്യനാട്ടിൽ കിടന്ന കഷ്ടപ്പെടുന്ന നഴ്‌സുമാരുടെ വിയർപ്പിന്റെ ഗന്ധമുണ്ട്, ഭീകരതയുടെ കൃത്യമായ രാഷ്ട്രീയമുണ്ട്, അതിജീവനത്തിന്റെ ആനന്ദമുണ്ട്. സംഭവകഥകൾ അഭ്രപാളികളിൽ എത്തിക്കുമ്പോൾ സാധാരണ സംഭവിക്കാറുള്ള ഡോക്യുമെന്റി സ്വഭാവം ഈ പടത്തിന് തീരെയുണ്ടായിട്ടില്ല. ഒരു സീനിന്റെപോലും ദുർമേദസ്സുകളില്ലാത്ത ഒത്ത പടം. ഏറിയ നാൾകൂടിയാണ് പടം കഴിഞ്ഞ് പ്രേക്ഷകർ ഒന്നടങ്കം എഴുനേറ്റ് നിന്ന് കൈയടിക്കുന്ന കാഴ്ച കാണുന്നതും.

സത്യത്തിൽ ഒരു ഹോളിവുഡ് സിനിമയുടെ ബജറ്റ് എത്രയാണ്, നമ്മുടേത് എത്രയാണ് എന്നറിയുമ്പോഴാണ് നാം ഈ ടീമിനെ നമിച്ചുപോവുക.( ജയരാജിന്റെ 'വീര'ത്തിനായൊക്കെ വിദേശ സാങ്കേതിക വിദഗ്ദ്ധർക്ക് കൊടുത്ത പണം ഈ ടീമിനൊക്കെയായിരുന്നെങ്കിൽ കഥ മാറിയേനെ) സാമ്പത്തിക പരിമിതിവെച്ച് പ്രൊജക്ടുകൾ ഇനി മാറ്റേണ്ടതില്‌ളെന്നും, നമുക്കും അന്താരാഷ്ട്ര ചിത്രങ്ങൾ എടുക്കാൻ കഴിയുമെന്നുമുള്ള വലിയൊരു ഉൾക്കാഴ്ചയാണ് ഈ പടം മുന്നോട്ടുവെക്കുന്നത്.മലയാള സിനിമയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിമറിക്കുന്ന വിപ്‌ളവത്തിനാണ് സത്യത്തിൽ ഈ പടം തിരികൊളുത്തിയിരക്കുന്നത്. ടേക്ക് ഓഫിന്റെ കലാസംവിധായകൻ സന്തോഷ് രാമൻ, മേക്കപ്പ്മാൻ രഞ്ജിത് അമ്പാടി, ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് എന്നിവരോടൊക്കെ സത്യത്തിൽ മലയാള ചലച്ചിത്രലോകം കടപ്പെട്ടിരിക്കയാണ്.

അന്തരിച്ച ചലച്ചിത്ര സംവിധായകൻ രാജേഷ്പിള്ളക്കാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ നവതരംഗം ഉദ്ഘാടനം ചെയ്ത 'ട്രാഫിക്കിന്റെ' സംവിധായകന് ഇതിലും നല്ല ഒരു സ്മൃതിയർച്ചന നൽകാനില്ല.പ്രമേയത്തിലും ആഖ്യാനത്തിലും മാത്രമല്ല ചിത്രത്തിന്റെ പുതുമയുള്ളത്.ഇത് നായക പ്രധാനമല്ല, നായികയാണ് ഇവിടെ താരം.ആ മുഖ്യവേഷത്തിൽ പാർവതി തിമർത്തുപെയ്യുകയാണ്. ഒപ്പം മന്ദമാരുതനായി കുഞ്ചാക്കോബോബനും, ഇടിവെട്ടായി ഫഹദ് ഫാസിലും.

സംഭവകഥ യാഥാർഥ്യമാവുമ്പോൾ

ഐസിസ് തീവ്രവാദികളുടെ പിടിയിലായ ഇറാഖിൽ 2014ൽ ഇന്ത്യൻ നഴ്‌സുമാർ രക്ഷപ്പെട്ട സംഭവ കഥയാണ് ഈ ചിത്രത്തിന് ആധാരം. ഏതുനിമിഷവും കൊല്ലപ്പെടുമെന്ന അന്തരീക്ഷം നിലനിൽക്കുമ്പോഴും കരുത്ത് കൈവിടാതെ, കാണാതായ തന്റെ ഭർത്താവിനെ കുറിച്ചുള്ള അന്വേഷണം തുടരുന്ന സമീറ എന്ന മലയാളി നഴ്‌സിലൂടെയാണ് ( പാർവതി) ചിത്രം മുന്നേറുന്നത്.

സമീറയുടെ ജീവിതപ്രാരാബ്ധങ്ങളിൽ തുടങ്ങുന്ന ചിത്രം, പൊതുവെ ജോലിയെടുക്കുന്ന സ്ത്രീകൾ നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്കുള്ള കണ്ണാടിയാവുന്നുണ്ട്. തൊഴിലെടുത്ത് ജീവിക്കാനുള്ള ആഗ്രഹത്തിൽ ഉറച്ചുനിന്നതോടെ ഭർത്താവിനെയും ആസിഫലി) കുഞ്ഞിനെയുമാണ് അവൾക്ക് നഷ്ടമാവുന്നത്. മൊഴിചൊല്ലപ്പെട്ട് നാട്ടിലെ ഒരു ഹോസ്പിറ്റലിൽ നഴ്‌സായി എത്തുന്ന സമീറയുടെ മനസ്സിലുള്ളത് മെച്ചപ്പെട്ട ജോലിതന്നെയാണ്.തന്റെ കടങ്ങളും ബാധ്യതകളും തീർക്കാൻ അത് കൂടിയേ കഴിയൂ.അതിന് ഇറാഖ് ആണെങ്കിൽ അവൾ അതിനും തയ്യാർ.പക്ഷേ അപ്പോഴും വിലക്കുകൾ ബന്ധുക്കളുടെ രുപത്തിൽ അവളെ തേടിയത്തെുന്നു. ആൺതുണയില്ലാത്തതിന്റെ പേരിലുള്ള ആ പ്രശ്‌നങ്ങൾ നേരിടാൻ കൂടിയാണ് അവൾ തന്നെ എപ്പോഴും സഹായിക്കാറുള്ള സഹപ്രവർത്തകൻ ഷഹീദിനെ( കുഞ്ചാക്കോബോബൻ) വിവാഹം കഴിക്കുന്നത്.തുടർന്ന് അവരടങ്ങുന്ന സംഘം ഇറാഖിലേക്ക് പറക്കുന്നു.

അവിടുന്നങ്ങോട്ട് കഥയും പറക്കുകയാണ്.രണ്ടാം പകുതി പുർണ്ണമായും ഒരു ത്രില്ലർ സ്വഭാവത്തിലാണ് എടുത്തിട്ടുള്ളത്. ഐ.എസ് ഭീകരർ ഇറാഖിലെ ത്രിക്രിത്തും മൊസുളും ആക്രമിച്ച് പിടിക്കുന്നുതും, നഴ്‌സുവമാരെ മനുഷ്യകവചമാക്കുന്നതുമെല്ലാം, ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.അത് പറയുന്നില്ല. കണ്ടുതന്നെ അനുഭവിച്ചറിയുക.പക്ഷേ അതിനിടയിലും സമീറയുടെ കുടുംബകഥയും ഒപ്പം ചലിക്കുന്നുണ്ട്.
.
ആടുമേക്കാൻ പോവാനൊരുങ്ങുന്നവർ കാണേണ്ട സിനിമ!

ഈ മനോഹരമായ നാടുവിട്ട് വിശുദ്ധയുദ്ധത്തിനെന്നപേരിൽ സിറിയയിലേക്കും ഇറാക്കിലേക്കും പോവുന്ന മലയാളി കുടുംബങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാർത്തകൾക്കിടയിലാണ് നാം ജീവിക്കുന്നത്.എന്തൊക്കെ പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും ഇത്രയും സൗഹാർദവും സുരക്ഷിതത്വവുമുള്ള നാടുവിട്ട് എത് നിമിഷവും വെടിവെപ്പും ബോംബ്‌സ്‌ഫോടനവും, വംശീയാക്രമണങ്ങളും നിറഞ്ഞു നിൽക്കുന്ന നാട്ടിലേക്ക് 'ആടുമേക്കാൻപോയ' ഒരാളെ കുഞ്ചാക്കോ ബോബൻ കണ്ടമുട്ടുന്ന രംഗം ഈ ചിത്രത്തിന്റെ കാതലാണ്.

അവിടെയാക്കെ കൃത്യമായ രാഷ്ട്രീയ നിലപാട് എടുക്കാൻ സംവിധായകൻ മനോജ് നാരായണനും, സഹ എഴുത്തുകാരൻ പി.വി ഷാജികുമാറിനും കഴിയുന്നുണ്ട്.ഇസ്ലാമിക്ക് സ്റ്റേറ്റിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സിനിമ മുതിരുന്നില്ല. സാധാരണ ബന്ദിനാടക സിനിമകളുടെയും അല്ല ബന്ദിയാക്കപ്പെട്ടവരുടെയും തന്നെ ഒരു മാനസികാവസ്ഥ, തങ്ങളെ ജീവനെടുക്കാതെ വിട്ടവരോടുള്ള വിധേയത്വമാണ്. പക്ഷേ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയുടെ ക്രൂരത, മതവെറി, യസീദി വിരുദ്ധനിലപാട്, ഇറാഖിലെ രാഷ്ട്രീയ അസ്ഥിരത എന്നിവയോടൊപ്പം ചേർത്ത് വായിക്കാനുള്ള ശ്രമമാണ് ചിത്രം നടത്തുന്നത്.

കൈ്‌ളമാക്‌സിനോട് അടുത്ത ചില രംഗങ്ങളിൽ ഐ.എസ് ഭീകരുടെ ചില മൃദു മനുഷ്യത്വ സമീപനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും സിനിമയുടെ പൊതുധാരയെ വിഴുങ്ങുന്ന രീതിയിലല്ല അത് അവതരിപ്പിക്കുന്നത്.കൈ്‌ളമാക്‌സിനോടുചേർന്ന ഒന്നു രണ്ട് രംഗങ്ങളിൽ മാത്രമാണ് സിനിമക്ക് വേണ്ടിയെന്ന് പ്രേക്ഷകന് തോനുന്ന അതിഭാവുകത്വപരമായ ചില സംഭവങ്ങൾ ഉള്ളത്.അത് ക്ഷമിച്ചുകൊടുക്കാം.

'എയർലിഫ്റ്റ്' എത്രയോ പിന്നിൽ

രാജാമേനോൻ സംവിധാനം ചെയ്ത 'എയർലിഫ്റ്റ്' ബോളിവുഡ് എന്ന സിനിമയുമായും ഈ പടം താരതമ്യപ്പെടുന്നുണ്ട്.വലിയ ബജറ്റിന്റെയും കൂറ്റൻ കാൻവാസിന്റെ സാങ്കേതിക തിളക്കം മാറ്റി നിർത്തിയാൽ എയർലിഫ്റ്റ,് ടേക്ക് ഓഫിനുമുന്നിൽ ഒന്നുമല്ല എന്നതാണ് സത്യം.ബോളിവുഡ് വിപണി സാധ്യത മുന്നിൽ കണ്ട് തീവ്രദേശീയത കുത്തിനിറച്ച എയർലിഫ്റ്റിൽ, ഈ കാണുന്ന തിളയ്ക്കുന്ന ജീവിതമില്ല.ആശയലോകത്തിന്റെ ചൈതന്യവുമില്ല.

മാത്രമല്ല എയർലിഫ്റ്റിലേതുപോലെ ദേശീയതയെ പർവതീകരിക്കാനും സ്വന്തം രാജ്യത്തിന്റെ പിഴവുകൾ മറച്ചുവെക്കാനും ടേക്ക് ഓഫ് ശ്രമിക്കുന്നില്ല. എംബസി ഓഫീസുകളിലെ മെല്‌ളെപ്പോക്കും, ഉദ്യോഗസ്ഥരുടെ അലംഭാവവുമൊക്കെ അറിയാത്ത ഏത് പ്രവാസിയുണ്ട് ഈ നാട്ടിൽ.ആ മേഖല സ്പർശിച്ചുപോകുമ്പോഴും, രാജ്യം ബന്ദിയാക്കപ്പെട്ടവർക്ക് നൽകുന്ന വലിയ പിന്തുണയും സംവിധായകൻ എടുത്ത് ചേർത്തിട്ടുണ്ട്.കഥാന്ത്യത്തിൽ ത്രിവർണ്ണ പതാകവെച്ച് വാഹനത്തിലേക്ക് നഴ്‌സുമാർ ഓടിക്കയറുന്ന രംഗത്തിന്റെ പശ്ലാത്തലത്തിൽ 'ജനഗണമന'യുടെ ബി.ജി.എം ചെറുതായി വരുമ്പോൾ അതിന് എത്രയോ സൗന്ദര്യം കൂടുന്നു.( ദേശീയഗാനമൊക്കെ യാന്ത്രികമായി ബഹുമാനിപ്പിക്കാനായി ഉപയോഗിക്കുമ്പോഴാണ് അതിന്റെ വില പോകുന്നത്.)

മാത്രമല്ല നഴ്‌സുമാരുടെ ജീവിതം ഇത്ര ശക്തമായ വരച്ചുവെച്ച മറ്റൊരു ചിത്രവുമില്ല.ഭൂമിയിലെ മാലാഖമാർ എന്നൊക്കെ പൊക്കിവിടുമ്പോഴും, പഠിക്കാനെടുത്ത ലോണും തുഛമായ ശമ്പളവും,അവസാനിക്കാത്ത നൈറ്റ് ഷിഫ്റ്റുമൊക്കെയായി അവരുടെ യഥാർഥ ജീവിതത്തിന്റെ സി.ടി സ്‌കാനാണ് മഹേഷ്‌നാരായണൻ കാണിച്ചു തരുന്നത്.അവിടെയാണ് നാലിരിട്ടി ശമ്പളം കിട്ടുമെന്ന പ്രലോഭനത്തിൽ സമീറമാർ ഇറാഖിലത്തെുന്നത്.( ഇഹലോക ജീവിത ദുരിതം പരിഹരിക്കാനായി ഇവിടെയത്തെുന്ന ഇത്തരക്കാരെയും,പരലോക ജീവിതം ലക്ഷ്യമിട്ടത്തെുന്ന 'ആടുമേക്കൽ പാർട്ടികളെക്കുറിച്ചും' ഗൗരവമായി ചിന്തിക്കാൻ ഈ പടം ഇടവരുത്തുന്നു) എന്തിനാണ് ഇങ്ങോട്ടുപോന്നതെന്ന് ഒരു ഇറാഖി ഡോക്ടർ ചോദിക്കുമ്പോൾ, കുഞ്ചാക്കോ ബോബന്റെ ഷഹീദ് എന്ന കഥാപാത്രം തീർത്തും സത്യസന്ധമായ മറുപടിയാണ് നൽകുന്നത്. 'ഒന്നാമത് നാട്ടിൽ കിട്ടുന്നതിന്റെ നാലിരിട്ടി ശമ്പളം കിട്ടും.പിന്നെ നാട്ടിൽ ഞങ്ങളുടെ ജോലിക്ക് ആരും ഇതുപോലെ നന്ദി പ്രകടിപ്പിക്കാറുമില്ല'-ഈ മറുപടിയിൽ എല്ലാമുണ്ട്.



പാർവതി: ദി ലേഡി സൂപ്പർ സ്റ്റാർ

കടുത്ത പുരുഷ കേന്ദ്രീകൃതമായ മലയാള വ്യവസായ ലോകത്ത് ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന രീതിയിൽ ജനപ്രതീതി ആർജിക്കുകയാണ്, മേനോൻ എന്ന ജാതിവാൽ തനിക്കില്‌ളെന്നും തന്നെ അങ്ങനെ വിളിക്കരുതെന്നും പരസ്യമായി തുറന്നുപറഞ്ഞ നമ്മുടെ പ്രിയപ്പെട്ട വെറും പാർവതി. ഇത് സത്യത്തിൽ സമീറ യുടെ ചിത്രമാണ്.നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ അപൂർവമായ മലയാളത്തിൽ, കോടികൾ മുടക്കിയുള്ള ഈ പടത്തിന്റെ ഹൃദയതാളം സമീറയുടെ കൈയിലാണ്.എത്ര പക്വമായും സ്വാഭാവികവുമാണ് അതിസങ്കീർണ്ണമായ മാനസിക വ്യഥകളിലുടെ കടന്നുപോകുന്ന സമീറയെ പാർവതി അവതിരപ്പിക്കുന്നത് എന്നുനോക്കുക.

പ്രണയിനിയായി, അമ്മയായി, പ്രാരാബ്ധക്കാരിയും ദേഷ്യക്കാരിയുമായി, മരണം ഏതുനിമിഷവും എത്താമെന്നറിഞ്ഞിട്ടും ഒരു ഗ്രൂപ്പിനെ നയിക്കുന്ന തൻേറടിയായി.... അങ്ങനെ ഒരു ജീവിതചക്രത്തിലെ ഒട്ടെല്ലാം ഭാവങ്ങളും പാർവതി ഒറ്റക്ക് ഈ പടത്തിൽ ആടിത്തിമർത്തിരിക്കുന്നു. ചുണ്ടുകോട്ടിയുള്ള ഒരു ചിരിയിലൂടെ, വിഷാദം ചാലിച്ചി ഒരു നോട്ടത്തിലൂടെയൊക്കെ തന്റെ കഥാപാത്രത്തിന്റെ മനോധർമ്മം പാർവതി വെളിപ്പെടുത്തുന്നത് അതി മനോഹരമാണ്.ബാംഗ്‌ളൂർ ഡെയ്‌സിലെയും, എന്ന് നിന്റെ മൊയ്തീനിലെയും, ചാർലിയിലെയും അവരുടെ പുർവ കഥാപാത്രങ്ങൾ വെച്ച് നോക്കുമ്പോൾ അറിയാം ഈ നടിയുടെ വേഷപ്പകർച്ചയുടെ കരുത്ത്.

നമ്മുടെ പ്രിയപ്പെട്ട മഞ്ജുവാരിയറുടെ സുവർണ്ണകാലം അനുസ്മരിപ്പിക്കുന്നുണ്ട് പാർവതിയുടെ വ്യാവസായിക വളർച്ച.കന്നിമാസത്തിലെ ശ്വാനപ്പടയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നായകനുചുറ്റം നൃത്തം ചെയ്യാനും, അയാൾക്ക് ഇഷ്ടമില്ലാത്തപ്പോൾ മുഖത്തടിക്കാനും, പീറപ്പെണ്ണെന്ന് വിളിച്ച് അപമാനിക്കാനുമൊക്കെ മാത്രം നടികൾ ഉപയോഗിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മുടെ മഞ്ജുവാരിയർ എന്ന മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ രംഗത്ത് എത്തുന്നത്.അതോടെ മലയാള വ്യാവസായിക സിനിമ അതിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീക്കുവേണ്ടി കഥകൾ ഉണ്ടാക്കാൻ തുടങ്ങി.

പ്രതിഭയുടെ കൊടുമുടി കയറിയ സാക്ഷാൽ എം ടിപോലും പറഞ്ഞു' മഞ്ജുവില്ലായിരുന്നെങ്കിൽ ദയ എന്ന ചിത്രം ഉണ്ടാവില്ലായിരുന്നെന്ന്'.അതേ മഞ്ജു ഒരു ദിവസം പൊടുന്നനെ അഭിനയം നിർത്തി കുടുംബ ജീവിതം എന്ന, ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ 'അലുവ സെൻട്രൽ ജയിലിലേക്ക്' നീങ്ങിയപ്പോൾ, അവസാനമായത് പെൺനായികമാരുടെ കഥകൾ കൂടിയാണ്. ആ നിലയിലേക്ക് മലയാളത്തിൽ പിന്നീട് ഒരു സ്ത്രീ ഉയർന്നുവന്നിട്ടുണ്ടെങ്കിൽ അത് പാർവതിയാണെന്ന് നിസ്സംശയം പറയാം.കൂടുതൽ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ ഉണ്ടാവാൻ പാർവതിയുടെ ഈ സ്റ്റാർഡം ഇടവരുത്തട്ടെ.

വീണ്ടും ഫഹദിന്റെ മധുര പ്രതികാരം

പാർവതി കഴിഞ്ഞാൽ പിന്നെ ഈ പടത്തിൽ ഏറ്റവും കൂടുതൽ കൈയടി കിട്ടുന്നത് ഇന്ത്യൻ അംബാസിഡർ മനോജിന്റെ റോളിൽ എത്തിയ ഫഹദ് ഫാസിലിനാണ്. മഹേഷിന്റെ പ്രതികാരം തിയേറ്ററുകളിലത്തെി ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടും ഫഹദിനെ ഒരു ചലച്ചിത്രത്തിൽ കാണാനായത്. ഒരു കണക്കിന് ഈ സെലക്ടീവ് സ്വഭാവവും നന്നായി. പൂർണ്ണമായും തന്നെ ആവശ്യമുണ്ടെന്ന് തോന്നുന്ന ചിത്രങ്ങളിൽ മാത്രമേ ഇനി അഭിനയിക്കൂവെന്ന ഫഹദിന്റെ നിലപാടിനും കൊടുക്കണം കൈയടി.

ഈ ചിത്രത്തിലും ഫഹദിന്റെ വിഖ്യാതമായ അണ്ടർപ്‌ളേ ആക്ടിങ്ങ് കസറുന്നുണ്ട്.ഒരു വലിയ രക്ഷാദൗത്യത്തിന്റെ നട്ടെല്ലായി നിൽക്കേണ്ട അംബാസിഡറുടെ എല്ലാം ഊർജനിലയും പുറത്തെടുത്തുകൊണ്ടുള്ള ആ പകർന്നാട്ടം ഗംഭീരമാണ്.കൈ്‌ളമാക്‌സിലെ വിശ്വവിഖ്യാതമായ ആ ആശ്വാസച്ചിരിക്ക് കൊടുക്കണം നൂറുമാർക്ക്.

'ഹൗ ഓൾഡ് ആർ യൂ'വിലെ രാജീവ് എന്ന കഥാപാത്രത്തിന് ശേഷം ഇത്രയേറെ സ്വാഭാവികമായി ഒരു കുഞ്ചാക്കോ ബോബൻ കഥാപാത്രത്തെ കാണുന്നത് ഈ പടത്തിലാണ്. അടുത്തകാലത്തായി നല്ല പടങ്ങൾ തീരെ കിട്ടാതിരുന്ന ഈ നടന് ശരിക്കും ഒരു ടേക്ക് ഓഫ് തന്നെയാണിത്. ആസിഫലിയും, അലൻസിയറും, സമീറയുടെ മകനായി എത്തിയ ബാലതാരവും അടക്കും ഒരാളും ഈ ചിത്രത്തിൽ മോശമായി എന്ന് പറയിപ്പിച്ചിട്ടില്ല.

ആർട്ട് ഡയറക്ടറാണ് താരം

സങ്കേതിക രംഗത്തേക്ക് കടന്നാൽ ഈ പടത്തിലെ യഥാർഥതാരം ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ്. ഒരിക്കൽപോലും ഇറാഖിൽ പോകതെ അദ്ദേഹം ഹൈദരബാദിലും റാസൽ ഖൈമയിലും സെറ്റിട്ട് അദ്ദേഹം ആ നാടുകളെയൊക്കെ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു! ഒരിടത്തുപോലും ഒരു കൃത്രിമത്വം ഉണ്ടാകുന്നില്ല. ഇക്കണക്കിന് പോയാൽ നമ്മടെ തിരുവനന്തപുരം ചാലമാർക്കറ്റ് സന്തോഷ് ന്യൂയോർക്ക് സിറ്റിയാക്കിക്കളയും! സാബുസിറിളിനുശേഷം മലയാള സിനിമ കണ്ട എറ്റവും വലിയ കലാസംവിധായകനാണ് സന്തോഷ് രാമനെന്ന് നിസ്സംശയം പറയം. രഞ്ജിത് അമ്പാടിയുടെ മേക്കപ്പും എടുത്തുപറയേണ്ടതുണ്ട്.സാനു ജോൺ വർഗീസ് എന്ന ഛായാഗ്രാഹകന്റെ കൈയടക്കവും സംവിധായകനെ ഏറ്റവുമധികം പിന്തുണച്ചിട്ടുണ്ട്.

സംഗീതം ഷാൻ റഹ്മാനും പശ്ചാത്തലം ഗോപീസുന്ദറുമാണ്. സിനിമയോട് ചേർന്നുനീങ്ങുംവിധമാണ് പാട്ടുകളും പശ്ചാത്തലവും. ഒരു എഡിറ്റർ സംവിധായകനായാൽ എന്ത് സംഭവിക്കുമെന്നതിന്റെ എല്ലാം മാജിക്കും ചിത്രത്തിലുണ്ട്. മഹേഷ് നാരായണനൊപ്പം എഡിറ്റിംഗിൽ പങ്കാളിയായ അഭിലാഷ് ബാലചന്ദ്രനും അഭിനന്ദനം അർഹിക്കുന്നു.യാതൊരു ഗ്യാരണ്ടിയും ഇല്ലാതിരുന്നിട്ടുകൂടി ഈ നല്ല ചിത്രത്തിനായി പത്തുകോടിയോളം മുടക്കിയ നിർമ്മാതാവ് ആന്റോ ജോസഫിനും കൊടുക്കണം, നല്ല ചലച്ചിത്രങ്ങളെ സ്‌നേഹിക്കുന്നവരുടെ ഒരു ഗാഢാശ്‌ളേഷം.

വാൽക്കഷ്ണം: അറിഞ്ഞോ അറിയാതെയോ ഒന്നാന്തരം ഒരടി സംവിധായകൻ അടിക്കുന്നുമുണ്ട്.2004ലെ ഈ സിനിമക്ക് ആധാരമായ യഥാർഥ സംഭവത്തിലെ യഥാർഥ ഹീറോ ഒരു മലയാളി വ്യവസായിയാണെന്ന് കേട്ടിരുന്നത് ചിത്രം ശരിവെക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൗദിയിലെ പ്രമുഖരുമായി നടത്തിയ ചർച്ചയിലാണത്രേ, നഴ്‌സുമാരെ വിടാനുള്ള സന്ദേശം, മൊസൂളിലെ ഐ.എസ് ക്യാമ്പിലേക്ക് പോയതെന്നും ചിത്രം പറയുന്നു.അവർ തമ്മിലെ ഡീൽ ഔദ്യോഗിക രഹസ്യമായി സൂക്ഷിക്കട്ടെയെന്ന് ഇറാഖ് അംബാസിഡറായ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നുമുണ്ട്.അതായത് എതുകൊടിയ ഭീകരതക്കും പണം വരുന്നത് സൗദിയിൽനിന്നാണെന്നും, അവരുമായൊക്കെ ഡീലുറപ്പിക്കാൻ പറ്റിയ വ്യവസായ പ്രമുഖർ നമുക്കുണ്ടുവെന്നതുമൊക്കെ, ഭീകരതയുടെ സാമ്പത്തികനാഡിയെക്കുറിച്ചുള്ള സൂചനകളാണോ? അല്ലായെ ഉമ്മൻ ചാണ്ടി പറഞ്ഞതുകൊണ്ട് ഐ.എസ് വിട്ടയച്ചുവെന്നൊന്നും കരുതാൻ മാത്രം ശുദ്ധാത്മാക്കളല്ലല്ലോ നാം. അന്ന് വളരെ മോശംകാര്യമായി പറഞ്ഞുകേട്ട ഈ കഥകൾ സിനിമയിൽ വലിയ സംഭവമായി അവതരിപ്പിക്കുന്നുമുണ്ട്. അതും കാലം ചർച്ച ചെയ്യട്ടേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP