Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഭൂമി സംരക്ഷിക്കാൻ നിലപാടെടുത്ത യുവ ഐഎഎസുകാരനെ പുറത്താക്കുകയല്ല തട്ടിക്കളയുമെന്ന നിലപാടുമായി സി.പി.എം; ശ്രീറാമിന് തരിച്ചു പോകാൻ കയ്യുംകാലും ഉണ്ടാവില്ലെന്ന് എംഎൽഎയുടെ ഭീഷണി; സുഹൃത്തിന്റേതെന്ന് പറയുന്ന സർക്കാർ ഭൂമിയിൽ പണിത വീട്ടിൽ താമസിക്കുന്ന രാജേന്ദ്രൻ വീട് വയ്ക്കുന്നത് സർക്കാർ ഭൂമിയിൽ തന്നെ; മൂന്നാറിലെ സ്ഥിതി അതീവ ഗുരുതരം

സർക്കാർ ഭൂമി സംരക്ഷിക്കാൻ നിലപാടെടുത്ത യുവ ഐഎഎസുകാരനെ പുറത്താക്കുകയല്ല തട്ടിക്കളയുമെന്ന നിലപാടുമായി സി.പി.എം; ശ്രീറാമിന് തരിച്ചു പോകാൻ കയ്യുംകാലും ഉണ്ടാവില്ലെന്ന് എംഎൽഎയുടെ ഭീഷണി; സുഹൃത്തിന്റേതെന്ന് പറയുന്ന സർക്കാർ ഭൂമിയിൽ പണിത വീട്ടിൽ താമസിക്കുന്ന രാജേന്ദ്രൻ വീട് വയ്ക്കുന്നത് സർക്കാർ ഭൂമിയിൽ തന്നെ; മൂന്നാറിലെ സ്ഥിതി അതീവ ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: മൂന്നാറിൽ ഭൂമി കയ്യേറ്റക്കാരായ രാഷ്ട്രീയക്കാർക്കെതിരെ ഉൾപ്പെടെ ശക്തമായ നടപടികളുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നീങ്ങുന്നതോടെ അയാൾ നാലുകാലിലാകും മൂന്നാറിൽ നിന്ന് മടങ്ങുകയെന്ന ഭീഷണിയുമായി സി.പി.എം എംഎൽഎ എസ് രാജേന്ദ്രൻ രംഗത്തെത്തിയത് വലിയ ചർച്ചയായി മാറുന്നു.

കോടതി ഉത്തരവ് പ്രകാരം മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന സബ്കളക്ടറാണ് ശ്രീറാം വെങ്കിട്ടരാമൻ ഐപിഎസ്. മുമ്പ് വി എസ് സർക്കാരിന്റെ കാലത്ത് മൂന്നാർ ദൗത്യം പരാജയപ്പെട്ട സ്ഥാനത്ത് ഒരു ചുണക്കുട്ടിയായി നിൽക്കാനും രാഷ്ട്രീയസ്വാധീനങ്ങൾക്ക് വഴങ്ങാതെയും ശ്രീറാം കൈക്കൊണ്ട നടപടികൾ സിപിഎമ്മിന്റേയും സിപിഐയുടേയും പ്രാദേശിക നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് മൂന്നാറിൽ.

പാർട്ടി എണ്ണിയെണ്ണി കൊലചെയ്ത എതിരാളികളുടെ അനുഭവം ഓർമിപ്പിച്ച് ഇപ്പോഴത്തെ മന്ത്രി എംഎം മണിയുടെ മുൻകാലത്തെ വൺ ടൂ ത്രീ.. എന്ന വിവാദ പ്രസംഗത്തെ വെല്ലുന്ന രീതിയിലാണ് ശ്രീറാമിനെതിരെ പാർട്ടി എംഎൽഎ പ്രതികരിച്ചിരിക്കുന്നത്. മുമ്പ് വി എസ് സർക്കാരിന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ നടത്തിയ മൂന്നാർ ദൗത്യത്തിന് നേതൃത്വം നൽകിയത് സുരേഷ് കുമാറും ഋഷിരാജ് സിംഗും രാജു നാരായണ സ്വാമിയും ഉൾപ്പെട്ട മൂന്ന് സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്നു. അന്ന് ആ ദൗത്യം പാർട്ടിതലത്തിൽ തന്നെ ഇടപെട്ടാണ് പൊളിച്ചടുക്കിയത്. ഇതിനു ശേഷം ഇപ്പോഴാണ് നിയമങ്ങൾ ശക്തമായി നടപ്പാക്കിക്കൊണ്ട് ശ്രീറാം എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ഭൂമാഫിയയുടേയും കള്ളക്കളികൾ പൊളിച്ചടുക്കി രംഗത്തെത്തിയത്.

എംഎൽഎ നിലവിൽ താമസിക്കുന്നത് സുഹൃത്തിന്റേത് എന്ന് അവകാശപ്പെടുന്ന രേഖകളില്ലാത്ത സർക്കാർഭൂമിയിൽ പണിത വീട്ടിലാണ് (സർവേ നമ്പർ 922) എംഎൽഎ സ്വന്തം വീടുനിർമ്മാണം ആരംഭിച്ചിട്ടുള്ളത് സർക്കാർഭൂമി കയ്യേറിയാണെന്ന ആരോപണമാണ് കൂടെ ഉയർന്നിട്ടുള്ളത് (സർവേ നമ്പർ 912). ഇദ്ദേഹം രവീന്ദ്രൻപട്ടയം സമ്പാദിച്ചു കൈക്കലാക്കിയ ഭൂമി (സർവേ നമ്പർ 843) കെഎസ്ഇബി വകയാണെന്ന വിവരങ്ങളും പുറത്തുവരുന്നു. കൂടാതെ ഇടമലക്കുടി ഏലകൃഷിപ്രോത്സാഹന പദ്ധതിയുമായിബന്ധപ്പെട്ട് ഒന്നരക്കോടിരൂപയുടെ അഴിമതി ആരോപണം കേസായി എംഎൽഎയ്‌ക്കെതിരെ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ കടുത്ത നിലപാടെടുത്ത ശ്രീറാമിന്റൈ കൈയുംകാലും വെട്ടാതെ വിട്ടത് നാട്ടുകാർ സംയമനം പാലിച്ചതുകൊണ്ട് മാത്രമാണെന്നും നാലുകാലിലാകും സബ്കളക്ടറുടെ മടക്കമെന്നും പറഞ്ഞാണ് എസ് രാജേന്ദ്രൻ എംഎൽഎ ഉദ്യോഗസ്ഥനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശക്തമായ പ്രതികരണം നടത്തിയതിലൂടെ തന്നെ എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ കയ്യേറ്റങ്ങൾക്കെതിരെ എത്രമാത്രം ശക്തമായാണ് ശ്രീറാം നടപടിയുമായി നീങ്ങുന്നതെന്ന് വ്യക്തമാകുന്നതായി എതിർപക്ഷവും വാദിക്കുന്നു.

അതേസമയം, അനധികൃത ഭൂമി കയ്യേറ്റം വീണ്ടും ചർച്ചയാകുന്നതിനിടെ, മൂന്നാറിൽ താനുൾപ്പെടെ സർക്കാർ ഭൂമി കയ്യേറിയതായ വിവരങ്ങൾ പുറത്തുവന്നതാണ് എംഎൽഎയെ മുൻപിൻ നോക്കാതെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾ മൂന്നാർ ടൗണിലെ 10 ഏക്കർ സർക്കാർ ഭൂമി കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്നും വ്യക്തമായിട്ടുണ്ട്. പ്രദേശത്തു പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നേരിടാൻ ഇവർ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചുവെന്നും വാർത്തകൾ വന്നു.

മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടിക്കാർ കയ്യേറി പാർട്ടിഗ്രാമമാക്കി മാറ്റിയത്. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും ഒടുവിൽ എംഎൽഎയും സർക്കാർ ഭൂമിയുടെ അവകാശികളായി. ഇവിടെ സുഹൃത്തിന്റെ ഭൂമിയിലാണ് വീടുവച്ചതെന്നാണ് എംഎൽഎയുടെ വാദം.

റോഡ്, കുടിവെള്ളവും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ എംഎൽഎ ഇടപെട്ട് പാർട്ടി ഗ്രാമത്തിൽ നടപ്പിലാക്കി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും പാർട്ടിക്കാർ കായികമായി നേരിട്ടു. കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതിൽ മാത്രമല്ല, സർക്കാർ ഭൂമി വളച്ചുകെട്ടുന്ന കാര്യത്തിലും മുൻപന്തിയിലാണ് മൂന്നാറിലെ രാഷ്ട്രീയ നേതാക്കൾ എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതോടെ മൂന്നാറിലെ കയ്യേറ്റങ്ങൾ വീണ്ടും വലിയ രാഷ്ട്രീയ ചർച്ചായി മാറുമെന്നും ഉറപ്പായിക്കഴിഞ്ഞു. കോൺഗ്രസും ബിജെപിയും പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് മൂന്നാർ വിഷയത്തിൽ. ഇതിന്റെ ഭാഗമായി ചെന്നിത്തലയും കുമ്മനവും വരും ദിവസങ്ങളിൽ മൂന്നാറിലേക്കെത്തും. കയ്യേറ്റങ്ങൾക്കെതിരെ ശ്രീറാം നടപടി കടുപ്പിച്ചതോടെ ശരിക്കും വെട്ടിലായത് പ്രദേശത്തെ സി.പി.എം നേതാക്കളാണെന്ന് വ്യക്തമായിരുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മറുനാടൻ നിരവധി റിപ്പോർട്ടുകളും നൽകി. ഇതോടെയാണ് ശ്രീറാമിനെ മാറ്റണമെന്ന നീക്കം റവന്യൂവകുപ്പ് കയ്യാളുന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈക്കൊള്ളേണ്ടിവന്നതെന്നാണ് ലഭിക്കുന്ന വിവരം. റവന്യൂ സെക്രട്ടിറി കൂടി ഇക്കാര്യം അന്വേഷിച്ച് സബ്കളക്ടർക്ക് അനുകൂല റിപ്പോർട്ട് നൽകിയതോടെ സിപിഐ-സി.പി.എം ഇടുക്കി നേതൃത്വങ്ങൾ ഒരു തട്ടിലും സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ മന്ത്രി ചന്ദ്രശേഖരനും മറുഭാഗത്തും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

ഇടുക്കി എംപി ജോയ്‌സ് ജോർജിനും കുടുംബങ്ങൾക്കും എസ് രാജേന്ദ്രൻ എംഎൽഎയ്ക്കുമെതിരെപ്പോലും ശക്തമായ നടപടിയുമായാണ് ശ്രീറാം നീങ്ങിയത്. ഇടുക്കിയിൽ രാഷ്ട്രീയ നേതാക്കളുടെ അന്നദാതാക്കളെന്നു തന്നെ പറയാവുന്ന റിസോർട്ട്, ഭൂ മാഫിയകൾക്കെതിരെയും ക്വാറി മാഫിയകൾക്കെതിരെയുമെല്ലാം മുമ്പെങ്ങും കാണാത്തവിധം ശക്തമായ നടപടികളാണ് ശ്രീറാം കൈക്കൊണ്ടത്. ഇതോടെ വിറളിപൂണ്ട സിപിഐ-സി.പി.എം നേതൃത്വം അദ്ദേഹത്തിനെതിരെ രംഗത്തുവരികയായിരുന്നു. അങ്ങനെയാണ് എംഎൽഎ തന്നെ ശ്രീറാം മൂന്നാറിൽ നിന്ന് രണ്ടുകാലിൽ നിവർന്ന് മടങ്ങില്ലെന്നും ഇഴഞ്ഞേപോകൂ എന്നും വ്യക്തമാക്കി പ്രതികരിച്ചിരിക്കുന്നത്. എംഎൽഎയുടെ ഈ പ്രസ്താവം നിയമസഭാ സാമാജികത്വം തന്നെ നഷ്ടപ്പെടുത്താൻ മാത്രം ഗൗരവമേറിയതാണെന്നാണ് വിലയിരുത്തലുകളും വരുന്നത്.

ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ബുദ്ധിയില്ലാത്തവനെന്ന് പ്രതികരിച്ചുകൊണ്ടാണ് സി.പി.എം. നേതാവ് എസ്. രാജേന്ദ്രൻ എംഎ‍ൽഎ ഉള്ളിലെ ദേഷ്യം അടക്കാതെ പ്രതികരിച്ചത്. സബ്കളക്ടറുടെ മടക്കം നാലുകാലിലായിരിക്കും. മന്ത്രിയായാലും പാർട്ടിനേതാവായാലും വിവേചനബുദ്ധിയും പക്വതയും വേണം. ആരെയെങ്കിലും സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടെങ്കിൽ അത് സ്വന്തമായി ചെയ്യണം. അത് ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിച്ചാകരുത്.

പ്രദേശത്തെ പ്രശ്നങ്ങൾ പഠിക്കാതെ എടുത്ത മണ്ടൻ തീരുമാനങ്ങളാണ് നിയമസഭാസമിതിയുടേത്. മൂന്നാർ ദൗത്യസംഘത്തിന്റെ മുൻതലവൻ കെ.സുരേഷ് കുമാറിന്റെ താത്പര്യപ്രകാരമാണ് സബ്കളക്ടറും മന്ത്രിയും പ്രവർത്തിക്കുന്നത്. ഇയാളുടെ മണ്ടൻ കണ്ടെത്തലുകളാണ് രാജൻ മധേക്കർ, നിവേദിത പി.ഹരൻ, ലാൻഡ് റവന്യൂ കമ്മിഷണർ, മുല്ലക്കര രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള നിയമസഭാസമിതി സമർപ്പിച്ച റിപ്പോർട്ട്. സുരേഷ്‌കുമാർ എന്ന മുൻ ഉദ്യോഗസ്ഥന്റെ ഒരാഴ്ചമുമ്പുള്ള വരവോടെയാണ് വിഷയങ്ങൾ ഇത്രയും രൂക്ഷമായത്.

മൂന്നാറിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാനായെത്തിയ ഇയാളുടെ കൈയും കാലും വെട്ടാതെ വിട്ടത് നാട്ടുകാർ സംയമനം പാലിച്ചതുകൊണ്ടു മാത്രമാണ്. ജനദ്രോഹനടപടികളുമായി മുന്നോട്ടുപോകുന്ന സബ് കളക്ടറെ ശക്തമായി നേരിടും. സുരേഷ് കുമാർ മടങ്ങിയതുപോലെയാകില്ല, നാലുകാലിലാകും സബ് കളക്ടറുടെ മടക്കം. - ഇതായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. മൂന്നാറിന്റെ പേരിൽ വിദേശത്തുനിന്ന് കോടികൾ കൈപ്പറ്റുന്ന മുൻ ദൗത്യസംഘത്തലവൻ കെ.സുരേഷ് കുമാർ ജുഡീഷ്യറിയെപ്പോലും വിലയ്ക്കുവാങ്ങിയെന്നും രാജേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഇതോടെ മൂന്നാർ വിഷയത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ കയ്യേറ്റത്തിനെതിരെ നീങ്ങുന്നവരെ ശക്തമായി നേരിടുമെന്ന സന്ദേശമാണ് രാജേന്ദ്രൻ നൽകിയിരിക്കുന്നത്. എന്നാൽ സിപിഐ സംസ്ഥാന നേതൃത്വം ഇതിന് അനുകൂലമായി നിൽക്കില്ലെന്നും വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിൽ സി.പി.എം-സിപിഐ തർക്കമായി സംസ്ഥാന തലത്തിൽ തന്നെ മൂന്നാർ കത്തിപ്പടരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മാത്രമല്ല, ചെന്നിത്തലയും കുമ്മനവും മൂന്നാറിൽ വരും ദിവസങ്ങളിൽ സന്ദർശനവും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ പ്രതിപക്ഷവും ശക്തമായി ആഞ്ഞടിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP