Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാരക്കെണിയെ ചൊല്ലി മംഗളം കുടുംബത്തിലും പോര് തുടങ്ങി; മാധ്യമ ചുമതലയുള്ള സാജൻ വർഗീസിന് എതിരെ കടുത്ത നിലപാടുമായി അമ്മയും ഇളയമകനും മരുമകളും രംഗത്ത്; സിഇഒ അജിത് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മംഗളം കുടുംബത്തിന് ഒപ്പം ഭൂരിപക്ഷം ജീവനക്കാരും; ഡയറക്ടറുടെ വീട്ടിൽ പോലും ചാനലിന് വിലക്ക്

പഞ്ചാരക്കെണിയെ ചൊല്ലി മംഗളം കുടുംബത്തിലും പോര് തുടങ്ങി; മാധ്യമ ചുമതലയുള്ള സാജൻ വർഗീസിന് എതിരെ കടുത്ത നിലപാടുമായി അമ്മയും ഇളയമകനും മരുമകളും രംഗത്ത്; സിഇഒ അജിത് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മംഗളം കുടുംബത്തിന് ഒപ്പം ഭൂരിപക്ഷം ജീവനക്കാരും; ഡയറക്ടറുടെ വീട്ടിൽ പോലും ചാനലിന് വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിയായിരുന്ന ശശീന്ദ്രനെതിരെ ഉൾപ്പെടെ വാർത്തകൾ സൃഷ്ടിക്കാനും ചാനലിന് ചുളുവിൽ ജനശ്രദ്ധ കിട്ടാനും സിഇഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾ മംഗളം കുടുംബത്തിൽ തന്നെ വലിയ പൊട്ടിത്തെറി സൃഷ്ടിച്ചതായി മറുനാടന് 
വിവരം ലഭിച്ചു.

ഏറെ വിമർശനങ്ങൾ മുമ്പും നേരിട്ടുണ്ടെങ്കിലും ഇത്രത്തോളം നാണക്കേടുണ്ടാക്കിയ സംഭവം മുമ്പുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളം സ്ഥാപകൻ എംസി വർഗീസിന്റെ പത്നി ക്ളാരമ്മ വർഗീസ് ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി ആർ അജിത് കുമാറിനെതിരെ രംഗത്തുവന്നത്. ഇതോടെയാണ് ഒടുവിൽ മാപ്പപേക്ഷയുമായി കഴിഞ്ഞദിവസം അജിത് ചാനലിൽ മുഖംകാണിച്ചതെന്നാണ് സൂചനകൾ.

എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നും അജിത്തിനെ മംഗളത്തിന്റെ സിഇഒ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കി പുറത്താക്കണമെന്നുമാണ് മംഗളം പ്രസിദ്ധീകരണങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന ക്ളാരമ്മ വർഗീസും അവരോടൊപ്പം നിൽക്കുന്ന മക്കളും മരുമക്കളുമെല്ലാം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്. അമ്മ ക്ളാരമ്മ വർഗീസ്, മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഇളയ മകൻ ബിജു വർഗീസ്, കന്യക വനിതാ പ്രസിദ്ധീകരണത്തിന്റെ മാനേജിങ് എഡിറ്റർ റ്റോഷ്മ ബിജു വർഗീസ് എന്നിവർ അജിത്തിനെ മാറ്റിയേ തീരൂ എന്ന നിലപാടെടുത്തിരിക്കുകയാണെന്നാണ് അറിയുന്നത്.

വലിയൊരു വിഭാഗം ജീവനക്കാരും ഇതേ നിലപാടെടുത്ത സാഹചര്യത്തിലും മറുവശത്ത് ശശീന്ദ്രനെ പഞ്ചാരക്കെണിയിൽ കുടുക്കിയതിന് ഉൾപ്പെടെ ശക്തമായ കേസ് വന്ന സാഹചര്യത്തിലുമാണ് അജിത്ത്് പരസ്യ മാപ്പപേക്ഷ നടത്തി മുഖം രക്ഷിക്കാൻ ശ്രമം നടത്തിയതെന്നാണ് സൂചന.

എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നും അജിത്തിനെ മാറ്റിയേ തീരൂ എന്നും കുടുംബത്തിൽ ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്. മൂത്തമകൻ സാബു വർഗീസും മൂന്നാമത്തെ മകൻ ഡോ. സജി വർഗീസും മീഡിയാ ബിസിനസ് കാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും ഇത്തരമൊരു നാണക്കേട് കുടുംബത്തിന് ഉണ്ടാക്കിയതിൽ രോഷം അറിയിച്ചിട്ടുണ്ട്. പതിറ്റാണ്ടോളം കഷ്ടപ്പെട്ടുണ്ടാക്കിയ സത്‌പേര് ഈ ഒറ്റയാളുടെ നേതൃത്വത്തിൽ നശിപ്പിച്ചതിൽ കുടുംബം വല്ലാത്ത വേദന അനുഭവിക്കുകയാണ്.

മംഗളം ചാനലിന്റെ കന്നിവാർത്തയിറങ്ങുകയും മന്ത്രി ശശീന്ദ്രൻ രാജിവയ്ക്കുകയും ചെയ്തതിന്റെ പേരിൽ നടത്തിപ്പുകാർ അർമാദം കൊള്ളുന്നതിനിടെ ഒരു ഡയറക്ടറുടെ ഭാര്യ വാർത്ത കണ്ട് ഇനി മേലാൽ വീട്ടിൽ മംഗളം ചാനൽ തുറക്കരുതെന്ന് താക്കീത് ചെയ്തതായും പറയുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളിലാണ് ആ വാർത്ത വിവാദമായതും നാണക്കേടായി മാറിയതും.

മംഗളം ജീവനക്കാരാകട്ടെ കടുത്ത നിരാശയിലാണ്. ജോലി ചെയ്യാൻ പോലും തോന്നാത്ത അവസ്ഥ. പത്രപ്രവർത്തകർ പ്രസ് ക്ലബിലേക്കു പോകാൻ പോലും മടിക്കുന്നു. എല്ലാവരും പഴിക്കുന്നത് സിഇഒയെത്തന്നെ. നേരത്തേയും ബഹുഭൂരിപക്ഷവും സിഇഒയെ വിമർശിച്ചിരുന്നവരാണെങ്കിലും പുറത്തു പറയാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ 'അന്ന'ത്തെ ബാധിക്കുമെന്ന അവസ്ഥയുണ്ടായതോടെ കഥ മാറി. ഇതിനിടയിലും സംഭവിച്ചതൊക്കെ മംഗളത്തിനു മംഗളമായി ഭവിച്ചെന്നു പറഞ്ഞുനടക്കുന്ന ഒരു കൂട്ടം സ്തുതിപാഠകരുണ്ട്. നാറ്റക്കേസ് മംഗളം ചാനലിന് നല്ല പബ്ലിസിറ്റിയാണെന്നാണ് അവർ മാനേജ്‌മെന്റിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. പണ്ടുമുതലേ ഇത്തരം സ്തുതിപാഠകരാണ് മംഗളത്തെ വഴിതെറ്റിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്.

കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണ പ്രസ്ഥാനമായി വളർന്ന മംഗളം 1969-ലാണ് കോട്ടയത്ത് എംസി വർഗീസ് ആരംഭിക്കുന്നത്. ദിനപത്രത്തിന് പുറമെ വാരിക, ബാലമംഗളം, കന്യക, സിനിമാമംഗളം, ജ്യോതിഷഭൂഷണം എന്നിങ്ങനെ ഓരോ പ്രസിദ്ധീകരണങ്ങളായി തുടങ്ങിയ മംഗളം കുടുംബത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളുമുണ്ട്. ഇദ്ദേഹത്തിന്റെ മരണശേഷം 2006 മുതൽ അദ്ദേഹത്തിന്റെ പത്നിക്കും മക്കൾക്കുമാണ് സ്ഥാപനങ്ങളുടെ ചുമതലകൾ. എന്നാൽ ഇപ്പോൾ ആരംഭിച്ച ചാനൽ ആദ്യദിവസം തന്നെ വലിയ ചീത്തപ്പേര് കുടുംബത്തിന് വരുത്തിവച്ചുവെന്നും സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ടായിരുന്ന എംസി വർഗീസിന്റെ പേരിനുപോലും കളങ്കംചാർത്തും വിധത്തിലുള്ള സംഭവമാണ് ഇപ്പോൾ ഉണ്ടായതെന്നുമാണ് വിലയിരുത്തൽ.

ഇതോടെ അജിത്തിനെതിരെ നേരത്തേ പല വിഷയങ്ങളിലും തെറ്റി നിന്നവർ തന്നെ ഇപ്പോൾ സ്ഥാപനത്തിനകത്തും ശക്തമായ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. കുടുംബത്തിൽ തന്നെ വലിയ പ്രശ്നമായി മാറുന്നതിന് മുമ്പ് അജിത്തിനെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഇപ്പോൾ പിന്തുണ നൽകുന്ന മംഗളം എംഡി സാജൻ വർഗീസിനും അംഗീകരിക്കേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

മുമ്പ് ഏറെ മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്ന മംഗളം പത്രത്തിന് പിന്നീട് ഒരു വിഭാഗം ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെയാണ് ജനകീയ മുഖം കൈവന്നത്. ഇതോടെ ഇടുക്കി പോലുള്ള മലയോര മേഖലകളിൽ മംഗളത്തിന് ജനകീയ സ്വാധീനം കൈവരുകയും ഇടക്കാലത്ത് സംസ്ഥാനത്ത് സർക്കുലേഷനിൽ മൂന്നാംസ്ഥാനംവരെ എത്തുകയും ചെയ്തിരുന്നു. വലിയ സിംഹങ്ങളുള്ള മനോരമ, മംഗളം പത്രത്തെ കണ്ടുപഠിക്കണമെന്ന് അക്കാലത്ത് ചാനലുകളിൽ മാധ്യമവിചാരകർ പ്രശംസിക്കുമായിരുന്നു.

ഏറെ നിലവാരമുള്ള എക്‌സ്‌ക്ലൂസീവ് വാർത്തകൾ നിറഞ്ഞ പത്രത്തെ വായനക്കാർ തേടിപ്പിടിച്ചുവായിക്കുന്ന കാലം.നിലവാരമില്ലാത്ത, പൈങ്കിളി പത്രമെന്ന നിലയിൽനിന്നു മാറി ബുദ്ധിജീവികളും സാഹിത്യ-സാസ്‌കാരികരംഗത്തുള്ളവരും രാഷ്ട്രീയ മേഖലയിൽ ഉള്ളവരും ഉൾപ്പെടുന്ന വരേണ്യവിഭാഗങ്ങൾ മംഗളം വായിക്കണമെന്ന മംഗളം സ്ഥാപകൻ എം സി വർഗീസിന്റെ സ്വപ്‌നമായിരുന്നു അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടത്.

അജിത് കുമാറിനെ തിരുവനന്തപുരത്ത് ഒതുക്കിയും വാർത്തകളിലോ എഡിറ്റോറിയൽ വിഭാഗത്തിലോ ഇടപെടാൻ അനുവദിക്കാതെയും മാനേജ്‌മെന്റ് നിലപാടെടുത്തതോടെയായിരുന്നു അന്ന് മംഗളം നല്ല നിലവാരത്തിലേക്കുയർന്നത്. അജിത്കുമാറിന്റെ വികലമായ ആശയങ്ങൾ കുത്തിച്ചെലുത്താനുള്ള ശ്രമങ്ങൾ അക്കാലത്ത് എഡിറ്റോറിയൽ വിഭാഗങ്ങൾ ഒന്നിച്ചുനിന്നു ചെറുക്കുമായിരുന്നു. (ഇന്ന് ആ അവസ്ഥ മാറിയതാണ് എല്ലാറ്റിനും കാരണമായത്്).

എന്നാൽ പുറത്തു മുതലെടുപ്പ് നടത്താനും പേരെടുക്കാനും ഇപ്പോഴത്തെ വില്ലന്മാർ അന്നും മുൻപന്തിയിലായിരുന്നു. പഴത്തൊലി തിന്നാൻ ഒരു വിഭാഗവും പഴം തിന്നാൻ ഇക്കൂട്ടരും എന്ന അവസ്ഥ. അഞ്ചു വർഷം മുമ്പാണ് അജിത് കുമാറിനെ സിഇഒ ആക്കിക്കൊണ്ട് മൂന്നംഗസംഘത്തെ പത്രത്തിന്റെ നടത്തിപ്പ് ഏൽപിച്ചത്. അതോടെ സ്ഥാപനത്തിന്റെ അവരോഹണത്തിന്റെ ആരംഭമായിരുന്നു. വാർത്തകളുടെ നിഷ്പക്ഷത മാറുകയും പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകളുടെ വിശ്വാസ്യതയെപ്പറ്റി ഒട്ടനവധി ആരോപണങ്ങളും സംശയങ്ങളും ഉയരുകയും ചെയ്തു.

പത്രത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചവർ ഇടയ്ക്ക് സ്വയം ഒഴിവാകുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു. സ്ഥാപനത്തിൽ തുടർന്ന പലരേയും ഒതുക്കി. ഏറെ ദീർഘവീക്ഷണമുള്ള അക്ഷരസ്‌നേഹിയായിരുന്നു മംഗളം സ്ഥാപകനായിരുന്ന എം സി വർഗീസ്. അദ്ദേഹം അവസാനകാലത്ത് ഏറെ വെറുത്തിരുന്നവരാണ് പിന്നീട് മംഗളം നടത്തിപ്പിനു ചുക്കാൻപിടിച്ചിരുന്നത്. മംഗളം കുടുംബവുമായി ബന്ധപ്പെട്ടവർ ഇക്കാര്യം മക്കളെ ചൂണ്ടിക്കാട്ടുമായിരുന്നു. അജിത് കുമാറിനെതിരേ കടുത്ത അഭിപ്രായവ്യത്യാസം കുടുംബസദസുകളിലെല്ലാം ഉയർന്നിരുന്നതായാണ് പറയപ്പെടുന്നത്. മംഗളം ചാനൽ തുടങ്ങുന്നത് ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നതായാണ് വിവരം.അജിത് കുമാറിന്റെ കോട്ടയത്തെ കാബിന്റെ മുമ്പിലെ ബോർഡ് വരെ പറിച്ചെറിഞ്ഞതായും കേട്ടിരുന്നു.

ഇത്രയും കാലം അജിത് കുമാറിന്റെ ഏകാധിപത്യത്തിന്, സ്ഥാപനത്തിന്റെ ചുമതലയേൽപ്പിച്ചിരുന്ന എംസി വർഗീസിന്റെ രണ്ടാമത്തെ മകൻ സാജൻ വർഗീസ് കൂട്ടുനിന്നുവെന്ന ആരോപണമാണ് ഇപ്പോൾ കുടുംബപ്രശ്നമായി വളർന്നിരിക്കുന്നത്. ചാനൽ ലോഞ്ചിങ് ബിഗ് ബ്രേക്കിംഗിലൂടെ വൻ ആഘോഷമാക്കി മാറ്റുമെന്നായിരുന്നു സിഇഒ അജിത് നൽകിയ ഉറപ്പ്. എന്നാൽ ഇത് വിശ്വസിച്ച കുടുംബാംഗങ്ങൾ ഇപ്പോൾ ചാനലിന് വൻ തിരിച്ചടി നേരിടുന്ന ഘട്ടമെത്തിയപ്പോഴാണ് ഇത് എത്രത്തോളം നാണക്കേടായെന്ന് തിരിച്ചറിയുന്നത്. ഇതോടെ അജിത്തിന് പിന്തുണ നൽകിയ സാജൻ വർഗീസിനെതിരെ മറ്റ് കുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP