Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻജിനിയറാകാൻ പഠിച്ച ശേഷം കുവൈറ്റിൽ എത്തി ശതകോടികളുടെ അധിപനായ ബിസിനസ്സുകാരനായി; രാഷ്ട്രീയ മോഹത്തോടെ പണം എടുത്തു വീശിയപ്പോൾ കുട്ടനാട്ടുകാർ എംഎൽഎയാക്കി; ജനപ്രതിനിധിയായപ്പോഴും വ്യവസായ സാമ്രാജ്യം കൈവിടാതെ കാത്ത് കുവൈറ്റ് ചാണ്ടിയെന്ന വിളിപ്പേരുകാരനായി; മന്ത്രിയാകുന്ന തോമസ് ചാണ്ടിയുടെ ജീവിതം ഇങ്ങനെ

എൻജിനിയറാകാൻ പഠിച്ച ശേഷം കുവൈറ്റിൽ എത്തി ശതകോടികളുടെ അധിപനായ ബിസിനസ്സുകാരനായി; രാഷ്ട്രീയ മോഹത്തോടെ പണം എടുത്തു വീശിയപ്പോൾ കുട്ടനാട്ടുകാർ എംഎൽഎയാക്കി; ജനപ്രതിനിധിയായപ്പോഴും വ്യവസായ സാമ്രാജ്യം കൈവിടാതെ കാത്ത് കുവൈറ്റ് ചാണ്ടിയെന്ന വിളിപ്പേരുകാരനായി; മന്ത്രിയാകുന്ന തോമസ് ചാണ്ടിയുടെ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കാലെടുത്തുവച്ചു. പിന്നീട് ജീവിതം കരുപ്പിടിപ്പിക്കാൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വിമാനം കയറി കുവൈത്തിലേക്ക്. വലിയൊരു വ്യവസായ ലോകത്തിന്റെ അധിപനായി നാട്ടിലേക്കു മടക്കം. കുട്ടനാട്ടുകാരനായി ജനങ്ങളുടെ ഇടയിലേക്ക്. കേരള നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗമെന്നതാണ് തോമസ് ചാണ്ടിയുടെ മറ്റൊരു വിശേഷണം.

കെ എസ് യുവിൽ തുടങ്ങി കുവൈത്തിലേക്ക്

ചേന്നംകരിക്കാരനാണെങ്കിലും കർമംകൊണ്ട് കുവൈത്തുകാരനാണ് തോമസ് ചാണ്ടി. 1947 ഓഗസ്റ്റ് 29നാണ് ജനനം. വി സി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൻ. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽനിന്ന് ടെലികമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ഡിപ്ലോമ നേടിയ ശേഷമാണ് കുവൈത്തിലേക്കു പറന്നത്. പഠനകാലത്ത് കുട്ടനാട്ടിലെയും കൈനകരിയിലെയും കെഎസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായിരുന്നു.

1970ലാണ് നാട്ടിലെ രാഷ്ട്രീയം മതിയാക്കി ജീവിതപ്പച്ച തേടി തോമസ് ചാണ്ടി കുവൈത്തിലെത്തിയത്. അവിടെ കെട്ടിപ്പൊക്കിയത് വൻ വ്യവസായ സാമ്രാജ്യവും. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് തോമസ് ചാണ്ടിയുടെ ബിസിനസുകളിലേറെയും. യുണൈറ്റഡ് പബ്ലിക് സ്‌കൂൾ, ഇന്ത്യൻ സെൻട്രൽ സ്‌കൂൾ എന്നിവയുടെ ചെയർമാനാണഅ. സൗദി അറേബ്യയിലെ റിയാദിലും സ്‌കൂളുണ്ട്. കേരളത്തിൽ പുന്നമടയിലുള്ള ലേക്ക് പാലസ് റിസോർട്ടും തോമസ് ചാണ്ടിയുടെതാണ്.

വ്യവസായി എന്ന നിലയിൽ ഒരു വശത്തു വലിയ ലോകം കെട്ടിപ്പടുക്കുമ്പോഴും അശരണരുടെ അഭയമായിരുന്നു തോമസ് ചാണ്ടി. കേരളത്തിലും കുവൈത്തിലും സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളാണ് തോമസ് ചാണ്ടി നടത്തിയത്. കുവൈത്തിലെ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പിനിരയായ മലയാളി പെൺകുട്ടികൾക്ക് നാട്ടിലേക്കു തിരിച്ചുപോരാനും കെണിയിൽ പെടാതിരിക്കാനും സഹായഹസ്തം നീട്ടിയത് തോമസ് ചാണ്ടി ഒരാളായിരുന്നു. അയ്യായിരത്തോളം കുടുംബങ്ങൾക്കു വീടുവച്ചു കൊടുത്തും അവിടങ്ങളിൽ അത്യാധുനിക ശുചിത്വ ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിയും അദ്ദേഹം ജീവകാരുണ്യ പ്രവൃത്തിക്കു മാതൃക കാട്ടി.

രാജ്യത്തിനകത്തും പുറത്തും വൻ ബിസിനസ് ലോകം കെട്ടിപ്പടുത്ത ശേഷമാണ് തോമസ് ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നത്. 2006-ലെ തെരഞ്ഞെടുപ്പിൽ കെ കരുണാകരന്റെ നേതൃത്തിൽ രൂപീകൃതയായ ഡിഐസി സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽനിന്ന് നിയമസഭയിലെത്തി. അഞ്ചു വർഷം കഴിഞ്ഞപ്പോഴേക്ക് ഡിഐസികെ എൽഡിഎഫിൽ എത്തി. അങ്ങനെ 2011ലെ തെരഞ്ഞെടുപ്പിൽ ഇടുപക്ഷത്തിനൊപ്പം നിയമസഭയിൽ. തുടർച്ചയായ രണ്ടു സർക്കാരുകളിലും പ്രതിപക്ഷ ബെഞ്ചിൽ. രണ്ടു തവണയും പരാജയപ്പെടുത്തിയത് കേരള കോൺഗ്രസിലെ ഡോ. കെ സി ജോസഫിനെ. 2016-ൽ കേരള കോൺഗ്രസ് മാണിയിലെ ജേക്കബ് ഏബ്രഹാമായിരുന്നു എതിരാളി.

അതി സമ്പന്നനായ എംഎൽഎ, എന്നും നാട്ടുകാരോടൊപ്പം

കേരളനിയമസഭയിലെ ഏറ്റവും സമ്പന്നനായ നിയമസഭാംഗമാണ് തോമസ് ചാണ്ടി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് നൽകിയ സ്വത്തു വെളിപ്പെടുത്തൽ പ്രകാരം 92 കോടിയാണ് തോമസ് ചാണ്ടിയുടെ ആസ്തി. ഇക്കുറി ഇടതുപക്ഷ തരംഗം ഏറെക്കുറെ ഉറപ്പായ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ വിജയം ആശങ്കയിലാണെന്നു വരെ പറഞ്ഞവരുണ്ട്. അവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് മിന്നുന്ന വിജയം ആവർത്തിച്ചു.

കുട്ടനാട്ടുകാർക്കു പ്രിയപ്പെട്ടവനാണ് സ്വന്തം നാട്ടുകാരനായ എംഎൽഎ തോമസ് ചാണ്ടി. അതുകൊണ്ടുതന്നെ അവരുടെ ഏത് ആവശ്യത്തിനും തോമസ് ചാണ്ടി ഓടിയെത്തും. കുവൈത്തിലെ ബിസിനസുകളും നാട്ടിലെ ജനസേനവവും വളരെ കഠിനാധ്വാനത്തിലൂടെ ഒന്നിച്ചുകൊണ്ടുപോകാൻ തോമസ് ചാണ്ടിക്കു കഴിഞ്ഞതിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയം.

എംഎൽഎയായെങ്കിലും തോമസ് ചാണ്ടി കുവൈറ്റിനെ മറന്നില്ല. കൂടുതലും ചെലവഴിച്ചത് കുവൈറ്റിലാണ്. നിയമസഭാ സമ്മേളനത്തിന് മാത്രം കേരളത്തിൽ പറന്നെത്തി. തന്റെ സഹോദരനായിരുന്നു കുട്ടനാട്ടെ കാര്യങ്ങളെല്ലാം നോക്കാൻ തോമസ് ചാണ്ടി ഏൽപ്പിച്ചത്. പാർട്ടിക്കാരും നാട്ടുകാരും അവലാതികൾ പറഞ്ഞതും തോമസ് ചാണ്ടിയുടെ സഹാദരന് മുമ്പിൽ തന്നെ. ഇങ്ങനെ തോമസ് ചാണ്ടി എംഎൽഎ എല്ലാ അർത്ഥത്തിലും കുവൈറ്റ് ചാണ്ടിയായി മാറുകയായിരുന്നു

ഇനി മന്ത്രി പദം. അപ്പോഴും കുവൈറ്റിനെ മറക്കാൻ തോമസ് ചാണ്ടിക്ക് കഴിയില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അത്രയേറെ ഹൃദയ ബന്ധം കുവൈറ്റിനോട് തോമസ് ചാണ്ടിക്കുണ്ട്. എന്നാൽ മന്ത്രിയാകുന്ന ചാണ്ടി ആഴചയിൽ ആറു ദിവസവും തിരുവനന്തപുരത്തുണ്ടാകുമെന്നാണ് തോമസ് ചാണ്ടി പറയുന്നത്.

ഈ സർക്കാരിന്റെ കാലത്ത് തോമസ് ചാണ്ടി മന്ത്രിയാവില്ല എന്നാണ് പൊതുവേ കരുതപ്പെട്ടതെങ്കിലും അപ്രതീക്ഷിതമായുണ്ടായ ഫോൺ വിവാദത്തിലൂടെ എകെ ശശീന്ദ്രൻ രാജിവച്ചത് കാര്യങ്ങൾ മാറ്റിമറിച്ചു. ശശീന്ദ്രനെ കുടുക്കിയതാണെന്ന് സ്വകാര്യചാനൽ വ്യക്തമാക്കിയെങ്കിലും ധാർമികപ്രശ്നം ചൂണ്ടിക്കാട്ടി അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാൻ ശ്രമിക്കാതിരുന്നതും തോമസ് ചാണ്ടിക്ക് മന്ത്രിപദത്തിലേക്കുള്ള വഴി എളുപ്പമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP