Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാർമിളയ്ക്ക് ചിലപ്പോൾ ഞാൻ ഭർത്താവ് ആയിരുന്നിരിക്കാം, പക്ഷെ എനിക്ക് ചാർമിള ഒരിക്കലും ഭാര്യ ആയിരുന്നില്ലെന്ന് കിഷോർ സത്യ; അയാൾ എന്റെ കുഞ്ഞിനെ കൊന്നുവെന്നും മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായത് സഹിക്കാൻ പറ്റാതെയാണ് ഉപേക്ഷിച്ചതെന്നും ചാർമിളയും; പരസ്പരം അതിരൂക്ഷമായ ആരോപണങ്ങൾ മുൻകാല താരദമ്പതിമാർ തുറന്നുപറയുമ്പോൾ ഞെട്ടലോടെ ആരാധകർ

ചാർമിളയ്ക്ക് ചിലപ്പോൾ ഞാൻ ഭർത്താവ് ആയിരുന്നിരിക്കാം, പക്ഷെ എനിക്ക് ചാർമിള ഒരിക്കലും ഭാര്യ ആയിരുന്നില്ലെന്ന് കിഷോർ സത്യ; അയാൾ എന്റെ കുഞ്ഞിനെ കൊന്നുവെന്നും മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായത് സഹിക്കാൻ പറ്റാതെയാണ് ഉപേക്ഷിച്ചതെന്നും ചാർമിളയും; പരസ്പരം അതിരൂക്ഷമായ ആരോപണങ്ങൾ മുൻകാല താരദമ്പതിമാർ തുറന്നുപറയുമ്പോൾ ഞെട്ടലോടെ ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചാർമിളയ്ക്ക് ചിലപ്പോൾ ഞാൻ ഭർത്താവായിരുന്നിരിക്കാം. പക്ഷെ എനിക്ക് ചാർമിള ഒരിക്കലും ഭാര്യ ആയിരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം കേട്ടു മടുത്തു. ഇനി വയ്യ. സത്യങ്ങൾ ഞാനും തുറന്നു പറയാൻ പോവുകയാണെന്ന് വ്യക്തമാക്കി നടി ചാർമിളയുമൊത്തുള്ള ജീവിതകാലത്തെ അനുഭവങ്ങൾ വനിതയോട് തുറന്നുപറഞ്ഞ് നടൻ കിഷോർ സത്യ. അയാൾ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാൻ പറ്റാതെയാണ് ഞാൻ അയാളെ ഉപേക്ഷിച്ചത് - കിഷോർസത്യയുമായുള്ള വിവാഹം വേണ്ടന്നുവച്ചതിന്റെ കാരണം വ്യക്തമാക്കി ചാർമിള. 

ഒന്നിനുപുറകെ ഒന്നായി താരദമ്പതികൾ രൂക്ഷമായ ആരോപണങ്ങൾ പരസ്പരം ഉന്നയിക്കുന്ന അഭിമുഖങ്ങളാണ് പുറത്തുവന്നത്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സിനിമാ-സീരിയൽ ലോകത്തും ആരാധകർക്കിടയിലും. താൻ ഒരിക്കലും ചാർമിളയെ വിവാഹംകഴിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കും ബാബു ആന്റണിയുമായുള്ള പ്രണയം തകർന്നതോടെ ഒരു സൈക്കിക് അവസ്ഥയിൽ പെരുമാറിയ അവരെ വിവാഹം കഴിക്കേണ്ടിവരികയും ആയിരുന്നെന്നാണ് കിഷോർ പറയുന്നത്. എന്നാൽ സിനിമയിൽ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കിൽ സിനിമയിൽ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടർ മാത്രമായിരുന്ന കിഷോർ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു എ്ന്ന് പറഞ്ഞുകൊണ്ടാണ് ചാർമിള തിരിച്ചടിക്കുന്നത്.

കിഷോർ സത്യ പറയുന്നത് ഇങ്ങനെ

താൻ വിവാഹം ചെയ്തു വഞ്ചിച്ചുവെന്നും ജീവിതത്തിൽ തന്നെയാണ് ഏറ്റവും വെറക്കുന്നതെന്നും പറഞ്ഞു ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തോടു വനിതയോട് കിഷോർ സത്യ പ്രതികരിച്ചിത് ഇങ്ങനെയായിരുന്നു. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികൾ പരസ്പരവും രണ്ട് വീട്ടുകാർ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററിൽ ഒപ്പീടിച്ചത് വിവാഹമാകുമോ.? കിഷോർ ചോദിക്കുന്നു. ചാർമിളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല. വിവാഹാഭ്യർത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയിൽ ഞാൻ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്.

ബാബു ആന്റണിയുമായുള്ള ബന്ധം തകർന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച അവരോട് ഞാൻ മാത്രമല്ല സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരെല്ലാം വളരെ സൗഹാർദപരമായാണ് പെരുമാറിയത്. പക്ഷേ അവർക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആയപ്പോൾ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് 'നോ' എന്ന് പറയരുതെന്നു പറഞ്ഞ് അവർ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയിൽ പെരുമാറിയ അവരോടം അപ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തിൽ യുഎഇയിലെ ഒരു എഫ്എമ്മിൽ ജോലി കിട്ടിയ ഞാൻ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാർമിള വയലന്റായി. വീണ്ടും അവർ ആത്മഹത്യാ ഭീഷണി മുഴക്കി. അവരുടെ അച്ഛനും വിളിച്ചു. പോകുന്നകിന് മുമ്പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് ഞാൻ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു.

അവരോടൊപ്പം ചാർമിളയെ കാണാൻ തീരുമാനിച്ചു. വീട്ടിൽ ചെന്ന എന്നെ ചാർമിളയുടെ വീട്ടുകാർ കുടുക്കി. ഉടൻ വിവാഹം ചെയ്തില്ലെങ്കിൽ മരിച്ചു കളയും എന്നാണ് നേരിൽ കണ്ടപ്പോൾ ചാർമിള ഭീഷണി മുഴക്കിയത്. ഉടൻ വിവാഹം രജിസ്്റ്റർ ചെയ്യണം എന്നു വാശിപിടിച്ചു. എന്റെ വീട്ടുകാർ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും ഞങ്ങൾ പറഞ്ഞെങ്കിലും ചാർമിള വഴങ്ങിയില്ല. താൻ മരിക്കുമെന്നും എന്ന ജീവിക്കാൻ അനുവദിക്കില്ല എന്നും അവർ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററിൽ തൽക്കാലം ഒന്ന് ഒപ്പിട്ടു പെയാക്കൊള്ളൂ എന്ന് അവരുടെ പിതാവും പറഞ്ഞു. 22 വയസ് മാത്രമാണ് അന്ന് എനിക്ക് പ്രായം. ഗൾഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് ഞാൻ അവരുടെ ആവശ്യത്തിന് വഴങ്ങി. എതിർത്താൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്.

വിവാഹം കഴിഞ്ഞ് ഞാൻ രക്ഷപെട്ടോടിപ്പോയി എന്ന് ചാർമിള ചാനലിൽ പറഞ്ഞത് ശരിയാണ്. ഞാൻ കാരണം അവർ മരിക്കേണ്ട എന്നു കരുതിയാണ് അന്ന് രജിസ്റ്ററിൽ ഒപ്പുവച്ചത്. ഒപ്പിട്ടതിലൂടെ ഒരാളുടെ ജീവൻ രക്ഷിച്ചല്ലോ എന്ന ആശ്വാസമായിരുന്നു അന്ന് എനിക്ക്. ഗൾഫിൽ എത്തിയതിനു പിന്നാലെ അവർ നിരന്തരം എന്നെ ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു. തിരികെ വരണം അല്ലെങ്കിൽ താൻ ആത്മഹത്യചെയ്യുമെന്നും ഇല്ലാത്തപക്ഷം വിസ അയച്ചു തരണമെന്നുമായി പിന്നീടു വാശി. മരിക്കും മരിക്കും എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നപ്പോൾ എനിക്കു ഭയമായി. അങ്ങനെ എന്റെ വീട്ടിൽ അച്ഛനോടും സഹോദരനോടും ഞാൻ നടന്നതൊക്കെ പറഞ്ഞു. അവർ എന്നോട് നിയമപരമായി ബന്ധം വേർപെടുത്താം എന്നു തന്നെ പറഞ്ഞു. ആ സമയം മദ്യപിച്ച് കഞ്ചാവു വലിച്ചു നടക്കുന്ന ചാർമിളയെ ആണ് എനിക്ക് ഫോണിലൂടെ അറിയാൻ കഴിഞ്ഞത്. അവർക്ക് അവസരങ്ങളും കുറഞ്ഞു. അല്ലാതെ ഞാൻ അഭിനയിക്കരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

അൻസാർ കലാഭവന്റെ ഒരു ഗൾഫ് ഷോയ്ക്ക് അവർ ഷാർജയിൽ വന്നിരുന്നു. എന്നെ അത്യാവശ്യമായി കാണണമെന്നും കാര്യങ്ങൾ സംസാരിക്കാം എന്നും പറഞ്ഞു വിളിപ്പിച്ചു. അന്നും ബ്ലേഡുമായാണ് വന്നത്. ആസമയം ചില പത്രങ്ങൾ ചാർമിളയുടെ അഭിമുഖം എടുക്കാൻ വന്നു. കൂടെ വരണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ മരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഞാനും ഒപ്പം പോയിരുന്നു. പ്രോഗ്രാമിന് വന്ന ആർട്ടിസ്റ്റുകൾക്കൊപ്പമാണ് അവർ അന്ന് താമസിച്ചത്. ഞാനുമായി ഒരുമിച്ച് താമസിച്ചിട്ടില്ല. എനിക്ക് അത്തരത്തിൽ അവരെ കാണാനും പറ്റുമായിരുന്നില്ല. സദാസമയവും മരിക്കും എന്നു ഭീഷണിപ്പെടുത്തുന്ന വ്യക്തിയോടുള്ള ഭയമായിരുന്നു. പിന്നീട് ഞാൻ നാട്ടിലേക്ക് തിരികെയെത്തി.

പക്ഷെ സാധാരണ ഗതിയിൽ നേരത്തെ നോട്ടീസ് നൽകി രജിസ്റ്റർ മാര്യേജ് ചെയ്യുന്നിടത്ത് സ്വാധീനമുപയോഗിച്ച് ചാർമിളയും അച്ഛനുമായി ചേർന്ന് നടത്തിയ ചതിയിൽ സർട്ടിഫിക്കറ്റുകളും വ്യാജമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിയമപരമായി എനിക്ക് ബന്ധം വേർപെടുത്തണമായിരുന്നു. അവർ ആഗ്രഹിച്ചിരുന്നതു പോലെ ഞാൻ അവർക്കൊപ്പം ജീവിക്കില്ല എന്നു കണ്ടപ്പോൾ എന്നെ വിളിച്ച് മ്യൂച്ചൽ ഡിവോഴ്സിന് തയാറാണ്, ഒപ്പിടണം എന്നു പറഞ്ഞു. അങ്ങനെ ഞാൻ അന്നു വരെ അകപ്പെട്ടിരുന്ന കുരുക്കിൽ നിന്ന് രക്ഷപ്പെട്ടു. ഇതിനിടയിൽ അവരുടെ ജീവിതത്തിലോ കരിയറിലോ എന്തു നടന്നു എന്നത് ഞാൻ ശ്രദ്ധിച്ചിട്ടു പോലുമില്ല. എന്നെ സംബന്ധിച്ച് അവർ ഭാര്യ പോയിട്ട് കാമുകിയോ അടുത്ത സുഹൃത്തോ പോലുമായിരുന്നില്ല.

ശക്തിയുക്തം പ്രതികരിച്ച് ചാർമിളയും

അയാൾ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാൻ പറ്റാതെയാണ് ഞാൻ അയാളെ ഉപേക്ഷിച്ചത് - കിഷോർ സത്യയുമായുള്ള വിവാഹം വേണ്ടന്നു വച്ചതിന്റെ കാരണം വ്യക്തമാക്കി ചാർമിള തുറന്നുപറയുന്നു. പ്രശസ്ത സീരിയൽ-സിനിമാ താരം കിഷോർ സത്യയാണ് തന്റെ ആദ്യ ഭർത്താവെന്ന് ചാർമിള കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചാർമിള തന്റെ ഭാര്യയോ കാമുകിയോ അടുത്ത സുഹൃത്തോ പോലും അല്ലായിരുന്നു, ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററിൽ ഒപ്പുവയ്‌പ്പിച്ചതെന്ന് കിഷോർ സത്യ പറഞ്ഞിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ചാണ് ചാർമിളയുടെ പ്രതികരണം.

1995ലാണ് ഞാനും കിഷോർ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഞാൻ. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കിൽ സിനിമയിൽ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടർ മാത്രമായിരുന്ന കിഷോർ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്മാരും ഉണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിക്കൂടെ. ഒരാൾക്കു വേണ്ടി മരിക്കാൻ ബ്ലെയ്ഡ് എടുത്തു എന്നുപറഞ്ഞ് എല്ലാവർക്കും വേണ്ടി ബ്ലെയ്ഡ് എടുക്കുന്നവളാണ് ചാർമിള എന്ന് വിചാരിക്കരുത്. ഒരു ബ്ലെയ്ഡ് കാണിച്ചാൽ ഇല്ലാതാകുന്ന ധൈര്യമേ കിഷോർ സത്യയ്ക്ക് ഉള്ളോ?

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് ഒപ്പ് ഇടുവിച്ചതെങ്കിൽ ഫോട്ടോയിൽ കരഞ്ഞുകൊണ്ടല്ലേ നിൽക്കണ്ടത്. ഇത്ര സന്തോഷമായിട്ട് എങ്ങനെ നിൽക്കാൻ പറ്റും. ഭീഷണിക്ക് വഴങ്ങിയ ഒരാളുടെ മുഖമായിരുന്നോ കിഷോർസത്യയ്ക്ക് അതിൽ. അടിവാരത്തിന്റെ സെറ്റിൽവച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്. ഞാനും മാനസികമായി തകർന്ന അവസ്ഥയിലും. ഇരുവരും ദുഃഖിതരായിരുന്നു. സ്വന്തം സങ്കടങ്ങൾക്കിടയിലും കിഷോർ എന്നെ സ്വാന്തനിപ്പിച്ചിട്ടുണ്ട് ആ പെരുമാറ്റത്തിൽ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാൻ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്. അത് പിന്നീട് വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോൾ സിനിമ എന്റെ താൽപ്പര്യമല്ലാതെയായി. കുടുംബിനിയാകണം, വിവാഹജീവിതം വേണം എന്നുള്ള ആഗ്രഹം അതിശക്തമായിട്ടുണ്ടായിരുന്നു.

അതുകൊണ്ടാണ് കിഷോർ പറയുന്നത് അനുസരിച്ച് സിനിമ പോലും ഉപേക്ഷിച്ച് വീട്ടിലിരുന്നത്. ചെന്നൈയിൽവച്ച് ഒരുദിവസം പോലും ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. നാലുവർഷത്തിന് ശേഷം ഷാർജയിൽ ഞാൻ എത്തിയപ്പോൾ അവിടെവച്ച് എന്തിനാണ് എന്നെ സ്വീകരിച്ചത്, ഇഷ്ടമല്ല എന്നു പറഞ്ഞാൽ മതിയാരുന്നല്ലോ? എന്നെ സ്വീകരിച്ചു ഞങ്ങൾ വിവാഹജീവിതം ആരംഭിച്ചു.

ഒരുമാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് ഞാൻ കണ്ടത്. എന്റെ കുഞ്ഞിനെക്കൊല്ലാൻ വയറിന് ചവിട്ടി, അടിച്ചു, അയാളെ പേടിച്ച് അപ്പാർട്ട്‌മെന്റിലൂടെ ഞാൻ ഓടിയിട്ടുണ്ട്. ഗർഭിണിയായിരുന്ന എന്നെക്കൊണ്ട് കാശിന് വേണ്ടി സ്റ്റാർ നൈറ്റിൽ ഡാൻസ് വരെ ചെയ്യിച്ചു. കുഞ്ഞിനെ കൊല്ലാൻ നിരന്തരം ഉപദ്രവമായിരുന്നു. ഈ ഉപദ്രവങ്ങളുടെ ആഘാതത്തിലാണ് എന്റെ ഗർഭപാത്രത്തിൽ തുള വീണത്. പീഡനം സഹിക്കവയ്യാതെ ചെന്നൈയിലെത്തി ഗർഭഛിദ്രം നടത്തി എന്റെ കുഞ്ഞിനെ കൊന്നു. ഇനിയെങ്കിലും സ്വഭാവം മാറുമായിരിക്കും എന്നെ സ്വീകരിക്കുമായിരിക്കുമെന്ന് കരുതി ഷാർജയിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ കിഷോർ സത്യയെയാണ്. ഇതിനപ്പുറം ഒരു വിവാഹജീവിതത്തിന് വേണ്ടി എനിക്ക് സഹിക്കാനാവുമായിരുന്നില്ല. ഇതോടെയാണ് വിവാഹമോചനം നേടുന്നത്.

വിവാഹം രജിസ്റ്റർ ചെയ്യാൻ ബ്ലേഡ് എടുത്തു എന്നുണ്ടെങ്കിൽ ഡിവോഴ്‌സ് ആയപ്പോഴും അത് ചെയ്യണമല്ലോ? ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഒപ്പിട്ടത് എന്നല്ലേ പറഞ്ഞത്, അപ്പോൾ ആ ജീവിനെ കൈവിടുമ്പോൾ അവർ പിന്നെയും പോയി കൈമുറിക്കേണ്ടതല്ലേ? അത് ചെയ്തില്ലല്ലോ?

കിഷോറിന്റെ കുടുംബത്തെ ഓർത്താണ് ഇത്രയും നാൾ ഈ സത്യം പറയാതെയിരുന്നത്. പക്ഷെ അതിന്റെ പേരിൽ ഞാൻ ഭാര്യയല്ല, ഒരുമിച്ച് കഴിഞ്ഞിട്ടില്ല, ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതിന് പറയാൻ ഇതിലും നല്ല എത്രയോ കാരണങ്ങൾ നിരത്താമായിരുന്നു. ഞാൻ മദ്യപിച്ച് നിരന്തരം ഫോൺ ചെയ്തു എന്നു പറയുന്നു; ആ കാലത്ത് നിരന്തരം ഫോൺചെയ്ത് ശല്യപ്പെടുത്താൻ സാങ്കേതിക വിദ്യയൊന്നും പുരോഗമിച്ചിരുന്നില്ല.

ഫോണിലൂടെ മദ്യപിച്ചത് തിരിച്ചറിയാൻ എന്തെങ്കിലും യന്ത്രം കിഷോർ സത്യയ്ക്ക് ഉണ്ടോ? എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു, അപ്പോഴൊന്നും ഞാൻ പ്രതികരിച്ചില്ല. കിഷോർ സത്യയെപ്പോലെയുള്ള ഒരു അഭിനേതാവിനെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് ഇന്നും എനിക്ക് ഒരുലാഭവും കിട്ടില്ല.

എനിക്ക് നഷ്ടപ്പെട്ട ജീവിതം നഷ്ടമായത് തന്നെയാണ്. പക്ഷെ സ്വന്തം ജീവിതം രക്ഷിക്കാൻ യാതൊരു മടിയുമില്ലാതെ കള്ളങ്ങൾ കിഷോർ പറയുന്നത് കേട്ടിട്ട് മിണ്ടാതെയിരുന്നാൽ ചാർമിള, ചാർമിളയല്ലാതെയായിപ്പോകും. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തലെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചാർമിള പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP